ധര്‍മസങ്കടമായി ഇറോം ശര്‍മിള

‘ഞാന്‍ എന്‍െറ നിരാഹാരം അവസാനിപ്പിക്കുന്നു. കാരണം, അതുകൊണ്ട് ഒരു ഫലവുമുണ്ടായില്ല. എനിക്ക് തന്ത്രങ്ങള്‍ മാറ്റണം. ജനങ്ങളില്‍നിന്ന് മുറിച്ചുനീക്കപ്പെട്ടിരിക്കുകയാണ് ഞാന്‍. അവരുമായി വീണ്ടും സമ്പര്‍ക്കത്തിലാകണം. ഈ തീരുമാനത്തില്‍ പലര്‍ക്കും എതിര്‍പ്പുണ്ടാകാം. പക്ഷേ, എനിക്കു മുന്നില്‍ മറ്റു വഴികളില്ല. എല്ലാവരും കരുതുന്നത് രാഷ്ട്രീയം വൃത്തികെട്ടതാണെന്നാണ്. എന്നാല്‍, എന്‍െറ സമരം രാഷ്ട്രീയമായി മുന്നോട്ടുകൊണ്ടുപോയേ തീരൂ. അതിനാല്‍ എന്നെ മോചിപ്പിക്കൂ’ -മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍െറ മുന്നില്‍ ചൊവ്വാഴ്ച മുഴങ്ങിക്കേട്ട ആ കുറ്റസമ്മതമൊഴി ഇറോം ചാനു ശര്‍മിളയുടേതായിരുന്നു. സ്വന്തം ജനതക്ക് നീതി ലഭിക്കാന്‍ ഭരണകൂടഭീകരതയുടെ മകുടോദാഹരണമായ സായുധസേന പ്രത്യേകാധികാര നിയമം (അഫ്സ്പ) റദ്ദുചെയ്യാനായി 16 വര്‍ഷം നീണ്ട, ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ നിരാഹാരസമരം നയിച്ച വിപ്ളവകാരിയുടെ പരിണാമഗുപ്തിയായിരുന്നു അത്. എന്തിനുവേണ്ടി ജീവന്‍ പണയംവെച്ച് പോരാടിയോ അതൊറ്റയടിക്ക് വാക്കുകള്‍കൊണ്ട് മാത്രമല്ല, കര്‍മംകൊണ്ടും  തിരിച്ചെടുക്കാനായിരുന്നു അവരുടെ യോഗം. ഗാന്ധിയന്‍മാര്‍ഗമായി ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിച്ച ഉജ്ജ്വലസമരാധ്യായത്തെ വെറുമൊരു ആത്മഹത്യശ്രമമായി സമ്മതിച്ച് ഭരണകൂടത്തിന്‍െറ മുന്നില്‍ ജാമ്യത്തിന് അപേക്ഷിക്കാനുള്ള മജിസ്ട്രേറ്റിന്‍െറ നിര്‍ദേശം പോരാളിയായ ഇറോം ശര്‍മിള  വിസമ്മതിച്ചെങ്കിലും അവരിലെ ‘പാവം സ്ത്രീ’ അതിനു വഴങ്ങി. ദുരന്തപര്യവസായിയായ ആ കഥ തുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ. സമരനോമ്പ് മുറിക്കാനായി മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ തേന്‍ തൊട്ടുനുണയുമ്പോള്‍ ആ കണ്ണുകളില്‍നിന്നുതിര്‍ന്ന അശ്രുകണങ്ങള്‍ക്ക് വിജയത്തിന്‍െറ മധുരമല്ല, പരാജയത്തിന്‍െറ ഉപ്പുരസമായിരുന്നു.

ആശുപത്രിയില്‍ സേനാവിഭാഗത്തിന്‍െറ കാവലില്‍ മൂക്കില്‍ കയറ്റിയ ട്യൂബിലൂടെ നിര്‍ബന്ധ ഭക്ഷണശിക്ഷ ഏറ്റുവാങ്ങി, ആത്മഹത്യശ്രമത്തിന്‍െറ ഓരോ വര്‍ഷ ശിക്ഷ കഴിഞ്ഞ് മോചിതമായി അടുത്ത ഊഴത്തിലേക്ക് നിരാഹാരം നീട്ടി ഒന്നര പതിറ്റാണ്ടിനപ്പുറമത്തെിച്ച സമരചരിത്രം തീര്‍ത്ത് ‘ആംനസ്റ്റി’ പോലുള്ള മനുഷ്യാവകാശവേദികളുടെ ആവേശമായി മാറിയിടത്തുനിന്നാണ് ‘ജനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരല്ല’ എന്ന് താന്‍ തന്നെ കൂടക്കൂടെ ആക്ഷേപിച്ച അധികാരരാഷ്ട്രീയത്തിലേക്കുള്ള കൂടുമാറ്റം അവര്‍ പ്രഖ്യാപിക്കുന്നത്. 16 ആണ്ടുകൊണ്ട് ഒന്നും നേടാതിരിക്കെ, ഇനിയൊരു 16 ആണ്ട് കിടന്നാലും ഒന്നും സംഭവിക്കാനിടയില്ളെന്ന അവരുടെ ആത്മഗതം സ്വതന്ത്ര ഇന്ത്യയില്‍ ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും പൊരുതുന്നവരുടെ, അതില്‍ പ്രതീക്ഷയര്‍പ്പിച്ചവരുടെ കരണത്തേറ്റ കനത്ത അടിയായി. കാടന്‍നിയമങ്ങളുണ്ടാക്കി ചോറ്റുപട്ടാളത്തെ കയറൂരിവിട്ട് ലോകത്തിനു മുന്നില്‍ ജനാധിപത്യത്തിന്‍െറയും സ്വാതന്ത്ര്യത്തിന്‍െറയും പെരുമ്പറ കൊട്ടുന്നവരുടെ മനസ്സിളക്കാന്‍ ഒരു പൗരന്‍െറ ഒന്നര പതിറ്റാണ്ട് ഉപവാസസമരം ഒന്നുമല്ളെന്ന ഈ മുന്നറിയിപ്പ് ഇന്നാട്ടില്‍ ജീവിക്കുന്ന ഓരോരുത്തരുടെയും ഉറക്കംകെടുത്തേണ്ടതാണ്. ഇത്ര നീണ്ടൊരു സമരം നടത്തിയിട്ടും വിജയത്തിനുള്ള പിന്തുണയൊരുക്കുന്നതില്‍ ഇന്ത്യയിലെ പൗരസമൂഹം പരാജയപ്പെട്ടുവെന്ന ഇറോമിന്‍െറ മൊഴി നമ്മുടെയോരോരുത്തരുടെയും ചങ്കില്‍ തറക്കേണ്ടതാണ്.

നിരാഹാരസമരം അവസാനിപ്പിക്കാന്‍ സ്വകാര്യന്യായങ്ങള്‍ പറയുമ്പോഴും, ഇനി രാഷ്ട്രീയ പോരാട്ടത്തിന്‍െറ പുതുപാതയിലേക്കുള്ള ഇറക്കമറിയിക്കുമ്പോഴും ഭരണകൂടത്തിന്‍െറ കിരാതത്വത്തെ നേരിടുന്നതില്‍ വിജയിച്ചില്ളെന്നുതന്നെയാണ് ശര്‍മിള വെളിപ്പെടുത്തുന്നത്. 58 വര്‍ഷമായി സായുധസേനക്ക് പ്രത്യേകാധികാരം നല്‍കി, അനധികൃത ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 20 വര്‍ഷത്തിനുള്ളില്‍ 1528 ആളുകളെ യമപുരിക്കയച്ച സംസ്ഥാനമാണ് മണിപ്പൂര്‍. 10 നിരപരാധികളുടെ കൂട്ടക്കുരുതി കണ്ട ഞെട്ടലില്‍നിന്ന് 2000 നവംബറില്‍ ആരംഭിച്ച ഇറോമിന്‍െറ സമരം എങ്ങുമത്തൊതെ അവസാനിക്കുമ്പോള്‍ അത് നല്‍കുന്ന സന്ദേശം ജനാധിപത്യ ഇന്ത്യക്ക് ആശങ്കജനകം തന്നെയാണ്. അതും ജമ്മു-കശ്മീരില്‍ 55 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറോളം കുഞ്ഞുങ്ങളുടെയും പയ്യന്മാരുടെയും കണ്ണെടുക്കുകയും ചെയ്തശേഷവും ‘അഫ്സ്പ’ നഗ്നതാണ്ഡവം തുടരുമ്പോഴാണിത് എന്നത് ഞെട്ടലേറ്റുന്നു. മുഖ്യമന്ത്രിയായി ‘അഫ്സ്പ’ എടുത്തുകളയണമെന്നാണ് ഇറോം പ്രകടിപ്പിച്ച ആഗ്രഹം.

എന്നാല്‍, ജമ്മു-കശ്മീരില്‍ മഹ്ബൂബ മുഫ്തി എന്ന മുഖ്യമന്ത്രി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ സംസ്ഥാനത്ത് സഖ്യകക്ഷിയായി വാഴിച്ചിട്ടും ‘അഫ്സ്പ’യെ തൊടാനായിട്ടില്ല എന്നിരിക്കെ ആ ആഗ്രഹത്തിന്‍െറ ഗതിയെന്താകുമെന്ന് പറയേണ്ടതില്ല. അതറിയുന്നതുകൊണ്ടാകണം സമരനായിക വഞ്ചിച്ചതായി അനുയായികള്‍ കുറ്റപ്പെടുത്തുന്നതും അവരുടെ അതൃപ്തി ഭയന്ന് പുറത്ത് താമസിക്കാനിടമൊരുക്കിയ ഇറോമിന് ആശുപത്രിയിലേക്കുതന്നെ താവളം മാറ്റേണ്ടിവന്നതും. സാധാരണക്കാരിയുടെ  മോഹങ്ങളുള്ള വെറും പെണ്ണായതന്നെ ദേവതയോ അവതാരമോ ആയി ധരിക്കല്ളേ എന്ന് ഡെസ്മണ്ട് കുടിഞ്ഞോ എന്ന അര്‍ധ ബ്രിട്ടീഷ് പൗരനെ പ്രണയിക്കുന്ന ഇറോം ശര്‍മിള അപേക്ഷിക്കുന്നു. എന്നാല്‍, എല്ലാം ത്യജിച്ച് സമരത്തിനിറങ്ങിയ അവരില്‍ സ്വന്തം വിമോചകയെ കണ്ട് പിറകെ കൂടിയവര്‍ ഇറോമിനെ തള്ളാനോ രാഷ്ട്രീയത്തിലിറങ്ങുന്ന അവരെ കൊള്ളാനോ കഴിയാത്ത ധര്‍മസങ്കടത്തിലാണ്. അങ്ങനെ സ്വന്തം മനോധര്‍മങ്ങളുമായി അനുയായികളുടെ ആരാധനക്കും വിരോധത്തിനുമിടയില്‍ കുടുങ്ങിക്കിടപ്പാണ് ഇറോം ശര്‍മിള. പൊള്ളയായ പാഴ്മുളയെന്ന് ഒരിക്കല്‍ ഇറോം സ്വയം വിശേഷിപ്പിച്ചത് അറംപറ്റിയിരിക്കുന്നു; അവര്‍ക്കു മാത്രമല്ല, ആ പോരാട്ടത്തില്‍നിന്ന് ആത്മവിശ്വാസം വീണ്ടെടുത്തുകൊണ്ടിരുന്ന ആയിരങ്ങള്‍ക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.