ഭാരതീയ ജനതാപാര്‍ട്ടിയുടെ 36 ാം ജന്മദിനം ബുധനാഴ്ച കൊണ്ടാടിയപ്പോള്‍ പാര്‍ട്ടിയുടെ വളര്‍ച്ചയെക്കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും വലിയ അവകാശവാദങ്ങള്‍ മുന്നോട്ടുവെച്ചത്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും കച്ച് മുതല്‍ അരുണാചല്‍ വരെയുമുള്ള ജനങ്ങള്‍ പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണെന്നാണ് മോദി അവകാശപ്പെട്ടത്. 1951ല്‍ 11 പേരുമായി ആരംഭിച്ച ജനസംഘം ഇന്ന് 11 കോടി പ്രവര്‍ത്തകരുള്ള പ്രസ്ഥാനമായി വളര്‍ന്നിട്ടുണ്ടെന്നാണ് അമിത്ഷായുടെ വാദം. ബി.ജെ.പിയുടെ കേന്ദ്രത്തിലെ അധികാരലബ്ധിയോടെ പാര്‍ട്ടി വളര്‍ച്ചയുടെ പടവുകള്‍ താണ്ടിക്കഴിഞ്ഞുവെന്ന് നേതാക്കള്‍ കരുതുന്നുണ്ടെന്നാണ് ഇവരുടെ വാക്കുകളില്‍നിന്ന് വായിച്ചെടുക്കേണ്ടത്. എന്നാല്‍, യാഥാര്‍ഥ്യമെന്താണ്? മെമ്പര്‍ഷിപ്പ് കാമ്പയിന്‍െറ ഭാഗമായി ഓണ്‍ലൈനിലൂടെയും മിസ്ഡ് കോളിലൂടെയും അംഗത്വമെടുത്തുവെന്ന് അനുമാനിച്ചുകൊണ്ടുള്ള ഒരു സാങ്കല്‍പിക കണക്കിന്‍െറ പുറത്തല്ളേ 11 കോടി അംഗബലത്തെക്കുറിച്ച് അമിത് ഷാ ഊറ്റം കൊള്ളുന്നത്? 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം ലഭിച്ചെങ്കിലും 33 ശതമാനമായിരുന്നു വോട്ട് വിഹിതം. മൂന്നില്‍ രണ്ട് സംസ്ഥാനങ്ങളിലും ഇപ്പോഴും ബി.ജെ.പി ഇതര പാര്‍ട്ടികളാണ് ഭരിക്കുന്നത്. ഏറ്റവുമൊടുവില്‍ തെരഞ്ഞെടുപ്പ് നടന്ന ബിഹാറിലും ഡല്‍ഹിയിലുമെല്ലാം ജനം താമരയെ കൈവെടിഞ്ഞതാണ് കണ്ടത്.
ഇന്ത്യയുടെ ഭരണം കൈക്കലാക്കുക എന്നത് നിസ്സാര നേട്ടമല്ളെങ്കിലും ഒരു രാഷ്ട്രീയപ്രസ്ഥാനം എന്ന നിലയില്‍ ദേശീയതലത്തില്‍ ബി.ജെ.പിയുടെ സ്ഥാനമെന്തെന്നും അതിന്‍െറ സൈദ്ധാന്തിക അടിത്തറ എത്ര ഭദ്രമാണെന്നും ആത്മവിചിന്തനം നടത്താന്‍ സ്ഥാപകദിനം കൊണ്ടാടുന്ന വേളയിലെങ്കിലും പാര്‍ട്ടി നേതൃത്വം മുന്നോട്ടുവന്നിരുന്നെങ്കില്‍ എന്ന് ആശിക്കുന്നവരുണ്ടാവാം. 1951ല്‍ നെഹ്റുവിനോട് തെറ്റിപ്പിരിഞ്ഞ് ഭാരതീയ ജനസംഘം എന്ന രാഷ്ട്രീയവേദിക്ക് രൂപം നല്‍കുമ്പോള്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിക്ക് പ്രചോദനമായത് അന്നത്തെ ആര്‍.എസ്.എസ് തലവന്‍ എം.എസ് ഗോള്‍വല്‍ക്കര്‍ ആയിരുന്നു. പ്രചാരകുകളായ എ.ബി. വാജ്പേയിയെയും എല്‍.കെ. അദ്വാനിയെയും രാഷ്ട്രീയനിയോഗത്തിനു വിട്ടുകൊടുക്കുമ്പോള്‍ നെഹ്റുവിന്‍െറ കോണ്‍ഗ്രസിനു ബദലായ ഒരു രാഷ്ട്രീയപാര്‍ട്ടിയെയായിരുന്നു സംഘ്പരിവാര്‍ നേതൃത്വം സ്വപ്നം കണ്ടത്. എന്നാല്‍, 1975ല്‍ ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതുവരെ ജനസംഘം ദേശീയരാഷ്ട്രീയത്തില്‍ പൂര്‍ണമായി ഒറ്റപ്പെട്ടു എന്ന് മാത്രമല്ല, ജനകീയാടിത്തറ വ്യാപിപ്പിക്കുന്നതില്‍ പൂര്‍ണമായി പരാജയപ്പെടുകയും ചെയ്തു.
അടിയന്തരാവസ്ഥയില്‍ ജയപ്രകാശ് നാരായണന്‍ തുടങ്ങിവെച്ച സമൂലവിപ്ളവത്തിന്‍െറ വിളിയാളം കേട്ട് ഇതര പാര്‍ട്ടികളുമായി യോജിച്ചുപ്രവര്‍ത്തിക്കാന്‍ ഉല്‍സുകരായതുതന്നെ മുഖ്യധാരയില്‍ ഇടം കണ്ടത്തൊനുള്ള തന്ത്രത്തിന്‍െറ ഭാഗമായിരുന്നു. ജനതാപാര്‍ട്ടി പരീക്ഷണം ഹ്രസ്വകാലംകൊണ്ടുതന്നെ പരാജയമാക്കിയെടുക്കുന്നതില്‍ ആര്‍.എസ്.എസിന്‍െറ ഇടപെടലാണ് മുഖ്യ പങ്കുവഹിച്ചത്. ദ്വയാംഗത്വ പ്രശ്നം രൂക്ഷതരമാവുകയും ഒന്നിച്ചുപോവാന്‍ സാധ്യമല്ളെന്ന് സോഷ്യലിസ്റ്റ് ഗ്രൂപ്പിന് ബോധ്യം വരുകയും ചെയ്തപ്പോള്‍ 1980ല്‍ പുറത്തേക്ക് വന്ന ജനസംഘക്കാരാണ് ബി.ജെ.പിക്ക് ബീജാവാപം നല്‍കുന്നത്. 1984വരെ രണ്ടു എം.പിമാരില്‍ ഒതുങ്ങിനിന്ന പാര്‍ട്ടിക്ക് പിന്നീട് ജനകീയാടിത്തറ വികസിപ്പിക്കാനുള്ള അവസരം കൈവന്നത് സന്യാസിമാരും മറ്റും തുടങ്ങിവെച്ച രാമജന്മഭൂമി പ്രക്ഷോഭത്തിലൂടെയാണ്. സാമുദായികധ്രുവീകരണത്തില്‍ ഭാവി കണ്ടത്തെിയ ബി.ജെ.പി രാമക്ഷേത്രനിര്‍മാണം മുഖ്യഅജണ്ടയായി എടുത്ത് വിഭാഗീയതയുടെയും വിദ്വേഷത്തിന്‍െറയും രാഷ്ട്രീയം പ്രചരിപ്പിക്കുകയായിരുന്നു. വാജ്പേയി സര്‍ക്കാര്‍ അഞ്ചുവര്‍ഷം ഭരിച്ചത് എന്‍.ഡി.എ എന്ന സംവിധാനത്തില്‍ 24 പാര്‍ട്ടികളുടെ പിന്‍ബലത്തിലായിരുന്നു. 2004ല്‍ ‘ഇന്ത്യ തിളങ്ങുമ്പോള്‍’ അധികാരം നഷ്ടപ്പെട്ട ബി.ജെ.പിക്ക് ഒന്നരപതിറ്റാണ്ട് വീണ്ടും കാത്തിരിക്കേണ്ടിവന്നു ഡല്‍ഹി സിംഹാസനത്തില്‍ ഉപവിഷ്ടരാവാന്‍.
നരേന്ദ്ര മോദിയുടെ അധികാരലബ്ധിപോലും ഭദ്രമായ ഒരു പാര്‍ട്ടിയുടെ അടിത്തറയില്‍ കെട്ടിപ്പൊക്കിയ രാഷ്ട്രീയസംഘടനാ സംവിധാനത്തിലൂടെ കൈവന്നതല്ല, പ്രത്യുത, സംഘ്പരിവാര്‍ ഘടകങ്ങള്‍ അഴിച്ചുവിട്ട ധ്രുവീകരണത്തിലൂടെ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരായ ജനരോഷം ചൂഷണം ചെയ്താണ്. ബി.ജെ.പി വളര്‍ന്നിട്ടുണ്ടെന്ന് ഇപ്പോഴത്തെ അധികാരാശ്ളേഷം സമര്‍ഥിക്കുന്നില്ല. പാര്‍ട്ടിയുടെ എടുത്തുപറയേണ്ട പോരായ്മ, 37ന്‍െറ യൗവനത്തിലും അതിനു ആര്‍.എസ്.എസ് എന്ന അമ്മയുടെ മടിത്തട്ടില്‍നിന്ന് താഴെ ഇറങ്ങിവന്ന് സ്വന്തമായൊരു സ്വത്വമോ വ്യക്തിത്വമോ കരുപ്പിടിപ്പിക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ്. എന്നല്ല, മാതൃസംഘടന പാര്‍ട്ടിയെ പൂര്‍ണമായും വിഴുങ്ങിയ മട്ടാണ്. കേന്ദ്രനേതൃത്വത്തിലേക്കുള്ള മോദിയുടെ ആഗമനത്തോടെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനിയും മുരളീമനോഹര്‍ ജോഷിയുമൊക്കെ നിഷ്പ്രഭരായത് പാര്‍ട്ടി കടന്നുപോയ പരിണാമത്തിന്‍െറ തീവ്രതയാണ് വിളിച്ചുപറഞ്ഞത്. ഇന്ത്യന്‍ സാമൂഹിക, മത, സാഹചര്യം ആര്‍.എസ്.എസ് കടിഞ്ഞാണ്‍ പിടിക്കുന്ന ഒരു രാഷ്ട്രീയപരീക്ഷണത്തിന്‍െറ ഭാവി എത്ര കണ്ട് ശുഭകരമാക്കുമെന്ന് ആത്മാര്‍ഥമായി ചിന്തിക്കേണ്ടത് അതിന്‍െറ നേതൃത്വമല്ലാതെ മറ്റാരുമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.