വാചാടോപംകൊണ്ട് കശ്മീരില്‍സമാധാനം പുലരില്ല

പ്രശ്നകലുഷിതമായ ജമ്മു-കശ്മീരിലെ വഷളായിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷം  ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ സമ്മിശ്രപ്രതികരണം സൃഷ്ടിച്ചതില്‍ അദ്ഭുതപ്പെടാനില്ല. ജൂലൈ എട്ടിന് ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനി സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്  താഴ്വരയില്‍ ആഞ്ഞടിക്കുന്ന രോഷം 32 ദിവസം പിന്നിട്ടപ്പോഴാണ് മധ്യപ്രദേശിലെ ഒരു ചടങ്ങില്‍ മോദി കശ്മീരിനെക്കുറിച്ച് വാചാലനായത്. പാര്‍ലമെന്‍റ് സമ്മേളനം നടക്കുമ്പോള്‍ സഭയില്‍ മനസ്സ് തുറക്കുന്നതിനു പകരം വിദൂരത്ത് ചെന്ന് അധരവ്യായാമം നടത്തിയതിലുള്ള പ്രതിഷേധം കഴിഞ്ഞദിവസം പ്രതിപക്ഷം രേഖപ്പെടുത്തുകയുണ്ടായി.

കശ്മീരിനെക്കുറിച്ചുള്ള മോദിയുടെ നയനിലപാട് കശ്മീരികള്‍ക്കു മാത്രമല്ല, കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതായിരുന്നില്ല എന്ന് വ്യക്തമാണ്. കത്തിയാളുന്ന താഴ്വരയില്‍ സമാധാനം പുന$സ്ഥാപിക്കാന്‍ തന്‍െറ മുന്‍ഗാമി അടല്‍ ബിഹാരി വാജ്പേയി കൈക്കൊണ്ട, ‘ഇന്‍സാനിയ്യത്തി’ന്‍െറയും  (മനുഷ്യത്വം) ‘ജംഹൂരിയ്യത്തി’ന്‍െറയും (ജനാധിപത്യം) ‘കശ്മീരിയത്തി’ന്‍െറയും (കശ്മീര്‍ സ്വത്വം) മാര്‍ഗം പിന്തുടരുമെന്നാണ് മോദിക്ക് പറയാനുണ്ടായിരുന്നത്.  ഇന്ത്യയിലെ മറ്റു പൗരന്മാര്‍ അനുഭവിക്കുന്ന അതേ സ്വാതന്ത്ര്യം കശ്മീരികള്‍ക്കും അവകാശപ്പെട്ടതാണെന്ന് അദ്ദേഹം ആണയിടുന്നു. പുസ്തകവും ക്രിക്കറ്റ് ബാറ്റും ലാപ്ടോപ്പും പിടിക്കേണ്ട കൗമാരക്കാരുടെ കൈകളില്‍ പ്രക്ഷോഭകരായി  കല്ലുകള്‍ കാണപ്പെടുന്നതിലെ ദു$ഖമാണ് പ്രധാനമന്ത്രി വൈകാരികമായി പ്രകടിപ്പിക്കാന്‍ ശ്രമിച്ചത്. ആ പ്രസംഗത്തിലെ ഓരോ വാചകവും സത്യസന്ധമോ വസ്തുനിഷ്ഠമോ അല്ളെന്ന് സമര്‍ഥിക്കുന്നതില്‍ വ്യാപൃതരായിരിക്കയാണ് പ്രതിപക്ഷകക്ഷികളും കശ്മീരിലെ നേതാക്കളുമിപ്പോള്‍.

വാചാടോപങ്ങള്‍കൊണ്ട് പരിഹരിക്കാനോ മറച്ചുപിടിക്കാനോ സാധിക്കാത്തവിധം കശ്മീരിലെ സ്ഥിതിവിശേഷം അതിസങ്കീര്‍ണമായിട്ടുണ്ടെന്ന് കഴിഞ്ഞദിവസം  പാര്‍ലമെന്‍റിലെ ചര്‍ച്ചകളില്‍ ഉത്തരവാദപ്പെട്ട നേതാക്കള്‍ എടുത്തുകാട്ടുകയുണ്ടായി. 34 ദിവസമായി തുടരുന്ന കര്‍ഫ്യൂ ജനജീവിതം പൂര്‍ണമായി സ്തംഭിപ്പിക്കുകയും ഒരു സംസ്ഥാനത്തിന്‍െറ ജീവിതതാളം അവതാളത്തിലാക്കുകയും ചെയ്തിട്ടും സമാധാനത്തിലേക്കുള്ള പാത അന്വേഷിക്കുന്നതിനു പകരം ഏതൊക്കെയോ ശക്തികളെ കുറ്റപ്പെടുത്തുന്നതിലാണ് നാം സായുജ്യം കൊള്ളുന്നത്. ഇതിനകം 58 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും മൂവായിരത്തിലേറെ സിവിലിയന്മാര്‍ക്ക് പരിക്കേല്‍ക്കുകയും നൂറുകണക്കിന് യുവാക്കളുടെ കാഴ്ചശേഷി നഷ്ടപ്പെടുകയും ചെയ്ത സ്ഫോടനാന്തരീക്ഷം ദിവസം കഴിയുന്തോറും കൂടുതല്‍ വഷളായിവരുകയാണ്. ബുധനാഴ്ച ശ്രീനഗറിലടക്കം സ്ത്രീകളും കുട്ടികളുമാണ് കര്‍ഫ്യൂ ലംഘിച്ച് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

എല്ലാ ഇന്ത്യക്കാരനും മനോജ്ഞമായ കശ്മീരിനെ സ്നേഹിക്കുന്നുവെന്നും താഴ്വര ഭൂമിയിലെ സ്വര്‍ഗമായി നിലനിര്‍ത്താന്‍ യുവത പ്രക്ഷോഭത്തിന്‍െറ മാര്‍ഗത്തില്‍നിന്ന് പിന്തിരിയണമെന്നുമൊക്കെ ആഹ്വാനംചെയ്യുമ്പോള്‍ തന്‍െറ വാക്കുകള്‍ ഏതു തരത്തിലാവും അവിടത്തെ ജനത സ്വീകരിക്കുക എന്ന് പ്രധാനമന്ത്രി ഒരുവട്ടം ആലോചിച്ചിട്ടുണ്ടോ? മനുഷ്യത്വത്തിന്‍െറയും ജനാധിപത്യത്തിന്‍െറയും ഭാഷയിലാണോ കശ്മീരികളോട് സംസാരിക്കുന്നതെന്ന് ആത്മപരിശോധന നടത്താന്‍ ഉചിതമായ സന്ദര്‍ഭമാണിത്.  കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ബുധനാഴ്ച ചൂണ്ടിക്കാട്ടിയതുപോലെ താഴ്വരയിലെ ഈ കലുഷിതാവസ്ഥക്ക് മറ്റാരെയും കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. സ്വതന്ത്ര ഇന്ത്യക്ക് താഴ്വര സോപാധികം കൈമാറിയ മഹാരാജാ ഹരിസിങ്ങിന്‍െറ പുത്രനും കോണ്‍ഗ്രസ് അംഗവുമായ കരണ്‍ സിങ് കഴിഞ്ഞദിവസം രാജ്യസഭയില്‍ കശ്മീര്‍പ്രശ്നത്തിന്‍െറ മൗലിക കാരണങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുകയുണ്ടായി. സാമ്പത്തികമോ തൊഴില്‍പരമായോ ആയ പ്രശ്നങ്ങളല്ല യുവാക്കളെ തെരുവിലിറക്കിയിരിക്കുന്നത്. മറ്റ് ഏത് പൗരന്മാരെയുംപോലെ അന്തസ്സോടെ ജീവിക്കാനുള്ള ജനതയുടെ അഭിലാഷത്തെ മാനിക്കാന്‍ നാം തയാറാണോ എന്നതാണ് കാതലായ ചോദ്യം. ആണെങ്കില്‍, കലക്കുവെള്ളത്തില്‍ മീന്‍പിടിക്കാന്‍ വലവീശുന്ന ബാഹ്യശക്തികളുടെ എല്ലാ കുതന്ത്രങ്ങളും പരാജയപ്പെടുകതന്നെ ചെയ്യും.

കശ്മീര്‍പ്രശ്നം രാഷ്ട്രീയമായി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന കാര്യത്തില്‍ രാജ്യത്തെ രാഷ്ട്രീയ കക്ഷികള്‍ക്കിടയില്‍ പക്ഷാന്തരമുണ്ടാകാന്‍ ഇടയില്ല. ബി.ജെ.പിയോടൊപ്പം സംസ്ഥാനം ഭരിക്കുന്ന മഹ്ബൂബ മുഫ്തിയടക്കം ആവശ്യപ്പെടുന്നത് രാഷ്ട്രീയപരിഹാരത്തിന് ബന്ധപ്പെട്ട സര്‍വരുമായും സംഭാഷണത്തിന് തുടക്കമിടണം എന്നാണ്. കശ്മീര്‍ രാജ്യത്തിന്‍െറ അവിഭാജ്യഘടകമാണെന്നും ഏതൊക്കെയോ ബാഹ്യശക്തികളുടെ പ്രേരണയാല്‍ കൈയില്‍ കല്ളെടുത്ത് പുതുതലമുറ തെരുവിലിറങ്ങുകയാണെന്നുമുള്ള കുറ്റപ്പെടുത്തലുകള്‍ക്കപ്പുറത്ത് സത്യസന്ധമായി പ്രശ്നത്തെ അഭിമുഖീകരിക്കാനും കശ്മീരിനെ മാത്രമല്ല, കശ്മീരികളെയും ഒപ്പം നിര്‍ത്താനും  പോംവഴി തേടിയാലേ ‘ഇന്‍സാനിയ്യത്തി’ന്‍െറ പൊരുള്‍ കശ്മീരികള്‍ക്ക് അനുഭവവേദ്യമാകൂ. വാജ്പേയി ഈ ദിശയില്‍ വിജയിച്ചത് ചുവടുവെപ്പുകള്‍ ആത്മാര്‍ഥതയോടെ ആയിരുന്നു എന്നതുകൊണ്ടാണ്. ഭരണഘടനയിലെ ഏതെങ്കിലും അനുച്ഛേദത്തിന്‍െറ ബലത്തില്‍ മാത്രമല്ല,  സഹസ്രാബ്ദങ്ങള്‍ നീണ്ട ഒരേ പൈതൃകത്തിന്‍െറ ഈടുവെപ്പിലാണ് ഹിമാലയന്‍ താഴ്വര നമ്മുടെ രാജ്യത്തിന്‍െറ അറുത്തുമാറ്റപ്പെടാനാകാത്ത അംശമായി നിലനില്‍ക്കുന്നതെന്ന് കശ്മീരികളെ ബോധ്യപ്പെടുത്താന്‍ എന്തുണ്ട് വഴി എന്നന്വേഷിക്കുകയും തിരുത്തേണ്ടിടത്ത് തിരുത്താന്‍ ആര്‍ജവം കാണിക്കുകയും ചെയ്താല്‍  നഷ്ടപ്പെട്ട ശാന്തിയും സമാധാനവും  വീണ്ടുകിട്ടുകതന്നെ ചെയ്യും. അതല്ലാതെ, എത്ര പ്രമേയങ്ങള്‍ പാസാക്കിയാലും സര്‍വകക്ഷി യോഗങ്ങള്‍ നടത്തിയാലും കശ്മീര്‍ പ്രതിസന്ധി പരിഹരിക്കപ്പെടാന്‍ പോകുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.