ഹജ്ജ് സബ്സിഡി എന്ന രാഷ്ട്രീയ ആയുധം

നിരന്തരം നിതാന്തം നുണപറഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതില്‍ കേമന്മാരാണ് തീവ്ര വലതുപക്ഷമായ സംഘ്പരിവാര പ്രസ്ഥാനം. മുസ്ലിംകള്‍ക്ക് പ്രത്യേകമായ ആനുകൂല്യങ്ങള്‍ കപട മതേതര ഭരണകൂടങ്ങള്‍ നല്‍കുന്നുവെന്നത് അവരുടെ സ്ഥിരം പ്രചാരണമാണ്. ഇത്തരം ആനുകൂല്യങ്ങളില്‍ പ്രധാനപ്പെട്ട കാര്യമായി അവര്‍ ഉന്നയിക്കുന്നതാണ് ഹജ്ജ് സബ്സിഡി. അതായത്, ഇന്ത്യയില്‍നിന്ന് ഹജ്ജിന് പോകുന്ന തീര്‍ഥാടകര്‍ക്ക് വിമാന ടിക്കറ്റ് ഇനത്തിലായി കോടിക്കണക്കിന് രൂപയുടെ സബ്സിഡി സര്‍ക്കാര്‍ നല്‍കുന്നു. ഇത് മുസ്ലിം പ്രീണനമാണ്. മതേതര സര്‍ക്കാര്‍ ഒരു പ്രത്യേക മതവിഭാഗത്തെയും മതാചാരത്തെയും സവിശേഷമായി പരിഗണിക്കുന്നതിന്‍െറ ഉദാഹരണമാണ്. അതിനാല്‍, ഹിന്ദുക്കള്‍ സടകുടഞ്ഞെഴുന്നേല്‍ക്കൂ, ഈ വിവേചനം അവസാനിപ്പിക്കൂ -ഇങ്ങനെ പോവുന്നു അവരുടെ പ്രചാരണം. തങ്ങളുടെ വിഭാഗീയ രാഷ്ട്രീയത്തിന് മൂര്‍ച്ചകൂട്ടാന്‍ അവര്‍ എപ്പോഴും ഉപയോഗിക്കുന്ന ഒരായുധമാണിത്. എന്താണ് ഇതിനു പിന്നിലെ യാഥാര്‍ഥ്യം?

ബ്രിട്ടീഷുകാര്‍ നാടു ഭരിക്കുമ്പോള്‍ തുടങ്ങിയ ഏര്‍പ്പാടാണ് ഹജ്ജ് സബ്സിഡി. 1932ല്‍ പാസാക്കപ്പെട്ട ‘ദ പോര്‍ട്ട് ഹജ്ജ് കമ്മിറ്റി ആക്ട്’ മുബൈ, കൊല്‍ക്കത്ത തുറമുഖങ്ങള്‍ വഴി ഹജ്ജിന് പോകുന്ന തീര്‍ഥാടകര്‍ക്ക് പൊതുഖജനാവില്‍നിന്നുള്ള ഇളവുകള്‍ അനുവദിക്കുന്നുണ്ട്. സ്വതന്ത്ര ഇന്ത്യയില്‍, 1959ല്‍ പാസാക്കപ്പെട്ട ‘ഹജ്ജ് കമ്മിറ്റി ആക്ട്’, കൊളോണിയല്‍ കാലത്തെ നിയമത്തിലെ സബ്സിഡിയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ തുടരുകയായിരുന്നു. ഏതെങ്കിലും മുസ്ലിം സംഘടനകള്‍ സമ്മര്‍ദം ചെലുത്തിയതിന്‍െറ ഫലമായല്ല അതു വന്നത്. ഈ നിയമപ്രകാരം ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ മുഖേന തീര്‍ഥാടനം നടത്തുന്നവര്‍ക്ക് വിമാന ടിക്കറ്റ് ഇനത്തില്‍ ഇളവ് നല്‍കിവരുന്നുണ്ട്. 2013ല്‍ ഇത് 533 കോടിയായിരുന്നു. അതേസമയം, ഹജ്ജ് സര്‍വിസ് നടത്തുന്നത് ഒൗദ്യോഗിക വിമാന കമ്പനിയായ എയര്‍ ഇന്ത്യയോ എയര്‍ ഇന്ത്യയുമായി ധാരണയിലത്തെിയ കമ്പനികളോ ആണ്. എയര്‍ ഇന്ത്യയുടെ കുത്തക ഈ മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. അതായത്, ഹജ്ജ് സര്‍വിസ് നടത്താന്‍ മറ്റു ഏജന്‍സികള്‍ക്കും അവകാശം നല്‍കിക്കഴിഞ്ഞാല്‍, സബ്സിഡി നിരക്കിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഹാജിമാര്‍ക്ക് യാത്രചെയ്യാന്‍ സാധിക്കുന്നതാണ്. അങ്ങനെവരുമ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി യഥാര്‍ഥത്തില്‍ ഹാജിമാര്‍ക്കുള്ളതല്ല, എയര്‍ ഇന്ത്യക്കുള്ളതാണ് എന്നു മനസ്സിലാക്കാന്‍ പറ്റും. പാര്‍ലമെന്‍റംഗവും എം.ഐ.എം നേതാവുമായ അസദുദ്ദീന്‍ ഉവൈസി നേരത്തേ പാര്‍ലമെന്‍റില്‍തന്നെ ഇക്കാര്യം പറഞ്ഞതാണ്. അതായത്, എയര്‍ ഇന്ത്യക്കു വേണ്ടി നല്‍കുന്ന ഒരു സൗജന്യത്തിന്‍െറ പാപഭാരം ഇന്ത്യന്‍ മുസ്ലിംകള്‍ അനുഭവിക്കേണ്ടിവരുകയാണ്.

മക്കയില്‍ പോയിവരാനുള്ള സാമ്പത്തിക ശേഷിയുള്ളവര്‍ക്കേ ഇസ്ലാമിക ശരീഅത്ത് പ്രകാരം ഹജ്ജ് നിര്‍ബന്ധമുള്ളൂ. ആരാന്‍െറ ചെലവില്‍ നടത്തേണ്ട കര്‍മമല്ല അത്. ജംഇയ്യതുല്‍ ഉലമായെ ഹിന്ദിന്‍െറ നേതാവും രാജ്യസഭാംഗവുമായിരുന്ന മഹ്മൂദ് മദനി, ഹജ്ജ് സബ്സിഡി അനിസ്ലാമികമാണെന്ന് പ്രഖ്യാപിച്ചത് ഇക്കാരണത്താലാണ്. ജസ്റ്റിസ് ആഫ്താബ് ആലം, ജസ്റ്റിസ് രഞ്ജനാ പി. ദേശായി എന്നിവര്‍ അംഗങ്ങളായ സുപ്രീംകോടതി ബെഞ്ച് 2012 മേയില്‍ പുറപ്പെടുവിച്ച വിധിന്യായത്തില്‍ 2022 ആവുമ്പോഴേക്ക് ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കണമെന്ന് പറഞ്ഞിരുന്നു. ഹജ്ജ് സബ്സിഡിക്ക് ഉപയോഗിക്കുന്ന തുക മുസ്ലിംകളുടെ സാമൂഹിക, വിദ്യാഭ്യാസ പുരോഗതിക്ക് ഉപയോഗിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിക്കുകയുണ്ടായി. മുസ്ലിം സംഘടനകള്‍ പൊതുവെ സ്വാഗതംചെയ്ത വിധിയാണിത്.

ഹജ്ജിന്‍െറ ചുമതലയുള്ള മന്ത്രി കെ.ടി. ജലീല്‍ ആഗസ്റ്റ് 22ന് നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പില്‍ ചെയ്ത പ്രഭാഷണത്തില്‍ സബ്സിഡിയില്ലാതെ ഹജ്ജ് ചെയ്യുന്നതിനെക്കുറിച്ചാണ് മുസ്ലിംകള്‍ ചിന്തിക്കേണ്ടത് എന്നു പറഞ്ഞിരുന്നു. ഇക്കാര്യം മുസ്ലിം സംഘടനകള്‍ ഗൗരവത്തില്‍ ആലോചിക്കണമെന്ന് അതേ ചടങ്ങില്‍ മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും പറഞ്ഞു. എന്നാല്‍, ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കുന്നത് ശരിയല്ളെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി ഇന്നലെ രംഗത്തുവന്നത് വലിയ തമാശയായി. മുസ്ലിം പിന്തുണ ആര്‍ജിക്കാനുള്ള നമ്പര്‍ എന്ന നിലക്കായിരിക്കും അദ്ദേഹം ഈ നിലപാട് സ്വീകരിച്ചിട്ടുണ്ടാവുക. അല്ലാതെ, ഇക്കാര്യത്തില്‍ അദ്ദേഹത്തിന്‍െറ ആവേശം ഏതായാലും മുസ്ലിം ഗ്രൂപ്പുകള്‍ക്കില്ല എന്നതാണ് യാഥാര്‍ഥ്യം.
സംഘ്പരിവാരത്തിന് കാലങ്ങളായി വര്‍ഗീയ പ്രചാരണം നടത്താനുള്ള ഒരു വക എന്നതു മാത്രമാണ് ഹജ്ജ് സബ്സിഡികൊണ്ടുണ്ടായ മെച്ചം. അവര്‍ അധികാരത്തിലത്തെുമ്പോള്‍ എളുപ്പം എടുത്തുകളയാവുന്നതു മാത്രമാണ് ഈ സബ്സിഡി. പക്ഷേ, അവരത് ചെയ്യില്ല. കാരണം, ഹജ്ജ് സബ്സിഡി എടുത്തുകളയുകയും ഹജ്ജ് സേവന രംഗത്തെ  കുത്തക അവസാനിപ്പിക്കുകയും ചെയ്താല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുക എയര്‍ ഇന്ത്യയെയാണ് എന്ന സത്യം അവര്‍ക്കറിയാം. അതിനാല്‍, ഹജ്ജ് സബ്സിഡി തുടരേണ്ടത് അവരുടെ ചോരകുടിയന്‍ രാഷ്ട്രീയത്തിന്‍െറ ആവശ്യമാണ്. മുസ്ലിംകള്‍ ഈ കെണിയില്‍ പെട്ടുപോകരുത്. ഹജ്ജ് സബ്സിഡിയുടെ കാര്യത്തില്‍ യുക്തിപൂര്‍ണമായ നിലപാട് സ്വീകരിച്ച് അത് നടപ്പാക്കിയെടുക്കാന്‍ അവര്‍ ശക്തമായി രംഗത്തുവരേണ്ടതുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.