ആത്മാഭിമാനം ചോര്‍ത്തരുത്

ഇന്ത്യന്‍ നാവികസേനക്കായി ഫ്രഞ്ച് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന സ്കോര്‍പീന്‍ അന്തര്‍വാഹിനികളെക്കുറിച്ച 22,400 തന്ത്രപ്രധാനരേഖകള്‍ പുറത്തായത് ആശ്ചര്യവും ആശങ്കയും ഉളവാക്കുന്നതാണ്. മുംബൈയിലെ മാസഗോണ്‍ ഡോക്കില്‍ ഫ്രഞ്ച് കമ്പനിയായ ഡി.സി.എന്‍.എസിന്‍െറ സഹായത്തോടെ നിര്‍മിക്കുന്ന അന്തര്‍വാഹിനികളുടെ രഹസ്യങ്ങള്‍ ചോര്‍ന്നത് ‘ദി ആസ്ട്രേലിയന്‍’പത്രമാണ് പുറത്തുവിട്ടത്. സൈനികരഹസ്യങ്ങളില്‍ ‘നിയന്ത്രിതം’ (റെസ്ട്രിക്ടഡ്) എന്ന് വിളിക്കപ്പെടുന്ന പ്രാധാന്യക്രമത്തില്‍ നാലാം തരം വരുന്നതാണ് ചോര്‍ന്ന രേഖകളെന്ന് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് പറയപ്പെടുന്നുണ്ടെങ്കിലും കൈവിട്ട രേഖകള്‍ എത്രയെന്നോ ഏതു തരത്തിലുള്ളതെന്നോ തിട്ടമില്ളെന്നാണ് പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ കൈ മലര്‍ത്തുന്നത്. ചോര്‍ന്ന രേഖകള്‍ 2011ന് മുമ്പുള്ളതാണെന്ന വ്യാഖ്യാനവും ചില വൃത്തങ്ങള്‍ നല്‍കുന്നുണ്ട്. ഇത് പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനുള്ള വിലകുറഞ്ഞ രാഷ്ട്രീയതന്ത്രത്തിന്‍െറ ഭാഗമാണെന്ന മറു നിരീക്ഷണവുമുണ്ട്. ഏതായാലും രാജ്യസുരക്ഷയെ സംബന്ധിച്ച ഇന്ത്യയുടെ ആത്മവിശ്വാസത്തെ നിര്‍വീര്യമാക്കുകയും ലോകത്തിന് മുന്നില്‍ രാജ്യത്തെ മാനംകെടുത്തുന്നതുമായി ഈ പുതിയ സംഭവവികാസം. മാത്രമല്ല, സമുദ്രസുരക്ഷയില്‍ സന്നിഗ്ധതകള്‍ പലതും മുന്നിലിരിക്കെ, അന്തര്‍വാഹിനി പദ്ധതികളുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന മട്ടിലാണ് സുരക്ഷാ, പ്രതിരോധവിദഗ്ധര്‍.

മറയ്ക്കുപിന്നില്‍ നടക്കുന്ന പ്രതിരോധ ഇടപാടുകളും പദ്ധതികളും ഇടക്കിടെ വിവാദങ്ങളുയര്‍ത്താറുണ്ട് ഇന്ത്യയില്‍. ഇപ്പോള്‍ വിവാദത്തിന്‍െറ കേന്ദ്രസ്ഥാനത്ത് നില്‍ക്കുന്ന 20,000 കോടി രൂപ ചെലവുള്ള സ്കോര്‍പീന്‍ അന്തര്‍വാഹിനി പദ്ധതിതന്നെ തുടക്കം തൊട്ടേ കുഴപ്പത്തിലായിരുന്നു. പദ്ധതിപ്രവര്‍ത്തനങ്ങളുടെ കാലവിളംബവും അഴിമതി ആരോപണങ്ങളും ഡി.സി.എന്‍.എസിനെ മുമ്പേ ആരോപണമുനയില്‍ നിര്‍ത്തിയിരുന്നതാണ്. എന്നാല്‍, കൂടുതല്‍ ഗൗരവതരമായ ആക്ഷേപമാണ് ഇപ്പോള്‍ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യ ഫ്രഞ്ച് കമ്പനിയെ ഏല്‍പിച്ചിരുന്ന പദ്ധതി അവര്‍ ചെറുകമ്പനികള്‍ക്ക് ഉപകരാറായി നല്‍കുകയായിരുന്നുവത്രെ. പദ്ധതിയുടെ ഡിസൈന്‍ ഡോക്യുമെന്‍റ് അടക്കമുള്ള സുപ്രധാന രേഖകള്‍ ഈ ചെറുകിടക്കാരാണ് കൈകാര്യം ചെയ്തത്.

അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള പ്രാഥമികകരാര്‍ മുംബൈ കേന്ദ്രമായ മാസഗോണ്‍ ഡോക് ലിമിറ്റഡ് എന്ന കമ്പനിയും അര്‍മാരിസ് എന്ന ഫ്രഞ്ച് സ്ഥാപനവും തമ്മിലാണ് ഉണ്ടാക്കിയിരുന്നത്. അവരുടെ ഉപകരാറുകാരാണ് ഡി.സി.എന്‍.എസ്. പിന്നീട് അവര്‍ നേരിട്ട് പദ്ധതി ഏറ്റെടുക്കുകയായിരുന്നു. ഉപകരാറുകളെടുത്ത കമ്പനികളില്‍ ചിലത് പാതിവഴിക്ക് പദ്ധതി ഉപേക്ഷിച്ച് പോകുകയും പോയ ചിലര്‍ മടങ്ങിവരികയും ചെയ്തു. ഈ വിധം അനിശ്ചിതത്വവും കാലതാമസവും വരുത്തിയ കമ്പനിയില്‍നിന്ന് ഇതിലപ്പുറവും സംഭവിക്കാം എന്നാണിപ്പോള്‍ സേനാപ്രമുഖരില്‍ പലരും മറക്ക് പിന്നില്‍ പറയുന്നത്. ബോഫോഴ്സ്, ശവപ്പെട്ടി കുംഭകോണങ്ങളുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നപ്പോഴും കാര്‍ഗില്‍ മുതല്‍ പത്താന്‍കോട്ട് ഭീകരാക്രമണം വരെയുള്ള ശത്രുനീക്കങ്ങളുടെ പിന്നാമ്പുറങ്ങള്‍ അനാവരണം ചെയ്യപ്പെട്ടപ്പോഴുമെല്ലാം ഒൗദ്യോഗികകേന്ദ്രങ്ങളുടെ അത്യന്തം ദയനീയവും പരിഹാസ്യവുമായ കെടുകാര്യസ്ഥതയും നിരുത്തരവാദിത്വവും മറനീക്കിയതാണ്. പുതിയ ചോരണവിവാദത്തിന്‍െറ പശ്ചാത്തലത്തില്‍ ബന്ധപ്പെട്ട കമ്പനികളെക്കുറിച്ച് പഠിക്കുമ്പോഴും ഇന്ത്യയുടെ ഒൗദ്യോഗിക സംവിധാനങ്ങളുടെ കഴിവില്ലായ്മയാണ് വെളിപ്പെടുന്നത്.

1999ല്‍ സുരക്ഷാകാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റി അംഗീകരിച്ച ആറ് അന്തര്‍വാഹിനികളുടെ നിര്‍മാണത്തിന് ഫ്രഞ്ച് കമ്പനിയെ ഏല്‍പിക്കാനുള്ള തീരുമാനത്തിലത്തെിയശേഷം കരാര്‍ ഒപ്പിടുന്നത് 2005ലാണ്. പാകിസ്താന് ആയുധങ്ങള്‍ വില്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കാന്‍ പാരിസിനെ സമ്മര്‍ദം ചെലുത്തുന്നതിനായിരുന്നു ഈ കാലതാമസം. ഇതേ പാകിസ്താനും ഒപ്പം ചൈനയുമാണ് ചോര്‍ന്ന വിദ്യാവിവരങ്ങളുടെ ഗുണഭോക്താക്കളെന്നാണറിയുന്നത്. പ്രതിരോധ സുരക്ഷാരംഗത്തെ വീഴ്ചയുടെ ആഴമാണ് ഇത് പുറത്തുകൊണ്ടുവരുന്നത്. 40 മാസം വൈകി പൂര്‍ത്തിയായ പദ്ധതിയിലെ ആദ്യ അന്തര്‍വാഹിനി പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി കമീഷന്‍ ചെയ്യാനിരിക്കെയാണ് എല്ലാം തുലച്ചുകളയുന്ന വെളിപ്പെടുത്തല്‍.

കാരണങ്ങളും വഴികളും ഏതായിരുന്നാലും നമ്മുടെ സുപ്രധാനമായ സുരക്ഷാസങ്കേതങ്ങളിലൊന്നിന്‍െറ വിവരങ്ങള്‍ ചോര്‍ന്നു പോയിരിക്കുന്നു. അതിന്‍െറ നഷ്ടം നികത്തുന്നതോടൊപ്പം അവശേഷിച്ച സംവിധാനങ്ങളുടെ സുരക്ഷ എത്രത്തോളം ഉറപ്പുവരുത്തുന്നു എന്നതും പ്രധാനമാണ്. രാജ്യസുരക്ഷയെച്ചൊല്ലി രാജ്യത്തിനകത്തും പുറത്തേക്കും യുദ്ധാവേശം വിതറാന്‍ മത്സരിക്കുന്ന ഭരണാധികാരികള്‍ കാലിനടിയില്‍നിന്ന് മണ്ണടര്‍ന്നുപോകുന്നത് അറിഞ്ഞില്ളെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. ആയുധയുദ്ധങ്ങളെ വെല്ലുന്ന വിവരവിദ്യായുദ്ധത്തിന്‍െറ കാലമാണിത്. ഇന്ത്യയുമായി കൊമ്പുകോര്‍ക്കുന്ന ചൈന ഇക്കാര്യത്തില്‍ ഏറെ മുന്നിലാണ്. ഗവണ്‍മെന്‍റിന്‍െറയും സൈനിക, വാണിജ്യവിഭാഗങ്ങളുടെയും നെറ്റ്വര്‍ക്കുകള്‍ ഇടക്കിടെ ഹാക്ക് ചെയ്യപ്പെടുന്ന ദുര്യോഗം നമുക്ക് ഇതുവരെ മാറ്റിയെടുക്കാനായിട്ടില്ല. 2010ല്‍ പ്രധാനമന്ത്രിയുടെ ഓഫിസിലെ കമ്പ്യൂട്ടറുകളും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്‍െറ ലാപ്ടോപ് പോലും ഉന്നംവെക്കുന്ന സ്ഥിതിയുണ്ടായി. ഇപ്പോഴത്തെ ചോര്‍ച്ചയുടെ ഉറവിടവും വ്യാപ്തിയും തിട്ടപ്പെടുത്താനായിട്ടില്ല. അതിനാല്‍ രാജ്യത്തിന്‍െറ ആത്മാഭിമാനം ചോര്‍ത്തുന്ന ഈ വീഴ്ചക്ക് പ്രായശ്ചിത്തം ചെയ്തേ മതിയാവൂ. അതിന് കൈവിട്ടുപോയ അന്തര്‍വാഹിനി പദ്ധതിക്ക് ബദല്‍ തേടുമ്പോഴും പുതിയ പ്രതിരോധ കരാറുകളില്‍ ഏര്‍പ്പെടുമ്പോഴും വിശ്വാസ്യതയുടെ കര്‍ക്കശമായ മാനദണ്ഡങ്ങള്‍ കണിശമായി പാലിക്കപ്പെടുന്നുണ്ട് ഉറപ്പുവരുത്തിയേ തീരൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.