പഠിക്കാന്‍ വരുന്ന മുസ്ലിംകള്‍ തീവ്രവാദികളോ?

ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ രോഹിത് വെമുലെ എന്ന ദലിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ, കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം വിഭാഗീയ അജണ്ടകളോടെ അക്കാദമിക സ്ഥാപനങ്ങളില്‍ ഇടപെടുന്നതിനെക്കുറിച്ച ചര്‍ച്ചകള്‍ രാജ്യമെങ്ങും ഉയര്‍ത്തിയിരുന്നു. ബി.ജെ.പി നേതാക്കള്‍ അയക്കുന്ന കത്തുകളുടെ അടിസ്ഥാനത്തില്‍ ഭരണപരമായ നടപടികള്‍ സ്വീകരിക്കുവാന്‍ അക്കാദമിക സ്ഥാപനങ്ങളെ മന്ത്രാലയം നിര്‍ബന്ധിക്കുന്നതിന്‍െറ തെളിവായിരുന്നു ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ നടപടികള്‍. സമാനമായ രീതിയില്‍ പ്രത്യക്ഷത്തില്‍തന്നെ വിചിത്രമെന്ന് തോന്നാവുന്ന മറ്റൊരു സംഭവം പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയുമായി ബന്ധപ്പെട്ടുണ്ടായത് ഇപ്പോള്‍ വാര്‍ത്തയായിരിക്കുകയാണ്. സംഭവം ഇങ്ങനെ: പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയില്‍ ആകപ്പാടെ ‘ഇസ്ലാമികവത്കരണം’ നടക്കുകയാണ് എന്നാരോപിച്ചും അതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും പാട്രിയറ്റ്സ് ഫോറം എന്ന സംഘടന മാനവ വിഭവശേഷി വകുപ്പിന് കത്ത് അയക്കുന്നു. കത്ത് കിട്ടേണ്ട താമസം, വകുപ്പിലെ അണ്ടര്‍ സെക്രട്ടറി സംഗതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂനിവേഴ്സിറ്റിക്ക് കത്തയക്കുന്നു (2015 സെപ്റ്റംബര്‍ 07).

യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഉടന്‍ തന്നെ വിഷയം പഠിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തുന്നു. ഈ കമ്മിറ്റി നവംബര്‍ മൂന്നിന്  റിപ്പോര്‍ട്ട് മന്ത്രാലയത്തിന് സമര്‍പ്പിക്കുന്നു. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്‍റലിജന്‍സ് ബ്യൂറോയില്‍ സ്പെഷല്‍ ഡയറക്ടര്‍ തസ്തികയില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ ഡി.സി. നാഥ് എന്നയാളുടെ നേതൃത്വത്തില്‍ ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പാട്രിയറ്റ്സ് ഫോറം. പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയില്‍ ഇസ്ലാമികവത്കരണം നടക്കുന്നുവെന്നതിന്‍െറ കാരണങ്ങളായി അയാള്‍ മുന്നോട്ടുവെച്ച കാര്യങ്ങള്‍ വിചിത്രമാണ്. കശ്മീരില്‍നിന്ന് ധാരാളം കുട്ടികള്‍ അവിടെ പഠിക്കുന്നുണ്ടത്രെ. കാന്‍റീനില്‍ ഹലാല്‍ ഭക്ഷണം വിളമ്പുന്നു; കാമ്പസില്‍ പള്ളിയുണ്ടാക്കാനുള്ള നീക്കം നടക്കുന്നു... ഇങ്ങനെ പോവുന്നു പരാതികള്‍. ആയതിനാല്‍ പോണ്ടിച്ചേരി പ്രദേശത്തുതന്നെ ഒരു ‘ശുദ്ധീകരണം’ ആവശ്യമായിരിക്കുന്നു. മാനവ വിഭവശേഷി മന്ത്രാലയം ഇത് പ്രത്യേകം ശ്രദ്ധിക്കണം.

‘രാജ്യസ്നേഹികളുടെ ഫോറം’ നല്‍കിയ പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ തള്ളിക്കൊണ്ടാണ് അധ്യാപകരടങ്ങിയ അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയത്. യൂനിവേഴ്സിറ്റിയില്‍ മുസ്ലിം അധ്യാപകര്‍ വെറും 5.9 ശതമാനവും മുസ്ലിം വിദ്യാര്‍ഥികള്‍ ആറ് ശതമാനത്തില്‍ കുറവും മാത്രമേ ഉള്ളൂവെന്ന് കമ്മിറ്റി മന്ത്രാലയത്തെ ബോധിപ്പിച്ചു. പള്ളി നിര്‍മാണശ്രമം എന്ന കണ്ടത്തെല്‍ ശുദ്ധ കളവാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇതിനോട് സമാനമായ മറ്റൊരു വാര്‍ത്തയും അടുത്ത ദിവസം പുറത്തുവന്നു. മാനവ വിഭവശേഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ദ പ്രമോഷന്‍ ഓഫ് ഉര്‍ദു ലാംഗ്വേജ് (എന്‍.സി.പി.യു.എല്‍). ഇതിന്‍െറ കീഴില്‍ രാജ്യത്തെങ്ങും ഉര്‍ദു, അറബിക്, പേര്‍ഷ്യന്‍ ഭാഷാ പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഈ പഠനകേന്ദ്രങ്ങളുടെ മേധാവികള്‍ക്ക് എന്‍.സി.പി.യു.എല്‍ ആസ്ഥാനത്തുനിന്ന് ജനുവരി 15ന് അയച്ച ഒരു സര്‍ക്കുലറും ഇപ്പോള്‍ വാര്‍ത്തകളില്‍ വന്നിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ‘ദേശീയ സുരക്ഷക്ക് വേണ്ടിയുള്ള പ്രത്യേക ദൗത്യസംഘ’ത്തിന്‍െറ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ സര്‍ക്കുലറെന്ന് അതില്‍ പറയുന്നുണ്ട്. തീവ്രവാദവത്കരണത്തെ തടയാന്‍ നടപടികള്‍ എടുക്കണമെന്നും എന്ത് നടപടികള്‍ എടുത്തുവെന്ന് വിശദീകരിച്ചുകൊണ്ട്  ഉടന്‍ മറുപടി അയക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സര്‍ക്കുലര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറ തന്നെ നിര്‍ദേശപ്രകാരമെന്ന പേരില്‍, ‘മുസ്ലിംകളെ ഭീകരചിന്തകളില്‍നിന്ന് മോചിപ്പിക്കാന്‍’ മഹാരാഷ്ട്ര സര്‍ക്കാറും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. മുസ്ലിം കേന്ദ്രങ്ങളും മുസ്ലിം സ്കൂളുകളും കേന്ദ്രീകരിച്ചാണ് പ്രത്യേക പഠനപദ്ധതികള്‍ നടപ്പിലാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

മുസ്ലിംകള്‍ വിദ്യാഭ്യാസം നേടാതെ അലമ്പായി ജീവിക്കുന്നത് കൊണ്ടാണ് അവര്‍ തീവ്രവാദികളായി മാറുന്നത് എന്നായിരുന്നു ഹിന്ദുത്വവാദികളും ലിബറലുകളും വാദിച്ചുപോന്നിരുന്നത്. അതിനാല്‍, അവരെയൊക്കെ പിടിച്ച് പഠിപ്പിനിരുത്തി സംസ്കരിച്ചെടുത്താല്‍ സംഗതി ക്ളീന്‍ ആയിക്കിട്ടുമെന്ന് അവര്‍ സിദ്ധാന്തമുണ്ടാക്കി. എന്നാല്‍, പരിമിതികളെ മറികടന്ന് പുതുതലമുറ മുസ്ലിംകള്‍ വിദ്യാഭ്യാസ കാര്യത്തില്‍ മുന്നേറാന്‍ ശ്രമിക്കുമ്പോള്‍ അവരെല്ലാം തീവ്രവാദമുണ്ടാക്കുകയാണ് എന്ന മട്ടിലാണ് ഭരണകൂടം പെരുമാറുന്നത്. നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷം ഈ പ്രവണത തിടം വെച്ച് വര്‍ധിക്കുകയാണ്. അതിന്‍െറ മികച്ച ദൃഷ്ടാന്തങ്ങളാണ് മേല്‍ വിവരിച്ച സംഭവങ്ങള്‍. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷത്തെ; അവരിലെ വിദ്യാസമ്പന്നരായ തലമുറയെ വിശ്വാസത്തിലെടുക്കാതെ, അവരെ എപ്പോഴും സംശയത്തിന്‍െറ നിഴലില്‍ നിര്‍ത്തി ഇവര്‍ എന്ത് നല്ല ദിനങ്ങളാണ് കൊണ്ടുവരാന്‍ പോകുന്നത്?

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.