ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന്, രാജ്യമാസകലം കലാശാലകളെ കേന്ദ്രീകരിച്ച് ഉയര്‍ന്നുവന്ന സമരങ്ങളിലെ ശ്രദ്ധേയമായ ഒരേടാണ് ഫെബ്രുവരി 23ന് ഡല്‍ഹിയില്‍ നടന്ന ‘ചലോ ഡല്‍ഹി’ റാലി. രോഹിതിന്‍െറ മരണത്തിന് കാരണക്കാരായവരെ ശിക്ഷിക്കുക, കലാലയങ്ങളിലെ ജാതീയവും മതപരവുമായ വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ ‘രോഹിത് ആക്ട്’ പാസാക്കുക എന്നിവയായിരുന്നു ചലോ ഡല്‍ഹി മാര്‍ച്ചിന്‍െറ പ്രധാന ആവശ്യങ്ങള്‍. രോഹിതിന്‍െറ മരണത്തത്തെുടര്‍ന്ന് ഹൈദരാബാദ് യൂനിവേഴ്സിറ്റിയില്‍ ആരംഭിച്ച വിദ്യാര്‍ഥിപ്രക്ഷോഭത്തിന്‍െറ തുടര്‍ച്ചയായാണ് ഈ പരിപാടി നടക്കുന്നത്.
സംഘ്പരിവാര്‍ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷം നമ്മുടെ ദേശത്തെയാകമാനം വരിഞ്ഞുമുറുക്കി പിടിയിലകപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ ഏറെ പ്രസക്തിയുള്ളതാണ് ചലോ ഡല്‍ഹി പരിപാടി. ആശയപരമായി ഭിന്നധാരകളില്‍ ഉള്‍പ്പെടുന്ന പാര്‍ട്ടികളും ഗ്രൂപ്പുകളും വ്യക്തികളും ചലോ ഡല്‍ഹി പരിപാടിയുടെ ഭാഗമായിരുന്നു എന്നതാണ് ഏറ്റവും പ്രസക്തമായിട്ടുള്ളത്. ഇങ്ക്വിലാബ് സിന്ദാബാദ്, ലാല്‍ സലാം-നീല്‍ സലാം, ജയ് ഭീം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഒരേ താളത്തില്‍ അവിടെ മുഴങ്ങി. ഒരു പക്ഷേ, എ.ബി.വി.പി ഒഴികെയുള്ള ഏതാണ്ടെല്ലാ വിദ്യാര്‍ഥി സംഘടനകളും റാലിയില്‍ അണിചേര്‍ന്നു. കോണ്‍ഗ്രസ്, ജെ.ഡി.യു, സി.പി.എം, സി.പി.ഐ തുടങ്ങിയ മുഖ്യധാരാ പാര്‍ട്ടികള്‍, എ.എ.പി പോലുള്ള പുതുതലമുറ പാര്‍ട്ടികള്‍, അംബേദ്കറൈറ്റ് സംഘടനകള്‍, നവസാമൂഹിക പ്രസ്ഥാനങ്ങള്‍, തീവ്ര ഇടതുവാദികള്‍, ഇസ്ലാമിസ്റ്റുകള്‍, ഫെമിനിസ്റ്റുകള്‍ എന്നിവരെല്ലാമടങ്ങുന്ന ഒരു വിശാല മഴവില്‍ സഖ്യമാണ് റാലിയുടെ ഭാഗമായുണ്ടായിരുന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍, വെല്‍ഫെയര്‍ പാര്‍ട്ടി അധ്യക്ഷന്‍ എസ്.ക്യു.ആര്‍. ഇല്യാസ് തുടങ്ങിയ പ്രമുഖര്‍ റാലിയെ അഭിസംബോധന ചെയ്തു. അതായത്, മറ്റു പല കാര്യങ്ങളിലും വ്യത്യസ്ത വീക്ഷണം പുലര്‍ത്തുന്നവര്‍, രാജ്യത്തെ നശിപ്പിക്കുന്ന ഫാഷിസ്റ്റ് രാഷ്ട്രീയത്തിനെതിരെ യോജിച്ച ശബ്ദം രേഖപ്പെടുത്തുകയായിരുന്നു. നിലവിലെ ദേശീയ സാഹചര്യത്തില്‍ ഏറെ പ്രസക്തവും ശ്രദ്ധേയവുമായ ഒരു രാഷ്ട്രീയത്തിന്‍െറ ഭാവിസാധ്യതകളെയാണ് ഡല്‍ഹി റാലി അടയാളപ്പെടുത്തുന്നത്.
ദലിതുകളും മുസ്ലിംകളും അനുഭവിക്കുന്ന വൈവിധ്യങ്ങളായ പ്രശ്നങ്ങളെ കൂടുതല്‍ തെളിമയില്‍ അടയാളപ്പെടുത്തുന്നതിലും അവയെ അവഗണിച്ച് മുന്നോട്ടുപോകാനാവില്ളെന്ന് മുഖ്യധാരാ രാഷ്ട്രീയത്തെ ഓര്‍മിപ്പിക്കുന്നതിലും റാലി വിജയിച്ചിട്ടുണ്ട്. വലതുപക്ഷ സമഗ്രാധിപത്യ രാഷ്ട്രീയത്തിനെതിരായ പൊതുവായ ഐക്യമുന്നണി എന്ന ആശയത്തെയും ഡല്‍ഹി റാലി അടിവരയിട്ട് രേഖപ്പെടുത്തുന്നു. കൊച്ചു കൊച്ചു അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ വിഘടിച്ചുനിന്നാല്‍, തിരിച്ചുപിടിക്കാന്‍ കഴിയാത്തവിധം ഇന്ത്യ എന്ന മഹത്തായ ആശയം ഇല്ലാതായിപ്പോവും എന്ന വലിയ സത്യമാണ് ആ പരിപാടി ഉറക്കെപ്പറഞ്ഞത്. ആ നിലക്ക് നമ്മുടെ ജനാധിപത്യത്തെ കൂടുതല്‍ ചടുലമാക്കുന്നതില്‍ ഡല്‍ഹി ചലോ പരിപാടിക്ക് നിര്‍ണായകമായ പങ്കുണ്ടാവും. വരാനിരിക്കുന്ന വലിയ അപകടങ്ങളെക്കുറിച്ച് കനത്ത മുന്നറിയിപ്പ് നല്‍കുന്നതായിരുന്നു ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല കേന്ദ്രീകരിച്ച് കഴിഞ്ഞ കുറച്ചുദിവസമായി നടന്നു കൊണ്ടിരിക്കുന്ന വിവാദങ്ങള്‍. ഡല്‍ഹി ചലോ പരിപാടി നേരത്തേ തീരുമാനിക്കപ്പെട്ടതാണെങ്കിലും ജെ.എന്‍.യു സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അതിന്‍െറ ദേശീയ പ്രാധാന്യം വര്‍ധിക്കുകയായിരുന്നു.
ദലിതുകളും മുസ്ലിംകളും അനുഭവിക്കുന്ന പ്രശ്നങ്ങളെ ഗൗരവത്തില്‍ കാണുന്നതില്‍ ഇടതുപക്ഷമടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരാജയമായിരുന്നു. അവരുടെ അലസസമീപനത്തെ പ്രഹരിക്കുന്ന തരത്തിലാണ് ഹൈദരാബാദ് അനന്തര ഇന്ത്യന്‍ വിദ്യാര്‍ഥിരാഷ്ട്രീയം വികസിക്കുന്നത്. അത്തരമൊരു രാഷ്ട്രീയ മുന്നേറ്റത്തിലെ സുപ്രധാന ഏട് എന്നതാണ് ഡല്‍ഹി ചലോ റാലിയുടെ പ്രസക്തി. ഡല്‍ഹി ചലോ റാലിയില്‍ പങ്കെടുത്തവര്‍ ഉടന്‍തന്നെ മൂര്‍ത്തമായ ഒരു രാഷ്ട്രീയ മുന്നണിയായി രൂപപ്പെടുമെന്ന് വിചാരിക്കുന്നത് അതിരുകവിഞ്ഞ വിലയിരുത്തലാവും. പക്ഷേ, പുതിയൊരു രാഷ്ട്രീയ ഭാവന രാജ്യത്തിന് നല്‍കാന്‍ അത് സഹായിച്ചിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. രാജ്യത്തെ ബഹുഭൂരിപക്ഷത്തെ അടിച്ചമര്‍ത്തിക്കൊണ്ട് അധീശ ന്യൂനപക്ഷത്തിന് അത്രയെളുപ്പം മുന്നോട്ടുപോകാന്‍ കഴിയില്ളെന്ന സന്ദേശമാണ് അത് നല്‍കുന്നത്. ആ ആശയം കൂടുതല്‍ ഉച്ചത്തില്‍ മുഴക്കാനും ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് കൂടുതല്‍ പ്രഹരശേഷിയോടെ പുതിയ കീഴാളരാഷ്ട്രീയത്തെ വളര്‍ത്താനും പ്രക്ഷോഭത്തിന് മുന്നില്‍ നിന്ന വിദ്യാര്‍ഥികള്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.