ഇസ്തംബൂളും ബ്രസല്‍സും തമ്മിലുള്ള വ്യത്യാസം

തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്തംബൂളില്‍  ജൂണ്‍ 28 ചൊവ്വാഴ്ച രാത്രിയിലുണ്ടായ ഭീകരാക്രമണം ലോകത്തെയാകമാനം ഞെട്ടിക്കുന്നതാണ്. അവിടെ അത്താതുര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന സ്ഫോടനത്തില്‍ 41 പേരാണ് കൊല്ലപ്പെട്ടത്. സിവിലിയന്‍ വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടന്ന ഈ ഹീനമായ ആക്രമണം എല്ലാ നിലക്കും അപലപിക്കപ്പെടേണ്ടതാണ്. യൂറോപ്പിലെ രോഗി എന്നറിയപ്പെട്ടിരുന്ന തുര്‍ക്കി, ആ പ്രതിച്ഛായ മാറ്റി സാര്‍വദേശീയ രാഷ്ട്രീയത്തില്‍ അടുത്തകാലത്തായി ശ്രദ്ധേയമായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്. ആഭ്യന്തര രാഷ്ട്രീയം, ജനാധിപത്യ സ്ഥിരത, സാമ്പത്തിക വളര്‍ച്ച എന്നീ രംഗങ്ങളില്‍ അസൂയാര്‍ഹമായ മുന്നേറ്റമാണ്  രാജ്യം നേടിയെടുത്തത്. മുന്‍ പ്രധാനമന്ത്രിയും ഇപ്പോഴത്തെ പ്രസിഡന്‍റുമായ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍െറ പ്രത്യുല്‍പന്നമതിത്വംനിറഞ്ഞ നേതൃത്വം ഇതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. തങ്ങളുടെ ഏഷ്യന്‍ അയല്‍വാസികളായ പശ്ചിമേഷ്യന്‍ രാജ്യങ്ങളാകമാനം പലവിധത്തിലുള്ള അസ്വസ്ഥതകളിലൂടെ കടന്നുപോകുമ്പോഴും തുര്‍ക്കി ശാന്തമായി നിലകൊള്ളുകയും സാമ്പത്തിക മുന്നേറ്റം നടത്തുകയുമായിരുന്നു. അതിനാല്‍തന്നെ, തുര്‍ക്കിക്ക് അസൂയാലുക്കളായ ശത്രുക്കളുണ്ട് എന്നതാണ് വാസ്തവം.

ചൊവ്വാഴ്ചത്തെ ഇസ്തംബൂള്‍ ആക്രമണത്തിന് പിന്നില്‍ മതഭ്രാന്തന്മാരുടെ സംഘമായ ഐ.എസ് എന്ന ദായിശ് ആണെന്നാണ് തുര്‍ക്കി അധികൃതര്‍ പറയുന്നത്. അറബ് നാടുകളില്‍ അസ്വസ്ഥത വിതക്കുന്ന ഈ സംഘത്തിനെതിരായ അന്താരാഷ്ട്ര സൈനിക നടപടികളില്‍ തുര്‍ക്കിയും പങ്കാളിയാണ്. അതുകൊണ്ടുതന്നെ, തുര്‍ക്കി ഐ.എസിന്‍െറ ലക്ഷ്യമാവുകയെന്നത് സ്വാഭാവികവുമാണ്. സ്വതന്ത്ര കുര്‍ദ് വംശീയ റിപ്പബ്ളിക്കിനുവേണ്ടി സായുധ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനമായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയും (പി.കെ.കെ) തുര്‍ക്കിയില്‍ അടുത്തകാലത്തായി വലിയ തോതില്‍ ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. സംശയത്തിന്‍െറ ലിസ്റ്റില്‍ അവരുമുണ്ട്. ബെല്‍ജിയന്‍ തലസ്ഥാനമായ ബ്രസല്‍സില്‍ ഈ വര്‍ഷം മാര്‍ച്ച് 22ന് നടന്ന, 35 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ ഓര്‍മിപ്പിക്കുന്നതാണ്  ഇസ്തംബൂള്‍ ആക്രമണവും. ഐ.എസ് തന്നെയായിരുന്നു ബ്രസല്‍സ് ആക്രമണത്തിന് പിന്നിലും. കാടത്തം നിറഞ്ഞ ആ ചെയ്തിയെ ലോകം മുഴുവന്‍ അപലപിച്ചിരുന്നു. മുമ്പ് പാരിസ് ആക്രമണ കാലത്ത് ഉയര്‍ന്നതുപോലെയുള്ള പ്രതിഷേധങ്ങള്‍ ‘ഞാന്‍ ബ്രസല്‍സ്’ തലവാചകത്തിനുകീഴില്‍ ലോകത്ത് ഉയര്‍ന്നുവന്നു.

എന്നാല്‍, ബ്രസല്‍സ് ആക്രമണത്തില്‍ 35 പേരാണ് കൊല്ലപ്പെട്ടതെങ്കില്‍ ഇസ്തംബൂള്‍ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ബ്രസല്‍സ്, പാരിസ് ആക്രമണ സമയത്ത് ഉണ്ടായ സാര്‍വദേശീയ പ്രതികരണം ഇസ്തംബൂള്‍ ആക്രമണത്തോട് ഉണ്ടായില്ല എന്നത് വലിയൊരു അപ്രിയ സത്യമാണ്. അതാകട്ടെ, ഇസ്തംബൂള്‍ ആക്രമണത്തിന്‍െറ കാര്യത്തില്‍ മാത്രം സംഭവിച്ചതല്ല. 2016 മാര്‍ച്ച് മാസത്തില്‍ തന്നെയാണ് തുര്‍ക്കിയില്‍ മാരകമായ ഭീകരാക്രമണങ്ങള്‍ ഉണ്ടായത്. മാര്‍ച്ച് 13ന് തലസ്ഥാനമായ അങ്കാറയിലുണ്ടായ ഭീകരാക്രമണത്തില്‍ 37 സിവിലിയന്മാര്‍ കൊല്ലപ്പെടുകയും 125 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കുര്‍ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടിയാണ് ഈ ആക്രമണത്തിന് പിന്നില്‍. മാര്‍ച്ച് 19ന് ഇസ്തംബൂളില്‍ നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ് ആണ് ഇതിന് പിന്നില്‍. 2015 നവംബറില്‍ പാരിസില്‍ നടന്ന ഭീകരാക്രമണത്തിന് സമാനമായ ആക്രമണമാണ് ബ്രസല്‍സില്‍ നടന്നതെന്നാണ് വിഷയത്തില്‍ പ്രതികരിച്ച ഏതാണ്ടെല്ലാവരും പറഞ്ഞത്. അത് ശരിയുമാണ്.

പാരിസ് ആക്രമണത്തിന് ലഭിച്ച സാര്‍വദേശീയ മാധ്യമ പ്രാധാന്യം ബ്രസല്‍സ് ആക്രമണത്തിനും ലഭിച്ചു. എന്നാല്‍, പാരിസ് ആക്രമണത്തിനുശേഷം നടക്കുന്ന ആദ്യത്തെ ഭീകരാക്രമണമായിരുന്നില്ല ബ്രസല്‍സിലേത്. പാരിസിലേതിന് സമാനമായ ഡസന്‍ കണക്കിന് ഭീകരാക്രമണങ്ങള്‍ ഈ കാലയളവില്‍ ലോകത്തെ വിവിധ നഗരങ്ങളിലുണ്ടായിട്ടുണ്ട്. മാലിയിലെ ബമാക്കോ ഹോട്ടല്‍ ആക്രമണം (2015 നവംബര്‍ 20; മരണം 20), തൂനീസ് ആക്രമണം (നവംബര്‍ 24, മരണം 13), ഇസ്തംബൂള്‍ ആക്രമണം (2016 ജനുവരി 12, മരണം 13), ജകാര്‍ത്ത ആക്രമണം (ജനുവരി 14, എട്ട് മരണം), മൊഗാദിശു ആക്രമണം (ഫെബ്രുവരി 26, മരണം 15), അങ്കാറ ആക്രമണം (മാര്‍ച്ച് 13, മരണം 37) എന്നിവ പാരിസ് ആക്രമണത്തിനും ബ്രസല്‍സ് ആക്രമണത്തിനുമിടയില്‍ നടന്ന സംഭവങ്ങളില്‍ ചിലത് മാത്രമാണ്. എന്നാല്‍, പാരിസ് ആക്രമണത്തിനോ ബ്രസല്‍സ് ആക്രമണത്തിനോ ലഭിച്ച മാധ്യമ പരിഗണനയും ഇരകളോടുള്ള ഐക്യദാര്‍ഢ്യവുമൊന്നും ഈ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായില്ല എന്നത്, പലര്‍ക്കും ഇഷ്ടപ്പെടില്ളെങ്കിലും പ്രധാനപ്പെട്ടൊരു സത്യമാണ്. അതുതന്നെയാണ് ഇപ്പോഴത്തെ ഇസ്തംബൂള്‍ ആക്രമണവുമായി ബന്ധപ്പെട്ടും ഉണ്ടായിരിക്കുന്നത്.

ഭീകരതയുമായി ബന്ധപ്പെട്ട വലിയൊരു ഇരട്ടത്താപ്പ് ലോകത്ത് നിലനില്‍ക്കുന്നുണ്ട്. അത് സൂചിപ്പിക്കാനാണ് മേല്‍ ഉദാഹരണങ്ങള്‍ നിരത്തിയത്. ഈ സന്ദര്‍ഭത്തില്‍ അത്  ഊന്നിപ്പറയാന്‍ കാരണങ്ങളുണ്ട്. ലോകത്ത് ഭീകരത നിലനില്‍ക്കുന്നതുതന്നെ ഇരട്ട നീതിയില്‍ അധിഷ്ഠിതമായ ലോക ഘടനക്കെതിരായ വഴിവിട്ട പ്രതിഷേധം എന്ന നിലയിലാണ്. അതിനാല്‍, ഭീകരതക്കെതിരെ ഐക്യമുന്നണി ഉണ്ടാക്കിയതുകൊണ്ടോ ഐക്യദാര്‍ഢ്യ പ്രസ്താവനകള്‍ ദിനംദിനേ ഇറക്കിയതുകൊണ്ടോ കാര്യമില്ല. നീതിയിലധിഷ്ഠിതമായ ലോകക്രമം പുലരാത്തിടത്തോളം അസമാധാനം ലോകത്ത് നിലനില്‍ക്കും എന്നതാണ് വാസ്തവം. നീതിയും സമാധാനവും പരസ്പര പൂരകങ്ങളായ ആശയങ്ങളാണ്. അവ രണ്ടും നേടിയെടുക്കാനുള്ള കഠിനമായ പരിശ്രമങ്ങളാണ് ഭീകരതക്കെതിരായ പോരാട്ടത്തിന്‍െറ മുന്നുപാധി. ഒപ്പം ബ്രസല്‍സിലാണെങ്കിലും ഇസ്തംബൂളിലാണെങ്കിലും ഇറാഖിലാണെങ്കിലും തെരുവില്‍ ചിതറിത്തെറിക്കുന്ന മുഴുവന്‍ മനുഷ്യരും ഒന്നാണെന്നുമുള്ള അടിസ്ഥാന ബോധത്തിലേക്ക് നാം ഉയരുകയും വേണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.