എണ്ണയുടെ വിലത്തകര്‍ച്ച കൈമാറുന്ന മുന്നറിയിപ്പ്

രാഷ്ട്രാന്തരീയ വിപണിയില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ വന്‍ വിലത്തകര്‍ച്ച നേരിടുന്നത് പെട്രോള്‍, ഡീസല്‍, പാചകവാതകം തുടങ്ങിയ ഇന്ധനങ്ങള്‍ കുറഞ്ഞനിരക്കില്‍ നമ്മുടെ രാജ്യത്തും ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്ന പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും സര്‍ക്കാറിന്‍െറയും വന്‍കിട കമ്പനികളുടെയും ഒത്തുകളിമൂലം വിലയിടിവിന്‍െറ ആനുകൂല്യമൊന്നും ജനങ്ങളിലത്തെുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. അതേസമയം, എണ്ണകയറ്റുമതി രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന ഭീമമായ നഷ്ടം അവിടങ്ങളില്‍ ജീവസന്ധാരണം തേടുന്ന ലക്ഷക്കണക്കിന് മറുനാടന്‍ തൊഴിലാളികളുടെ ഭാവി അവതാളത്തിലാക്കാനിടയുണ്ട്. 35 ലക്ഷത്തോളം കേരളീയര്‍ക്ക് അഭയം നല്‍കുകയും  പ്രതിവര്‍ഷം ലക്ഷം കോടി രൂപയോളം വിദേശനാണയം അയച്ച് നമ്മുടെ സമ്പദ്ഘടനയെ പിടിച്ചുനിര്‍ത്തുകയും ചെയ്യുന്ന അറബ് ഗള്‍ഫ് രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന അത്യപൂര്‍വമായ സാമ്പത്തിക പ്രതിസന്ധി മലയാളിയുടെ അടുപ്പിലെ തീ കെടുത്തുന്ന സാഹചര്യം സൃഷ്ടിച്ചേക്കുമോ എന്ന് ആശങ്ക പല കോണുകളില്‍നിന്നും ഉയരുന്നുണ്ട്.  പെട്രോളിന്‍െറ വിലത്തകര്‍ച്ച, പ്രതിരോധമേഖലയിലെ കുതിച്ചുയരുന്ന ചെലവ്, മേഖലയിലെ ആഭ്യന്തരസംഘര്‍ഷങ്ങള്‍ നേരിടുന്നതിലെ ഭാരിച്ച സാമ്പത്തികബാധ്യത തുടങ്ങിയ ഘടകങ്ങളാണ് ഗള്‍ഫ്രാജ്യങ്ങളെ അഭൂതപൂര്‍വമായ സാമ്പത്തിക പ്രതിസന്ധിയിലത്തെിച്ചിരിക്കുന്നത്.

2012ല്‍ ബാരല്‍ എണ്ണക്ക് 140 ഡോളറിനു മുകളിലുണ്ടായിരുന്ന സ്ഥാനത്ത്  ഇന്ന് 36 ഡോളര്‍വരെ കുറഞ്ഞ് 2008ലെ വിപണിനിരക്കിലേക്ക് മുതലക്കൂപ്പ് നടത്തിയത് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ നട്ടെല്ല് ഒടിച്ചിട്ടുണ്ട്.  സൗദി അറേബ്യക്ക് ചരിത്രത്തിലാദ്യമായി കമ്മി ബജറ്റ് അവതരിപ്പിക്കേണ്ടിവന്നത് സാമ്പത്തികഞെരുക്കത്തിന്‍െറ വ്യക്തമായ അടയാളമാണ്. ആഭ്യന്തര ഉപയോഗത്തിനുള്ള പെട്രോളിന് 40 ശതമാനം വരെ വില കൂട്ടുകയും വെള്ളം, വൈദ്യുതി, പാചകവാതകം എന്നിവയുടെ നിരക്ക് കുത്തനെ വര്‍ധിപ്പിക്കുകയും ചെയ്തിട്ടും 98 ശതകോടി ഡോളറിന്‍െറ കമ്മിയാണ് ബജറ്റില്‍ കാണിച്ചിരിക്കുന്നത്. 2014ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാനത്തില്‍ 42 ശതമാനത്തിന്‍െറ കുറവാണത്രെ രേഖപ്പെടുത്തുന്നത്. ആഭ്യന്തരവരുമാനത്തിന്‍െറ 90 ശതമാനവും എണ്ണയില്‍നിന്ന് മാത്രം കണ്ടെത്തേണ്ട ഒരു രാജ്യത്തിനും താങ്ങാനാകുന്നതല്ല ഇപ്പോഴത്തെ വിലത്തകര്‍ച്ച. എന്തുകൊണ്ട് വില ഇമ്മട്ടില്‍ നെല്ലിപ്പടി കണ്ടു എന്ന ചോദ്യത്തിന് ഈ രംഗത്തെ വിദഗ്ധര്‍ നല്‍കുന്ന ഉത്തരം വ്യത്യസ്തമാകാമെങ്കിലും എല്ലാവരും അടിവരയിടുന്ന ചില വസ്തുതകളുണ്ട്. രാഷ്ട്രാന്തരീയ വിപണിയില്‍ എണ്ണ ആവശ്യത്തിലും കൂടുതലാണ്. പ്രതിദിനം 20 ലക്ഷം വീപ്പ എണ്ണ ആവശ്യത്തിലധികം വിപണിയിലേക്ക് ഒഴുകുന്നുണ്ട്. ഇത് നിയന്ത്രിക്കേണ്ട ‘ഒപെക്’ (പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മ) ഉല്‍പാദനം കുറക്കാന്‍ മുന്നോട്ടുവരുന്നില്ല എന്ന് മാത്രമല്ല, പരസ്പരം മത്സരിച്ച് വിപണിയില്‍ അരാജകത്വം സൃഷ്ടിക്കുകയുമാണ്. അതിലെല്ലാമുപരി, ഷെല്‍ഗ്യാസിന്‍െറ വിപണിയിലേക്കുള്ള പെട്ടെന്നുള്ള ഒഴുക്ക്  അറബ്പെട്രോളിയത്തിന്മേലുള്ള പടിഞ്ഞാറിന്‍െറ ആശ്രിതത്വം കുറക്കുകയും  എണ്ണവിപണിയില്‍ ചൂതുകളിക്ക് അവസരം സൃഷ്ടിച്ചെടുത്തിരിക്കുകയുമാണത്രെ.

പെട്രോളിയത്തിന്‍െറ വിലത്തകര്‍ച്ച  അഭിമുഖീകരിക്കുന്ന വിഷയത്തില്‍ വിവിധ മാര്‍ഗങ്ങള്‍ ആരായുന്ന ഗള്‍ഫ്രാജ്യങ്ങള്‍ വിദേശതൊഴിലാളികളുടെമേലുള്ള ആശ്രിതത്വം കുറക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നാണ് സൗദിയിലെയും യു.എ.ഇയിലെയും ഖത്തറിലെയും മസ്കത്തിലെയുമൊക്കെ  തൊഴില്‍മേഖലയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിദേശതൊഴില്‍സേനയെ വാടകക്കെടുക്കുന്ന കാര്യത്തില്‍ രാജ്യം അങ്ങേയറ്റം സെലക്ടിവ് ആയിരിക്കും എന്ന് സൗദി ധനമന്ത്രി ഇബ്രാഹീം അല്‍അസ്സാഫ് കഴിഞ്ഞദിവസം വെളിപ്പെടുത്തുകയുണ്ടായി. തുടങ്ങിവെച്ച വന്‍കിട പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിലേക്ക് അതിവൈദഗ്ധ്യമുള്ളവരെ മാത്രമേ മേലില്‍ മറുനാട്ടില്‍നിന്ന് റിക്രൂട്ട് ചെയ്യുള്ളൂവെന്നാണ് അദ്ദേഹത്തിന്‍െറ ഭാഷ്യം. മറ്റു ജി.സി.സി രാജ്യങ്ങളും കേരളീയരടക്കമുള്ള വിദേശതൊഴില്‍പടയെ എത്രകണ്ട് ചുരുക്കാം എന്ന് ഗൗരവപൂര്‍വം ചിന്തിക്കുന്നുണ്ട് എന്ന റിപ്പോര്‍ട്ട് ചങ്കിടിപ്പോടെയേ നമുക്ക് ശ്രവിക്കാനാകൂ. 1960കളുടെ രണ്ടാംപാദത്തില്‍ തുടക്കമിട്ട ഗള്‍ഫ്പ്രവാസമാണ് ഇന്നീകാണുന്ന കേരളത്തെ കെട്ടിപ്പടുത്തത്. പട്ടിണിയും പരിവട്ടവും വേണ്ടുവോളം അനുഭവിച്ച്, നിലവിലെ വ്യവസ്ഥിതിക്കെതിരെ സായുധപോരാട്ടത്തിനുപോലും ഇറങ്ങിത്തിരിച്ച ക്ഷുഭിതയൗവനത്തിന്‍െറ ശ്രദ്ധ തിരിച്ചുവിടുമാറ് ഇവിടെ സമ്പത്തും സുഖസൗകര്യങ്ങളും നിറഞ്ഞ പുതിയൊരു ലോകം സൃഷ്ടിച്ചെടുത്തത് ഗള്‍ഫ്പണമാണ്. കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ പ്രവാസികള്‍ അയച്ച സമ്പാദ്യമാണ് ഇന്നാട്ടിന്‍െറ മുഖച്ഛായ മാത്രമല്ല, ജീവിതരീതിയും പുതുക്കിപ്പണിതത്.  

അറബിക്കടലിനക്കരെ എന്തു സംഭവിച്ചാലും നമുക്ക് ചേതമില്ല എന്ന് ചിന്തിക്കുന്നതിലെ പോഴത്തം തിരിച്ചറിഞ്ഞ്, ഇപ്പോഴത്തെ പ്രതിസന്ധിയുടെ ഗൗരവം ഉള്‍ക്കൊള്ളാന്‍ നാം തയാറാകേണ്ടതുണ്ട്. ഗള്‍ഫില്‍നിന്നുള്ള പണമൊഴുക്കിനു ചെറിയ വിഘ്നം നേരിട്ടാല്‍ സംഭവിക്കാന്‍ പോകുന്നതെന്താണെന്ന് സങ്കല്‍പിക്കാവുന്നതേയുള്ളൂ. ആര്‍ഭാടവും ധൂര്‍ത്തും സുഖലോലുപതയും അലസതയും ജീവിതത്തിന്‍െറ ഭാഗമാക്കിക്കഴിഞ്ഞ മലയാളികളുടേതുപോലുള്ള ഒരു സമൂഹത്തില്‍ ചെറിയൊരു ആഘാതംപോലും കനത്ത പ്രഹരമേല്‍പിക്കാതിരിക്കില്ല. അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ പ്രതിസന്ധി കൈമാറുന്ന മുന്നറിയിപ്പുകള്‍ ഗൗരവപൂര്‍വം ഉള്‍ക്കൊള്ളാനും ഭവിഷ്യത്തുകള്‍ അവധാനതയോടെ നേരിടാനും മാനസികമായെങ്കിലും നാം സജ്ജമാകേണ്ടിയിരിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.