സങ്കീര്‍ണമാവുന്ന യമന്‍ പ്രതിസന്ധി

തീവ്രവാദത്തെ നേരിടാന്‍ യമനില്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള ഭൂപ്രദേശത്തേക്ക് റഷ്യന്‍ പടക്ക് പ്രവേശം അനുവദിക്കുമെന്ന് പുറത്താക്കപ്പെട്ട പ്രസിഡന്‍റും ആഭ്യന്തര യുദ്ധത്തിലെ ഒരു കക്ഷിയുമായ അലി അബ്ദുല്ല സാലിഹ്  ഒരു റഷ്യന്‍ ടി.വിയുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കിയതോടെ അതീവ വിനാശകരമായി തുടരുന്ന യമന്‍ യുദ്ധം കൂടുതല്‍ സങ്കീര്‍ണമായിത്തീരാനുള്ള സാധ്യതയാണ് തെളിയുന്നത്. നേരത്തേ താന്‍ യമന്‍െറ പ്രസിഡന്‍റായിരുന്നപ്പോള്‍ റഷ്യയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന കാര്യം അലി അബ്ദുല്ല  അനുസ്മരിക്കുന്നുമുണ്ട്. ദീര്‍ഘകാലം കമ്യൂണിസ്റ്റ് യമന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ദക്ഷിണ യമന്‍ സോവിയറ്റ് യൂനിയന്‍െറ പതനത്തോടെ 1990ല്‍ ഉത്തര യമനുമായി സംയോജിച്ച് ഏകീകൃത യമന്‍ രൂപം കൊള്ളുകയായിരുന്നു.

എന്നാല്‍, വടക്കന്‍ യമനിലെ പ്രമുഖ ശിയാ വിഭാഗമായ സൈദികള്‍ ഹൂതികള്‍ എന്ന പേരില്‍ പുന$സംഘടിപ്പിക്കപ്പെടുകയും സായുധ പോരാട്ടം പുനരാരംഭിക്കുകയും ചെയ്തതില്‍ പിന്നെ ക്രമേണ ആഭ്യന്തര അശാന്തിയിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു ആ ദരിദ്ര രാജ്യം. ഇറാന്‍ പിന്തുണക്കുന്നതായി കരുതപ്പെടുന്ന ഹൂതികള്‍ തലസ്ഥാനമായ സന്‍ആ പിടിച്ചെടുക്കുന്ന ഘട്ടത്തില്‍, സ്വന്തം ഭദ്രതക്കും സുരക്ഷക്കും അത് വന്‍ ഭീഷണിയാവുമെന്നു കണ്ട സൗദി അറേബ്യ തങ്ങളുടെ രാജ്യത്ത് അഭയാര്‍ഥിയായി എത്തിയ പ്രസിഡന്‍റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ സ്വദേശത്തേക്ക് തിരിച്ചയക്കാനും അധികാരത്തില്‍ അവരോധിക്കാനുമായി 2015ല്‍ സൈനികമായി ഇടപെട്ടതോടെയാണ് നിരന്തര ബോംബാക്രമണത്തിന് രാജ്യം ഇരയായിത്തീരുന്നത്. ഒന്നരവര്‍ഷത്തിനകം 25 ലക്ഷം പേര്‍ ഭവനരഹിതരും ആയിരത്തില്‍പരം കുട്ടികളടക്കം 6000 സിവിലിയന്മാര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടും സമാധാന പുന$സ്ഥാപനത്തിന്‍െറ ശുഭസൂചന ചക്രവാളത്തിലൊന്നും കാണപ്പെടുന്നേയില്ല.

അമേരിക്കയും ബ്രിട്ടനും സൗദിപക്ഷത്തെ പിന്തുണക്കുമ്പോള്‍ ഇറാനും റഷ്യയുമാണ് മറുപക്ഷത്തോടൊപ്പം നില്‍ക്കുന്നത്. പരസ്പരം ഏറ്റുമുട്ടിയിരുന്ന ഹൂതികളും മുന്‍പ്രസിഡന്‍റ് അലി അബ്ദുല്ല സാലിഹിന്‍െറ അനുയായികളും പൊതുശത്രുവായ പ്രസിഡന്‍റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിക്കും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നവര്‍ക്കുമെതിരെ യോജിച്ചു പോരാടുമ്പോള്‍, സിറിയയില്‍ ബശ്ശാര്‍ അല്‍അസദിനോടെന്നപോലെ യമനില്‍ അലി അബ്ദുല്ലയോടും റഷ്യക്ക് പരസ്യമായ അനുഭാവമുണ്ട്. ആശുപത്രിക്കുനേരെയുള്ള ബോംബാക്രമണം 19 പേരുടെ മരണത്തിനിടയാക്കിയ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ അത്യന്തം വഷളാക്കിക്കൊണ്ടിരിക്കുന്നതില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും യുദ്ധത്തിലേര്‍പ്പെട്ട കക്ഷികള്‍ക്കോ അവരുടെ പിന്നിലും മുന്നിലുമുള്ള വന്‍ ശക്തികള്‍ക്കോ വീണ്ടുവിചാരം ഉണ്ടാവുന്നില്ല. ആഗസ്റ്റ് 24, 25 തീയതികളില്‍ ജിദ്ദയില്‍ ജി.സി.സി രാജ്യങ്ങളുടെയും അമേരിക്കയുടെയും ബ്രിട്ടന്‍െറയും വിദേശകാര്യ മന്ത്രിമാര്‍ യമന്‍, സിറിയ, വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സമ്മേളിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും റഷ്യയുടെ പുതിയ നിലപാട് നിര്‍ണായകമാണ്.

തന്ത്രപ്രധാനവും പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നവുമായ പശ്ചിമേഷ്യയില്‍ സ്വന്തം താല്‍പര്യങ്ങള്‍ നേടിയെടുക്കുകയല്ലാതെ, ശാന്തിയും സുരക്ഷയും ഉറപ്പുവരുത്തണമെന്ന ആത്മാര്‍ഥമായ ആഗ്രഹം ഒരുകാലത്തും സാമ്രാജ്യശക്തികള്‍ പ്രകടിപ്പിച്ചിട്ടില്ല. ഫലസ്തീനും അഫ്ഗാനിസ്താനും ഇറാഖും തകര്‍ത്തശേഷം സിറിയയിലേക്കും ലിബിയയിലേക്കും സുഡാനിലേക്കും തിരിഞ്ഞ വന്‍ശക്തികള്‍ക്ക് യമനെക്കൂടി കുട്ടിച്ചോറാക്കുന്ന ചോരക്കളിയിലാണ് താല്‍പര്യം. പച്ചയായ ഈ പരമാര്‍ഥം മൂടിവെക്കാന്‍ മറുവശത്ത് സമാധാന പുന$സ്ഥാപനത്തെക്കുറിച്ച് നിരന്തരം വാചാലരാവുകയും സ്വന്തം കാല്‍ക്കീഴിലമര്‍ന്നുകഴിഞ്ഞ ഐക്യരാഷ്ട്രസഭയുടെ മേല്‍വിലാസത്തില്‍ വിവിധ കൂടിയാലോചനാ പ്രഹസനങ്ങളും ഉച്ചകോടികളും നടത്തുകയും ചെയ്യുന്നു. മധ്യപൗരസ്ത്യ രാജ്യങ്ങളിലൊന്നിലെങ്കിലും നാമമാത്ര സമാധാനം സ്ഥാപിക്കാന്‍പോലും വീറ്റോ അധികാരമുള്ള വന്‍ശക്തികള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ? സോവിയറ്റ് യൂനിയന്‍െറ തിരോധാനത്തോടെ തീര്‍ത്തും വലത്തോട്ട് മാറിയ റഷ്യയോട് നമ്മുടെ നാട്ടിലെ കമ്യൂണിസ്റ്റുകാര്‍ ഇപ്പോഴും ഗൃഹാതുരത്വം പുലര്‍ത്തുന്നുണ്ടെങ്കിലും സാമ്രാജ്യത്വപരമായ ആര്‍ത്തിയില്‍ മറ്റൊരു രാജ്യത്തിന്‍െറയും പിന്നിലല്ല വ്ളാദ്മിര്‍ പുടിന്‍െറ റഷ്യ.

പക്ഷേ, പഴയ ശിങ്കിടികളുടെ ആവശ്യവും ദുരാഗ്രഹവും മാനിച്ച് യമനില്‍ സായുധ ഇടപെടലിന് ശ്രമിച്ചാല്‍ അത്രയൊന്നും ലാഭകരമായിരിക്കയില്ല ഇടപാടെന്ന് പുടിന്‍ ഓര്‍ത്തിരിക്കുന്നത് നന്ന്. സൗദി അറേബ്യയുമായി നേര്‍ക്കുനേരെയുള്ള അഭിമുഖീകരണം തീര്‍ത്തും നഷ്ടക്കച്ചവടമാവും. സിറിയയില്‍ രണ്ട് രാജ്യങ്ങളും വിരുദ്ധപക്ഷത്താണെങ്കിലും സൗദി നേര്‍ക്കുനേരെ കക്ഷിയല്ല. യമനില്‍ അതല്ല സ്ഥിതി. കരുതലും വിവേകവുമുണ്ടെങ്കില്‍ വേണ്ടത് യമനില്‍ പരസ്പരം പൊരുതുന്ന ആഭ്യന്തര ഗ്രൂപ്പുകളെ സമാധാനത്തിന്‍െറ മേശക്ക് ചുറ്റും കൊണ്ടുവരാന്‍ റഷ്യ മുന്‍കൈയെടുക്കുകയാണ്. റഷ്യ നീട്ടുന്ന സമാധാനത്തിന്‍െറ കൈ തട്ടിക്കളയാന്‍മാത്രം അപക്വമല്ല സൗദി നയതന്ത്രജ്ഞത. സിറിയയിലും യമനിലും പരമാവധി മനുഷ്യരക്തമൊഴുകുകയും നാഗരികതയുടെ മുഴുവന്‍ അടയാളങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തശേഷമെങ്കിലും സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന സാമാന്യ ജനത്തിന്‍െറ നരകയാതനകള്‍ക്ക് അറുതിവരണമെന്ന് ആത്മാര്‍ഥമായ ആഗ്രഹമുണ്ടെങ്കില്‍ റഷ്യയും ഇറാനും തുര്‍ക്കിയും സൗദി അറേബ്യയും കൈകോര്‍ത്താല്‍ അത് സുസാധ്യമാവുകതന്നെ ചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.