സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ ശനിയാഴ്ച അവസാനിച്ച ലോക സാമ്പത്തിക ഫോറം ആഗോള മുതലാളിത്തത്തിന്‍െറ മറ്റൊരു വാര്‍ഷികാഘോഷമെന്നതില്‍ കവിഞ്ഞ് ഒന്നും നേടിയില്ല. ആസന്നമായ ആഗോളീകരണത്തിന്‍െറ വരവറിയിച്ച് 45 വര്‍ഷം മുമ്പ് തുടങ്ങിയ ഈ സ്വിസ് ഉച്ചകോടിയില്‍ ലോകത്തെ വന്‍കിട മുതലാളിമാരും രാഷ്ട്രനേതാക്കളും മറ്റുമാണ് ഒത്തുചേരുന്നത്. അതത് കാലത്തെ ലോക സാമ്പത്തിക പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുകയാണ് പ്രഖ്യാപിതലക്ഷ്യം. ഇക്കൊല്ലം സാമ്പത്തിക രംഗത്തിനുപുറമെ കാലാവസ്ഥാമാറ്റം, സുരക്ഷാപ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചചെയ്യപ്പെട്ടു. വ്യവസായ പ്രമുഖര്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പില്‍ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 22ാം സ്ഥാനം നേടി എന്നത് നമ്മുടെ മൊത്തം സാമ്പത്തിക സ്ഥിതിയുടേതെന്ന പോലെ നാം ഇപ്പോള്‍ ചരിക്കുന്ന ‘വികസന’ മാതൃകക്കുള്ള മുതലാളിത്തത്തിന്‍െറ സാക്ഷ്യപത്രംകൂടിയാണ്.
കൂടുതല്‍ വികസനം, കൂടുതല്‍ വ്യവസായ വത്കരണം എന്ന മുദ്രാവാക്യത്തോട് നീതി പുലര്‍ത്തുന്ന ചൈന അടക്കമുള്ള രാജ്യങ്ങള്‍ക്ക് പട്ടികയില്‍ മോശമല്ലാത്ത സ്ഥാനമുണ്ട്. ദാവോസ് ഉച്ചകോടിയുടെ മുഖ്യ ഉത്കണ്ഠകളിലൊന്ന് ചൈനീസ് ഓഹരിക്കമ്പോളത്തിലെ അസ്ഥിരതയായിരുന്നുതാനും. അത്രതന്നെ താല്‍പര്യം ഉണര്‍ത്താത്ത വിഷയമാണ് ആഗോള സാമ്പത്തിക അസമത്വം. സമ്പത്തിന്‍െറ വിതരണത്തില്‍ ലോകമെങ്ങും കടുത്ത അനീതി നിലനില്‍ക്കുന്നു. ദരിദ്രരും സമ്പന്നരും തമ്മിലുള്ള വിടവ് വര്‍ധിച്ചുകൊണ്ടിരിക്കുകതന്നെയാണ്. കഴിഞ്ഞ വര്‍ഷത്തെ ഉച്ചകോടിയിലെ വിരുന്നുകളിലേക്ക് ആഗോളനേതാക്കള്‍ കുതിച്ചുകൊണ്ടിരുന്നപ്പോള്‍തന്നെയാണല്ളോ ഓക്സ്ഫാം എന്ന സന്നദ്ധ സംഘടന ആഗോള അസമത്വത്തിന്‍െറ പേടിപ്പെടുത്തുന്ന കണക്ക് പുറത്തുവിട്ടത്.
ലോകത്ത് അതിസമ്പന്നരായ ഒരുശതമാനം ആളുകള്‍ 2016ഓടെ മറ്റു 99 ശതമാനം ആളുകളെക്കാള്‍ സമ്പത്ത് കൈവശപ്പെടുത്തും എന്നായിരുന്നു കഴിഞ്ഞ കൊല്ലത്തെ ആ പ്രവചനം. ഒരു കൊല്ലം കഴിഞ്ഞിട്ടും ദാവോസ് സാമ്പത്തിക ഫോറത്തില്‍ ഈ അസമത്വം കേന്ദ്രവിഷയമായില്ല. അസമത്വമാകട്ടെ, പ്രവചിക്കപ്പെട്ടതോതില്‍ വളരുകയും ചെയ്യുന്നു. സാമ്പത്തിക നീതി സാമ്പത്തിക പുരോഗതിയുടെ അവശ്യഘടകമാണെന്നും അസമത്വം സമ്പന്നരെപ്പോലും പ്രതികൂലമായി ബാധിക്കുമെന്നും അറിയാത്തവരല്ല ഉച്ചകോടിയില്‍ ഒത്തുകൂടിയ രാഷ്ട്രീയ-സാമ്പത്തിക നേതാക്കള്‍. മറ്റു പല ആഗോളസ്ഥാപനങ്ങളെയുമെന്നപോലെ ദാവോസ് ഫോറത്തെയും കോര്‍പറേറ്റുകള്‍ സ്വന്തം വരുതിയിലാക്കിക്കഴിഞ്ഞു എന്നതാണ് നേര്. ജി-7, ലോകബാങ്ക്, ലോകവ്യാപാര സംഘടന, ഐ.എം.എഫ് തുടങ്ങിയ സ്ഥാപനങ്ങളുടെ അര്‍ധ ഒൗദ്യോഗിക പകര്‍പ്പാണ് ഇത്തരം പല കൂട്ടായ്മകളും. സമ്പത്തിന്‍െറ ഉറവിടങ്ങള്‍ക്കുമേല്‍ കുത്തക സ്ഥാപിച്ചവര്‍ അത് കൂടുതല്‍ ശക്തിപ്പെടുത്താന്‍ നടത്തുന്ന അഭ്യാസങ്ങളാണ് ഉച്ചകോടികള്‍.
നാലാം വ്യവസായവിപ്ളവം എന്നതാണ് ഇത്തവണ ഉച്ചകോടിയുടെ പ്രമേയമായി സ്വീകരിച്ചത്. ഉല്‍പാദനത്തിന് യന്ത്രങ്ങള്‍ ഉപയോഗിച്ച ഒന്നാം വ്യവസായ വിപ്ളവത്തിനും, വന്‍തോതിലുള്ള ഉല്‍പാദനവും ഡിജിറ്റല്‍ സാങ്കേതികതയും സ്വീകരിച്ച രണ്ടും മൂന്നും വിപ്ളവങ്ങള്‍ക്കും ശേഷം ഇനി നാലാം വിപ്ളവം ഭൗതിക-ഡിജിറ്റല്‍-ജൈവ മണ്ഡലങ്ങളെ മുഴുവന്‍ മാറ്റിമറിക്കുന്ന ടെക്നോളജിയുടേതാകുമത്രെ. സമ്പത്ത് വളര്‍ത്താനുതകുന്ന ഇത്തരം സാധ്യതകള്‍ എത്രതന്നെ മോഹനമായിരുന്നാലും അതെല്ലാം ഭൂഗോളത്തിലെ ഒരു ശതമാനം ആളുകള്‍ക്കുമാത്രമുള്ളതായാല്‍ അര്‍ഥരഹിതമാവുകയേയുള്ളൂ.
സംരംഭകത്വത്തെക്കുറിച്ചും വ്യവസായവത്കരണത്തെക്കുറിച്ചും ഉല്‍പാദനത്തെക്കുറിച്ചും ഏറെ ചിന്തിക്കുന്നതിനിടക്ക് സമ്പത്തിന്‍െയും വിഭവങ്ങളുടെയും നീതിപൂര്‍വകമായ വിതരണത്തെക്കുറിച്ച് ആലോചിക്കാന്‍ കഴിയാത്തിടത്തോളം കാലം ഇത്തരം സമ്മേളനങ്ങള്‍ ‘ഉച്ചകോടി ടൂറിസം’ മാത്രമായി ഒതുങ്ങും. ദാവോസില്‍ അസമത്വത്തെപ്പറ്റി പറയാന്‍ രാഷ്ട്രനേതാക്കളോ സാമ്പത്തികവിദഗ്ധരോ മുന്നോട്ടുവന്നില്ളെന്നതും അതിന് ഫ്രാന്‍സിസ് മാര്‍പാപ്പ എന്ന മതമേലധ്യക്ഷന്‍ വേണ്ടിവന്നു എന്നതും അസ്വാഭാവികമല്ല. ദാവോസ് ഉച്ചകോടിയെ ശ്രദ്ധേയമാക്കിയതും അസമത്വമെന്ന മൗലികപ്രശ്നം അതില്‍ ചര്‍ച്ചയാകാതെപോയതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.