പ്രതിരാഷ്ട്രീയത്തിന്‍െറ വിപ്ലവനാമ്പുകള്‍

ചരിത്രം രചിക്കുന്നത് സേനാധിപരോ ചക്രവര്‍ത്തിമാരോ അല്ല, വെറും സാധാരണക്കാരായ മനുഷ്യരാണ്; അവരുടെ ലക്ഷ്യബോധവും ഇച്ഛാശക്തിയുമാണ്. മൂന്നാറിലെ സ്ത്രീത്തൊഴിലാളികള്‍ അത് തെളിയിച്ചു: രാഷ്ട്രീയക്കാരെയും ട്രേഡ് യൂനിയന്‍ നേതാക്കളെയും തീണ്ടാപ്പാടകലെ നിര്‍ത്തി സ്വന്തം പ്രതിരാഷ്ട്രീയം കെട്ടിപ്പടുത്തുകൊണ്ട്. ജീവിക്കാനുള്ള അവകാശം അവര്‍ സ്ഥാപിച്ചെടുത്തത്, പതിവു നിസ്സംഗതയോടെ ഉറക്കംനടിച്ച ഭരണകൂടത്തെ ചര്‍ച്ചയിലേക്ക് വലിച്ചിറക്കിക്കൊണ്ടുവന്നും മുതലാളിമാരുടെ അച്ചാരം വാങ്ങി തൊഴിലാളികളുടെ വിശ്വാസത്തെ വഞ്ചിച്ചുവന്ന സംഘടനാ നേതാക്കളെ പ്രകടമായ നിന്ദയാല്‍ പ്രഹരിച്ചുമാണ്. ഭരണപക്ഷ-പ്രതിപക്ഷ ഭേദമില്ലാതെ മുഖ്യധാരാ രാഷ്ട്രീയത്തിന്‍െറ കപടനാട്യങ്ങളെ അവര്‍ തള്ളി. അതിന് ബദലായി, ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ നയിക്കപ്പെടുന്ന പുതിയ ജനപക്ഷ രാഷ്ട്രീയത്തെ രൂപപ്പെടുത്തി. ഇതാകട്ടെ രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് ഇപ്പോള്‍ അലയടിക്കുന്ന പുതിയൊരു ജനപക്ഷ ആക്ടിവിസത്തിന്‍െറ തുടര്‍ച്ചയുമായി.

ഇതേസമയത്തുതന്നെയാണല്ളോ ബ്രിട്ടനില്‍ പാരമ്പര്യ രാഷ്ട്രീയത്തൊഴിലുകാരെ അമ്പരപ്പിച്ചുകൊണ്ട് പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയുടെ അമരത്ത് ജെറമി കോര്‍ബിന്‍ വന്‍ ജനപിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നാര്‍ പ്രക്ഷോഭം പ്രത്യേക വ്യക്തിയെ കേന്ദ്രീകരിച്ചായിരുന്നില്ല; ജെറമി  കോര്‍ബിന്‍േറത് വ്യക്തിഗത നിലപാടുകളുടെകൂടി വിജയമാണ്. ഒന്ന് തെരുവില്‍നിന്ന് പിടിച്ചെടുത്ത നേട്ടം; മറ്റേത് ബാലറ്റിലൂടെ സാധിച്ചത്. മൂന്നാര്‍ സമരക്കാര്‍ എന്തെങ്കിലും സിദ്ധാന്തത്തിന് ചുറ്റുമല്ല തങ്ങളുടെ പ്രക്ഷോഭത്തെ വാര്‍ത്തെടുത്തത്. ജറമി കോര്‍ബിനാകട്ടെ സാധാരണക്കാരന്‍െറ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചത് യുദ്ധവിരുദ്ധത, സ്ഥിതിസമത്വം, സാമൂഹിക നീതി തുടങ്ങിയ മൂല്യങ്ങള്‍ക്ക് പുറത്താണ്. ഇത്തരം വ്യത്യാസങ്ങളുണ്ടെങ്കിലും കേരളത്തിലെയും ബ്രിട്ടനിലെയും വിജയങ്ങള്‍ അതിജീവനത്തിനുവേണ്ടി സാധാരണക്കാര്‍ നേടിയതാണ്; രണ്ടും പാരമ്പര്യ രാഷ്ട്രീയക്കാരെ ഞെട്ടിക്കുന്നതാണ്; രണ്ടും രാജ്യാന്തരതലത്തില്‍ അങ്ങിങ്ങുമാത്രമായിട്ടാണെങ്കിലും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ജനപക്ഷ അടിയൊഴുക്കിനോട് ചേര്‍ന്നുനില്‍ക്കുന്നവയാണ്.

ജനകീയ പ്രശ്നങ്ങളില്‍നിന്ന് വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികളും സംഘടനകളും അകലുന്നതിലുള്ള അതൃപ്തി മൂന്നാര്‍ എല്ലാവരും കേള്‍ക്കെ പ്രഖ്യാപിച്ചുകഴിഞ്ഞു. നിസ്സഹായതയില്‍ കുരുക്കപ്പെട്ട തൊഴിലാളികളുടെ ഒത്തൊരുമക്ക് പിന്നില്‍ തീവ്രവാദികളെ കണ്ടത്തൊന്‍ ഇപ്പോള്‍ അധ്വാനിക്കുന്ന രാഷ്ട്രീയത്തൊഴിലുകാര്‍ ആദ്യം ചെയ്യേണ്ടത് ആ പാവങ്ങളുടെ പ്രശ്നം അറിയുന്നതിലും ഏറ്റെടുക്കുന്നതിലും തങ്ങള്‍ പരാജയപ്പെട്ടുവെന്ന് തുറന്നുസമ്മതിക്കുകയാണ്. തെരഞ്ഞെടുപ്പ് വരുമ്പോള്‍മാത്രം ജനങ്ങളെ കാണുന്നവരെ ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. ബ്രിട്ടനില്‍ ഇടതുപക്ഷമെന്ന് പറയുന്ന ലേബര്‍ പാര്‍ട്ടി സാധാരണക്കാരുടെ കാര്യം പറഞ്ഞ് ഭരണം നേടിക്കഴിഞ്ഞാല്‍ പിന്നെ ചെയ്യുക യാഥാസ്ഥിതിക കക്ഷിയെ തോല്‍പിക്കുന്ന മുതലാളിത്ത മനോഭാവം പുറത്തെടുക്കുകയാണ്. ടോണി ബ്ളെയറെപ്പോലുള്ള യുദ്ധഭ്രാന്തന്മാര്‍ ലേബറിന്‍െറ വിലാസത്തിലാണ് ഭരണംപിടിച്ചത്. ഇപ്പോള്‍ ജെറമി കോര്‍ബിന്‍ ചരിത്രത്തിലെ ഏറ്റവും കൂടിയ പിന്തുണയോടെ പ്രതിപക്ഷ പാര്‍ട്ടി നേതൃത്വത്തിലത്തെുന്നത് അത്തരം നയങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടാണ്. അഭയാര്‍ഥികള്‍ക്കായി നാടും വീടും മനസ്സും തുറന്നുവെക്കണമെന്നാണ് അദ്ദേഹത്തിന്‍െറ ആഹ്വാനം. യുദ്ധമല്ല, സമാധാനപരമായ ചര്‍ച്ചയാണ് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമെന്നും അദ്ദേഹം പറയുന്നു.

വിജയിച്ച മുല്ലപ്പൂ വിപ്ളവങ്ങള്‍ താമസിയാതെ ഹൈജാക് ചെയ്യപ്പെടുന്നതും നാം കാണുന്നു. ജനപക്ഷ രാഷ്ട്രീയത്തിന്‍െറ വിജയമായി ആഘോഷിക്കപ്പെട്ട ഡല്‍ഹി സംസ്ഥാനത്ത് കെജ്രിവാള്‍ സര്‍ക്കാര്‍ അതിവേഗം പാരമ്പര്യ രാഷ്ട്രീയത്തിന്‍െറ പകര്‍പ്പായി മാറുന്നതും, അങ്ങ് ഗ്രീസില്‍ ജനമുന്നേറ്റത്തിന്‍െറ തരംഗത്തിലേറി അധികാരത്തിലത്തെിയ സിപ്രാസ് ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിലേക്ക് പതിച്ചതും നാം കാണുന്നു. പക്ഷേ, പ്രായോഗികതയുടെപേരില്‍ ഇതൊക്കെ സംഭവിക്കുമ്പോഴും ജനങ്ങള്‍ അങ്ങിങ്ങായി കൊച്ചു കൊച്ചു വിജയങ്ങള്‍ നേടുന്നുണ്ട്. ഈ വിജയങ്ങള്‍ വര്‍ഗീയതയെയും വിഭാഗീയതയെയും മറികടന്ന് നേടിയവയാണ്. അക്രമം വെടിഞ്ഞ്, ചോരയൊഴുക്കാതെ നേടിയ ജനായത്ത വിജയങ്ങളാണവ. പാരമ്പര്യ രാഷ്ട്രീയക്കാര്‍ക്ക് ഇതില്‍ പാഠമുണ്ട്. വിഭാഗീയത ഉയര്‍ത്തിക്കാട്ടി വോട്ട് തട്ടുന്നതിലെയും മുദ്രാവാക്യങ്ങള്‍കൊണ്ട് അധികാരത്തിലേക്ക് വഴിവെട്ടുന്നതിലെയും സ്വാര്‍ഥത ജനങ്ങള്‍ അറിയുന്നുണ്ട്. സാമ്പത്തിക അസമത്വത്തിനും മനുഷ്യാവകാശലംഘനങ്ങള്‍ക്കും അനീതിക്കുമെതിരെ സംഘടിക്കാന്‍ ജനങ്ങള്‍ പാരമ്പര്യ രാഷ്ട്രീയക്കാരെ കാത്തുനില്‍ക്കുന്ന കാലം കഴിയുകയാണ്. തങ്ങളുടെ കഷ്ടപ്പാടുകള്‍ക്ക് പരിഹാരം കാണുന്ന ജോലി യൂനിയനുകളെ ഏല്‍പിക്കുന്ന കാര്യത്തില്‍ തൊഴിലാളികള്‍ വീണ്ടുവിചാരം നടത്തുന്നുണ്ട്. ജീവിതഭാരമകറ്റാന്‍ കുടുംബിനികള്‍ പുരുഷന്മാരെ കാത്തുകെട്ടിക്കിടക്കുന്ന രീതിയും മാറുകയാണ്. പ്രതിരാഷ്ട്രീയം ലോകത്ത് പുതിയ വരവറിയിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.