തെരുവുനായ്ക്കള്‍ കേരളം കീഴടക്കുമ്പോള്‍

‘അഹിംസ എന്ന മഹത്തായ ആശയത്തെക്കുറിച്ചുള്ള അജ്ഞതയാല്‍ നാം ചിലപ്പോഴെങ്കിലും ഹിംസയെ പ്രോത്സാഹിപ്പിക്കാറുണ്ട്. തെരുവുനായ്ക്കള്‍ക്ക് ആഹാരം കൊടുക്കുന്നത് പാപമാണ്. അവയെ കൊല്ലണമെന്ന നിയമമുണ്ടാവുകയാണെങ്കില്‍ നമുക്ക് മറ്റു നായ്ക്കളെ സംരക്ഷിക്കാനാകും. ഒരുപിടി തെരുവുനായ്ക്കളെ സംരക്ഷിക്കുന്നതിനുവേണ്ടി മാനവികതയെന്ന ഹൃദയത്തിന്‍െറ മഹത്തായ ഗുണത്തെ ഉപയോഗിച്ച് തീര്‍ക്കരുത്’
^ഗാന്ധിജി

1926ല്‍ അഹ്മദാബാദിലെ ഒരു തുണിമില്‍ വ്യവസായി അയാളുടെ ഫാക്ടറി കോമ്പൗണ്ടിലുണ്ടായിരുന്ന 60ഓളം തെരുവുനായ്ക്കളെ കൊന്ന സംഭവം വിവാദമായപ്പോഴാണ് ഗാന്ധിജി വിഷയത്തില്‍ ഇടപെട്ട് ‘യങ് ഇന്ത്യ’ പത്രത്തില്‍ ഇങ്ങനെ പ്രസ്താവിച്ചത്. രാഷ്ട്രപിതാവിന്‍െറ  ഈ നിലപാടിനെ നമ്മുടെ നാട്ടിലെ സാഹചര്യങ്ങള്‍ ഇപ്പോഴും  പ്രസക്തമാക്കുന്നുണ്ട്. കേരളം ഇന്ന് തെരുവുനായ്ക്കള്‍ കൈയടക്കിയിരിക്കുന്നുവെന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. തെരുവുകളിലും പാര്‍ക്കുകളിലും ആശുപത്രി മുറ്റങ്ങളിലും തുടങ്ങി ജനങ്ങളുടെ സൈ്വരവിഹാരത്തിന് തടസ്സമാകുകയും പലപ്പോഴും ജീവനുതന്നെ ഭീഷണിയാവുകയും ചെയ്യുന്ന തരത്തില്‍ തെരുവുനായ ശല്യം സംസ്ഥാനത്ത് രൂക്ഷമായിരിക്കുന്നു. ആളുകള്‍ക്ക് നായ്ക്കളുടെ കടിയേല്‍ക്കുന്നത്  നിത്യസംഭവമാണ്. തെരുവില്‍ മാത്രമല്ല, വീടകങ്ങളില്‍പോലും രക്ഷയില്ളെന്ന സ്ഥിതിയിലേക്കുവരെ കാര്യങ്ങള്‍ നീങ്ങിയിട്ടും അധികൃതര്‍ക്ക് ഒരനക്കവുമില്ല.
കഴിഞ്ഞ ഞായറാഴ്ച കോതമംഗലത്ത് ദേവനന്ദന്‍ എന്ന മൂന്നു വയസ്സുകാരന് നായയുടെ കടിയേറ്റത് വീടിന്‍െറ വരാന്തയില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ്.  നായ വരാന്തയില്‍നിന്ന് കുട്ടിയെ കടിച്ചുവലിച്ച് മുറ്റത്തേക്കിട്ട് വീണ്ടും കടിക്കുകയായിരുന്നുവത്രെ. ഗുരുതരമായി പരിക്കേറ്റ ദേവനന്ദന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ സംഭവത്തിന്‍െറ ഞെട്ടല്‍ മാറുംമുമ്പേ തൊട്ടടുത്ത ദിവസം മൂവാറ്റുപുഴയിലെ കാലാമ്പൂരില്‍നിന്ന് അടുത്ത വാര്‍ത്ത. അവിടെ അങ്കണവാടിയില്‍ കയറിയ നായ രണ്ടു കുഞ്ഞുങ്ങളെ കടിച്ചുകീറി. അങ്കണവാടി കെട്ടിടത്തിനു പുറത്ത് ജോലിചെയ്യുകയായിരുന്ന ഒരു സ്ത്രീയെയും നായ ആക്രമിച്ചു. ഈ കുട്ടികളും ഇപ്പോള്‍ ആശുപത്രിയിലാണ്. ദേവനന്ദന് കടിയേറ്റ സംഭവത്തില്‍ ബാലാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചതും ചികിത്സക്ക് മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചതുമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ കാര്യമായ നടപടികള്‍. പക്ഷേ, തെരുവുനായ ശല്യം എന്ന സാമൂഹിക പ്രശ്നം അപ്പോഴും അവശേഷിക്കുകയാണ്.  
കോതമംഗലത്തെയും മൂവാറ്റുപുഴയിലെയും സംഭവങ്ങള്‍ ഒറ്റപ്പെട്ടതാണെന്ന് കരുതാന്‍ വയ്യ. കഴിഞ്ഞ ഏഴ് മാസത്തിനിടെ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം അരലക്ഷം കവിഞ്ഞുവെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഒരു വര്‍ഷം രണ്ടരക്കോടി പേര്‍ക്കാണ് നായയുടെ കടിയേല്‍ക്കുന്നത്. അഥവാ, തെരുവുനായയുടെ ആക്രമണത്തിനിരയാകുന്നവരില്‍ കാല്‍ഭാഗവും കേരളത്തില്‍നിന്നാണ്. കടിയേല്‍ക്കുന്നവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഈ വര്‍ഷം ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. മുന്‍വര്‍ഷങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. 2013ല്‍ 1.3 ലക്ഷംപേരും 2014 ല്‍ 1.19 ലക്ഷം പേരും നായ്ക്കളുടെ കടിയേറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കത്തെിയിട്ടുണ്ട്. 2013ല്‍ 11 പേര്‍ മരിക്കുകയും ചെയ്തു.
ഇത്രയും ഭീകരമായ സാഹചര്യം സംസ്ഥാനത്ത്  നിലനില്‍ക്കുമ്പോഴും നമ്മുടെ സര്‍ക്കാര്‍ എന്തെടുക്കുകയാണ്? കഴിഞ്ഞ ജൂലൈയില്‍ വിഷയത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ പേവിഷബാധയുള്ള പട്ടികളെ കൊന്നൊടുക്കണമെന്ന നിര്‍ദേശം വന്നു എന്നതല്ലാതെ കാര്യമായ ഒരു നടപടിയും ഉണ്ടായിട്ടില്ല. കടിയേറ്റ് ആശുപത്രിയിലത്തെുന്നവര്‍ക്ക് മതിയായ ചികിത്സ നല്‍കാന്‍പോലും സാധിക്കുന്നില്ളെന്നതാണ് വാസ്തവം. മിക്ക ആശുപത്രികളിലും പ്രാഥമികമായി നല്‍കേണ്ട  മരുന്നുപോലുമില്ല. ആന്‍റി റാബിസ് വാക്സിന്‍ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും എത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ല.
തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അടിയന്തരമായി നാം ആലോചിക്കേണ്ടതുണ്ട്. വന്ധ്യംകരണം ഒരു പരിഹാരമായി നിര്‍ദേശിക്കുന്നുണ്ടെങ്കിലും അതത്ര ശാസ്ത്രീയമല്ളെന്ന് കാണാനാകും. കൂടാതെ, അതിന് ചെലവും കൂടുതലാണ്. തെരുവില്‍ നായ്ക്കള്‍ അലഞ്ഞുനടക്കുന്ന സാഹചര്യമാണ് യഥാര്‍ഥത്തില്‍ ഇല്ലാതാക്കേണ്ടത്. വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് രജിസ്ട്രേഷനും ലൈസന്‍സും ഏര്‍പ്പെടുത്തുന്നതിലൂടെ നിയന്ത്രണം ഒരുപരിധിവരെ സാധ്യമാകും. തെരുവുനായ്ക്കളെ കൊന്ന്  മാംസമാക്കി ഭക്ഷിക്കുന്ന രാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും കയറ്റി അയക്കണമെന്ന നിര്‍ദേശം കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷനിലെ ഏതാനും അംഗങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, തെരുവുനായ്ക്കളെ കൊന്നുകൊണ്ടുള്ള ഒരു പരിഹാരവും വേണ്ടെന്ന കടുംപിടിത്തമാണ് നമ്മുടെ നാട്ടിലെ ചില ‘മൃഗസ്നേഹികള്‍’ക്കുള്ളത്. പട്ടിയോളം പ്രിയപ്പെട്ടതല്ല  ഇവരെ സംബന്ധിച്ച് മനുഷ്യജീവന്‍. വേണമെങ്കില്‍ പേപ്പട്ടികളെ കൊല്ലാം എന്ന് ഇവര്‍ പറയുന്നുണ്ട്. തെരുവുനായ്ക്കളില്‍ എങ്ങനെയാണ് പേപ്പട്ടികളെ  പ്രത്യേകം തിരിച്ചറിയുകയെന്നുകൂടി ഇക്കൂട്ടര്‍ പറഞ്ഞാല്‍ നന്ന്. ഈ മൃഗസ്നേഹികളുടെ മാതൃകാരാജ്യങ്ങളിലൊന്നും തെരുവുപട്ടികളെ  കാണാനാകില്ളെന്ന കാര്യവും ശ്രദ്ധേയമാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.