കളങ്കമേല്‍ക്കുന്ന പ്രതിച്ഛായ

പൂര്‍ണ നഗ്നനായി ഹരിയാന നിയമസഭയെ അഭിസംബോധന ചെയ്ത ജൈന സന്യാസി തരുണ്‍ സാഗറിനെതിരെ അലോസരപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ട്വീറ്റ് ചെയ്തതിന് ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകന്‍ വിശാല്‍ ദാധാനിക്കും കോണ്‍ഗ്രസ് നേതാവ് തഹ്സീന്‍ പൂനവാലക്കുമെതിരെ കേസെടുത്തിരിക്കുകയാണ് ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍. വെള്ളിയാഴ്ച ഹരിയാന നിയമസഭയില്‍ വി.ഐ.പി വേദിയില്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിനും ഗവര്‍ണര്‍ കപ്താന്‍ സിങ് സോളങ്കിക്കും സമീപം ഉടുതുണിയില്ലാതെ ഉപവിഷ്ടനായ ജൈന സന്യാസി പ്രമുഖന്‍, സംസ്ഥാനത്ത് പെണ്‍ജനസംഖ്യ അപകടകരമാംവിധം കുറഞ്ഞതിന് പരിഹാരം നിര്‍ദേശിച്ചും നരേന്ദ്ര മോദിയെ മുക്തകണ്ഠം പ്രശംസിച്ചും പാകിസ്താനെ പിശാചായി മുദ്രകുത്തിയും പ്രസംഗിച്ചിരുന്നു. ഭരണ-പ്രതിപക്ഷ നിയമസഭാ സാമാജികര്‍ ഒന്നടങ്കം നിറഞ്ഞ കൈയടികളോടെ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ഇതേപ്പറ്റി നീരസം പ്രകടിപ്പിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചതില്‍ ജൈന സമുദായാംഗങ്ങള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് സംഗീത സംവിധായകന്‍ ദാധാനിക്കും തഹ്സാന്‍ പൂനാവാലക്കുമെതിരെ സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്തി എന്ന കുറ്റത്തിന് ഇന്ത്യന്‍ ശിക്ഷാനിയമം 153 എ വകുപ്പ് പ്രകാരം ഹരിയാന പൊലീസ് കേസെടുത്തിരിക്കുന്നത്. ദാധാനി വൈകാതെ മാപ്പുചോദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തെങ്കിലും ബി.ജെ.പി സര്‍ക്കാര്‍ കേസില്‍നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയില്ല. തങ്ങളുടെ ആത്മീയാചാര്യനെതിരെ മിണ്ടുന്നതുപോലും സഹിക്കാനാവാത്ത ജൈനരുടെ വൈകാരികാവസ്ഥ മനസ്സിലാക്കാന്‍ പ്രയാസമില്ളെങ്കിലും മതസ്പര്‍ധ വളര്‍ത്തുന്നു എന്നാരോപിക്കാന്‍മാത്രം എന്തുണ്ടായി എന്ന ചോദ്യത്തിന് എളുപ്പത്തില്‍ ഉത്തരം കിട്ടുകയില്ല.

എന്തുകൊണ്ടെന്നാല്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെയും അവയുടെ പശ്ചാത്തല ശക്തികളുടെയും അസഹിഷ്ണുത അതിന്‍െറ മൂര്‍ധന്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മതേതരമെന്ന് അവകാശപ്പെടുന്ന പാര്‍ട്ടികളും നേതാക്കളും സാംസ്കാരികനായകരും മാധ്യമങ്ങളുമെല്ലാം അതിന്‍െറ മുന്നില്‍ ചകിതരാവുകയും ചെയ്തിരിക്കുന്നു. എങ്കിലും പരിഷ്കൃത ലോകത്ത് പട്ടാപ്പകല്‍ നിയമസഭപോലുള്ള സുപ്രധാന ഭരണഘടനാ സ്ഥാപനത്തില്‍ പൂര്‍ണ നഗ്നനായി ഒരു മനുഷ്യനെ ക്ഷണിച്ചുവരുത്തുന്നതും പ്രസംഗിപ്പിക്കുന്നതും രാജ്യത്തിന്‍െറ അന്തസ്സുയര്‍ത്തുകയാണോ ചെയ്യുക എന്ന കാര്യത്തില്‍ ചിലര്‍ക്കെങ്കിലും സംശയമുണ്ടാവാം. 1966 നവംബര്‍ ഏഴിന് ഇന്ദിര ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കെ തലസ്ഥാന നഗരിയില്‍ സമ്പൂര്‍ണ നഗ്നരായ സന്യാസിമാര്‍ നേതൃത്വം നല്‍കിയ ഗോപൂജകരുടെ മാര്‍ച്ച് ലോകത്തെ ഞെട്ടിച്ചതും ഇന്ത്യയുടെ  ശിരസ്സ് അപമാനഭാരത്താല്‍ താഴ്ത്തേണ്ടിവന്നതും മുതിര്‍ന്ന തലമുറ മറന്നിട്ടുണ്ടാവില്ല. അന്ന് പതിനായിരത്തോളം വരുന്ന ജനക്കൂട്ടം രാജ്യത്താകെ ഗോവധ നിരോധം ആവശ്യപ്പെട്ട് നടത്തിയ റാലി അക്രമാസക്തമായി.

കച്ചവട സ്ഥാപനങ്ങള്‍ തകര്‍ത്ത് പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചതും സംഭവമാകെ കൈയുംകെട്ടി നോക്കിനിന്നു എന്ന ആരോപണത്തെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി ഗുല്‍സാരിലാല്‍ നന്ദക്ക് രാജിവെക്കേണ്ടിവന്നതും ലോകത്തിന്‍െറ മുന്നില്‍ ഇന്ത്യയുടെ മുഖം വികൃതമാക്കി. ഭാരതീയ സംസ്കാരത്തെ വിശ്വോത്തരമായി അവതരിപ്പിക്കാന്‍ സര്‍വശ്രമവും നടത്തുന്നവര്‍തന്നെയാണ് ഇമ്മാതിരി പ്രാകൃത ചെയ്തികള്‍ കാഴ്ചവെക്കുന്നത് എന്നതാണ് വിരോധാഭാസം.
ഏറ്റവുമൊടുവില്‍ ഹരിയാനയിലെ കാവി സര്‍ക്കാര്‍ മറ്റൊരു കാര്യംകൂടി ഒപ്പിച്ചിരിക്കുന്നു. കൊലപാതക, മാനഭംഗ കേസുകളില്‍ പ്രതിയായ വിവാദ ആള്‍ദൈവം ഗുര്‍മിത് രാം റഹീം സിങ്ങിന് കായികവികസനത്തിന് അരക്കോടി രൂപ പതിച്ചുനല്‍കിയ നടപടിയാണ് പരാതികള്‍ ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.

സിഖ് മുഖ്യധാരയില്‍നിന്ന് വേര്‍പെട്ട് ദേര സച്ചാ സൗദ എന്ന സ്വന്തമായ കൂട്ടായ്മക്ക് രൂപം നല്‍കി ഏറെ പ്രകോപനങ്ങള്‍ സൃഷ്ടിച്ച രാം റഹീം സിങ് സ്പോര്‍ട്സ് മേഖലയില്‍ എന്തെങ്കിലും സംഭാവനകള്‍ നല്‍കിയതിന് ഉദാഹരണങ്ങളില്ല. കേരളത്തിലെ കുപ്രസിദ്ധമായ സോളാര്‍ പാനല്‍പോലെ ഇയാള്‍ ഒരു സ്പോര്‍ട്സ് അക്കാദമി തട്ടിക്കൂട്ടിയിട്ടുണ്ട്. അടുത്ത ഒളിമ്പിക്സിനുള്ള സ്പോര്‍ട്സ് താരങ്ങളെ സൃഷ്ടിച്ചെടുക്കുകയാണത്രേ അക്കാദമിയുടെ ലക്ഷ്യം. ഒരുതരത്തിലും വിശ്വാസ്യത അവകാശപ്പെടാനാവാത്ത ഈ സ്ഥാപനത്തിന് 50 ലക്ഷം രൂപ പൊതുഖജനാവില്‍നിന്ന് പതിച്ചുനല്‍കിയ ഖട്ടര്‍ സര്‍ക്കാറിന്‍െറ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തുണ്ടെങ്കിലും തിരുത്താനല്ല തീര്‍ത്തും ന്യായീകരിക്കാനാണ് കായികമന്ത്രിയുടെ നീക്കം.

എന്തിനേറെ, തികഞ്ഞ വിവാദപുരുഷനായ രാംദേവ് മോദി സര്‍ക്കാറിന്‍െറ പൂര്‍ണ ഒത്താശകളോടെ വന്‍ വ്യവസായശൃംഖല കെട്ടിപ്പടുക്കാനുള്ള യത്നത്തിലാണല്ളോ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ പരിസ്ഥിതി സംരക്ഷണ നിയമങ്ങളാകെ കാറ്റില്‍പറത്തി യമുനാ തീരത്ത് ശതകോടികള്‍ ചെലവിട്ട് ഈയിടെ നടത്തിയ മഹാമഹം പ്രധാനമന്ത്രി  നരേന്ദ്ര മോദിയടക്കമുള്ളവരുടെ സാന്നിധ്യംകൊണ്ടാണ് ശ്രദ്ധേയമായിത്തീര്‍ന്നത്. ചുരുക്കിപ്പറഞ്ഞാല്‍, 1974ല്‍ പൊഖ്റാനില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഇന്ത്യയുടെ ആദ്യത്തെ അണുബോംബ് സ്ഫോടനം നടത്തിയപ്പോള്‍ ദ ഇന്ത്യന്‍ എക്സ്പ്രസിന്‍െറ വിഖ്യാതനായ എഡിറ്റര്‍ ഫ്രാങ്ക് മൊറെയ്സ് കുറിച്ചിട്ടത് ഈയവസരത്തില്‍ ഓര്‍ക്കാതെ വയ്യ. ‘ഇന്ത്യയുടെ ഒരുകാല്‍ ആണവത്തിലാണെങ്കില്‍ മറ്റേകാല്‍ ചാണകത്തിലാണ്’. ആഗോളീകരണത്തിന്‍െറ കൊട്ടും കുരവയും ദിഗന്തങ്ങളില്‍ മുഴങ്ങുമ്പോഴും ചാണകത്തിലെ കാല്‍  ആഴ്ന്നിറങ്ങുന്നേയുള്ളൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.