പീഡനത്തിന് ശിക്ഷ ഷണ്ഡീകരണം?

രാജ്യത്ത് ബാലികാ പീഡനങ്ങൾ ഭയാനകമായി വർധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ പീഡനക്കേസുകളിൽ ശിക്ഷിക്കപ്പെടുന്ന പ്രതികളെ ഷണ്ഡീകരണത്തിന് വിധേയമാക്കണമെന്ന് കേന്ദ്ര സർക്കാറിനോട് നിർദേശിച്ചിരിക്കുന്നു മദ്രാസ്​ ഹൈകോടതി. നിർദേശം പ്രാകൃതമായിത്തോന്നാമെങ്കിലും പ്രാകൃതമായ കുറ്റംചെയ്യുന്നവരെ പ്രാകൃതമായിത്തന്നെ ശിക്ഷിക്കണമെന്ന അഭിപ്രായമാണ് ജസ്​റ്റിസ്​ എൻ. കൃപാകരന്. കുറ്റവാളികളെ രാസവസ്​തുക്കൾ ഉപയോഗിച്ച് ഷണ്ഡീകരിക്കുന്നത് യു.എസ്​ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ  അനുവദിക്കപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2008–2014ൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ 2.4 ശതമാനം വർധിച്ചപ്പോൾ ഇപ്പോഴത് 400 ശതമാനമായി ഉയർന്നിട്ടുണ്ടത്രെ. ഒന്നും രണ്ടും വയസ്സ് മാത്രമുള്ള ശിശുക്കൾപോലും കാപാലികരുടെ മൃഗീയാക്രമണങ്ങൾക്കിരയായിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് ന്യായാധിപന്മാർ ഷണ്ഡീകരണം പോലുള്ള പ്രാകൃത ശിക്ഷാരീതികളെക്കുറിച്ച് ചിന്തിച്ചുപോവുക സ്വാഭാവികമാണ്. ഇന്ത്യയെ ആകെ ഞെട്ടിച്ച നിർഭയ വധത്തെ തുടർന്ന് കേന്ദ്ര സർക്കാർ കൊണ്ടുവന്ന കഠിനശിക്ഷാ നിയമമൊന്നും ബാലികാ പീഡനം തെല്ലുംകുറക്കാൻ പര്യാപ്തമായിട്ടില്ലെന്ന് മാത്രമല്ല തലസ്​ഥാനനഗരിയിൽതന്നെ അത്തരം ക്രൂരസംഭവങ്ങൾ ആവർത്തിച്ചുകൊണ്ടുമിരിക്കുന്നു. ഒരു സംസ്​ഥാനവും പീഡനക്കേസുകളിൽ നിന്നൊഴിവല്ല എന്നതാണ് വസ്​തുത. റിപ്പോർട്ട് ചെയ്യപ്പെടുന്ന സംഭവങ്ങൾ മാത്രമാണ് സർക്കാറിെൻറയും ജനങ്ങളുടെയും ശ്രദ്ധയിൽപെടുന്നതെന്നും ഓർക്കണം. ആരോരുമറിയാതെ ഇരുളിെൻറ മറവിലും ഗ്രാമാന്തരങ്ങളിലും ചേരിപ്രദേശങ്ങളിലും എത്രയെത്ര ലൈംഗികാതിക്രമങ്ങൾ നടക്കുന്നുണ്ടാവുമെന്ന് ഈഹിക്കാനേപറ്റൂ.
പക്ഷേ, ഷണ്ഡീകരണം മദ്രാസ്​ ഹൈകോടതി വിശ്വാസം പ്രകടിപ്പിച്ചപോലെ കുറ്റവാളികളെ പാഠംപഠിപ്പിക്കാനും ലൈംഗികാക്രമണ പ്രവണതയുള്ളവരെ പിന്തിരിപ്പിക്കാനും പര്യാപ്തമാവുമോ എന്നതാണ് കാതലായ പ്രശ്നം. കോടതി തന്നെ നിരീക്ഷിച്ചപോലെ ഇൻറർനെറ്റ്, സുഹൃത്തുക്കൾ, സിനിമ തുടങ്ങിയവയിലൂടെ അപൂർണവും അർധസത്യങ്ങൾ നിറഞ്ഞതുമായ വിവരങ്ങളാണ് യുവാക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. തീർച്ചയായും അവരുടെ അപഥസഞ്ചാരത്തിന് ഇത് ഹേതുവായിത്തീരുന്നുമുണ്ട്. കോടതി നിർദേശിച്ച ഹൈസ്​കൂൾതലം മുതൽക്കുള്ള ശാസ്​ത്രീയ ലൈംഗിക വിദ്യാഭ്യാസം കൗമാരക്കാരെയും യുവാക്കളെയും നേർവഴിക്ക് നയിക്കുന്നതിന് ഒരളവോളം പ്രയോജനപ്രദമാവാം. പക്ഷേ, നാട്ടിെൻറ പൊതു അന്തരീക്ഷം ധാർമികമായും സദാചാരപരമായും അങ്ങേയറ്റം ദുഷിക്കുകയും പരസ്യമായ അധാർമിക വൃത്തികൾക്കുപോലും സാംസ്​കാരിക ലോകത്തുനിന്നുതന്നെ പുരോഗമനത്തിെൻറ പേരിൽ പിന്തുണ ലഭിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ കേവലം ലൈംഗിക വിദ്യാഭ്യാസത്തിന് പ്രതിരോധിക്കാനാവുമോ ഈ ലൈംഗികാരാജകത്വത്തെ? സിനിമ, സാഹിത്യം, മാധ്യമങ്ങൾ എല്ലാം ലൈംഗികമയമാണ്. ഈ അരാജകത്വത്തിന് ഒരുവിധ നിയന്ത്രണവും നിയമംമൂലം ഏർപ്പെടുത്തിയിട്ടില്ലാത്ത സമൂഹങ്ങളിലും ബാലികമാർക്കും ബാലന്മാർക്കും നേരെയുള്ള പീഡനങ്ങൾ പെരുകിവരികയാണെന്ന് റിപ്പോർട്ടുകളും കണക്കുകളും വ്യക്തമാക്കുന്നു. ചില പരിഷ്കൃത രാജ്യങ്ങളിലാകട്ടെ 30–40 വർഷങ്ങൾ നീളുന്ന ജയിൽ ശിക്ഷപോലുമുണ്ട് ഇത്തരം കുറ്റങ്ങൾക്ക്. എന്നിട്ടെന്ത് ഫലം? സ്​ഥിതി ഇതായിരിക്കെ ഷണ്ഡീകരണ ശിക്ഷ ഇന്ത്യയിൽ നിയമമായാൽപോലും നന്നെക്കവിഞ്ഞാൽ ഷണ്ഡന്മാരുടെ എണ്ണം അൽപം വർധിക്കുമെന്നല്ലാതെ ഉദ്ദിഷ്ടഫലം പ്രതീക്ഷിക്കുന്നതിൽ അർഥമില്ല. യഥാസമയം യഥാവിധി കേസെടുക്കാനും കുറ്റാരോപിതരെ നീതിപീഠങ്ങൾക്ക് മുന്നിൽ കൊണ്ടുവരാനും യഥാർഥ സാക്ഷികളെ ഹാജരാക്കിയും ശാസ്​ത്രീയമായ തെളിവുകൾ സ്​ഥാപിച്ചും പ്രതികളെ ശിക്ഷിക്കാനും രാജ്യത്ത് നിലവിലുള്ള നീതിന്യായ സംവിധാനം തീർത്തും അപര്യാപ്തമായിരിക്കെ ശിക്ഷ മാത്രം കഠിനതരമാക്കുന്നത് വൃഥാവിലാണുതാനും.
ഈ സാഹചര്യത്തിൽ മദ്രാസ്​ ഹൈകോടതി വിധിക്കെതിരെ വിവിധ കേന്ദ്രങ്ങളിൽനിന്ന് എതിർപ്പുകളുയർന്നത് സ്വാഭാവികമാണ്. ബലാത്സംഗത്തിന് ഷണ്ഡീകരണം ഒരിക്കലും പ്രതിവിധിയല്ലെന്നാണ് പി.യു.സി.എൽ അഭിപ്രായപ്പെട്ടിരിക്കുന്നത്. അത്തരം ശിക്ഷകൾ നിലവിലുള്ള രാജ്യങ്ങളിൽ കുറ്റകൃത്യങ്ങൾ കുറക്കാനായിട്ടില്ലെന്നും അവർ ഓർമിപ്പിക്കുന്നു. നമ്മുടെ രാജ്യത്തെ പെൺകുട്ടികൾക്ക് ജീവനും മാനവും സംരക്ഷിച്ച് ജീവിക്കാവുന്ന അന്തരീക്ഷം എന്തുവിലകൊടുത്തും സൃഷ്ടിച്ചേ പറ്റൂ. അതിനുതകുന്ന കുറ്റമറ്റതും എന്നാൽ ഫലപ്രദവുമായ നടപടികളാണുണ്ടാവേണ്ടത്. നടപടികളിലേക്ക് കടക്കുമ്പോൾ പുരോഗമനത്തിെൻറയും സ്​ത്രീ–പുരുഷ സമത്വത്തിെൻറയുമൊക്കെ പേരുപറഞ്ഞ് ബഹളമുണ്ടാക്കുന്നവരോട്, എങ്കിൽ പീഡനങ്ങൾക്കറുതി വരുത്താനുള്ള പോംവഴികൾ നിങ്ങൾ നിർദേശിച്ചുതരൂ എന്ന് തിരിച്ചുചോദിക്കാതിരിക്കാനാവില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.