13 ലക്ഷം പെല്ലറ്റുകള്‍ വര്‍ഷിച്ചത് ‘ഇന്‍സാനിയ്യത്തി’ന്‍െറ ഭാഗമാണോ?

സിറിയയില്‍ റഷ്യന്‍ സൈന്യം ക്ളസ്റ്റര്‍ ബോംബുകള്‍ പ്രയോഗിക്കുന്നതിനെതിരെ ആഗോള മനുഷ്യാവകാശ കൂട്ടായ്മകള്‍ ഉയര്‍ത്തുന്ന പ്രതിഷേധത്തിന്‍െറ അതേ സ്വരത്തിലും ഗൗരവത്തിലും  ജമ്മു-കശ്മീരില്‍ പൊലീസിന്‍െറ പെല്ലറ്റ് (ചീളുണ്ട) പ്രയോഗത്തില്‍ ആയിരക്കണക്കിന് നിരപരാധികള്‍ ഇരയാവുന്നത് രാഷ്ട്രാന്തരീയ വേദികളില്‍ വിമര്‍ശിക്കപ്പെടുന്നു എന്ന വസ്തുത കണ്ടില്ളെന്ന് നടിക്കാനാവില്ല. ജൂലൈ എട്ടിന് ഹിസ്ബ് നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതോടെ പ്രക്ഷുബ്ധതയിലേക്ക് വലിച്ചെറിയപ്പെട്ട താഴ്വരയിലെ കര്‍ഫ്യൂ ഒന്നരമാസം പിന്നിടുമ്പോള്‍ തെരുവിലിറങ്ങിയ സിവിലിയന്‍ സമൂഹത്തിനെ ഭരണകൂടം അഭിമുഖീകരിക്കുന്ന രീതിയാണ് വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നത്.

ജനജീവിതം പൂര്‍ണമായും സ്തംഭിച്ച ഒന്നരമാസത്തിനുള്ളില്‍ 13 ലക്ഷം പെല്ലറ്റ് ഗണ്‍ ജനങ്ങള്‍ക്കെതിരെ പ്രയോഗിച്ചുവെന്ന് അധികൃതര്‍ സമ്മതിക്കുന്നു. കുഞ്ഞുങ്ങളടക്കം നൂറുകണക്കിനാളുകളുടെ കാഴ്ചശക്തി നഷ്ടപ്പെട്ടതും സംസ്ഥാനത്തിനു പുറത്തുനിന്ന് വിദഗ്ധ ഡോക്ടര്‍മാരെ ശ്രീനഗറിലേക്ക് എത്തിക്കേണ്ടിവന്നതുമൊക്കെ ലോകമാകെ പാട്ടായപ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ അത് സ്വാഭാവികമായും പ്രതിരോധത്തിലാക്കി. അതോടെയാണ് വിഷയം പഠിക്കുന്നതിനും നേരിടലിന്‍െറ ബദല്‍മാര്‍ഗം കണ്ടുപിടിക്കുന്നതിനും കേന്ദ്ര ആഭ്യന്തര ജോ.സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഏഴംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. സിവിലിയന്മാര്‍ക്കെതിരെ നടക്കുന്ന മനുഷ്യത്വഹീനവും നിരാര്‍ദ്രവുമായ  ആയുധപ്രയോഗം അവസാനിപ്പിക്കുകയാണെങ്കില്‍ വെടിവെപ്പ് അനിവാര്യമാകുമെന്നും അതോടെ മരണസംഖ്യ കൂടാനിടയുണ്ടെന്നുമാണത്രെ കമ്മിറ്റിയുടെ കണ്ടുപിടിത്തം.

എതിരഭിപ്രായം കനക്കുമ്പോഴും സുരക്ഷാസേന പെല്ലറ്റ് പ്രയോഗം എത്ര ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിന്‍െറ തെളിവാണ് ഞായറാഴ്ച എട്ടു വയസ്സുള്ള ജുനൈദ് അഹ്മദ് എന്ന ബാലനുനേരെ നടന്ന പൊലീസ് അതിക്രമം. ശ്രീനഗറിലെ നവാബ് ബസാര്‍ പ്രദേശത്തുനിന്ന് മടങ്ങുകയായിരുന്ന പൊലീസ് വാഹനം നിര്‍ത്തി ജനങ്ങളെ ആട്ടിയോടിച്ചപ്പോള്‍ കണ്ടുനിന്ന കുട്ടിയുടെ നേരെ തൊട്ടടുത്തുനിന്ന് പെല്ലറ്റുകള്‍ ഉതിര്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ കഴിയുന്ന കുട്ടിയുടെ നെഞ്ചത്താണ് ചീളുണ്ടകള്‍ തുളച്ചുകയറിയിരിക്കുന്നത്. സിറിയയിലെ അലപ്പോയില്‍ റഷ്യന്‍ ബോംബാക്രമണത്തില്‍ തകര്‍ന്ന വീടിന്‍െറ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് വലിച്ചെടുക്കേണ്ടിവന്ന ഇംറാന്‍ ദഖ്നീശ് എന്ന അഞ്ചുവയസ്സുകാരന്‍െറ ദാരുണ ചിത്രത്തിന്‍െറ  വകഭേദമാണ് ശ്വാസകോശം തകര്‍ന്ന് ജീവനുമായി മല്ലടിക്കുന്ന ഈ കുരുന്നിന്‍െറ അവസ്ഥ.

ഒരുമാസത്തിനിടയില്‍ ലക്ഷക്കണക്കിന് പെല്ലറ്റുകള്‍കൊണ്ട് ജനരോഷം അടിച്ചമര്‍ത്താന്‍  പൊലീസിനെ തുറന്നുവിട്ടപ്പോള്‍ ചീളുണ്ടകള്‍ തറച്ചവരില്‍ 14 ശതമാനവും 15 വയസ്സിനു താഴെയുള്ളവരാണെന്ന് ഒൗദ്യോഗിക കേന്ദ്രങ്ങള്‍ തന്നെ സമ്മതിക്കുന്നു. ശ്രീനഗറിലെ മഹാരാജ ഹരിസിങ് ആശുപത്രിയില്‍ ആഗസ്റ്റ് ആദ്യ വാരം മാത്രം ആയിരത്തോളം പെല്ലറ്റ് കേസുകള്‍ എത്തിയെന്ന് അധികൃതര്‍ വെളിപ്പെടുത്തുന്നു. അതില്‍ 440 പേരുടെ കണ്ണിലാണ് ചീളുകള്‍ പതിച്ചതത്രെ. കാഴ്ചശക്തി നഷ്ടപ്പെട്ടവരില്‍ 70 പേര്‍ 15 വയസ്സിനു താഴെയുള്ളവരാണെന്ന സത്യം നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതുണ്ട്.  

അത്യന്തം സ്ഫോടനാത്മകമായ കശ്മീര്‍ പ്രശ്നത്തിനു തന്‍െറ മുന്‍ഗാമി എ.ബി. വാജ്പേയിയുടെ കാല്‍പാടുകള്‍ പിന്‍പറ്റി ‘ഇന്‍സാനിയ്യത്തി’ന്‍െറ (മനുഷ്യത്വത്തിന്‍െറ) മാര്‍ഗത്തിലൂടെയാവും താന്‍ പരിഹാരം കാണാന്‍ പോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിക്കുമ്പോഴാണ് സ്വന്തം പൗരന്മാരെ ശത്രുക്കളായി കണ്ട് ഇമ്മട്ടില്‍ നേരിടുന്ന വൈരുധ്യം തുടരുന്നത്. തെരുവിലിറങ്ങിയ  പ്രക്ഷോഭകരെ നിയന്ത്രിക്കുന്നതിനു  മറ്റു മാര്‍ഗമില്ല എന്ന ന്യായീകരണം കശ്മീര്‍ സമസ്യയോടുള്ള നിഷേധാത്മക സമീപനത്തിന്‍െറ കപടഭാഷ്യമാണ്. താഴ്വരയിലെ സങ്കീര്‍ണ സ്ഥിതിവിശേഷം നേരിട്ട് കണ്ട് മനസ്സിലാക്കാന്‍ സര്‍വകക്ഷിസംഘത്തെ അയക്കാന്‍പോലും തയാറല്ലാത്ത കേന്ദ്രസര്‍ക്കാര്‍ ജനജീവിതം പൊറുതിമുട്ടിച്ച് അടിച്ചമര്‍ത്താമെന്നായിരിക്കാം കണക്കുകൂട്ടുന്നത്. പാകിസ്താനാണ് കശ്മീരിലെ സകല  കുഴപ്പങ്ങള്‍ക്കും കാരണം എന്നുപറഞ്ഞ് ഒളിച്ചോടാനാണ് പ്രധാനമന്ത്രി മോദിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമൊക്കെ ഊര്‍ജം പാഴാക്കുന്നത്.

താഴ്വര സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏറ്റവും സങ്കീര്‍ണവും വിപത്കരവുമായ വഴിയിലൂടെ കടന്നുപോകുമ്പോഴും അന്യവത്കരിക്കപ്പെട്ട കശ്മീര്‍ ജനതയെ നമ്മോട് അടുപ്പിക്കുന്നതിനും മനുഷ്യത്വത്തിന്‍െറ അമരസ്പര്‍ശത്തിലൂടെ അവരുടെ മനസ്സുകളെ മെരുക്കിയെടുക്കുന്നതിനും ആത്മാര്‍ഥമായ ഒരു ശ്രമവും നടത്താതെ ബലൂചിസ്താനിലെ പൗരാവകാശ ധ്വംസനത്തെ കുറിച്ച് നാക്കിട്ടടിക്കുന്നത് ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ നമ്മുടെ നയനിലപാടുകളിലെ പൊള്ളത്തരം തുറന്നുകാട്ടപ്പെടാനേ സഹായിക്കുകയുള്ളൂവെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്കെല്ലാം അണിയറയിലേക്ക് ഉള്‍വലിയേണ്ടിവരുകയും ഹുര്‍റിയത്ത് നേതൃത്വത്തിന്‍െറ കരങ്ങളിലേക്ക് ജനങ്ങളുടെ കടിഞ്ഞാണ്‍ കൈമാറ്റപ്പെടുകയും ചെയ്ത അത്യപൂര്‍വമായൊരു പ്രതിസന്ധി ഘട്ടത്തെ ജനാധിപത്യമാര്‍ഗത്തിലൂടെയല്ലാതെ ഹിന്ദുത്വ സര്‍ക്കാര്‍ എങ്ങനെയാണ് നേരിടാന്‍ പോകുന്നതെന്ന ചോദ്യത്തിനു വ്യക്തമായ ഒരുത്തരം ലഭിക്കാന്‍ ഇടയില്ല.

കശ്മീര്‍ സമസ്യയിലെ ഏറ്റവും രസാവഹമായ പുതിയ സംഭവവികാസം, മോദിസര്‍ക്കാറിന്‍െറ ചുവടുവെപ്പുകള്‍ക്ക് പിന്തുണ തേടി വിദേശ ഭരണകൂടങ്ങളെ സമീപിക്കാനും അവരുടെ പിന്തുണ ആര്‍ജിക്കാനും നടത്തുന്ന ചില ശ്രമങ്ങളാണ്. ലോകം മുഴുവന്‍ വെറുക്കുന്ന, സ്വന്തം പ്രജകളെ നിഷ്ഠുരം ബോംബിട്ടു കൊല്ലാന്‍ ഒരു മടിയും കാണിക്കാത്ത, സിറിയയിലെ ഏകാധിപതി ബശ്ശാര്‍ അല്‍അസദിന്‍െറ അടുത്തേക്കാണ് വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ ആദ്യമായി കയറിച്ചെന്നത് എന്നതുതന്നെ രാജ്യത്തിന് നാണക്കേടാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.