വിവേകമില്ലെങ്കില്‍ വിനാശം

സ്വതേ അബല, പോരാഞ്ഞ് ഗര്‍ഭിണിയും എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുന്നതാണ് അസ്വസ്ഥപൂര്‍ണവും സംഘര്‍ഷഭരിതവുമായ പശ്ചിമേഷ്യയില്‍ ഏറ്റവും പുതുതായി വഷളായിരിക്കുന്ന സൗദി-ഇറാന്‍ ബന്ധങ്ങള്‍. ഈ ജനുവരി മാസാദ്യത്തില്‍ സൗദി ഈസ്റ്റേണ്‍ പ്രവിശ്യയിലെ പ്രമുഖ ശിയാ പണ്ഡിതനായ നമിര്‍ അന്നമിര്‍ ഉള്‍പ്പെടെ 47 പേരെ തീവ്രവാദ-ഭീകര പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തവും പ്രേരണയും ആരോപിച്ച് കുറ്റവിചാരണ നടത്തുകയും കോടതി പരമാവധി ശിക്ഷ വിധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അവര്‍ ഗളച്ഛേദം ചെയ്യപ്പെട്ടിരുന്നു. ഇതില്‍ ശക്തിയായി പ്രതിഷേധിച്ച് ഇറാനിലെ മതനേതൃത്വവും റിപ്പബ്ളിക്കന്‍ ഗാര്‍ഡും രംഗത്തു വന്നതോടൊപ്പം ഇറാന്‍ വിദേശകാര്യാലയ വക്താവും പാര്‍ലമെന്‍റ് സ്പീക്കറും വധശിക്ഷയെ അപലപിക്കുകയും ചെയ്തു.

അതുകൊണ്ടുമവസാനിപ്പിക്കാതെ ജനക്കൂട്ടം തെഹ്റാനിലെ സൗദി എംബസി ആക്രമിക്കുകയും കോണ്‍സുലേറ്റ് തകര്‍ക്കുകയും ചെയ്തു. സംഭവം സ്വാഭാവികമായും സൗദി അറേബ്യയെ പ്രകോപിപ്പിച്ചു. ആ രാജ്യം ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുന്നതിലാണ് സംഭവങ്ങള്‍ കലാശിച്ചിരിക്കുന്നത്. സൗദിയെ തുടര്‍ന്ന് ബഹ്റൈനും ഇറാനുമായുള്ള നയതന്ത്രബന്ധം വേര്‍പ്പെടുത്തിയിരിക്കുന്നു. ജി.സി.സിയിലെ മറ്റ് അംഗരാഷ്ട്രങ്ങളും സൗദിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ഇറാനെതിരായ നടപടികള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യമായ സുഡാനും ഇറാനുമായുള്ള നയതന്ത്രബന്ധങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. സൗദി അറേബ്യ ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സര്‍വീസ് ഉള്‍പ്പെടെ എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു എന്നാണ് ഒടുവില്‍ കിട്ടിക്കൊണ്ടിരിക്കുന്ന റിപ്പോര്‍ട്ട്. ഇറാനി തീര്‍ഥാടകര്‍ക്കുമാത്രം സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കൊന്നുമില്ല.

ഇറാഖിലെയും സിറിയയിലെയും യമനിലെയും ആഭ്യന്തര യുദ്ധങ്ങളും മേഖലയിലെ ഐ.എസ് ഭീകരാക്രമണങ്ങള്‍ക്ക് തടയിടാനെന്നപേരില്‍ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ എന്നീ വന്‍ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന വ്യോമാക്രമണങ്ങളും പശ്ചിമേഷ്യയില്‍ ജനജീവിതം അത്യന്തം ദുസ്സഹമാക്കിക്കൊണ്ടിരിക്കെയാണ് കൂനിന്മേല്‍ കുരുവായി പുതിയ സംഘര്‍ഷാവസ്ഥ സംജാതമായിരിക്കുന്നത്. ലക്ഷക്കണക്കിന് മനുഷ്യര്‍ കൂട്ടക്കൊലക്കിരയാവുകയും അഭയാര്‍ഥികളായി പ്രാണനും കൊണ്ടോടുകയും ചെയ്യുന്ന ഭയാനക സ്ഥിതിവിശേഷത്തിന് ഫലപ്രദമായ പരിഹാരം കാണുന്നതില്‍ യു.എന്നും ഒ.ഐ.സിയും അറബ് ലീഗുമെല്ലാം ദയനീയമായി പരാജയപ്പെട്ടിരിക്കുമ്പോഴാണ് എരിതീയില്‍ എണ്ണ ഒഴിക്കുന്ന സംഭവങ്ങള്‍ അടിക്കടി ഉണ്ടാവുന്നത്.

പ്രത്യക്ഷത്തില്‍ മതപരമോ രാഷ്ട്രീയമോ ആയ സ്പര്‍ധയും വടംവലിയുമാണ് ഈ അസമാധാനത്തിന് കാരണമെന്ന് തോന്നാമെങ്കിലും യഥാര്‍ഥത്തില്‍ സാമ്രാജ്യത്വപരമായ ഇടപെടലുകളും സയണിസ്റ്റ് കുതന്ത്രങ്ങളും വംശീയ ചേരിതിരിവുകളും അധികാരപരമായ താല്‍പര്യങ്ങളുമെല്ലാം ഉള്‍ച്ചേര്‍ന്ന് രൂപപ്പെട്ട സങ്കീര്‍ണ സാഹചര്യമാണ് പശ്ചിമേഷ്യയെ സ്ഫോടനാത്മകമാക്കുന്നതെന്ന് സൂക്ഷ്മ നിരീക്ഷണത്തില്‍ വ്യക്തമാവും. എണ്ണയാലും മറ്റ് വിലയേറിയ ധാതുപദാര്‍ഥങ്ങളാലും സമ്പന്നവും തന്ത്രപ്രധാനവുമായ പശ്ചിമേഷ്യയെ എക്കാലത്തും വറുതിയില്‍ നിര്‍ത്താനുള്ള പഴയ കൊളോണിയല്‍ ശക്തികളുടെ ശാഠ്യവും അവരുടെ ദുര്‍ഭഗ സന്തതിയായ ഇസ്രായേലിന്‍െറ സുരക്ഷ ഉറപ്പുവരുത്താനുള്ള വ്യഗ്രതയും സര്‍വോപരി സാംസ്കാരികാധിനിവേശത്തിന്‍െറ ത്വരയും ചേര്‍ന്ന് നടപ്പാക്കുന്ന അജണ്ടയിലെ പാവകളും കരുക്കളുമാണ് പശ്ചിമേഷ്യന്‍ ഭരണകൂടങ്ങള്‍. ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയാനുള്ള ശേഷിപോലും നഷ്ടപ്പെട്ട് പൈശാചിക ശക്തികളുടെ കളിപ്പാവകളായി മാറിയവരുടെ ചൊല്‍പടിയില്‍ സര്‍വസ്വം നഷ്ടപ്പെട്ട് ജീവിക്കാന്‍ വിധിക്കപ്പെട്ട ജനസമൂഹങ്ങളുടെ ഹതവിധിയോര്‍ത്ത് ദു$ഖിക്കാനേ മനസ്സാക്ഷിയുള്ളവര്‍ക്ക് കഴിയൂ.

മുസ്ലിംകളിലെ സുന്നി, ശിയാ, കുര്‍ദ്, പേര്‍ഷ്യന്‍ വിഭാഗങ്ങളും വംശജരും ആരു വിചാരിച്ചാലും ഇല്ലാതാക്കാന്‍ കഴിയാത്ത യാഥാര്‍ഥ്യങ്ങളാണെന്നംഗീകരിച്ച് സമാധാനപരമായ സഹവര്‍ത്തിത്വത്തിലും സൗഹൃദത്തിലും സഹകരണത്തിലും കഴിയുന്നതാണ് സുരക്ഷക്കും ശാന്തിക്കും വികസനത്തിനും പുരോഗതിക്കുമുള്ള ഒരേയൊരു വഴിയെന്ന് മനസ്സിലാക്കാത്തിടത്തോളംകാലം പ്രതിസന്ധി അന്തിമമായി പരിഹരിക്കപ്പെടാന്‍ പോവുന്നില്ല. മനുഷ്യനെ മനുഷ്യനായിമാത്രം കാണാന്‍ പഠിപ്പിച്ച ഒരു വിശ്വമാനവ ദര്‍ശനത്തില്‍ വിശ്വസിക്കുന്നവരാണെന്ന് വെറുതെ അവകാശപ്പെട്ടിട്ടെന്ത് കാര്യം, ജീവിതത്തില്‍ അതംഗീകരിച്ചതിന്‍െറ ഒരു ലക്ഷണവും ഇല്ളെങ്കില്‍? കണ്ടാലും കൊണ്ടാലും പഠിക്കാത്തവരെ രക്ഷിക്കാന്‍ സാക്ഷാല്‍ സ്രഷ്ടാവ് പോലും ഇടപെടുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല്ള. അനിശ്ചിതത്വവും പ്രതിസന്ധിയും അവസാനിപ്പിക്കാന്‍ ഇറാനും സൗദി അറേബ്യയും നേരിട്ട് ചര്‍ച്ചകള്‍ നടത്തണമെന്ന് അമേരിക്കയും യു.എന്നും ഇരു രാജ്യങ്ങളോടും ആവശ്യപ്പെടുന്നുണ്ട്.

മറ്റ് ലോക രാഷ്ട്രങ്ങളുടെയും പ്രത്യക്ഷ നിലപാട് അതുതന്നെ. പക്ഷേ, ഈ അഭ്യര്‍ഥനയില്‍ എത്രത്തോളം ആത്മാര്‍ഥതയുണ്ട് എന്ന ചോദ്യമുയരുന്നു. സൗദി അറേബ്യയെ ഒപ്പം ചേര്‍ത്തുനിര്‍ത്തിയിരുന്ന അമേരിക്ക സമീപകാലത്ത് ഇറാന്‍െറ പക്ഷത്തേക്ക് നീങ്ങിയതായി സൗദി ന്യായമായും ആശങ്കിക്കുന്നു. ഇറാനാകട്ടെ, ഉപരോധം ഭാഗികമായി റദ്ദാക്കപ്പെട്ടതിന്‍െറ ഊറ്റത്തില്‍ സിറിയ-ഇറാഖ് മേഖലയിലെയും യമനിലെയും വംശീയ, വിഭാഗീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തിരക്കിലാണ്. മിനാ ദുരന്തം ഉള്‍പ്പെടെ കിട്ടുന്ന അവസരങ്ങളെല്ലാം സൗദിക്കെതിരെ പ്രചാരണം നടത്താനാണ് തെഹ്റാന്‍െറ വ്യഗ്രത. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ കൂട്ട ആത്മഹത്യയില്‍ അഭയം തേടാന്‍ ആഗ്രഹിക്കുന്നില്ളെങ്കില്‍ സമാധാനപരവും അനുരഞ്ജനപരവുമായ പരിഹാരമാര്‍ഗങ്ങളെക്കുറിച്ചാണ് സത്വരമായി ചിന്തിക്കേണ്ടത് എന്നാണ് അവരുടെ ഗുണകാംക്ഷികള്‍ക്ക് ഓര്‍മിപ്പിക്കാനുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.