ബാങ്കിലെ ഇടപാടുകാര്‍ക്ക് ബാങ്ക് ജീവനക്കാരുടെ സഹായമില്ലാതെ പണമിടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന എ.ടി.എം എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഓട്ടോമാറ്റഡ് ടെല്ലര്‍ മെഷീനിന്‍െറ ആദ്യരൂപം നിര്‍മിച്ച അമേരിക്കന്‍ ബിസിനസുകാരനായ ലൂതര്‍ ജോര്‍ജ് സിംജിയന്‍ ഇന്ത്യയില്‍ അതിന്‍െറ സംരക്ഷണത്തെപ്പറ്റിയും മറ്റും ഓര്‍ത്തുകാണില്ല. എ.ടി.എം തകര്‍ത്തും രഹസ്യകോഡ് ഉപയോഗിച്ചും മറ്റും കോടികളാണ് പലയിടത്തുമായി മോഷ്ടിക്കപ്പെടുന്നത്. പാസ്വേഡ് ഉപയോഗിച്ചുള്ള കവര്‍ച്ചക്ക് കേരളത്തിലെ അടുത്തകാലത്തെ ഉദാഹരണങ്ങളാണ് കാസര്‍കോടും തൃശൂരും നടന്ന സംഭവങ്ങള്‍. രണ്ടിടത്തുമുണ്ടായ എ.ടി.എം കവര്‍ച്ചയില്‍ പിടിയിലായത് പണം നിക്ഷേപിക്കുന്നതിന് കരാറിലേര്‍പ്പെട്ട സ്വകാര്യ ഏജന്‍സികളിലെ ജീവനക്കാരും അവരുമായി ബന്ധമുള്ളവരും. ഇന്ത്യയിലെ എ.ടി.എമ്മുകളില്‍ പകുതിയിലധികം തീര്‍ത്തും സുരക്ഷിതമല്ലാത്ത അവസ്ഥയിലത്രെ. ഇവയില്‍ സി.സി.ടി.വി സ്ഥാപിക്കുകയോ കാവല്‍ക്കാരെ നിയോഗിക്കുകയോ ചെയ്തിട്ടില്ല.
ലൂതര്‍ ജോര്‍ജ് സിംജിയന്‍ 1939ല്‍ സ്ഥാപിച്ച എ.ടി.എം ഏറെക്കാലം നീണ്ടുനിന്നില്ല. ആറുമാസത്തിനകം അത് നീക്കംചെയ്യപ്പെട്ടു. പ്രവര്‍ത്തനക്ഷമത കുറവുമൂലം ജനങ്ങളുടെ അതിനോടുള്ള ആഭിമുഖ്യം കുറഞ്ഞതായിരുന്നു കാരണം. തുടര്‍ന്ന്, ലൂതര്‍ ജോര്‍ജ് കണ്ടുപിടിച്ച മാതൃകയില്‍ പല പരിഷ്കാരങ്ങളും വന്നു. 1967ല്‍ സ്കോട്ലന്‍ഡ് കാരനായ ജോണ്‍ ഷെപ്പേര്‍ഡ് ബാരന്‍ രൂപംകൊടുത്ത ഇലക്ട്രോണിക് യന്ത്രത്തില്‍ സ്വീകാര്യതതോന്നിയ ബാര്‍കൈ്ളവ് ബാങ്ക് ലണ്ടനില്‍ എ.ടി.എം സ്ഥാപിക്കുകയും ചെയ്തു. ആദ്യമായാണ് ഒരു ബാങ്കിങ് സ്ഥാപനം ഇങ്ങനെ എ.ടി.എം സ്ഥാപിക്കുന്നത്. ഈ രംഗത്ത് പരിഷ്കരണങ്ങള്‍ തുടരുകയും നെറ്റ്വര്‍ക് ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിക്കുന്ന എ.ടി.എമ്മുകള്‍ ആവിഷ്കരിക്കുകയുമുണ്ടായി. എച്ച്.എസ്.ബി.സി (ഹോങ്കോങ് ആന്‍ഡ് ഷാങ്ഹായ് ബാങ്കിങ് കോര്‍പറേഷന്‍) ആണ് ഇന്ത്യയില്‍ എ.ടി.എം ആദ്യം സ്ഥാപിച്ചത് -1987ല്‍ അവരുടെ മുംബൈ ബ്രാഞ്ചില്‍. ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിലീസ്റ്റ് 1992ല്‍ തിരുവനന്തപുരത്ത് സ്ഥാപിച്ചതാണ് കേരളത്തിലെ ആദ്യത്തെ എ.ടി.എം. ലോകത്ത് 3.5 ദശലക്ഷം എ.ടി.എം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഇന്ത്യയില്‍ ഇന്ന് പൊതുമേഖല, സ്വകാര്യ ബാങ്കുകളുടേതായി 1,75,000 എ.ടി.എമ്മുകളുണ്ട്. എ.ടി.എം സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനപ്രദമാണ്. സേവനരംഗത്ത് ഈ യന്ത്രം ഒരു വിപ്ളവം തന്നെ സൃഷ്ടിച്ചിരിക്കുന്നു. സംഖ്യാ പരിധിക്കകത്തുള്ള ഇടപാടുകള്‍ക്കായി ബാങ്കില്‍ കാത്തിരിക്കേണ്ടതില്ളെന്നുതന്നെ അതില്‍ മുഖ്യം.
രഹസ്യ കോഡുപയോഗിച്ച് പണം മോഷ്ടിച്ചെന്ന വാര്‍ത്ത വന്നതോടെ എ.ടി.എം ശൃംഖല തന്നെ സുരക്ഷിതമല്ലാത്ത അവസ്ഥയിലായിരിക്കുന്നു. കാവല്‍ക്കാരില്ലാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എ.ടി.എമ്മില്‍നിന്ന് പണം ഏതുസമയവും നഷ്ടപ്പെടാമെന്ന ആശങ്കയാണുയരുന്നത്. ഇന്ത്യയിലെ എ.ടി. എമ്മുകള്‍ ഓരോന്നും 25 മുതല്‍ 50 ലക്ഷം രൂപ വരെ നിക്ഷേപശേഷിയുള്ളവയാണത്രെ. ഓരോന്നിലും ശരാശരി 20 ലക്ഷം രൂപയുണ്ടാകാമെന്ന് കരുതിയാല്‍തന്നെ ഇന്ത്യയില്‍ നിലവിലുള്ള എ.ടി.എമ്മുകളിലെ നിക്ഷേപം മാത്തം 35000 കോടി വരും. ഇന്ത്യയിലെ പകുതിയിലധികം മെഷീനുകളും സുരക്ഷിതമല്ളെന്ന് കാണുമ്പോള്‍ സഹസ്രകോടികള്‍ അനാഥമായി കിടക്കുന്നെന്ന് മനസ്സിലാക്കേണ്ടിവരും. ഇങ്ങനെ കോടികള്‍ അരക്ഷിതമായി കിടക്കുന്നതിന്‍െറ മുഖ്യപ്രതികള്‍ കേന്ദ്രസര്‍ക്കാറും ബാങ്കുകളുമാണ്. മുമ്പ് എ.ടി.എമ്മുകളില്‍ പണം നിക്ഷേപിക്കുന്നതിന്‍െറ പൂര്‍ണ ഉത്തരവാദിത്തം ബാങ്കുകള്‍ക്കായിരുന്നു. ബാങ്കിലെ രണ്ട് ജീവനക്കാരുടെ ചുമതലയായിരുന്നു അതിന്‍െറ പ്രവര്‍ത്തനം. തന്മൂലം പരാതിയും ആശങ്കയുമുയര്‍ന്നിരുന്നില്ല. കേന്ദ്രസര്‍ക്കാറിന്‍െറയും ബാങ്കുകളുടെയും പുതിയ നയത്തിന്‍െറ ഭാഗമായി പണംതീരുന്ന മുറക്ക് നിക്ഷേപിക്കുന്നതിനുള്ള ജോലി സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കി. ബാങ്കിനും തങ്ങള്‍ക്കും അറിയാവുന്ന രഹസ്യ കോഡുപയോഗിച്ച് ഏത് സമയവും യന്ത്രംതുറക്കാനുള്ള സൗകര്യം അതുവഴി സ്വകാര്യ ഏജന്‍സികള്‍ക്ക് ലഭിച്ചു. ഇത് എ.ടി.എമ്മുകളിലുള്ള ബാങ്കുകളുടെ നിയന്ത്രണംതന്നെ ഇല്ലാതാക്കി. അവയുമായി ബന്ധപ്പെട്ട പരാതികളും വ്യാപകമായി. പലതില്‍ നിന്നും കള്ളനോട്ടുകള്‍ കിട്ടുന്നെന്ന പരാതിയും ഏറി. എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാനായി ബാങ്കുകളില്‍നിന്ന് കൈമാറുന്ന പണം നിക്ഷേപിക്കാതെ തിരിമറി നടത്തുന്നു, താല്‍പര്യമുള്ള എ.ടി.എമ്മുകളില്‍ മാത്രം പണം കൃത്യമായി നിറക്കുന്നു തുടങ്ങിയ പരാതികളും വര്‍ധിച്ചു.
സുരക്ഷിതത്വം നിലനിര്‍ത്താനും പരാതികള്‍ ഒഴിവാക്കാനും ഓട്ടോമാറ്റഡ് ടെല്ലര്‍ മെഷീനുകളുടെ നിയന്ത്രണം ബാങ്കുകള്‍ക്ക് തന്നെ നല്‍കുകയാണ് വേണ്ടത്്. എ.ടി.എം കവര്‍ച്ചയിലും കവര്‍ച്ചാശ്രമങ്ങളിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറും കടുത്ത ആശങ്ക പ്രകടിപ്പിക്കുകയുമുണ്ടായി. ഇടപാടുകാര്‍ ശ്രദ്ധിച്ചാലേ പ്രശ്നങ്ങള്‍ക്ക് കുറച്ചെങ്കിലും പരിഹാരം കാണാനാവൂ എന്നതാണ് ബാങ്ക് അധികൃതരുടെ വാദം. എ.ടി.എം കാര്‍ഡും രഹസ്യ നമ്പറും (പിന്‍) കൃത്യമായി സൂക്ഷിക്കുക, പണം പിന്‍വലിച്ചശേഷം രസീത് കൗണ്ടറില്‍ ഉപേക്ഷിക്കാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ബാങ്ക് അധികൃതര്‍ നല്‍കുന്നുണ്ട്. കവര്‍ച്ചയില്‍ ആശങ്ക പ്രകടിപ്പിച്ചതുകൊണ്ടോ കുറേ നിര്‍ദേശങ്ങള്‍ നല്‍കിയതുകൊണ്ടോ മാത്രമായില്ല. ഓട്ടോമാറ്റഡ് ടെല്ലര്‍ മെഷീനുകളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട ചുമതല ബാങ്കുകള്‍ക്കുണ്ട്. അവയുടെ സംരക്ഷണവും പണം നിക്ഷേപിക്കുന്ന ജോലിയും ബാങ്കുകള്‍ ഏറ്റെടുക്കണം. പണം നിക്ഷേപിക്കുന്നതിന് സ്വകാര്യ ഏജന്‍സികളുമായുള്ള കരാര്‍ തുടരുകയാണെങ്കില്‍ അവയെ കര്‍ശനമായി നിരീക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുകയുംവേണം. ബാങ്കിന്‍െറ പ്രധാന മൂലധനം വിശ്വാസ്യതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.