പ ത്തു വയസ്സിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ ലൈംഗികാതിക്രമങ്ങള്‍ക്കിരയാവുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കുറ്റവാളികള്‍ക്ക് കഠിനശിക്ഷ വ്യവസ്ഥചെയ്യുന്ന നിയമനിര്‍മാണത്തിന് പാര്‍ലമെന്‍റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീംകോടതി. ഇത്തരം കൊടുംകുറ്റവാളികളെ ഷണ്ഡീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലെ വനിതാ അഭിഭാഷക സംഘടന സമര്‍പ്പിച്ച ഹരജിയില്‍ തീര്‍പ്പുകല്‍പിക്കെ അത് പാര്‍ലമെന്‍റിന്‍െറ അധികാരപരിധിയില്‍പെടുന്ന കാര്യമാണെന്നോര്‍മിപ്പിച്ചുകൊണ്ടാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കൊച്ചുകുട്ടികള്‍ ഇരകളാവുന്ന മാനഭംഗക്കേസുകളില്‍ കൂടുതല്‍ കടുത്തശിക്ഷ ലഭിക്കത്തക്കവിധം നിയമനിര്‍മാണം വേണമെന്ന് ചൂണ്ടിക്കാട്ടിയത്. നിലവിലെ ശിക്ഷ നിയമപ്രകാരം 18 വയസ്സുവരെയുള്ള മൈനര്‍മാരെ മൊത്തമായേ വേര്‍തിരിച്ചിട്ടുള്ളൂ.
ലൈംഗികതയെക്കുറിച്ചോ മാനഭംഗത്തെക്കുറിച്ചോ ഒന്നുമറിയാത്ത ശിശുക്കള്‍ അനുഭവിക്കേണ്ടിവരുന്ന ദുരിതവും വേദനയും അങ്ങേയറ്റം കിരാതമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് പരമോന്നത കോടതി വിഷയത്തിലേക്ക് പാര്‍ലമെന്‍റിന്‍െറ ശ്രദ്ധ ക്ഷണിച്ചിരിക്കുന്നത്്. 16-18 പ്രായപരിധിയിലുള്ള കുട്ടിക്കുറ്റവാളികള്‍ പ്രതികളാവുന്ന ബലാത്സംഗക്കേസുകളെ ജുവനൈല്‍ കോടതികളുടെ പരിധിയില്‍നിന്ന് മുതിര്‍ന്നവരുടെ കോടതികളിലേക്ക് മാറ്റിക്കൊണ്ടുള്ള നിയമഭേദഗതി പാര്‍ലമെന്‍റ് അംഗീകരിച്ചത് ആഴ്ചകള്‍ക്ക് മുമ്പാണ്. ഈ നിയമഭേദഗതി നിലവില്‍വരുന്നതോടെ ഡല്‍ഹി ജ്യോതി കേസിലെ കൗമാരക്കാരനായ പ്രതിയെപ്പോലുള്ളവര്‍ വെറും മൂന്നുവര്‍ഷത്തെ നല്ലനടപ്പ് ശിക്ഷ അനുഭവിച്ചു പുറത്തുവരാന്‍ അനുവദിക്കപ്പെടില്ല. മുതിര്‍ന്നവരുടെ കഠിന തടവുശിക്ഷ അവര്‍ക്കും ബാധകമാവും. എന്നാല്‍, ഇരകളുടെ ഇളംപ്രായം പരിഗണിച്ചുള്ള നിയമനിര്‍മാണം ഇനിയും നടന്നിട്ടില്ല. അക്കാര്യത്തില്‍ പാര്‍ലമെന്‍റിന്‍െറ സത്വരശ്രദ്ധപതിയാന്‍ പ്രേരകമാവേണ്ടതാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.
ഇന്ത്യയില്‍ ഭീകരമായി പെരുകിവരുന്ന കൊടുംക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ ഇല്ലാതാക്കാനോ ഗണ്യമായി കുറക്കാനോ ശിക്ഷയുടെ കാഠിന്യവും വ്യാപ്തിയും വര്‍ധിപ്പിക്കുന്ന നിയമഭേദഗതികള്‍ പര്യാപ്തമാണോ എന്നത് ഈ സാഹചര്യത്തില്‍ ചിന്താര്‍ഹമാണ്. നിര്‍ഭയ കേസ് എന്ന പേരിലറിയപ്പെട്ട സംഭവത്തില്‍ ശിക്ഷ കഠിനതരമാകുന്ന നിയമനിര്‍മാണം നടന്നതിന് ശേഷവും അത്തരം സംഭവങ്ങള്‍ തലസ്ഥാന നഗരിയില്‍പോലും വര്‍ധിച്ചുവരുന്നതല്ലാതെ കുറയുന്നില്ല. കുറ്റാന്വേഷണത്തില്‍ പൊലീസിന്‍െറ ബലഹീനതയും അനാസ്ഥയും കോടതികളുടെ മുമ്പാകെയത്തെിയ കേസുകളില്‍തന്നെ തീര്‍പ്പുണ്ടാവാന്‍ വേണ്ടിവരുന്ന അസഹനീയമായ കാലതാമസവുമാണ് ഈ സ്ഥിതി വിശേഷത്തിന് ഒരു കാരണം. അതിലുപരി, അസാന്മാര്‍ഗികതയുടെയും ലൈംഗിക അരാജകത്വത്തിന്‍െറയും കേളീരംഗമായി രാജ്യം മാറുന്നുവെന്നത് ഞെട്ടിക്കുന്ന യാഥാര്‍ഥ്യമാണ്. കുട്ടികളെപ്പോലും മദ്യത്തിന്‍െറയും മയക്കുമരുന്നിന്‍െറയും അടിമകളാക്കുന്ന പ്രവണത ശക്തിപ്പെടുന്നതോടൊപ്പം കുത്തഴിഞ്ഞ ജീവിതത്തിന് പ്രേരണയും പ്രോത്സാഹനവും നല്‍കുന്ന ദൃശ്യമാധ്യമങ്ങളുടെ ആധിപത്യവും അപ്രതിരോധ്യമായിത്തീര്‍ന്നിരിക്കുന്നു.
പോണ്‍ഹബ് കഴിഞ്ഞദിവസം പുറത്തുവിട്ട ആഗോള കണക്കനുസരിച്ച് അമേരിക്കയും ബ്രിട്ടനും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനമാണ് അശ്ളീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യക്ക്! മൊത്തം 2100 കോടി സന്ദര്‍ശനങ്ങളാണത്രെ പോണ്‍സൈറ്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ലോകത്താകെ 740 കോടിയോളമാണ് ജനസംഖ്യ എന്നിരിക്കെ അതിന്‍െറ മൂന്നിരട്ടി സന്ദര്‍ശകര്‍ അശ്ളീല സൈറ്റുകള്‍ക്കുണ്ടാവണമെങ്കില്‍ വീണ്ടും വീണ്ടും സന്ദര്‍ശിക്കുന്നവര്‍ കണക്കിലധികമുണ്ടായിരിക്കണം. ഇക്കൂട്ടത്തില്‍ കുട്ടികളും കൗമാരക്കാരും യുവാക്കളും യഥേഷ്ടം ഉണ്ടാവുന്നതും സ്വാഭാവികം. ഇതുവഴി ഭ്രാന്ത് പിടിപ്പിക്കപ്പെട്ട തലമുറകള്‍ മൃഗങ്ങളെ തോല്‍പിച്ചുകൊണ്ട് ആക്രമണകാരികളാവുന്നതും പിഞ്ചോമനകള്‍ വരെ അവരുടെ ഇരകളാവുന്നതും അപ്രതീക്ഷിതമല്ല. ലൈംഗിക പീഡനങ്ങളെക്കുറിച്ച് നാഷനല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ ഇടവേളകളില്‍ പുറത്തുവിടുന്ന കണക്കുപ്രകാരം അവയിലധികവും നടക്കുന്നത് വീടുകളിലും കുടുംബങ്ങളിലുമാണ്. ശിക്ഷാനിയമങ്ങള്‍ എത്രതന്നെ കര്‍ക്കശവും കഠിനവുമാക്കിയാലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോവുന്ന സംഭവങ്ങളാണ് കൂടുതല്‍.
അതിനാല്‍ സുപ്രീംകോടതി നിര്‍ദേശിച്ചതനുസരിച്ച് പിഞ്ചോമനകള്‍ ഇരകളാക്കപ്പെടുന്ന ലൈംഗികാതിക്രമങ്ങളുടെ ശിക്ഷ കഠിനമാക്കുന്ന നിയമനിര്‍മാണം നടക്കുന്നതോടൊപ്പം രാജ്യത്തെ വിദ്യാഭ്യാസ, ശിക്ഷണ ക്രമങ്ങള്‍ തലമുറകളെ മനുഷ്യരാക്കാനുതകുന്നവിധം ഉടച്ചുവാര്‍ക്കുകയും സാംസ്കാരികരംഗം ശുദ്ധീകരിക്കാന്‍ തീവ്രവും ഫലപ്രദവുമായ നടപടികളെടുക്കുകയും വേണം. അതിരുകളില്ലാത്ത ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറ വക്താക്കള്‍ക്കും ലിബറലുകള്‍ക്കും തിരിച്ചറിവുകളും യാഥാര്‍ഥ്യബോധവും ഉണ്ടാവണം. കുറ്റകൃത്യങ്ങള്‍ക്ക് വളംവെക്കുന്ന പരിപാടികള്‍ക്ക് മാധ്യമങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. മാനവികമൂല്യങ്ങള്‍ ചവിട്ടിമെതിച്ചാവരുത് പണമുണ്ടാക്കാനെന്നത് സിനിമ, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ് ഉടമകളെ ബോധ്യപ്പെടുത്തിയേ മതിയാവൂ. ഇതൊന്നും നടക്കുന്ന കാര്യമല്ല എന്നാണെങ്കില്‍ ശിശു പീഡകര്‍ക്ക് തൂക്കുമരംതന്നെ വിധിക്കുന്ന നിയമനിര്‍മാണം നടന്നാലും നിഷ്കളങ്ക ബാല്യങ്ങള്‍ പൈശാചികതയുടെ ഇരകളായിക്കൊണ്ടേ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.