അയല്‍ക്കാരനെ അറിയുക; സ്നേഹിക്കുക

സാസാമുദായികവും മതപരവുമായ ധ്രുവീകരണം പ്രബലമാകുന്ന നമ്മുടെ രാജ്യത്തും സംസ്ഥാനത്തും ഭീകരവാദസംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നത് അതീവ ലാഘവത്തോടെയും ഏറെ മുന്‍വിധികളോടെയുമാണ്. ഇത്തരം സൂക്ഷ്മവിഷയങ്ങളില്‍ മാധ്യമങ്ങളും സാംസ്കാരിക നേതൃത്വവും  പുലര്‍ത്തേണ്ട പക്വത നഷ്ടമാകുന്നതോടെ വൈകാരിക പ്രചാരണത്തിന്‍െറ വക്താക്കളും ഭീതിയുടെ നിര്‍മാതാക്കളുമായി അവര്‍ മാറുന്നു എന്നതാണ് സമകാലികാവസ്ഥ. സമഗ്രവും സമ്പൂര്‍ണവുമായ അന്വേഷണത്തിലൂടെ നിശബ്ദമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദത്തിന്‍െറ വേരുകള്‍ കേരളത്തിലുണ്ടെങ്കില്‍ അവ കണ്ടത്തി അറുത്തൊഴിവാക്കേണ്ടത്  സുരക്ഷിതമായ സാമൂഹിക ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. അതേസമയം ധാക്കയിലെ ഭീകരാക്രമണത്തില്‍ പങ്കാളിയായ ഒരാളുടെ ഫേസ്ബുക്കില്‍ സാകിര്‍ നായിക്കിന്‍െറ ഒരു ഉദ്ധരണിയുണ്ടെന്ന് ബംഗ്ളാദേശ് പത്രം റിപ്പോര്‍ട്ട് ചെയ്തയുടനെ അദ്ദേഹത്തെ കുറ്റവാളിയും അപകടകാരിയായ തീവ്രവാദിയുമായി ചിത്രീകരിക്കാനാണ് കേന്ദ്ര മന്ത്രിമാരും അര്‍ണബ് ഗോസ്വാമിയെപ്പോലുള്ള മാധ്യമവിശാരദരും ഒരുമ്പെട്ടത്. മറ്റൊരു പ്രതിയുടെ ഫേസ്ബുക്കില്‍ ഹിന്ദി സിനിമാനടി ശ്രദ്ധ കപൂറിന്‍െറ പോസ്റ്റുകളുമുണ്ട്. അത് ലാഘവത്തോടെ കാണുന്നവര്‍ പക്ഷേ,  തെളിവുകളും സുതാര്യമായ അന്വേഷണവും ഇല്ലാതത്തെന്നെ ഡോ. സാകിര്‍ നായിക്കിനെ കുറ്റവാളിയായി മുദ്രകുത്തുകയും വിലക്കിന് മുറവിളികൂട്ടുകയുമാണ്. നീതിപൂര്‍വകമായ ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഇസ് ലാംഭീതിയുടെ പ്രയോക്താക്കളായി മാധ്യമങ്ങളും സര്‍ക്കാറും മാറുമ്പോള്‍ വിവരങ്ങള്‍  തെറ്റായരീതിയില്‍ വിന്യസിച്ച് എത്രവേഗത്തിലാണ് സെന്‍സേഷന് രാജ്യം വഴങ്ങുന്നത് എന്നതിന്‍െറ മകുടോദാഹരണമാണ് സാകിര്‍ നായിക്കിനുനേരെയുള്ള ഏകപക്ഷീയ വേട്ട.  ബംഗ്ളാദേശിലെ ഭീകരാക്രമണത്തെയും എല്ലാതരം തീവ്രവാദങ്ങളെയും നിഷേധിച്ചുവരുന്ന മതപ്രചാരകനാണ് സാകിര്‍ നായിക്. അദ്ദേഹത്തിന്‍െറ മതപ്രചാരണരീതിയില്‍ സംവാദാത്മക ഒൗന്നിത്യമില്ലായ്മയും ബഹുസ്വര സാമൂഹിക ഘടനകളെ പരിഗണിക്കാതെയുള്ള ആത്യന്തികതകളും കണ്ടേക്കാം; ഇതര സമുദായങ്ങളിലെ മതപ്രചാരകരില്‍ കാണപ്പെടുമ്പോലെതന്നെ. പക്ഷേ, അദ്ദേഹം ഒരിക്കലും പരമത വൈരാഗിയോ തീവ്രവാദിയോ അല്ളെന്നതിന്  അദ്ദേഹത്തിന്‍െറ ജീവിതം സാക്ഷിയാണ്. എന്നാല്‍, ഡോ. സാകിര്‍ നായിക് തീവ്രവാദികളുടെ പ്രചോദകനാണെന്ന വ്യാജ പ്രതീതി സൃഷ്ടിച്ച് യു.എ.പി.എ നിയമം ഭേദഗതി ചെയ്ത് കര്‍ക്കശമാക്കാനും  സംഘടനകള്‍ക്കു പുറമെ വ്യക്തികളെക്കൂടി രാജ്യദ്രോഹ കരിമ്പട്ടികയില്‍  ഉള്‍പ്പെടുത്തി തുറുങ്കിലടക്കാനുമാണ് സര്‍ക്കാര്‍ ധൃഷ്ടരാകുന്നതെങ്കില്‍ തീവ്രവാദത്തെ അമര്‍ച്ച ചെയ്യാനല്ല, വംശീയ വിവേചനത്തെ പരമാവധി ആളിക്കത്തിച്ച് തീവ്രവാദത്തിലും വര്‍ഗീയധ്രുവീകരണത്തിലും സ്ഫോടനാത്മകമായ സാഹചര്യം സൃഷ്ടിക്കാനേ അത് കാരണമായിത്തീരൂ. നിജസ്ഥിതി വ്യക്തമാകും മുമ്പേ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷിക്കപ്പെട്ട പ്രതീതിയിലേക്ക് മുസ്്ലിം വ്യക്തികളെയും സംഘടനകളെയും എടുത്തെറിയുന്നത് സമാധാനം സ്ഥാപിക്കാന്‍ അല്‍പംപോലും ഉപകരിക്കില്ളെന്നതിന് തീവ്രവാദവിരുദ്ധ പോരാട്ടചരിത്രം സാക്ഷിയാണ്.

ആളുകളെയും അവരുടെ വാദഗതികളെയും വേര്‍തിരിച്ച് മനസ്സിലാക്കാതെയാണ് പല പ്രചാരണങ്ങളും. ഇസ്്ലാമിനെക്കുറിച്ച് സംസാരിക്കുന്ന, മുസ്്ലിം സാംസ്കാരിക ചിഹ്്നങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന എല്ലാവരും ഒരുപോലെയാണെന്നും അവരുടെയെല്ലാം ഉള്ളില്‍ ഒരു തീവ്രവാദി ഉറങ്ങാതെ അവസരം കാത്തിരിപ്പുണ്ടെന്നുമുള്ള ഭീതി ഉല്‍പാദിപ്പിക്കപ്പെടാന്‍ മാത്രമേ ഇത്തരം വൈകാരിക പ്രചാരണങ്ങള്‍കൊണ്ട് സാധ്യമാകൂ. കൈയാമം വെക്കേണ്ട കുറ്റവാളികള്‍ രക്ഷപ്പെടുകയും തീവ്രവാദത്തിനെതിരെ നിലകൊള്ളുന്നവര്‍ ഇരകളാക്കപ്പെടുകയും ചെയ്യുന്ന ഇരട്ട ദുരന്തമാണ് ഇതിലൂടെ സംഭവിക്കുന്നത്. ഇരവത്കരിക്കപ്പെടുന്നുവെന്ന അമിതോക്തിയില്‍നിന്നും മാപ്പുസാക്ഷി മനോഭാവത്തിന്‍െറ ദാസ്യതയില്‍നിന്നും മുക്തരായി ജനസമക്ഷത്ത് സത്യത്തെ പ്രതിനിധാനം ചെയ്യാനുള്ള ത്രാണി മുസ് ലിംസമൂഹവും പൗരസംഘങ്ങളും ആര്‍ജിക്കുകയാണ് തീവ്രവാദത്തിന്‍െറ കരുവാകുന്നതില്‍നിന്ന് നമ്മുടെ ചെറുപ്പക്കാരെയും നാടിനെയും രക്ഷിച്ചെടുക്കാനുള്ള വഴി.

ഫാഷിസത്തിനും ഭീകരതക്കുമെതിരെയുള്ള പ്രചാരണങ്ങള്‍ അയല്‍ക്കാരനെപ്പോലും സംശയത്തോടെ വീക്ഷിക്കാന്‍ മാത്രം നമ്മെ സംഭീതരാക്കിയിരിക്കുന്നു. വംശീയസംഘര്‍ഷഭരിതമായ അമേരിക്കയിലെ ഡാളസില്‍ കഴിഞ്ഞദിവസം പൗരാവകാശ പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിച്ച ചില ബാനറുകള്‍ അയല്‍ക്കാരനെ അറിയുക, സ്നേഹിക്കുക എന്നാണ് ആഹ്വാനം  ചെയ്തത്. അയല്‍ക്കാരനെന്നത് തൊട്ടടുത്ത് താമസിക്കുന്നവന്‍ മാത്രമല്ല തന്നോടൊത്ത് സഹവസിക്കുന്ന ഇതര സാംസ്കാരിക, മത സമൂഹങ്ങളുടെ കൂടി പേരാണ്. അപരവിദ്വേഷത്തിനും മുന്‍വിധികള്‍ക്കും അസഹിഷ്ണുതക്കും പകരം പരസ്പരസ്നേഹത്തിന്‍െറയും മൈത്രിയുടെയും ഉന്നതമൂല്യങ്ങള്‍ സ്വാംശീകരിക്കുമ്പോഴേ രാജ്യത്തിന് സ്ഥായിയായ സമാധാനം വീണ്ടെടുക്കാനാകൂ. പരസ്പരവിദ്വേഷം വെച്ചുപുലര്‍ത്താന്‍ ഒരു മതവും പഠിപ്പിക്കുന്നില്ല എന്ന കവി വചനമാകണം നമ്മുടെ വഴികാട്ടി.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.