രോഹിതിനെ കൊന്ന വ്യവസ്ഥിതിക്കെതിരെ

ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് വെമുല എന്ന ദലിത് ഗവേഷകന്‍െറ ആത്മഹത്യയോടെ തുടക്കമിട്ട സാമൂഹികവും രാഷ്ട്രീയവുമായ സംവാദങ്ങളും ചര്‍ച്ചകളും പ്രാന്തവത്കൃത സമൂഹം അഭിമുഖീകരിക്കുന്ന അഭിശപ്തജീവിതത്തിന്‍െറ ഇരുണ്ടമുഖങ്ങളിലേക്ക് രാജ്യത്തിന്‍െറ ശ്രദ്ധതിരിച്ചുവിടുകയാണ്. മീഡിയ ആക്ടിവിസം കൊണ്ടു മാത്രമാണിതെന്ന് വിലയിരുത്തുന്നത് സഹസ്രാബ്ദങ്ങളായി നാടിനെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്ന ജാതീയ അത്യാചാരങ്ങളെ ലാഘവത്തോടെ കാണുന്നതുകൊണ്ടാവാനേ തരമുള്ളൂ. രോഹിത് എന്ന അതിസമര്‍ഥനും ബുദ്ധിമാനുമായ വിദ്യാര്‍ഥിക്ക് ജീവിതത്തിന്‍െറ പുലരിയില്‍തന്നെ പിറന്നമണ്ണിന്‍െറ നിരാര്‍ദ്രത സഹിക്കവയ്യാതെ പ്രാണന്‍ വെടിയേണ്ടിവന്നത് ജാതീയ ഉച്ചനീചത്വങ്ങളുടെ  കാളിമക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വന്നതുകൊണ്ടാണെന്ന് ജനം മനസ്സിലാക്കിക്കഴിഞ്ഞുവെന്നു മാത്രമല്ല, ഭരണഘടനാ ശില്‍പി ബാബാസാഹെബ് അംബേദ്കറുടെ 125ാം ജന്മവാര്‍ഷികം രാജ്യം ആചരിക്കുമ്പോഴും നമ്മുടെ നാട് അവര്‍ണ-സവര്‍ണ വിവേചനത്തിന്‍െറ പേരില്‍ കടുത്ത സാമൂഹിക പ്രക്ഷുബ്ധതയുടെ വക്കിലാണെന്ന് ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു.

രോഹിതിന്‍െറ മരണത്തിന്‍െറ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരും യൂനിവേഴ്സിറ്റി അധികൃതരും രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തൊട്ടാകെ പ്രതിഷേധം അലയടിക്കുകയാണിന്ന്.  എന്നാല്‍, ഇത് ജാതീയപ്രശ്നമായി ഉയര്‍ത്തിക്കാട്ടുന്നത് ദുഷ്ടലാക്കോടെയാണെന്നുപറഞ്ഞ് വിഷയത്തിന്‍െറ ഗൗരവം കുറച്ചുകാണാന്‍ ശ്രമിക്കുകയാണ് മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയെ പോലുള്ളവര്‍. രോഹിതിന്‍െറ മരണം വ്യവസ്ഥിതിയുടെ ക്രൂരതക്കെതിരായ മന$സാക്ഷിയുടെ പോരാട്ടത്തിന്‍െറ അന്ത്യമാണ്. തന്നെപോലുള്ളവരുടെ ജന്മംതന്നെ ഒരു ശാപമാണെന്ന് ഈ യുവാവിന്, ജീവിക്കുന്ന നമുക്കായി എഴുതിവെക്കേണ്ടിവന്നത്  പിറന്നുവീണതുതൊട്ട് അനുഭവിച്ചുതീര്‍ക്കേണ്ടിവന്ന കയ്പേറിയ ക്രൂരതകള്‍ കൊണ്ടാവണം. ജീവിതപരിസരം ഇന്ത്യയിലെ ദലിതനും അമേരിക്കയിലെയും ആഫ്രിക്കയിലെയും കറുത്തവര്‍ഗക്കാരനുമൊക്കെ ഒരുക്കിവെച്ചിരിക്കുന്ന പീഡാനുഭവങ്ങള്‍ വിദ്യകൊണ്ടോ ഉദ്യോഗലബ്ധികൊണ്ടോ തിരുത്താന്‍ പറ്റുന്നതല്ളെന്ന് വീണ്ടും വീണ്ടും സമര്‍ഥിക്കപ്പെടുകയാണ്.

തച്ചുതകര്‍ക്കേണ്ട വര്‍ണവ്യവസ്ഥയും ജാതീയ ഉച്ചനീചത്വങ്ങളും നിലനില്‍ക്കുന്ന കാലത്തോളം ദലിത്സമൂഹത്തിന്‍െറ മുന്നില്‍ സ്വാതന്ത്ര്യം നിരര്‍ഥകമായ വാഗ്ദാനമാണെന്ന അംബേദ്കറുടെ ദൃഢവീക്ഷണമാണ് അംബേദ്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ എന്ന വിദ്യാര്‍ഥി കൂട്ടായ്മക്ക് ഇതുവരെ നേതൃത്വംകൊടുത്ത രോഹിതിനു സ്വജീവന്‍കൊണ്ട് തെളിയിക്കേണ്ടിവന്നത്. ബുദ്ധിവൈഭവംകൊണ്ടുമാത്രം ജീര്‍ണമായ സാമൂഹികവ്യവസ്ഥിതിയുടെ കരാളഹസ്തങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ സാധ്യമല്ളെന്ന്  രോഹിതിനെപോലുള്ള മിടുക്കന്മാര്‍ക്ക് നമ്മുടെ കാലഘട്ടത്തെ ബോധ്യപ്പെടുത്തേണ്ടിവരുന്നത് എത്ര ദൗര്‍ഭാഗ്യകരം! ഹൈദരാബാദ് യൂനിവേഴ്സിറ്റിയില്‍ തന്നെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ പത്ത് ദലിത്വിദ്യാര്‍ഥികള്‍ക്ക് ഇതുപോലെ ജീവനൊടുക്കേണ്ടിവന്നിട്ടുണ്ടത്രെ.

രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാല എന്ന കീര്‍ത്തിമുദ്ര കഴിഞ്ഞവര്‍ഷം രാഷ്ട്രപതി ചാര്‍ത്തിയ ഒരു യൂനിവേഴ്സിറ്റിയിലാണ് ഇത് സംഭവിക്കുന്നത് എന്നു കൂടി ചേര്‍ത്തുവായിക്കുക. ദലിതനും ശൂദ്രനുമൊന്നും വിധിക്കപ്പെട്ടതല്ല ജ്ഞാനം എന്ന തലതിരിഞ്ഞ ചിന്താഗതിയുടെ ഉപോല്‍പന്നമായി സൃഷ്ടിക്കപ്പെടുന്ന കൊലയും ജീവബലിയുമൊക്കെ നമ്മുടെ കാമ്പസുകളില്‍ സ്ഫോടനാത്മക അന്തരീക്ഷം സൃഷ്ടിച്ചിരിക്കയാണെന്ന യാഥാര്‍ഥ്യം മന്ത്രിപുംഗവന്മാര്‍ വാര്‍ത്താസമ്മേളനം നടത്തി നിഷേധിച്ചതുകൊണ്ടു മാത്രം ആരും വിശ്വസിക്കാന്‍ പോകുന്നില്ല. പ്രശസ്തമായ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശം നേടിയ അനില്‍കുമാര്‍ മീന എന്ന ദലിത് വിദ്യാര്‍ഥി നാലു വര്‍ഷം മുമ്പ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചപ്പോഴും വ്യവസ്ഥിതിയുടെ ക്രൂരമായ പെരുമാറ്റമായിരുന്നു ആ മിടുക്കന്‍െറ കൗമാരമനസ്സിനെ  പിച്ചിച്ചീന്തിയതെന്ന് ഉത്തരവാദപ്പെട്ടവരാരും തുറന്നുപറഞ്ഞില്ല.  ദലിത്-ന്യൂനപക്ഷവിദ്യാര്‍ഥികള്‍ കാമ്പസുകളില്‍ അഭിമുഖീകരിക്കുന്ന അത്യന്തം ലജ്ജാവഹമായ വിവേചനത്തിന്‍െറയും അവഗണനയുടെയും ഞെട്ടിപ്പിക്കുന്ന കഥകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ആര്‍.എസ്.എസിന്‍െറ വിദ്യാര്‍ഥി വിഭാഗമായ എ.ബി.വി.പിക്കു മുന്നില്‍ അടിയറവ് പറയാന്‍ കൂട്ടാക്കിയില്ല എന്ന ഏക കാരണത്താലാണ് രോഹിത് വെമുല യൂനിവേഴ്സിറ്റി അധികൃതരുടെയും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെയും രോഷം ഏറ്റുവാങ്ങിയതും ജീവിതം മുന്നോട്ട് നയിക്കാനാവാതെ യാത്ര അവസാനിപ്പിച്ചതും. സവര്‍ണരാല്‍ നയിക്കപ്പെടുന്ന ഹിന്ദുത്വ കൂട്ടായ്മയുടെ മുന്നില്‍ ദലിതനായ രോഹിതിന്‍െറ രാഷ്ട്രീയപ്രത്യയശാസ്ത്രമായ അംബേദ്കറിസത്തിനു പിടിച്ചുനില്‍ക്കാന്‍ ധൈഷണിക തെളിച്ചം മാത്രം മതിയായിരുന്നില്ല. അധികാരമാണ് ഇവിടെ എല്ലാം നിര്‍ണയിക്കുന്നത്.

ജനാധിപത്യക്രമത്തിലും സര്‍വകലാശാല അന്തരീക്ഷംപോലും തങ്ങള്‍ക്ക് ജീവവായു നിഷേധിക്കുന്നതാണെന്ന് വൈസ്ചാന്‍സലറുടെയും അധ്യാപകരുടെയും അനുതാപം തൊട്ടുതീണ്ടാത്ത സമീപനങ്ങളില്‍നിന്ന് മനസ്സിലാക്കിയപ്പോഴാണ് ദലിതനായുള്ള പിറവിതന്നെ മഹാദുരന്തമാണെന്ന് സ്വജീവിതത്തിലൂടെ സമര്‍ഥിക്കേണ്ടിവന്നത്. അംബേദ്കറുടെ ജന്മവാര്‍ഷികം കെങ്കേമമായി കൊണ്ടാടി അതിലൂടെ ദലിതരെ രാഷ്ട്രീയമായി ചൂഷണംചെയ്യാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹൈദരാബാദ് യൂനിവേഴ്സിറ്റിയില്‍നിന്ന് ആത്മഹത്യയുടെ രൂപത്തില്‍ രോഷത്തിന്‍െറ ഇടിമുഴക്കം കേട്ടുതുടങ്ങിയത്. ഒരു ജനവിഭാഗത്തെ എക്കാലവും അടിമകളാക്കി നിര്‍ത്തി രാജ്യത്തിനു മുന്നോട്ടുപോകാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നത് മൗഢ്യമാണെന്ന് കാലം തെളിയിക്കാതിരിക്കില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.