പരുത്തിയും കടുകും

ജനിതകമാറ്റം വരുത്തിയ (ജി.എം) ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ കുത്തക കമ്പനികള്‍ നടത്തുന്ന ശ്രമങ്ങള്‍ പുതിയതല്ല. എന്നാല്‍, ബി.ടി പരുത്തിയൊഴിച്ചുള്ളവയുടെ (വിശേഷിച്ച് ജി.എം ഭക്ഷ്യവസ്തുക്കളുടെ) പരീക്ഷണത്തിനോ വില്‍പനക്കോ അനുവാദം കിട്ടുക ഇവിടെ എളുപ്പമല്ല. ജി.എം വിളകളെക്കുറിച്ച അവകാശവാദങ്ങള്‍ പൊള്ളയാണെന്ന തിരിച്ചറിവും എന്‍.ജി.ഒകളുടെയും പൊതുസമൂഹത്തിന്‍െറയും എതിര്‍പ്പും മറികടക്കാന്‍ ജി.എം കമ്പനികള്‍ക്ക് കഴിയാത്ത അവസ്ഥയുമുണ്ട്. ഇത് സ്വാഭാവികമായും ജി.എം കുത്തക കമ്പനികളെ അരിശംകൊള്ളിക്കുന്നു. മറ്റു തന്ത്രങ്ങള്‍ ഫലിക്കാതെ വരുമ്പോള്‍ പ്രയോഗിക്കുന്ന അവസാന അടവായിട്ടുവേണം മൊണ്‍സാന്‍േറാ കമ്പനി ഇപ്പോള്‍ കളിച്ച കളി മനസ്സിലാക്കാന്‍. ജി.എം പരുത്തിയുടെ അടുത്ത പതിപ്പിന് അനുമതി തേടിക്കൊണ്ട് മൊണ്‍സാന്‍േറായുടെ ഇന്ത്യന്‍ ശാഖയായ മാഹികോ മുമ്പ് സമര്‍പ്പിച്ച അപേക്ഷ അവര്‍ പിന്‍വലിച്ചിരിക്കുകയാണത്രെ. ആഗോള വ്യാപാര അന്തരീക്ഷത്തിന്‍െറ കാര്യത്തില്‍ ഇന്ത്യ പിന്നാക്കംതന്നെയെന്ന പ്രചാരണവും തുടങ്ങി കഴിഞ്ഞിട്ടുണ്ട്. ജനിതക വിളകളുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്തയും വന്നിരിക്കുന്നു. ജി.എം കടുക് ഇന്ത്യയില്‍ വ്യാപാര അടിസ്ഥാനത്തില്‍ ഉണ്ടാക്കാനുള്ള ഒരപേക്ഷ ജനിതക എന്‍ജിനീയറിങ് അംഗീകരണ കമ്മിറ്റി (ജി.ഇ.എ.സി)യുടെ മുമ്പാകെ വന്നിരിക്കുന്നു. ജി.ഇ.എ.സിയുടെ കീഴിലുള്ള വിദഗ്ധസമിതി ജി.എം കടുകിന് അംഗീകാരം നല്‍കാന്‍ ശിപാര്‍ശ ചെയ്തിരിക്കുകയാണ്. ഡല്‍ഹി സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ കടുകിനം വികസിപ്പിച്ചിരിക്കുന്നത്.

ജൈവസുരക്ഷാ പരിശോധന ഒരുഘട്ടം മാത്രമാണ്. ജി.എം വഴുതനക്ക് 2010ല്‍ മൊറട്ടോറിയം ഏര്‍പ്പെടുത്തിയത് ഇത്തരം വിദഗ്ധ സമിതിയുടെ കണ്ടത്തെലുകള്‍ തള്ളിക്കൊണ്ടായിരുന്നു. ഇപ്പോള്‍ ജി.എം കടുക് സംബന്ധിച്ച ശിപാര്‍ശയും ജി.ഇ.എ.സിയോ സര്‍ക്കാറോ സ്വീകരിക്കുമെന്നുറപ്പില്ല. എന്നാല്‍, മൊണ്‍സാന്‍േറായുടെ പിന്മാറ്റവും ജി.എം കടുകിന് ലഭിച്ച പ്രാഥമിക അംഗീകാരവും ഈ മേഖലയിലെ രണ്ട് പ്രശ്നങ്ങള്‍ പൊതുശ്രദ്ധയിലത്തെിക്കുന്നുണ്ട്. കുത്തക കമ്പനികളുടെ ദു$സ്വാധീനം, സുതാര്യതയില്ലായ്മ എന്നിവയാണ് ഈ പ്രശ്നങ്ങള്‍. മൊണ്‍സാന്‍േറായുടെ പിന്മാറ്റം സമ്മര്‍ദതന്ത്രമാകാം; ജി.എം കടുകിന് കിട്ടിയ ആദ്യ പച്ചക്കൊടിയാകട്ടെ സുതാര്യതയെക്കുറിച്ച സംശയമുയര്‍ത്തുന്നു. നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെയാണ് ഗുജറാത്ത് ഇന്ത്യയിലെ ഒന്നാംനിര ജി.എം പരുത്തി സംസ്ഥാനമായത്. അദ്ദേഹം പ്രധാനമന്ത്രിയായശേഷം ഗുജറാത്തില്‍ വിവിധ ജി.എം വിളകള്‍ക്ക് പരീക്ഷണാനുമതി നല്‍കിയിട്ടുമുണ്ട്. മൊണ്‍സാന്‍േറാക്ക് പുറമെ ഡൂപോണ്ട്, ഡവ് കെമിക്കല്‍സ്, സിന്‍ജന്‍റ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളും ഇന്ത്യന്‍ വിപണിയെ നോട്ടമിട്ടിട്ടുണ്ട്.

ജി.എം കടുകിനുള്ള ‘സുരക്ഷാരേഖ’ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും അത് ഇതുവരെ പരസ്യമാക്കിയിട്ടില്ല. അത് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി പൊതുചര്‍ച്ചക്കുവെക്കുമെന്ന് പരിസ്ഥിതി മന്ത്രാലയം പറഞ്ഞിട്ടുണ്ട്. അത്രയും നല്ലത്. എന്നാല്‍, ഇതുവരെ ഇക്കാര്യത്തില്‍ നടന്ന സംഭവങ്ങള്‍ സമൂഹത്തില്‍ സംശയം ജനിപ്പിച്ചിരിക്കുന്നു. വിദഗ്ധ സമിതിയുടെ കണ്ടത്തെലുകള്‍ പരസ്യപ്പെടുത്താന്‍ വിവരാവകാശ  കമീഷന്‍ മാസങ്ങള്‍ക്കുമുമ്പേ നിര്‍ദേശിച്ചിരുന്നു. എന്നിട്ടും അതു ചെയ്യാതിരുന്നതോടെ കമീഷന്‍ ഈയിടെ ശക്തമായഭാഷയില്‍ അതാവര്‍ത്തിച്ചു. വെബ്സൈറ്റില്‍ റിപ്പോര്‍ട്ട് പോസ്റ്റ് ചെയ്യാന്‍ ഒരു മണിക്കൂറുപോലും ധാരാളമാണെന്നിരിക്കെ യാണ് ഈ കാലവിളംബം. ജി.ഇ.എ.സി എന്ന ‘അംഗീകരണ സമിതി’യാണ്  അംഗീകാരം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത്. അതില്‍ വിദഗ്ധരല്ല, സര്‍ക്കാര്‍ നോമിനികളാണ് കൂടുതല്‍-ജി.എം ഉല്‍പാദകരുമായി ബന്ധമുള്ളവര്‍വരെ അതിലുണ്ട്.

പ്രചാരണവും സമ്മര്‍ദവും വഴി ജി.എം കമ്പനികള്‍ക്കനുകൂലമായ അഭിപ്രായം സൃഷ്ടിക്കാന്‍ അവ ശ്രമിക്കുന്നുണ്ട്. ഈയിടെ 100 നൊബേല്‍ സമ്മാനിതര്‍ ഒപ്പിട്ട ഒരു തുറന്ന കത്ത് കുത്തകക്കമ്പനികള്‍ക്കുവേണ്ടിയുള്ള പ്രചാരണമായിരുന്നു. അമേരിക്കയില്‍പ്പോലും ജി.എം വിളകളെ തള്ളി ജൈവവിളകള്‍ക്കു പിറകെ പോകുന്നു ജനങ്ങള്‍. ജി.എം വിളകള്‍ ധാരാളമുള്ള അവിടെ പട്ടിണിയുണ്ട്; കൃഷിപ്പിഴയുണ്ട്. ഇവിടെ പഞ്ചാബില്‍ ബി.ടി പരുത്തി കൃഷിചെയ്ത 300 കൃഷിക്കാരാണ് കഴിഞ്ഞവര്‍ഷം ആത്മഹത്യചെയ്തത്. പരുത്തിപ്പാടങ്ങള്‍ വ്യാപകമായി ബി.ടി വിത്തുകള്‍ ഒഴിവാക്കിക്കൊണ്ടിരിക്കുന്നു. അതേസമയം, ബി.ടി പരുത്തിവിത്ത് വിറ്റ് മൊണ്‍സാന്‍േറാ ഇന്ത്യയില്‍നിന്ന് മാത്രം കഴിഞ്ഞ കൊല്ലം സമ്പാദിച്ചത് 650 കോടി രൂപയത്രെ. അനേകശതം ശാസ്ത്രജ്ഞരും ചിലപ്രമുഖ ശാസ്ത്ര സംഘടനകളും ജി.എം വിളകളെ ഇപ്പോഴും എതിര്‍ക്കുന്നത് വേണ്ടത്ര തെളിവുകളുടെ പിന്‍ബലത്തോടെയാണ്. അതുകൊണ്ട് ജനിതക മേഖലയില്‍ തീരുമാനമെടുക്കുന്നത് സമ്മര്‍ദങ്ങള്‍ക്കോ ഗൂഢസൂത്രങ്ങള്‍ക്കോ വശംവദരായിക്കൊണ്ടല്ളെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.