തെരുവുകളില്‍ രക്തം ഒഴുകുകയാണ്

ഇസ്തംബൂള്‍ വിമാനത്താവളത്തിലെ മനുഷ്യരക്തം ഉണങ്ങിയിട്ടില്ല; നിരപരാധികളുടെ കണ്ണീരും. വീണ്ടുമതാ ഭീകരത ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയിലെ ഏറ്റവും സുരക്ഷാപൂര്‍ണമായ മേഖലയിലെ കേന്ദ്രത്തിലെ ഹോട്ടലില്‍ സംഹാരനൃത്തമാടിയിരിക്കുന്നു. 20 വിദേശികളെയാണ് ഭീകരര്‍ തിരഞ്ഞുപിടിച്ച് നിഷ്ഠുരമായി വധിച്ചത്. ഇതെഴുതുമ്പോള്‍ ബഗ്ദാദിലെ വാണിജ്യ ജില്ലയായ കറാദയില്‍ നോമ്പുതുറന്ന് തെരുവിലേക്കിറങ്ങിയ കുട്ടികളും സ്ത്രീകളുമടങ്ങുന്ന  100ലേറെ പേര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട  കദനകഥ പ്രാമുഖ്യത്തോടെ ചാനലുകള്‍ സംപ്രേഷണം ചെയ്യുകയാണ്. എല്ലാ ആക്രമണങ്ങളും ഭീകരസംഘമായ ഐ.എസ് ഏറ്റെടുത്തിട്ടുണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സമ്മതിക്കുന്നു. ഐ.എസ് ദുര്‍ബലമാകുകയാണെന്നും അംഗസംഖ്യ 40,000ത്തില്‍ താഴെ മാത്രമേയുള്ളൂ എന്നും അമേരിക്കന്‍ സുരക്ഷാ ഏജന്‍സി റിപ്പോര്‍ട്ട് പുറത്തുവന്നിട്ട് അധിക ദിനമായിട്ടില്ല. പക്ഷേ, ലോകത്തെ  ഞെട്ടിച്ചും അശാന്തിപടര്‍ത്തിയും രാഷ്ട്ര തലസ്ഥാനങ്ങളില്‍ നിരപരാധികളുടെ രക്തം ചിന്താനും ജീവന്‍ കവര്‍ന്നെടുക്കാനും ഐ.എസിന് സാധിച്ചിരിക്കുന്നു. സുരക്ഷയും സമാധാനവും ലോകത്ത്  കിനാവുമാത്രമായിത്തീരുകയാണ്. ആത്മനിയന്ത്രണത്തിന്‍െറ ശിക്ഷണം പൂര്‍ത്തിയാക്കി വിശുദ്ധിയാര്‍ജിക്കാന്‍ കല്‍പിക്കപ്പെട്ട വ്രതനാളുകളുടെ സമാപനത്തില്‍ നിഷ്ഠുരമായി മനുഷ്യഹത്യ ചെയ്യുന്നത് മതപ്രചോദിതമായാണ് എന്ന് പറയുന്നതിനേക്കാള്‍ ഇസ്്ലാമികവിരുദ്ധമായ പ്രസ്താവന വേറെയില്ല. സ്നേഹത്തിന്‍െറയും ദിവ്യകാരുണ്യത്തിന്‍െറയും ആഘോഷമായ പെരുന്നാള്‍ സുദിനം കടുത്ത പ്രതിസന്ധികള്‍ക്കിടയിലും ആഹ്ളാദഭരിതമാക്കാന്‍ പെരുന്നാളുടുപ്പും ഭക്ഷണവും വാങ്ങാന്‍ അങ്ങാടിയിലത്തെിയ കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരത്തിലും ഉമ്മമാരുടെ ദീന വിലാപത്തിലുമാണ് മതപ്പെരുമയെന്ന് വിശ്വസിക്കുന്നതിനേക്കാള്‍ വലിയ ആത്മീയവിരുദ്ധത മറ്റൊന്നുമില്ല.  ലോകത്തുനിന്ന് ഉന്മൂലനം ചെയ്യപ്പെടേണ്ട നിഷ്ഠുര സംഘങ്ങളാണവര്‍.
സഹസ്രാബ്ദങ്ങള്‍ നീണ്ട സാംസ്കാരിക സഹവര്‍ത്തിത്വത്തിന്‍െറയും മാനവിക മൂല്യങ്ങളുടെയും  പൈതൃകമുള്ള ഇസ്തംബൂളും ബഗ്ദാദും ചരിത്രബോധമോ മതധാര്‍മികതയോ അശേഷം സ്വാധീനിക്കാത്ത ഐ.എസിന്‍െറ പ്രധാന ലക്ഷ്യകേന്ദ്രങ്ങളാകുന്നതിന്‍െറ കാരണങ്ങള്‍ സുവ്യക്തമാണ്. തുര്‍ക്കി ഐ.എസ് വിരുദ്ധ സമീപനം സ്വീകരിച്ചതാണ് ആക്രമണഹേതുവെങ്കില്‍ ഫല്ലൂജയിലെ പരാജയത്തിന് പകരംവീട്ടുകയാണ് ബഗ്ദാദില്‍. എന്നാല്‍, ധാക്കയുടെ ഐ.എസ് ആക്രമണത്തിന് അങ്ങനെ വ്യാഖ്യാനിക്കാവുന്ന വസ്തുതകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. വിവിധ രാജ്യങ്ങളുടെ എംബസികള്‍ സ്ഥിതിചെയ്യുന്ന, ശക്തമായ സുരക്ഷാസംവിധാനങ്ങളും ചെക്പോസ്റ്റുകളും സജ്ജമാക്കിയിട്ടുള്ള ഒരു മേഖലയില്‍ ഗ്രനേഡ് അടക്കമുള്ള ആയുധങ്ങളുമായി അക്രമികള്‍ എത്തിയത് എങ്ങനെയെന്ന അമ്പരപ്പും സംശയവും പ്രതിപക്ഷകക്ഷികള്‍ ഉന്നയിക്കുന്നുണ്ട്. ഐ.എസ് അല്ല പ്രാദേശിക വേരുകളുള്ള തീവ്രസംഘങ്ങളാണ് പിന്നിലെന്നും പറയപ്പെടുന്നു. കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമാകാന്‍ സമയമിനിയുമെടുക്കും. എന്തായിരുന്നാലും ഒരു കാലത്ത് സമാധാനത്തിന്‍െറയും സാഹോദര്യത്തിന്‍െറയും ദേശമെന്ന് അറിയപ്പെട്ടിരുന്ന ബംഗ്ളാദേശില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ഹസീന വാജിദിന്‍െറ അവാമി ലീഗ് പിന്തുടരുന്ന ഏകാധിപത്യനയവും അടിച്ചമര്‍ത്തലുകളും മനുഷ്യാവകാശധ്വംസനങ്ങളും അരാജകത്വവും സാമൂഹിക അരക്ഷിതാവസ്ഥയും സൃഷ്ടിച്ചിട്ടുണ്ടെന്നത് നിസ്തര്‍ക്കമാണ്. രാഷ്ട്രീയ പ്രതിയോഗികളെ നശിപ്പിക്കാനുള്ള പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ തുടര്‍ച്ചയായ പ്രവൃത്തികള്‍ ബംഗ്ളാദേശില്‍ ഐ.എസ് അടക്കമുള്ള തീവ്രവാദ സംഘങ്ങളുടെ പ്രവേശത്തിനും സ്വാധീനം വ്യാപിക്കുന്നതിനും കാരണമാകുമെന്ന്  2016 ഫെബ്രുവരി ഒമ്പതിന് അമേരിക്കയുടെ ദേശീയ രഹസ്യാന്വേഷണ ഡയറക്ടര്‍ ജെയിംസ് ആര്‍. ക്ളാപര്‍  ദേശീയ സുരക്ഷാ ഏജന്‍സിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയത് ഈ വസ്തുത കണക്കിലെടുത്താണ്.
തീവ്രവാദ സംഘങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ബുദ്ധ, ഹൈന്ദവ സന്യാസിമാരും സ്വതന്ത്ര എഴുത്തുകാരുമടക്കം 26ലധികം പേരെ വധിക്കുകയോ ആക്രമണങ്ങളില്‍ പരിക്കേല്‍പ്പിക്കുകയോ ചെയ്തതായാണ് കണക്ക്. മറുഭാഗത്ത് തീവ്രവാദത്തിന്‍െറ പേരില്‍ നിരപരാധികളായ ധാരാളം ചെറുപ്പക്കാരെ പൊലീസ് വ്യാപകമായി  തടവിലിടുകയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയും ചെയ്യുന്നു. ജൂണ്‍ 30ന് ഝിനൈദ് ജില്ലയില്‍ രണ്ടു ചെറുപ്പക്കാരെ അകാരണമായി പൊലീസ് വെടിവെച്ചുകൊന്നതിന്‍െറ പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കെ ആയിരുന്നു ആ ജില്ലയുടെ മറുഭാഗത്ത് അതേദിനം ഹിന്ദു സന്യാസി തീവ്രവാദികളുടെ കൊലക്കത്തിക്കിരയായതും. ജനാധിപത്യമോ നീതിയോ മനുഷ്യാവകാശങ്ങളോ ആവിഷ്കാരസ്വാതന്ത്ര്യമോ ഒന്നും പരിഗണിക്കാത്ത ഏതൊരു ഭരണവും തീവ്രവാദത്തെയാണ് പ്രസവിക്കുകയെന്നും പിന്നെയതിനെ അമര്‍ച്ചചെയ്യുക എളുപ്പമല്ളെന്നുമുള്ള സമകാലിക അനുഭവപാഠം ശൈഖ് ഹസീന വാജിദ് എത്ര വേഗം മനസ്സിലാക്കുന്നുവോ അത്രയും നേരത്തേ ബംഗ്ളാദേശ് രക്ഷപ്പെടും; നിരപരാധികളായ ജനങ്ങളും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.