പാകിസ്താനിലെ ഹിന്ദു വിവാഹ ബില്‍

ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം തങ്ങളുടെ മതാചാര പ്രകാരം വിവാഹം നടത്താനും രജിസ്റ്റര്‍ ചെയ്യാനും പാകിസ്താനിലെ ഹിന്ദുക്കള്‍ക്ക് അവകാശം നല്‍കുന്ന ബില്‍ -ഹിന്ദുവിവാഹ ബില്‍- പാകിസ്താന്‍ പാര്‍ലമെന്‍റിന്‍െറ പ്രത്യേക സമിതി ഫെബ്രുവരി ഒമ്പതിന് പാസാക്കി. ഇനി നാഷനല്‍ അസംബ്ളിയുടെ ഒൗദ്യോഗിക അംഗീകാരം നേടുകയെന്ന സാങ്കേതിക നടപടി പൂര്‍ത്തിയാകുന്നതോടെ അത് നിയമമാവും. പാകിസ്താന്‍ ജനസംഖ്യയിലെ വളരെ ചെറിയൊരു ന്യൂനപക്ഷം മാത്രമാണ് ഹിന്ദുക്കളെങ്കിലും അവരുമായി ബന്ധപ്പെട്ട ഒരു വ്യക്തിനിയമത്തിന് ദേശീയ അംഗീകാരം ലഭിക്കുന്നുവെന്നത് ന്യൂനപക്ഷ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുന്ന എല്ലാവരെയും ആഹ്ളാദിപ്പിക്കുന്നതാണ്. യഥാര്‍ഥത്തില്‍, പാകിസ്താന്‍ രൂപവത്കരിച്ച് ആറു പതിറ്റാണ്ട് പിന്നിട്ടിട്ടും, വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് അവരുടെ വ്യക്തിനിയമങ്ങള്‍ പാലിക്കാന്‍ അവസരമുണ്ടായില്ല എന്നത് ആ രാജ്യത്തിന്‍െറ വലിയ ദൗര്‍ബല്യം തന്നെയായിരുന്നു. ഏതായാലും, ഹിന്ദുവിവാഹ ബില്ലിന് അംഗീകാരം നല്‍കിയതിലൂടെ ആ ദൗര്‍ബല്യത്തെ മറികടക്കാനുള്ള ചെറിയൊരു ചുവടാണ് ആ രാജ്യം എടുത്തിരിക്കുന്നത്.

വ്യത്യസ്ത മത, സാംസ്കാരിക വിഭാഗങ്ങള്‍ക്ക് അവരുടെ സാംസ്കാരിക സ്വത്വങ്ങള്‍ സംരക്ഷിക്കാന്‍ സാധിക്കുമ്പോഴാണ് ജനാധിപത്യവും ബഹുസ്വരതയും സമ്പന്നമാകുന്നത്. ദൗര്‍ഭാഗ്യവശാല്‍, മതാന്ധരും ലിബറല്‍ മര്‍ക്കടമുഷ്ടിക്കാരും കമ്യൂണിസ്റ്റ് സ്വേച്ഛാധിപരുമെല്ലാം ഈ വൈവിധ്യത്തെ നിരാകരിച്ച് പല നല്ല നാടുകളെയും ഊഷരഭൂമികളാക്കി മാറ്റിയതിന് ചരിത്രത്തിലും വര്‍ത്തമാനത്തിലും ധാരാളം ഉദാഹരണങ്ങളുണ്ട്. ഒരു ഭാഗത്ത്, ദൈവത്തെ  പ്രാര്‍ഥിക്കുന്ന ഐ.എസും മറ്റൊരു ഭാഗത്ത് ദൈവത്തെ ആട്ടിയകറ്റുന്ന കമ്യൂണിസ്റ്റ് ഉത്തര കൊറിയയുമെല്ലാം പ്രതിനിധാനം ചെയ്യുന്നത് ഏതാണ്ട് സമാനമായ വരണ്ട ലോകബോധത്തെയാണ്. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന സംഘ്പരിവാറും അകമേ താലോലിക്കുന്നത് അത്തരമൊരു ലോകബോധമാണ്. വൈവിധ്യരാഹിത്യത്തിന്‍െറ മരുഭൂമികള്‍ തീര്‍ക്കാന്‍വേണ്ടി പരിശ്രമിക്കുന്നവരുടെ ചെയ്തികള്‍കൊണ്ട് ഭയം മൂടിയ ഒരു ലോകാവസ്ഥയില്‍, ഒരു ചെറു ന്യൂനപക്ഷത്തിന്‍െറ വിവാഹനിയമത്തിന് ഒരു രാജ്യം ഒൗദ്യോഗിക അംഗീകാരം നല്‍കിയെന്ന വാര്‍ത്ത പ്രധാനം തന്നെയാണ്.

പാകിസ്താനില്‍ ഹിന്ദുവിവാഹ നിയമം പാസാക്കാന്‍ ഇത്രയും കാലം വേണ്ടിവന്നെങ്കില്‍, നമ്മുടെ രാജ്യത്ത് വ്യത്യസ്ത മത വിഭാഗങ്ങള്‍ക്ക് അവരുടെ വ്യക്തിനിയമങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള അവകാശം രാജ്യം സ്വതന്ത്രമാകുമ്പോള്‍തന്നെ ഉണ്ടായിരുന്നുവെന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. അതാകട്ടെ, 1947നുമുമ്പ് നാട് ഭരിച്ച ബ്രിട്ടീഷുകാര്‍ തുടങ്ങിവെച്ചതുമാണ്. വ്യക്തിനിയമവുമായി ബന്ധപ്പെട്ട ആ പാരമ്പര്യം രാജ്യം സ്വതന്ത്രമായതിനു ശേഷവും നാം തുടരുകയായിരുന്നു. എന്നാല്‍, ആ സ്വാതന്ത്ര്യം അവസാനിപ്പിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. സുപ്രീംകോടതി സ്വയമേവ സ്വീകരിച്ച ഒരു പൊതുതാല്‍പര്യ ഹരജിയുടെ പുറത്ത് ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ വീണ്ടും ഉയര്‍ന്നുവന്ന സന്ദര്‍ഭത്തിലാണ് നാമിപ്പോഴുള്ളത്. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിന്‍െറ നിലപാട് ആറാഴ്ചക്കകം സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം ഓര്‍ക്കാപ്പുറത്ത് വന്നുകിട്ടിയ വരം തന്നെയാണ് സുപ്രീംകോടതി നടപടി.

ദേശീയോദ്ഗ്രഥനമോ നിയമങ്ങളുടെ ആധുനികവത്കരണമോ ഒന്നുമല്ല, ഏക സിവില്‍ കോഡ് എന്ന ആശയം വഴി കേന്ദ്രം ഭരിക്കുന്ന സംഘ്പരിവാര്‍ ലക്ഷ്യം വെക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിംകളെ വിരട്ടുകയും അവമതിക്കുകയും ചെയ്യുക എന്നുള്ളതാണ്. ‘ആധുനിക പുരോഗമന’ നിയമത്തിനുവേണ്ടിയുള്ള  ആഗ്രഹമാണ് സംഘ്പരിവാറിനെ നയിക്കുന്നതെങ്കില്‍  1954ലെ സ്പെഷല്‍ മാരേജ് ആക്റ്റ് ഉണ്ടായിരിക്കെ ഹിന്ദു പേഴ്സനല്‍ ലോ വേണ്ടെന്നുവെക്കാന്‍ സംഘ്പരിവാര്‍ സന്നദ്ധമാകണമായിരുന്നു. അങ്ങനെ ചെയ്തില്ല എന്ന് മാത്രമല്ല, ഹിന്ദു പേഴ്സനല്‍ ലോ അനുസരിച്ച് ഹിന്ദു ജീവിതം മുന്നോട്ടുകൊണ്ടുപോവണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. അതേസമയം, മുസ്ലിം വ്യക്തിനിയമത്തിന്‍െറ കാര്യം വരുമ്പോള്‍ മാത്രം ഏക സിവില്‍ കോഡിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. അതായത്, നിയമത്തെ വിഭാഗീയ രാഷ്ട്രീയത്തിന് വേണ്ടി ഉപയോഗിക്കുകയാണ് അവര്‍ ചെയ്യുന്നത്.

സിവില്‍ നിയമങ്ങള്‍ എല്ലാം ഒന്നാക്കി മാറ്റിയതുകൊണ്ട് രാഷ്ട്രം ശക്തിപ്പെടുമെന്ന് വിചാരിക്കുന്നത് പഴഞ്ചന്‍ കാഴ്ചപ്പാടാണ്. വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് അവരുടെ സാംസ്കാരികവും മതപരവുമായ തനിമയും സ്വത്വവും അഭിമാനത്തോടെ ആവിഷ്കരിക്കാന്‍ കഴിയുമ്പോഴാണ് ജനാധിപത്യവും ബഹുസ്വരതയും ശക്തിപ്പെടുന്നത്. അവയെയെല്ലാം അടിച്ചു നിരപ്പാക്കി ഒരൊറ്റ കള്ളിയില്‍ കൊണ്ടുവരാനുള്ള ശ്രമം ഏത് രാജ്യത്തെയാണെങ്കിലും ദുര്‍ബലപ്പെടുത്തുകയേ ഉള്ളൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.