ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണം ദലിത് വിഷയമല്ളെന്ന് വരുത്തിത്തീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാറും ബി.ജെ.പിയും അവരുടെ വിദ്യാര്‍ഥിവിഭാഗവും കൊണ്ടുപിടിച്ച് ശ്രമിക്കുകയാണ്. ഇതിന്‍െറ ഭാഗമാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍െറ പ്രസ്താവന. രോഹിത് ദലിത് വിഭാഗത്തില്‍പെട്ടയാളായിരുന്നില്ല എന്ന് വരുത്തേണ്ട ആവശ്യം ബി.ജെ.പിക്കും മറ്റുമുണ്ട്. ജാതിവിവേചനത്തിന്‍െറ ഇരയായി ജീവന്‍വെടിഞ്ഞ രോഹിത് സവര്‍ണ മേധാവിത്വത്തെയാണ് ചോദ്യം ചെയ്തത്. എ.ബി.വി.പി നേതാവിന്‍െറ പരാതിയില്‍ യൂനിവേഴ്സിറ്റി കഴിഞ്ഞ ആഗസ്റ്റ് മുതല്‍ രോഹിത് അടക്കമുള്ള അഞ്ചു ദലിത് വിദ്യാര്‍ഥികളുടെ ഫെലോഷിപ് തടഞ്ഞിരുന്നു. അവരെ ഹോസ്റ്റലില്‍നിന്ന് പുറത്താക്കുകയും ചെയ്തു. കേന്ദ്ര സഹമന്ത്രി ബന്ദാരു ദത്താത്രേയയും മാനവശേഷി വികസന വകുപ്പു മന്ത്രാലയവും അവര്‍ക്കെതിരെ നടപടിക്ക് സമ്മര്‍ദം ചെലുത്തിയതായി വെളിപ്പെട്ടിട്ടുണ്ട്. ദത്താത്രേയക്കും മറ്റുമെതിരെ പട്ടികജാതി-പട്ടികവര്‍ഗ നിയമമനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. രോഹിത് ദലിതനല്ളെന്ന് വന്നാലേ അവര്‍ക്ക് അതില്‍നിന്ന് ഊരിപ്പോരാനാവൂ. മാത്രമല്ല, രാജ്യവ്യാപകമായി സര്‍ക്കാറിനെതിരെ ഉയര്‍ന്ന ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ രോഷം അസ്ഥാനത്താണെന്ന് വരുത്താനും പുതിയ ‘കണ്ടത്തെല്‍’ വഴി സാധിക്കും. അതുകൊണ്ട് തുടക്കം മുതലേ മാനവശേഷി മന്ത്രി സ്മൃതി ഇറാനിയും മറ്റും ഈ വാദം മുന്നോട്ടുവെക്കുന്നു. ഇപ്പോള്‍ സുഷമയും.
ഇന്‍റലിജന്‍സ് ബ്യൂറോയുടെ ‘രഹസ്യ’ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ രോഹിതിന്‍െറ ദലിത് സ്വത്വത്തെ ഇവരെല്ലാം നിരാകരിക്കുന്നത്. വാസ്തവത്തില്‍ രോഹിതിനെക്കുറിച്ച് മുമ്പ് അറിയാത്ത ഒന്നും ഐ.ബിയുടേതെന്ന് പറയുന്ന ‘പുതിയ വെളിപ്പെടുത്തലി’ല്‍ ഇല്ല. രോഹിതിന്‍െറ അമ്മ രാധിക പട്ടികജാതിയില്‍പെടുന്ന ‘മാല’ വിഭാഗക്കാരിയാണ്. അച്ഛന്‍ വെമുല മണികുമാര്‍ പിന്നാക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട വദ്ദേര സമുദായക്കാരനും. അച്ഛന്‍ പട്ടികജാതിക്കാരനല്ളെന്ന് ‘തെളിഞ്ഞു’ എന്നും ഇത് അച്ഛനും രാധികയുടെ വളര്‍ത്തമ്മയുമൊക്കെ ‘സമ്മതിച്ചു’ എന്നും പറയുമ്പോള്‍ ഇതിനുമുമ്പ് ഇതെല്ലാം പരമരഹസ്യമായിരുന്നു എന്നാണ് തോന്നുക. സത്യം അതല്ല. മുമ്പേ അറിയുന്ന കാര്യങ്ങള്‍ തന്നെയാണിവ. രോഹിതിന്‍െറ വളര്‍ത്ത് മുത്തശ്ശി അഞ്ജനിയുടെ ജാതി വദ്ദേരയാണ്. രാധിക കൊച്ചുകുഞ്ഞായിരിക്കെ, അവളെ വാങ്ങി വളര്‍ത്തി. സ്വന്തം മക്കള്‍ക്ക് നല്‍കിയ സൗകര്യങ്ങളോ വിദ്യാഭ്യാസമോ ഒന്നും അവര്‍ രാധികക്ക് നല്‍കിയില്ല. വീട്ടുപണികള്‍ ചെയ്യിക്കാനായിരുന്നു അവളെ വളര്‍ത്തിയത്. പിന്നീട്, അവളുടെ ജാതി വെളിപ്പെടുത്താതെ മണികുമാറിന് വിവാഹം ചെയ്തുകൊടുത്തു. വദ്ദേര ജാതിക്കാരി എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു അത്. അവരുടെ ജാതി മനസ്സിലായപ്പോള്‍ അയാള്‍ അവരെ ദ്രോഹിച്ചു; സഹിക്കവയ്യാതെ കുട്ടികളുമായി രാധിക ഒഴിവായിപ്പോയി; എന്നിട്ട് സ്വന്തം ജാതിക്കാരായ ദലിതരുടെ കോളനിയില്‍ താമസമാക്കി. കെട്ടിട നിര്‍മാണത്തൊഴിലാളിയായും തയ്യല്‍പണിക്കാരിയായും അധ്വാനിച്ച് അവര്‍ ഒറ്റക്ക് കുട്ടികളെ വളര്‍ത്തി. ബാലവേലക്കും ശൈശവവിവാഹത്തിനും വീട്ടിലെ പീഡനത്തിനും ജാതിവിവേചനത്തിനുമെല്ലാം ഇരയായ അവരുടെ പ്രതീക്ഷയായിരുന്നു പഠനത്തില്‍ മിടുക്കരായ മക്കള്‍.
ദലിതനെന്ന നിലക്ക് യൂനിവേഴ്സിറ്റിയിലും പീഡനമനുഭവിച്ച രോഹിത് അംബേദ്കര്‍ പ്രസ്ഥാനത്തിലെ പ്രവര്‍ത്തകനായിരുന്നു. പിതാവിന്‍െറ ജാതികാണിച്ച് അവനെ ദലിതനല്ലാതാക്കുന്നവര്‍ ജീവിതയാഥാര്‍ഥ്യത്തെ മാത്രമല്ല, നിയമത്തെയും വളച്ചൊടിക്കുകയാണ്. അച്ഛന്‍െറ ജാതിയാണ് മകന്‍േറതുമെന്ന കീഴ്വഴക്കം എപ്പോഴും ബാധകമായിക്കൂടെന്ന്, വെമുലയുടേതിന് സമാനമായ ഒരു കേസില്‍ 2012ല്‍ സുപ്രീംകോടതി വിധിച്ചതാണ്. മകനെ വളര്‍ത്തിയത് പട്ടികജാതിക്കാരിയായ അമ്മയാണെങ്കില്‍ അവന് എസ്.സിയായി സ്വയം അവകാശപ്പെടാം; അങ്ങനെ വേണം അവനെ കണക്കാക്കാന്‍. അച്ഛന്‍ മറ്റു സമുദായക്കാരനായിപ്പോയി എന്നത് ഇത്തരം സാഹചര്യത്തില്‍ പരിഗണനീയമല്ല. രാധികയുടെയും മക്കളുടെയും അവസ്ഥ ഇതുതന്നെയാണ്. 1990ല്‍, തന്‍െറ ഇരുപതുകളില്‍, പിഞ്ചുകുട്ടികളെയുമെടുത്ത് ദലിത് കോളനിയില്‍ താമസിച്ച്, സ്വയം അധ്വാനിച്ച് കുട്ടികളെ പഠിപ്പിച്ച രാധികയുടെ ജാതിയാണ് കുട്ടികള്‍ക്ക് ബാധകമാവുക; അവരെ വലിച്ചെറിഞ്ഞ ശേഷം സ്വത്വനിഷേധത്തിനുവേണ്ടിമാത്രം 25 വര്‍ഷം കഴിഞ്ഞ് മേല്‍ജാതി സാക്ഷ്യം നല്‍കുന്ന പിതാവിന്‍േറതല്ല. രോഹിതിന് ജീവനും ജീവിതവും സ്നേഹവുമെല്ലാം കൊടുത്ത അമ്മയെച്ചൊല്ലി വേദനിച്ച പ്രധാനമന്ത്രിക്കെങ്കിലും ഇത് മനസ്സിലാകേണ്ടതുണ്ട്. ബന്ധപ്പെട്ട തഹസില്‍ദാര്‍ രണ്ടുതവണ രോഹിതിന് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയതും ദലിതനായതുകൊണ്ടുതന്നെ. ഒരുപക്ഷേ, അവന്‍ ദലിതന്‍ തന്നെയെന്നതിന്‍െറ ഏറ്റവും വലിയ തെളിവ്, സവര്‍ണരില്‍നിന്ന് മറ്റു ദലിതരോടൊപ്പം അവന്‍ അനുഭവിച്ച ദുരിതങ്ങളാവണം. അനുഭവയാഥാര്‍ഥ്യം അടിവരയിട്ട് പറയുന്നു, രോഹിത് ദലിതനാണ്.
ഇതിനെതിരായ കേന്ദ്ര സര്‍ക്കാറിന്‍െറ സമീപനം ദുരുപദിഷ്ടമാണ്. ബീഫിന്‍െറ പേരില്‍ മുഹമ്മദ് അഖ്ലാഖ് കൊല്ലപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ കുറ്റവാളികളെയല്ല അന്വേഷിച്ചത്; മറിച്ച് അത് ബീഫ് തന്നെ ആയിരുന്നോ എന്നാണ്. രോഹിതിന്‍െറ മരണത്തിന് ഉത്തരവാദികളായവരെ കണ്ടത്തെി ശിക്ഷിക്കുന്നതിനുപകരം ഇപ്പോള്‍ ഐ.ബിയെ വിട്ട് അന്വേഷിപ്പിക്കുകയാണ്, അവന്‍ ദലിതനല്ളെന്ന് തെളിയിക്കുന്ന വല്ലതും കിട്ടാനുണ്ടോ എന്ന്. സവര്‍ണ ഭീകരതയും ജാതിവിവേചനവും ഇല്ലാതാക്കുന്നതിനുപകരം അവയെ ഊട്ടിയുറപ്പിക്കാനേ ഈ സമീപനം സഹായിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.