പുനരവതരിപ്പിക്കപ്പെടുന്ന കരിനിയമങ്ങള്‍

ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ചുട്ടെടുത്ത ഭീകരവിരുദ്ധ ബില്‍  രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരത്തിന്‍െറ ഒപ്പുചാര്‍ത്താതെ മടക്കിയത് ഭരണഘടന പ്രദാനം ചെയ്യുന്ന പൗരാവകാശങ്ങള്‍ ലംഘിക്കാനുള്ള ഗുജറാത്ത് സര്‍ക്കാറിന്‍െറ ശ്രമങ്ങള്‍ക്കുള്ള താല്‍ക്കാലികമായ തിരിച്ചടിയാണ്. മൂന്ന് രാഷ്ട്രപതിമാര്‍ മടക്കിയയച്ച അപൂര്‍വ അനുഭവമാണ് ഗുജറാത്തിലെ ഭീകരതയും സംഘടിത കുറ്റകൃത്യവും തടയുന്നതിനുള്ള ബില്ലിന്(GCTOC) സംഭവിച്ചിരിക്കുന്നത്. നിയമനിര്‍മാണത്തിലൂടെ പൗരന്മാരുടെ അവകാശങ്ങള്‍ റദ്ദുചെയ്യാനുള്ള തീവ്ര വലതുപക്ഷ സര്‍ക്കാറുകളുടെ പന്ത്രണ്ടുവര്‍ഷമായി തുടരുന്ന അശ്രാന്ത പരിശ്രമത്തിന്‍െറ ഭയപ്പെടുത്തുന്ന ചരിത്രവും ഇത് നമുക്ക് വെളിപ്പെടുത്തിത്തരുന്നുണ്ട്. ജനാധിപത്യം ഫാഷിസ്റ്റ് ആഭിമുഖ്യമുള്ള സര്‍ക്കാറിന് ഒരു പൊയ്മുഖം മാത്രമാണെന്ന പാഠവും ഈ ഭീകരതാവിരുദ്ധ ബില്ലിന്‍െറ നാള്‍വഴി ബോധ്യപ്പെടുത്തുന്നു.
 2003ല്‍ ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഗുജറാത്ത് ഭീകരവിരുദ്ധ നിയമത്തിന് സംസ്ഥാനം അംഗീകാരം നല്‍കി കേന്ദ്രത്തിലേക്ക് അയക്കുന്നത്. അടല്‍ബിഹാരി വാജ്പേയിയുടെ കേന്ദ്രസര്‍ക്കാറായിട്ടുപോലും അതിലെ മനുഷ്യാവകാശ വിരുദ്ധതയുടെ ആധിക്യംകൊണ്ട് ഭേദഗതി ആവശ്യപ്പെട്ട് തിരിച്ചയച്ചു. പക്ഷേ, ഗുജറാത്ത് സര്‍ക്കാര്‍ മൗലികമാറ്റമില്ലാതെ അത് വീണ്ടും അനുമതിക്കായി കേന്ദ്രത്തിലേക്ക് അയച്ചു. കേന്ദ്രത്തിലെ അധികാരം യു.പി.എയുടെ കൈകളിലേക്ക് മാറിയതോടെ പൗരാവകാശ വിരുദ്ധമായ ബില്ലിനെതിരെ നയപരമായ സമീപനം സ്വീകരിക്കുകയും 2004ല്‍ അന്നത്തെ രാഷ്ട്രപതി  എ.പി.ജെ. അബ്ദുല്‍ കലാം ബില്ലിലെ ജനാധിപത്യവിരുദ്ധത അക്കമിട്ടു സൂചിപ്പിച്ചുകൊണ്ട് തിരിച്ചയക്കുകയും ചെയ്തു. 2008ല്‍ നരേന്ദ്ര മോദിയുടെ കാര്‍മികത്വത്തില്‍ മൗലികമാറ്റങ്ങളില്ലാതെ ബില്‍  അനുമതിക്കുവേണ്ടി കേന്ദ്രത്തിലേക്കയച്ചെങ്കിലും   പ്രതിഭ പാട്ടീലും പൗരാവകാശവിരുദ്ധതയില്‍ ഊട്ടപ്പെട്ട ബില്‍ നിര്‍ദാക്ഷിണ്യം തിരിച്ചയക്കുകയായിരുന്നു.  2009ല്‍ വീണ്ടും ഗുജറാത്ത് സര്‍ക്കാര്‍ ബില്ലിന് അംഗീകാരം തേടി രാഷ്ട്രപതിക്കയച്ചെങ്കിലും രാഷ്ട്രപതി ഭവന്‍ അതില്‍ തീരുമാനമാകാതെ മരവിപ്പിച്ചു നിര്‍ത്തി. ഗുജറാത്ത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ആനന്ദിബെന്‍ പട്ടേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള കൂറ് പ്രഖ്യാപനമായി  2015 മാര്‍ച്ചില്‍ നിയമസഭയില്‍ പാസാക്കിയത് ഈ  കരിനിയമമാണെന്നത് എത്രമാത്രം ഞെട്ടലുളവാക്കുന്നതല്ല! 2015 സെപ്റ്റംബറില്‍ മോദിയുടെ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി രാഷ്ട്രപതിയുടെ അനുമതിക്കായി സമര്‍പ്പിച്ച ഗുജറാത്തിലെ ഭീകരതയും സംഘടിത കുറ്റകൃത്യവും  തടയുന്നതിനുള്ള ബില്‍ നാലുതവണയാണ് ഗുജറാത്ത് സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കിയത് എന്നതില്‍നിന്നുതന്നെ വ്യക്തമാകും ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാറിന് അത് നല്‍കുന്ന അനിയന്ത്രിതമായ അധികാരത്തിന്‍െറ ഘോരസ്വഭാവം.
യു.എ.പി.എയെക്കാള്‍ ഭയാനകമാണ് ഗുജറാത്ത് ഭീകരവിരുദ്ധ ബില്‍. അതിലുപരി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചെറുത്തുതോല്‍പിച്ച പോട്ടയുടെ തിരിച്ചുവരവുമാണ് അതിലൂടെ സംജാതമായിരിക്കുന്നത്. എസ്.പി റാങ്കുള്ള സീനിയര്‍ പൊലീസ് ഓഫിസറുടെ മുമ്പില്‍ നല്‍കിയെന്ന് പറയപ്പെടുന്ന മൊഴിമാത്രം മതി  കോടതികള്‍ക്ക് തെളിവായി സ്വീകരിക്കാനും ആരോപിതര്‍ക്കെതിരെ ശിക്ഷ വിധിക്കാനും.  പ്രതിയുടെ മൊബൈല്‍ ഫോണ്‍വിളി ചോര്‍ത്തിയെടുക്കുന്ന വിവരവും കോടതിയില്‍ തെളിവായെടുക്കാന്‍ അനുമതി നല്‍കുന്നുണ്ട് ബില്‍. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍െറ രേഖ തെളിവായി സ്വീകരിക്കാന്‍ തുടങ്ങിയാല്‍, ഏത് പൗരന്‍െറയും സ്വകാര്യതയിലേക്ക് പൊലീസ് നിര്‍ഭയം ചുഴിഞ്ഞ് നോക്കാന്‍ തുടങ്ങിയാല്‍ ഗുജറാത്തിലെ തടവറകള്‍ ന്യൂനപക്ഷങ്ങളുടെയും ഭരണകൂടത്തെ അലോസരപ്പെടുത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ജീവിതത്തിന്‍െറ അതിരുകളായി മാറാന്‍ അധികകാലമൊന്നും വേണ്ടിവരില്ല. 2002ലെ വംശഹത്യക്ക് വിധേയരായവര്‍ക്ക് നിയമസഹായം ചെയ്ത് നീതിക്കുവേണ്ടി നിലകൊണ്ടു എന്ന ‘കുറ്റ’ത്തിന് മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ ടീസ്റ്റ സെറ്റല്‍വാദ് കേന്ദ്ര സര്‍ക്കാറിനാല്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ഒന്നുമാത്രം മതി ഗുജറാത്ത് ഭീകരവിരുദ്ധ ബില്‍ ആര്‍ക്കെല്ലാം വേണ്ടിയാണ് പാകം ചെയ്തെടുത്തിട്ടുള്ളതെന്ന് മനസ്സിലാക്കാന്‍. മറ്റേതൊരു കരിനിയമത്തെയുംപോലെ ആരോപിതന് ജാമ്യം ലഭിക്കുക നിര്‍ദിഷ്ട ബില്‍ പ്രകാരം ദുസ്സഹമായിരിക്കും. കുറ്റപത്രം സമര്‍പ്പിക്കാനുള്ള കാലയളവ് 180 ദിവസംവരെയാണ്. അതിനെക്കാള്‍ ഭീതിജനകമാണ് നിരപരാധികളെ അറസ്റ്റുചെയ്ത് പീഡിപ്പിക്കുന്ന, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് നിയമനടപടികളില്‍നിന്ന് നല്‍കുന്ന സംരക്ഷണം.
ഗുജറാത്ത് സര്‍ക്കാര്‍ ഭീകരവിരുദ്ധ ബില്‍ വേഷം മാറ്റി പുനരവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ പൗരാവകാശ ധ്വംസന നീക്കങ്ങള്‍ക്കും വൈരനിര്യാതന നടപടിക്കുമാണ് ആഭ്യന്തര മന്ത്രാലയം മുതിര്‍ന്നുകൊണ്ടിരിക്കുന്നത്.  സര്‍ക്കാറിനെ ഹിതമില്ലാത്തവരെ നിയമവേട്ട ചെയ്യുന്ന ഫാഷിസ്റ്റ് മനോഘടനയുടെ പുതിയ ഇരയാവുകയാണ് പ്രശസ്ത നിയമവിദഗ്ധ ഇന്ദിര ജെയ്സിങ്. മനുഷ്യാവകാശത്തിനുവേണ്ടിയും ടീസ്റ്റക്കനുകൂലമായും അതിലുപരി കേന്ദ്രസര്‍ക്കാറിന്‍െറ പൗരവിരുദ്ധ സമീപനത്തിനുനേരെയും ശക്തമായ നിലപാട് സ്വീകരിച്ചതാണ് മുന്‍ അഡീഷനല്‍  സോളിസിറ്റര്‍ ജനറലായ ഇന്ദിര ജെയ്സിങ്ങിന്‍െറ നിയമസ്ഥാപനങ്ങളിലേക്ക് ആഭ്യന്തരമന്ത്രാലയത്തിന്‍െറ കറുത്തകൈകള്‍  നീളുന്നതിന്‍െറ കാരണം. അലോസര കേന്ദ്രങ്ങളെ നിശ്ശബ്ദമാക്കാനുള്ള അധികാരികളുടെ ശ്രമം ശക്തിപ്പെടുന്ന, നിശ്ശബ്ദ  അടിയന്തരാവസ്ഥയുടെ ഈ കാലത്ത്, തെല്ളൊരാശ്വാസമാണ് രാഷ്ട്രപതിയുടെ നടപടി ജനാധിപത്യത്തിന് നല്‍കിയിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.