പി.എ.സിയുടെ കൊടുംക്രൂരതക്ക് ഒരു സാക്ഷ്യപത്രം കൂടി

25 വര്‍ഷംമുമ്പ് യു.പിയിലെ കുപ്രസിദ്ധ പൊലീസ് സേനയായ പി.എ.സി (പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി) നടത്തിയ അതിക്രൂരമായ വ്യാജ ഏറ്റുമുട്ടല്‍ കൊലയില്‍ പ്രതികളായ 47 പൊലീസുദ്യോഗസ്ഥന്മാര്‍ക്ക് ലഖ്നോയിലെ ഒരു പ്രത്യേക സി.ബി.ഐ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ച സംഭവം നമ്മുടെ സുരക്ഷാസേന നിരന്തരം തുടരുന്ന അത്യാചാരങ്ങളിലേക്ക് ഒരിക്കല്‍കൂടി രാജ്യത്തിന്‍െറ ശ്രദ്ധക്ഷണിക്കുന്നതാണ്. ഖലിസ്ഥാന്‍ തീവ്രവാദ ആക്രമണങ്ങളാല്‍ പഞ്ചാബ് കലുഷമായിരുന്ന കാലത്ത്, 1991 ജൂലൈ 12ന് നേപ്പാള്‍ അതിര്‍ത്തിയിലെ യു.പി ജില്ലയായ പിലിബിറ്റില്‍നിന്ന് മഹാരാഷ്ട്രയിലെ ഗുരുദ്വാരകളിലേക്ക് 25 സിഖ് തീര്‍ഥാടകസംഘത്തെ കൊണ്ടുപോവുകയായിരുന്ന ബസ് വഴിയില്‍ തടഞ്ഞുനിര്‍ത്തിയ പി.എ.സി സംഘം, അവരിലെ സ്ത്രീകളെയും കുട്ടികളെയും മാത്രം ബസിലിരുത്തി അവശേഷിച്ച 10 പുരുഷന്മാരെയും ഇറക്കിക്കൊണ്ടുപോവുകയും പിന്നീട് പിലിബിറ്റിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളിലായി അവരെ പങ്കുവെച്ച് നിഷ്കരുണം വെടിവെച്ച് കൊല്ലുകയുമായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അപ്പോള്‍തന്നെ പൊലീസ് സംസ്കരിക്കുകയും ചെയ്തു. പതിവുപോലെ കൊല്ലപ്പെട്ടവര്‍ ഭീകരരും ക്രിമിനലുകളുമായിരുന്നുവെന്നും അവരില്‍നിന്ന് ആയുധങ്ങളും വെടിമരുന്നുകളും പിടിച്ചെടുത്തുവെന്നുമായിരുന്നു പൊലീസിന്‍െറ അവകാശവാദം.

എന്നാല്‍, പ്രമോഷനും അംഗീകാരവും ലക്ഷ്യമിട്ട് ഉന്നത പൊലീസുകാര്‍ ഉള്‍പ്പെട്ട പി.എ.സി സംഘം നടത്തിയ വ്യാജ ഏറ്റുമുട്ടലിന്‍െറ വിശദാംശങ്ങള്‍ അടുത്ത ദിവസം തന്നെ ടൈംസ് ഓഫ് ഇന്ത്യയുടെ ലേഖകന്‍ അജയ് സിങ് പുറത്തുകൊണ്ടുവന്നതോടെ സംഭവം ദേശീയതലത്തില്‍ ഒച്ചപ്പാടായി. പാര്‍ലമെന്‍റില്‍ പ്രതിപക്ഷ ബഹളം കാരണം, എം.പിമാരുടെ സംഘത്തെ അന്വേഷണത്തിന് നിയോഗിക്കാമെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി എസ്.ബി. ചവാന് ഉറപ്പുനല്‍കേണ്ടിവന്നു. അതേസമയം, പിലിബിറ്റില്‍ കൊല്ലപ്പെട്ട സിഖുകാരില്‍ എട്ടുപേരും ഗുരുദാസ് ജില്ലയില്‍നിന്നുള്ള നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളികളാണെന്ന പൊലീസ് ഭാഷ്യമാണ് അന്ന് സര്‍ക്കാറിന് പാര്‍ലമെന്‍റിനെ അറിയിക്കാനുണ്ടായിരുന്നത്. പ്രഥമദൃഷ്ട്യാതന്നെ അവിശ്വസനീയമായ ഈ പൊലീസ് കള്ളങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് അടങ്ങിയിരുന്നാല്‍ യു.പിയിലെ ബി.ജെ.പി ഫാഷിസ്റ്റ് സര്‍ക്കാര്‍ പിന്തുടരുന്ന നയങ്ങളെ നിസ്സഹായരായി നോക്കിനില്‍ക്കാനേ കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാറിന് കഴിയൂ എന്ന് 1991 ജൂലൈ 23ന് ‘മാധ്യമം’ എഴുതിയ മുഖപ്രസംഗത്തില്‍ മുന്നറിയിപ്പ്് നല്‍കിയിരുന്നതാണ്. എന്നാല്‍, പിലിബിറ്റ് സംഭവത്തില്‍ സിഖുകാര്‍ക്കുവേണ്ടി വാദിക്കുന്നവര്‍ ഭീകരരുടെ വക്താക്കളാണെന്ന് കുറ്റപ്പെടുത്തുകയാണ് ബി.ജെ.പി ഉപാധ്യക്ഷന്‍ കൃഷ്ണലാല്‍ ശര്‍മ അന്ന് ചെയ്തത്.

കാല്‍നൂറ്റാണ്ട് പിന്നിട്ടപ്പോള്‍ രാജ്യം എത്തിനില്‍ക്കുന്ന അവസ്ഥ എല്ലാവരുടെയും മുന്നിലുണ്ട്. കോണ്‍ഗ്രസിന്‍െറ നട്ടെല്ലില്ലായ്മയും മൃദുഹിന്ദുത്വ പരീക്ഷണവും സുരക്ഷാസേനയെ വര്‍ഗീയമുക്തമാക്കുന്നതില്‍ കാണിച്ച കുറ്റകരമായ അലംഭാവവുമെല്ലാം ചേര്‍ന്ന് ഇന്ത്യയത്തെന്നെ ഫാഷിസ്റ്റ് കാലുകള്‍ക്കടിയിലത്തെിച്ചിരിക്കുകയാണ്. പട്ടാളത്തിന്‍െറയോ പൊലീസിന്‍െറയോ അത്യാചാരങ്ങളെക്കുറിച്ച് സംസാരിക്കുന്നതുപോലും രാജ്യദ്രോഹവും ദേശീയ വിരുദ്ധതയുമായി മുദ്രകുത്തപ്പെടുന്ന അന്തരീക്ഷമാണ് നിലവില്‍വന്നിരിക്കുന്നത്. പക്ഷേ, അത്തരക്കാരെയെല്ലാം ഉത്തരംമുട്ടിക്കുന്നതാണ് ഏറെ വൈകിയാണെങ്കിലും പുറത്തുവന്ന പ്രത്യേക സി.ബി.ഐ കോടതിയുടെ വിധി. സിഖ് തീര്‍ഥാടക സംഘത്തെ അന്നുകൊണ്ടുപോയിരുന്ന ബസ് ഡ്രൈവര്‍ മുശര്‍റഫിന്‍െറ ഹൃദയം പിളര്‍ക്കുന്ന ദൃക്സാക്ഷി വിവരണം മാത്രം മതിയായിരുന്നു എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് വ്യക്തമാവാന്‍.

ഒടുവില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍മൂലമാണ് കേസന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നതുതന്നെ. അന്വേഷണത്തിനൊടുവില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ 47 പൊലീസുദ്യോഗസ്ഥന്മാര്‍ക്കെതിരെ കേസെടുത്തപ്പോഴും വന്‍തോക്കുകള്‍ രക്ഷപ്പെട്ടുവെന്ന് മാത്രമല്ല, അവരിന്നും ഉന്നതസ്ഥാനങ്ങളില്‍ വിരാജിക്കുകയാണ്. സി.ബി.ഐയുടെ അന്വേഷണ ഉദ്യോഗസ്ഥന്‍ പൂര്‍ണ സ്വതന്ത്രനായിരുന്നില്ളെന്നും നിരന്തരമായി മേലുദ്യോഗസ്ഥരുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളും തേടേണ്ട സ്ഥിതിയിലായിരുന്നെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഗൂഢാലോചനയില്‍ പങ്കാളികളായ പ്രമുഖര്‍ പ്രതിപ്പട്ടികയിലില്ളെന്നും കോടതിവിധിയില്‍ ചൂണ്ടിക്കാട്ടുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം വീതം പിഴസംഖ്യയായി പ്രതികളില്‍നിന്ന് ഈടാക്കണമെന്നും വിധിയിലുണ്ട്.

ഇപ്പോള്‍ ഭരിക്കുന്ന സമാജ്വാദി സര്‍ക്കാര്‍ നീതിയുടെയും മതേതരത്വത്തിന്‍െറയും പക്ഷത്താണ് നിലയുറപ്പിച്ചിട്ടുള്ളതെങ്കില്‍ പി.എ.സി അടക്കമുള്ള സുരക്ഷാ സേനയെ സത്വരമായി ശുദ്ധീകരിക്കാനും അവര്‍ഗീയവത്കരിക്കാനും പുന$സംഘടിപ്പിക്കാനും അമാന്തിക്കരുത്. മനുഷ്യത്വമോ നീതിബോധമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത ക്രിമിനലുകളെ ക്രമസമാധാനപാലനച്ചുമതല ഏല്‍പിച്ചാല്‍ എന്തു സംഭവിക്കുമെന്നതിന് ഒട്ടനവധി ഉദാഹരണങ്ങളില്‍ ഒന്നുമാത്രമാണ് പിലിബിറ്റ് സംഭവം. ഇന്ത്യയിലെ ഏറ്റവും സംഘടിതമായ ക്രിമിനലുകളാണ് പൊലീസ് എന്ന അപഖ്യാതി മാറ്റിയെടുത്തേ പറ്റു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.