കേരളത്തിന്‍െറ വിജയം

തുടര്‍ച്ചയായി 19ാം കിരീടം നേടിയ കേരളത്തിന് ഇരട്ടി മധുരം നല്‍കുന്നതാണ് കോഴിക്കോട് ആതിഥ്യം വഹിച്ച 61ാമത് ദേശീയ സ്കൂള്‍ കായികമേള. ഇത്തവണ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം മീറ്റുകള്‍ നടത്താനുള്ള തീരുമാനം ലിംഗവിവേചനത്തിന് ഇടയാക്കുമെന്ന് ആരോപിച്ച് കേരളത്തിലെ ഒളിമ്പിക് താരങ്ങള്‍ ഒന്നടങ്കം എതിര്‍ത്തതോടെ  ആതിഥേയത്വത്തില്‍നിന്ന് മഹാരാഷ്ട്ര പിന്‍വാങ്ങിയത് മേളയെതന്നെ അനിശ്ചിതത്വത്തിലാക്കിയിരുന്നു. ഈ ഘട്ടത്തിലാണ്   താരങ്ങള്‍ക്ക്  അവസരം  നിഷേധിക്കപ്പെടരുതെന്ന ആവശ്യം പരിഗണിച്ച് കേരളം ആതിഥ്യം ഏറ്റെടുത്തത്. ഏറ്റവും ചുരുങ്ങിയ സമയത്തിനകം  സാധ്യമായ മികച്ച അടിസ്ഥാന സൗകര്യങ്ങളും ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകളുമുപയോഗിച്ച് കുറ്റമറ്റ രീതിയില്‍ മേള നടത്താനായത് പങ്കെടുത്തവരെയെല്ലാം അമ്പരപ്പിച്ചിരുന്നു. കേരളത്തിന്‍െറ കായികശേഷിക്കൊപ്പം സംഘാടന മികവുകൂടി തെളിയിക്കുന്നതാണ് ഈ വിജയം.

39 സ്വര്‍ണവും 29 വെള്ളിയും 17 വെങ്കലവുമായി 306 പോയന്‍റുമായാണ് ആതിഥേയര്‍ കിരീടത്തിലേക്ക് കുതിച്ചത്. നാളെയിലേക്ക് കരുതിവെക്കാവുന്ന ഒരുപാട് താരങ്ങളുടെ മിന്നലാട്ടങ്ങള്‍ ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ ദൃശ്യമായി. ഉന്നത നിലവാരമുള്ള ട്രാക്കിലും ഫീല്‍ഡിലുമായി മീറ്റില്‍ 22 റെക്കോഡുകളാണ് തിരുത്തിയെഴുതിയത്. ഇതില്‍ പത്തെണ്ണത്തിനും കേരളതാരങ്ങള്‍ അവകാശികളായി. ഇവരില്‍ മധ്യദൂര ഓട്ടത്തില്‍ അബിത മേരി മാനുവല്‍, ദീര്‍ഘദൂര ഓട്ടത്തില്‍ അനുമോള്‍ തമ്പി, ചാട്ടത്തില്‍ ലിസ്ബത്ത് കരോലിന്‍ ജോസഫ്, പോള്‍വാള്‍ട്ടില്‍ മരിയ ജെയ്സണ്‍, ഹൈജംപില്‍ കെ.എസ്. അനന്തു, പി.എന്‍. സംഗീത, ഹര്‍ഡില്‍സില്‍ ഡൈബി സെബാസ്റ്റ്യന്‍, അപര്‍ണ റോയ് തുടങ്ങിയവര്‍ രാജ്യത്തിനുതന്നെ മുതല്‍ക്കൂട്ടാവുന്ന വാഗ്ദാനങ്ങളാണ്. ഇതര സംസ്ഥാനക്കാരില്‍ ഇതിനകം ഇന്ത്യയുടെ സീനിയര്‍ ടീമില്‍ ഇടംപിടിച്ച ഡല്‍ഹിയുടെ ഹൈജംപ് താരം തേജേശ്വര്‍ ശങ്കറും മഹാരാഷ്ട്രയുടെ ഓട്ടക്കാരി ബമാനെ തായിയും ശ്രദ്ധ നേടുന്നു.  നേട്ടങ്ങള്‍ക്കിടയിലും  കേരളത്തെ ആശങ്കപ്പെടുത്തുന്ന ചില ഘടകങ്ങള്‍ മേള മുന്നോട്ടുവെക്കുന്നുണ്ട്.  പതിവുപോലെ  ത്രോ ഇനങ്ങളില്‍ ഇത്തവണയും ഏറെ പിന്തള്ളപ്പെട്ട  ആതിഥേയര്‍ക്ക് സ്പ്രിന്‍റ് ഇനങ്ങളില്‍ ഒറ്റ സ്വര്‍ണവും ലഭിച്ചില്ളെന്നതാണ് അതിലൊന്ന്.  ഒരുകാലത്ത് മലയാളികള്‍തന്നെ ഇന്ത്യയുടെ  ടീമായിരുന്ന റിലേയിലും തിരിച്ചടികളേറ്റു.  ത്രോയില്‍ ഉത്തരേന്ത്യക്കാരുടെ വാഴ്ചക്കിടയിലും ഷോട്ട്പുട്ടില്‍ മേഘ മറിയം മാത്യു  നേടിയ സ്വര്‍ണത്തിന് തിളക്കമേറെയാണ്.

ഓരോ മേള കഴിയുമ്പോഴും പ്രതീക്ഷയുടെ തിരി നാളങ്ങളായി ജ്വലിക്കുന്നവര്‍ പിന്നീട് എങ്ങുമില്ലാത്ത അവസ്ഥ ഉണ്ടെന്നാണ് കാലം നമ്മോട് പറയുന്നത്. ഇതിനുമുമ്പ് കേരളം അവസാനമായി ദേശീയ മേളക്ക് ആതിഥ്യം വഹിച്ച കൊച്ചിയില്‍  നിറഞ്ഞാടിയ ഇന്ദുലേഖ ദേശീയ മേള കോഴിക്കോട്ടത്തെുമ്പോള്‍ കായികചിത്രത്തിലേ ഇല്ല. അധികമാരും അറിയാതെ കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുകയാണ് അവര്‍. താല്‍ക്കാലിക വിജയങ്ങള്‍ക്കുവേണ്ടി കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കേണ്ടി വന്ന ഇന്ദുലേഖ പരിക്കിന്‍െറ പിടിയിലമര്‍ന്ന് മതിയായ ചികിത്സ കിട്ടാതെ വിസ്മൃതിയിലേക്ക് തള്ളപ്പെട്ടു. സ്കൂള്‍ കായികമേളയുടെ ചരിത്രത്തില്‍ ഇങ്ങനെ ഒരുപാട് ഇന്ദുലേഖമാരുണ്ട്. ശാസ്ത്രീയവും വിദഗ്ധവുമായ  പരിശീലനവും മികച്ച അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായ പരിചരണവും പരിഗണനയും നല്‍കിയാല്‍ മാത്രമേ  ജയിച്ചുകയറിയവര്‍ രാജ്യത്തിന്‍െറ പതാകവാഹകരായി നാളെയും നമുക്കൊപ്പമുണ്ടാവൂ. അല്ലാത്തപക്ഷം പരീക്ഷകളിലെ ഗ്രേസ് മാര്‍ക്കും ജീവിക്കാനൊരു ജോലിയുമെന്ന ചെറിയ ലക്ഷ്യത്തിലേക്ക് അവര്‍ ചുരുങ്ങും.

സ്കൂള്‍ മീറ്റുകളൊന്നും ഇന്നേവരെ പ്രായ തട്ടിപ്പ് വിവാദമില്ലാതെ കടന്നുപോയിട്ടില്ല. കോഴിക്കോട്ടും അത്തരം പരാതികളുയര്‍ന്നു. ചില സംസ്ഥാനങ്ങള്‍ക്കുവേണ്ടി സബ്് ജൂനിയര്‍ വിഭാഗത്തില്‍  മത്സരിച്ചവര്‍   ഒറ്റനോട്ടത്തില്‍തന്നെ ആരെയും ആശ്ചര്യപ്പെടുത്തും. കേരളം പോലുള്ള സംസ്ഥാനങ്ങളിലെ കൊച്ചു താരങ്ങള്‍ക്ക് ഇത്തരക്കാരോടാണ് മത്സരിക്കേണ്ടിവരുന്നത്. അതേസമയം, കേരളത്തിന്‍െറ ടീം സെലക്ഷനും ഇത്തവണ ഏറെ വിവാദമായിരുന്നു. ആതിഥേയരെന്ന നിലയില്‍ കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കാമായിരുന്നിട്ടും യോഗ്യതാ മാര്‍ക്കിന്‍െറ അടിസ്ഥാനത്തില്‍ ടീം തെരഞ്ഞെടുത്തത് 21 ഇനങ്ങളില്‍ കേരളത്തിന്‍െറ പങ്കാളിത്തം ഇല്ലാതാക്കി. നാളെയുടെ താരങ്ങള്‍ക്ക് കൂടുതല്‍ മത്സരപരിചയം ആര്‍ജിക്കാനെങ്കിലും അവസരം നല്‍കണമായിരുന്നുവെന്ന വാദം അംഗീകരിക്കപ്പെടേണ്ടതായിരുന്നു.

ഇതര സംസ്ഥാന താരങ്ങള്‍  ഹര്‍ഡിലിന് മുന്നില്‍ പകച്ചുനില്‍ക്കുകയും റിലേ പോലും പൂര്‍ത്തിയാക്കാനാവാതെ പോകുകയും ചെയ്യുന്ന  പരിഹാസ്യ കാഴ്ചകള്‍ക്കിടയിലാണ് ഈ അവസരനിഷേധം. ദേശീയ മേളയുടെ നിലവാരമുറപ്പിക്കാന്‍ ദേശീയ സ്കൂള്‍ ഗെയിംസ് ഫെഡറേഷനും കണ്ണുതുറക്കണം. ആതിഥേയത്വംപോലും ഏറ്റെടുക്കാന്‍ ആളില്ലാതെവരുന്ന വഴിപാടായി ഇത്തരം മേളകള്‍ മാറരുത്. ഇവരില്‍നിന്നാണ് ഉഷയുടെയും ഷൈനിയുടെയും അഞ്ജുവിന്‍െറയുമൊക്കെ പിന്‍ഗാമികളുണ്ടാവേണ്ടത്. ഒളിമ്പിക്സില്‍ ട്രാക്കിലും ഫീല്‍ഡിലും ഒരു മെഡല്‍ ഇപ്പോഴും സ്വപ്നത്തിനപ്പുറം നില്‍ക്കുന്ന  ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധ്യമായാല്‍  പങ്കാളിത്തമെന്ന മോഹം മാത്രമാണുള്ളത്. വലിയ ലക്ഷ്യങ്ങളിലേക്ക് കായികകൗമാരം വളരുന്നത് ഇത്തരം മേളകള്‍ ലക്ഷ്യമിടണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.