പശുക്കളുടെ മാത്രമല്ല, മനുഷ്യരുടെയും രാജ്യമാണിത്

ഗോരക്ഷയുടെ പേരില്‍ രാജ്യത്തെങ്ങും നടക്കുന്ന അക്രമങ്ങള്‍ പുതിയ വാര്‍ത്തയല്ല. ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെ അടിച്ചുകൊന്നതും ഝാര്‍ഖണ്ഡില്‍ പശുക്കച്ചവടക്കാരെ അടിച്ചുകൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയതുമൊക്കെ അവയില്‍ ചിലതുമാത്രം. പശുവിന്‍െറ പേരില്‍ മനുഷ്യരെ തല്ലിക്കൊല്ലുന്ന ഈ വികൃത രാഷ്ട്രീയം സാര്‍വദേശീയതലത്തില്‍വരെ വാര്‍ത്തയായപ്പോഴും മിണ്ടാതിരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്‍െറ സ്വന്തം ആളുകള്‍ തന്നെയായിരുന്നു ഇതിന്‍െറ പിന്നില്‍ എന്നതുതന്നെ കാരണം. ഒപ്പം, താന്‍ പ്രതികരിക്കേണ്ടതില്ലാത്ത, അതീവ നിസ്സാരകാര്യങ്ങള്‍ മാത്രമാണ് ഇവയൊക്കെയും എന്ന് അദ്ദേഹം വിചാരിക്കുന്നുമുണ്ടാവും. പക്ഷേ, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഈ മൗനം ഭഞ്ജിച്ചിരിക്കുന്നു. ഡല്‍ഹിയിലെ ടൗണ്‍ഹാള്‍ പ്രഭാഷണത്തിലും തെലങ്കാനയില്‍ നടന്ന മറ്റൊരു പരിപാടിയിലും ഗോ രക്ഷയുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി സാമാന്യം കടുത്ത ഭാഷയില്‍തന്നെ സംസാരിച്ചിരിക്കുന്നു. കാരണങ്ങള്‍ എന്തായിരിക്കും?

ഗുജറാത്തിലെ ഉനയില്‍, ചത്ത പശുക്കളുടെ തോലെടുത്തതിന്‍െറ പേരില്‍ ദലിത് യുവാക്കളെ നടുറോഡില്‍ തല്ലിച്ചതച്ച്, വിഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ നെറ്റ്വര്‍ക് വഴി പ്രചരിപ്പിച്ച സംഭവം ബി.ജെ.പിയുടെ കണക്കുകൂട്ടലുകള്‍ക്കപ്പുറത്തുള്ള സംഭവവികാസങ്ങള്‍ക്ക് വഴിതെളിച്ചു എന്നതുതന്നെയാണ് പ്രധാനമന്ത്രിയുടെ തുടര്‍ച്ചയായുള്ള പ്രതികരണങ്ങള്‍ തെളിയിക്കുന്നത്. ‘ഈ ഗോ രക്ഷകരുടെ ഏര്‍പ്പാടുകള്‍ കാണുമ്പോള്‍ എനിക്ക് ദേഷ്യം വരുന്നു. രാത്രിയില്‍ ഗുണ്ടായിസം കാണിക്കുന്നവരാണ് പകല്‍ ഗോ രക്ഷകരായി വരുന്നത്. ഗോ രക്ഷകരായി പ്രത്യക്ഷപ്പെടുന്ന 70-80 ശതമാനം ആളുകളും സാമൂഹിക വിരുദ്ധ ശക്തികളാണ്’ - ആഗസ്റ്റ് ആറിന് നടന്ന ടൗണ്‍ഹാള്‍ പ്രഭാഷണത്തില്‍ മോദി പറഞ്ഞു. തൊട്ടടുത്ത ദിവസം തെലങ്കാനയിലെ ഗാജ്വേലില്‍ നടന്ന പൊതുപരിപാടിയില്‍, വ്യാജ ഗോ രക്ഷകര്‍ക്കെതിരെ കരുതിയിരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ഗോ രക്ഷയുടെ പേരില്‍ അക്രമം കാണിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. അന്നുതന്നെ ഹൈദരാബാദില്‍ നടന്ന മറ്റൊരു ചടങ്ങില്‍, മോദി അല്‍പം വൈകാരികമായാണ് സംസാരിച്ചത്. ‘നിങ്ങളെന്തിന് എന്‍െറ ദലിത് സഹോദരരെ ആക്രമിക്കുന്നു? നിങ്ങളെന്നെ ആക്രമിക്കൂ; നിങ്ങളെന്തിന് അവരെ വെടിവെക്കുന്നു, നിങ്ങളെന്നെ വെടിവെക്കൂ’ എന്നിങ്ങനെപോയി മോദിയുടെ വാക്കുകള്‍.

സംഗതി ലളിതമാണ്. മുസ്ലിംകള്‍ക്കെതിരെ കളിക്കുന്നത് പോലെയായിരിക്കില്ല ദലിതര്‍ക്കുനേരെ തിരിഞ്ഞാലെന്ന് മോദിക്കറിയാം. മുസ്ലിംകളെ ഭയപ്പെടുത്തിയും ആക്രമിച്ചും കൊന്നും കളിച്ചാല്‍, പരമാവധി ഹിന്ദു വോട്ട് തരമാക്കാന്‍ കഴിയുമെന്നത് മോദി പരീക്ഷിച്ച് വിജയിപ്പിച്ച രാഷ്ട്രീയമാണ്. പക്ഷേ, ഗോ രക്ഷയുടെ പേരില്‍, ബ്രാഹ്മണ്യത്തിന്‍െറ ചമ്മട്ടി പ്രഹരങ്ങള്‍ ദലിതര്‍ക്കുമേലും വന്നു പതിച്ചപ്പോള്‍ ചിത്രം മാറി. കാലങ്ങളായി സംഘ്പരിവാറിന്‍െറ കാലാള്‍പ്പടയായി കഴിഞ്ഞിരുന്ന ഗുജറാത്തിലെ ദലിതര്‍ ഒന്നടങ്കം  തെരുവിലിറങ്ങി. ഈ ദലിത്  ഉണര്‍വ്  ഇമ്മട്ടില്‍ തുടരുകയും ദലിത്-മുസ്ലിം രാഷ്ട്രീയത്തിന്‍െറ രൂപവത്കരണത്തിലേക്ക് വഴിതുറക്കുകയും ചെയ്താല്‍ വലിയ അപകടം ചെയ്യുമെന്ന് ബി.ജെ.പിയിലെ രാഷ്ട്രീയ ചാണക്യര്‍ തിരിച്ചറിഞ്ഞു. വരാനിരിക്കുന്ന യു.പി അസംബ്ളി തെരഞ്ഞടുപ്പിന്‍െറ പശ്ചാത്തലത്തില്‍, അത്തരമൊരു രാഷ്ട്രീയത്തിന്‍െറ വളര്‍ച്ചയെ അവര്‍ ഭയത്തോടെ കാണുന്നു. നരേന്ദ്ര  മോദിയുടെ, അസാധാരണമായ ഇടപെടലിന്‍െറ യഥാര്‍ഥ കാരണം അവിടെയാണ് കിടക്കുന്നത്. അല്ലാതെ, ഗോ രക്ഷകരുടെ തോന്ന്യാസങ്ങളോട് ആത്മാര്‍ഥമായി വിയോജിപ്പുള്ളത് കൊണ്ടാണ് മോദി ഇങ്ങനെ പറയുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. അങ്ങനെ ആയിരുന്നെങ്കില്‍ ഇതേ കാരണത്താല്‍ രാജ്യത്താകമാനം മുസ്ലിംകള്‍ ആക്രമിക്കപ്പെട്ടപ്പോഴും അദ്ദേഹം പ്രതികരിക്കേണ്ടതായിരുന്നു.

എന്നാല്‍, ദലിതുകളെ ഇക്കിളിപ്പെടുത്തുന്നതും ഗോ രക്ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതുമായ ഈ സമീപനം മുന്നോട്ട് കൊണ്ടുപോകുന്തോറും നരേന്ദ്ര മോദിയും ബി.ജെ.പിയും വലിയ വൈരുധ്യങ്ങളില്‍ ചെന്നുചാടും എന്നതാണ് വാസ്തവം. മോദിയുടെ പരാമര്‍ശങ്ങളോട് തീവ്ര ഹിന്ദുത്വ ബ്രിഗേഡിന്‍െറ  ഭാഗത്തുനിന്നുണ്ടായ പ്രതികരണങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് മനസ്സിലാവും. മോദിയുടെ പ്രസ്താവനക്കെതിരെ ശക്തമായ നിലപാടുമായി ആദ്യം രംഗത്തുവന്നത് കാശി സുമേരു പീഠത്തിലെ ശങ്കരാചാര്യര്‍ സ്വാമി നരേന്ദ്രാനന്ദ് സരസ്വതിയാണ്. പശുക്കളെ കൊല്ലുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണ് മോദിയുടെ പ്രസ്താവനയെന്ന് വിമര്‍ശിച്ച ശങ്കരാചാര്യര്‍, ഗോ രക്ഷകര്‍ക്കെതിരായ അദ്ദേഹത്തിന്‍െറ പരാമര്‍ശങ്ങളെയും തള്ളിക്കളഞ്ഞു. ഗോമാതാവിനുവേണ്ടി ജീവന്‍ ത്യജിക്കുന്നവരാണ് ഗോരക്ഷകര്‍. രാജ്യത്തെ അറവുശാലകള്‍ നിരോധിക്കുകയാണ് വേണ്ടത് -അദ്ദേഹം തുടര്‍ന്നു. ഒരു കാര്യം കൂടി ശങ്കരാചാര്യര്‍ പറഞ്ഞുവെച്ചിട്ടുണ്ട്.

‘ഇത് പശുക്കളുടെ രാജ്യമാണ്. അവ സംരക്ഷിക്കപ്പെടണം’ എന്നതാണത്.  മനുഷ്യരെ തല്ലിക്കൊന്ന് കെട്ടിത്തൂക്കുകയും നടുറോഡില്‍ തല്ലിച്ചതച്ച് വിഡിയോയില്‍ പകര്‍ത്തുകയുമൊക്കെ ചെയ്യുമ്പോള്‍ മിണ്ടാതിരുന്നവര്‍ പശുക്കളുടെ കാര്യത്തില്‍ കാണിക്കുന്ന അത്യാവേശം കണ്ടില്ളേ? വൈദിക സംസ്കാരത്തിന്‍െറ അതിവിചിത്ര വഴികളെക്കുറിച്ചാണ് അത് നമ്മെ ഓര്‍മിപ്പിക്കുന്നത്. നരേന്ദ്ര മോദി ഒരു ഭാഗത്ത് ദലിതരെ ഒപ്പം നിര്‍ത്താന്‍ വേണ്ടി നല്ല വാക്കുകള്‍ മൊഴിയുമ്പോള്‍ അപ്പുറത്ത് ബ്രാഹ്മണ്യ വരേണ്യത കുരുക്ക് മുറുക്കും. ഈ വൈരുധ്യം സംഘ്പരിവാര്‍ പ്രത്യയശാസ്ത്രം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ്. ഈ രാജ്യം, പശുക്കളുടേതും പശുക്കളെ വിശുദ്ധരായി കാണുന്ന അധീശ ന്യൂനപക്ഷത്തിന്‍േറതും മാത്രമല്ളെന്നും ഇവിടെ പാര്‍ക്കുന്ന അനേകകോടി മനുഷ്യരുടേത് കൂടിയാണെന്നുമുള്ള യഥാര്‍ഥ കാഴ്ചപ്പാടിലേക്ക് ഉയരുക എന്നതുമാത്രമാണ് പോംവഴി. അത്തരമൊരു ഉയര്‍ന്ന ചിന്തക്കേ രാജ്യത്തെ മുന്നോട്ട് നയിക്കാനാവുകയുള്ളൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.