2007 ഏപ്രിലില്‍ കോഴിക്കോട് മിഠായിത്തെരുവില്‍, പടക്കം പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തം വന്‍ ദുരന്തമായി കലാശിച്ചിരുന്നു. സംഭവത്തിന്‍െറ പിറ്റേന്ന് പുറത്തിറങ്ങിയ ഒരു മലയാള പത്രം ‘പിന്നില്‍ അട്ടിമറി’ എന്ന തലക്കെട്ടില്‍ ചോദ്യചിഹ്നസഹിതം വലിയൊരു വാര്‍ത്തയും നല്‍കി. പടക്കംപൊട്ടി തകര്‍ന്ന കടയുടെ ബീമുകള്‍ ഏതാനും വാര അകലെയുള്ള പാര്‍സി ക്ഷേത്ര മുറ്റത്ത് തെറിച്ചുവീണിരുന്നു. ഇത്രയും ദൂരത്ത് സിമന്‍റ് കഷണം തെറിച്ചുവീണിട്ടുണ്ടെങ്കില്‍, ഉപയോഗിക്കപ്പെട്ടത് ഉഗ്ര ശേഷിയുള്ള സ്ഫോടക വസ്തുതന്നെ; അതിനാല്‍, പിന്നില്‍ തീവ്രവാദികളാവാതിരിക്കാന്‍ തരമില്ല എന്ന മട്ടിലായിരുന്നു വാര്‍ത്ത. ആ നിലയില്‍ പ്രശ്നത്തെ കൊണ്ടുപോവാന്‍, പാരമ്പര്യമുള്ള ചില മാധ്യമങ്ങള്‍ ശ്രമിച്ചുനോക്കുകയും ചെയ്തു. മലയാളികളെ മുഴുവന്‍ വേദനിപ്പിച്ച കൊല്ലത്തെ വെടിക്കെട്ട് ദുരന്തത്തിന്‍െറ പശ്ചാത്തലത്തിലും സമാനമായ പ്രചാരണങ്ങള്‍ നടക്കുന്നതുകൊണ്ടാണ് പഴയ കോഴിക്കോട് സംഭവം ഓര്‍ത്തെടുത്തത്.
കൊല്ലത്തെ വെടിക്കെട്ട് മത്സരത്തിന് ജില്ലാ കലക്ടറും എ.ഡി.എമ്മും അനുമതി നിഷേധിച്ചിരുന്നു. നിയമപരമായി അതിന് അനുമതി നല്‍കാന്‍ കഴിയില്ളെന്ന ബോധ്യത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു അത്. എന്നാല്‍, പ്രസ്തുത രണ്ട് ഉദ്യോഗസ്ഥരും മുസ്ലിംകളായിപ്പോയി എന്നതിന്‍െറ പേരില്‍ അനുമതി നിഷേധത്തെ വര്‍ഗീയമായി കാണാനും പ്രചാരണം നടത്താനും സംഘാടകരും കൊല്ലത്തെ ചില രാഷ്ട്രീയ നേതാക്കളും ശ്രമിച്ചുവെന്നത് യാഥാര്‍ഥ്യമാണ്. വെടിക്കെട്ടിന് അനുമതി നേടിയെടുക്കാന്‍ അവര്‍ക്കു മേല്‍ വര്‍ഗീയ ചുവയുള്ള സമ്മര്‍ദങ്ങളുണ്ടായി എന്ന് ദ ഇന്ത്യന്‍ എക്സ്പ്രസ്, ദ ടെലഗ്രാഫ് തുടങ്ങിയ ദേശീയ പത്രങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഉദ്യോഗസ്ഥരുടെ മതം പറഞ്ഞ് സമ്മര്‍ദമുണ്ടാക്കി അവരുടെ തീരുമാനങ്ങളെ അട്ടിമറിക്കാനായിരുന്നു ശ്രമം. എന്നാല്‍, ദുരന്തം നടന്ന ശേഷം അതെക്കാള്‍ വിഷമയമായ വര്‍ഗീയ പ്രചാരണങ്ങള്‍ നടക്കുന്നുവെന്നതാണ് ഏറെ ദു$ഖകരം.
കൊല്ലം വെടിക്കെട്ട് ദുരന്തം നടന്ന ഉടനെ സംഘ്പരിവാര്‍ ബന്ധമുള്ള ചില ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ വന്ന കുറിപ്പുകള്‍ നേരത്തേതന്നെ വാര്‍ത്തയായതാണ്. സി.പി.എമ്മുകാരും മുസ്ലിം ജിഹാദികളും ചേര്‍ന്നൊപ്പിച്ച വേലയാണ് ഇതെന്നായിരുന്നു ഓണ്‍ലൈന്‍ സംഘികളുടെ പ്രചാരണം. ദുരന്തസ്ഥലത്ത് ക്രിസ്ത്യന്‍ മിഷനറിമാര്‍ ബൈബ്ള്‍ വിതരണം നടത്തുന്നുവെന്ന പ്രചാരണവും അവര്‍ നടത്തി. ദുരന്തശേഷമുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ മത-ജാതി ഭേദമന്യേ മാതൃകാപൂര്‍ണമായ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു. നമ്മുടെ സമൂഹത്തെക്കുറിച്ച ആഹ്ളാദകരമായ ചിന്തകള്‍ പങ്കുവെക്കുന്ന അനുഭവമായിരുന്നു അത്. എന്നാല്‍, അതിനുമേല്‍ ഇരുള്‍ വീഴ്ത്തുന്ന തരത്തിലുള്ള വൃത്തികെട്ട മനസ്സുകളുടെ പ്രചാരണവും മറുവശത്ത് നടക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. ആര്‍.ഡി.എക്സ് ഉപയോഗിക്കപ്പെട്ടുവെന്ന് സംശയിക്കുന്നുവെന്നും തീവ്രവാദ ബന്ധം അന്വേഷിക്കണമെന്നുമൊക്കെയുള്ള വാദങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്ക് ദുരുദ്ദേശ്യങ്ങളാണുള്ളത്. പ്രത്യേകിച്ച് തെളിവുകളുടെയോ സൂചനകളുടെയോ പിന്‍ബലമില്ളെങ്കിലും ഇതൊക്കെ പറഞ്ഞുകൊണ്ടിരുന്നാല്‍ സമൂഹത്തില്‍ സംശയങ്ങളും വെറുപ്പും ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്ന് അവര്‍ വിചാരിക്കുന്നു. അവര്‍ക്ക് അതിലൂടെ സങ്കുചിത രാഷ്ട്രീയം വളര്‍ത്താനും കഴിഞ്ഞേക്കും. പക്ഷേ, സംഘ്പരിവാര്‍ നേതാക്കളും അവരുടെ സോഷ്യല്‍ മീഡിയ വളന്‍റിയര്‍മാരും അത്തരം വാദങ്ങള്‍ ഉയര്‍ത്തുന്നത് മനസ്സിലാക്കാം. അവരുടെ സംസ്കാരത്തിന്‍െറ ഭാഗമാണത്. അതേസമയം, ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നുപോലും സമാനമായ വ്യംഗ്യാര്‍ഥ പ്രയോഗങ്ങള്‍ വരുന്നത് അപകടകരമാണ്.
വെടിക്കെട്ട് ഉപയോഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ ഹൈകോടതി വിധിയില്‍പോലും, സംഭവത്തിനു പിന്നില്‍ ദേശവിരുദ്ധ ശക്തികളുണ്ടോ എന്ന് അന്വേഷിക്കണം എന്ന് പറയുന്നുണ്ട്. കൊല്ലം സംഭവം എന്‍.ഐ.എ അന്വേഷിക്കണമെന്നാണ് സി.പി.എമ്മുകാരനായ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്‍.ഐ.എ അന്വേഷിക്കാറുള്ള കേസുകളുടെ സ്വഭാവം നമുക്കെല്ലാമറിയാം. അത്തരത്തിലുള്ള ഒന്നാണ് കൊല്ലം ദുരന്തം എന്നാണോ വി.എസ് വിചാരിക്കുന്നത്? സംഘ്പരിവാര്‍ നേതൃത്വത്തില്‍ ലവ് ജിഹാദ് ദുഷ്പ്രചാരണം കൊടുമ്പിരിക്കൊള്ളവെ അവരെയും കടത്തിവെട്ടുന്ന തരത്തില്‍ വി.എസ് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തി വിളിച്ചു പറഞ്ഞ കാര്യങ്ങള്‍ നമ്മുടെ ഓര്‍മയിലുണ്ട്. അന്ന് ഓര്‍ക്കാപ്പുറത്ത് കിട്ടിയ ചാകരപോലെ ആര്‍.എസ്.എസ് ക്യാമ്പുകള്‍ അത് ആഘോഷിച്ചിരുന്നു. എന്‍.ഐ.എ അന്വേഷണം വേണമെന്ന് വി.എസിന്‍െറ പുതിയ ആവശ്യവും വര്‍ഗീയ കേന്ദ്രങ്ങള്‍ നല്ലപോലെ ആഘോഷിക്കുന്നുണ്ട്.
അകം കൊളുത്തിവലിക്കുന്ന വേദനയായി കൊല്ലം ദുരന്തം നാമെല്ലാം പങ്കുവെക്കുന്നുണ്ട്. അവിടെ ചിന്നിച്ചിതറിയ മനുഷ്യശരീരങ്ങള്‍ നമ്മെ കണ്ണീരിലാഴ്ത്തുന്നു. അതേസമയം, മനുഷ്യ സമൂഹത്തെതന്നെ ചിന്നിച്ചിതറിക്കുന്ന പരുവത്തിലുള്ള മതാന്ധതയുടെ പ്രചാരണങ്ങള്‍ കൂടുതല്‍ അപകടകരമാണ്. അതിനെതിരായ ജാഗ്രതകള്‍ മറ്റേത് ദുരന്തത്തിനെതിരെ കാണിക്കുന്ന ജാഗ്രതയെക്കാളും പ്രധാനമാണ്. മനസ്സില്‍ വിഷം കൊണ്ടുനടക്കുന്നവരുടെ പ്രചാരണങ്ങള്‍ക്ക് ആരും വളംവെച്ചുകൊടുക്കരുത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും ഭരണനേതൃത്വവും അതില്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തണം. ഉത്തരവാദപ്പെട്ട ഇടതുപക്ഷ നേതാവുപോലും അത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് വളംവെക്കുമ്പോള്‍ സാംസ്കാരിക സമൂഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. നാമെങ്ങോട്ട് ഈ സമൂഹത്തെ കൊണ്ടുപോവുന്നു എന്ന് എല്ലാവരും സത്യസന്ധമായി ആലോചിക്കുന്നത് നല്ലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.