രാജ്യത്ത് സഹിഷ്ണുതയും അഭിപ്രായഭേദങ്ങള്‍ അംഗീകരിക്കാനുള്ള സന്നദ്ധതയും കുറഞ്ഞുവരുകയാണോയെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒരിക്കല്‍ക്കൂടി ആശങ്കപ്രകടിപ്പിച്ചിരിക്കുകയാണ്. അസുരന്മാരെ തിരിച്ചറിയണമെന്ന് മുന്നറിയിപ്പുനല്‍കിയ അദ്ദേഹം ഏതു സാഹചര്യത്തിലും മാനവികതയും ബഹുസ്വരതയും നിലനിന്നേ മതിയാവൂ എന്ന് ഉണര്‍ത്തുകയും ചെയ്തു. കൊല്‍ക്കത്തയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവേ 5000 സംവത്സരങ്ങള്‍ പഴക്കമുള്ള ഇന്ത്യന്‍സംസ്കാരം ഇത്രയുംകാലം നിലനിന്നത് പ്രധാനമായും സഹിഷ്ണുതയും ഭിന്നാഭിപ്രായങ്ങള്‍ പൊറുപ്പിക്കാനുള്ള മനസ്സുംമൂലമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. രാഷ്ട്രപതിയെക്കൊണ്ട് വീണ്ടും വീണ്ടും സഹിഷ്ണുതയെപ്പറ്റി ഉദ്ബോധിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യം വിശദീകരിക്കേണ്ടതില്ല. അനുദിനം കരുത്താര്‍ജിച്ചുവരുന്ന അസഹിഷ്ണുതയുടെ പച്ചയായ പ്രകടനങ്ങളാണ് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് മാധ്യമങ്ങള്‍ ലോകത്തെ അറിയിച്ചുകൊണ്ടിരിക്കുന്നത്. ദാദ്രിയില്‍ പശുമാംസം വീട്ടില്‍ സൂക്ഷിച്ചുവെന്ന് വ്യാജമായാരോപിച്ച് മുസ്ലിമിനെ സംഘംചേര്‍ന്ന് പേപ്പട്ടിയെപ്പോലെ തല്ലിക്കൊന്ന കൊടുംക്രൂരതക്കെതിരെ ഇന്ത്യക്കകത്തും പുറത്തും ഉയര്‍ന്ന കടുത്ത പ്രതിഷേധ ജ്വാലകളേറ്റപ്പോള്‍ അഴകൊഴമ്പന്‍ ഖേദപ്രകടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചില സംഘ്പരിവാര്‍ നേതാക്കളും നടത്തിയെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആത്മാര്‍ഥമായ ഒരു ശ്രമവും അവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ളെന്നാണ് അനന്തരസംഭവങ്ങള്‍ തെളിയിക്കുന്നത്. ബീഫ് ഫെസ്റ്റിവല്‍ നടത്തിയതിന്‍െറ പേരില്‍ ജമ്മു-കശ്മീര്‍ നിയമസഭയില്‍ കാവിപ്പടയുടെ കടന്നാക്രമണത്തിനിരയായ അബ്ദുറഷീദ് എന്‍ജിനീയറുടെമേല്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തി പുറത്തിറങ്ങവെ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ കരിമഷി ഒഴിച്ചതാണ് കഴിഞ്ഞദിവസം കണ്ടത്. മുംബൈയില്‍ സംഘ്പരിവാര്‍ ബുദ്ധിജീവിതന്നെയായ സുധീന്ദ്ര കുല്‍കര്‍ണിയെ മുന്‍ പാക് വിദേശകാര്യമന്ത്രിയെ പുസ്തക പ്രകാശനത്തിന് കൊണ്ടുവന്നതില്‍ പ്രതിഷേധിച്ച് കരിമഷിയില്‍ കുളിപ്പിച്ച ശിവസേന ഇത്തവണ പാക് ക്രിക്കറ്റ് ടീമിനെ ഇന്ത്യയില്‍ കളിക്കാന്‍ ക്ഷണിച്ചതിന് ബി.സി.സി.ഐ ഓഫിസില്‍ അതിക്രമിച്ചുകയറി താണ്ഡവമാടുകയായിരുന്നു. സംഭവം മൂര്‍ച്ഛിച്ച് ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങള്‍ നിര്‍ത്തിവെക്കാനും പാക് അമ്പയറെ തിരിച്ചയക്കാനുംവരെ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധിതരായിരിക്കുന്നു. കന്നുകാലികളെ കടത്തിക്കൊണ്ടുപോയ ട്രക്ക് ആക്രമിച്ച് ഒരു കശ്മീരിയെ ഹിന്ദുത്വഗുണ്ടകള്‍ കൊന്നതിന്‍െറ പേരില്‍ ജമ്മു-കശ്മീരില്‍ ബന്ദാചരിക്കുകയാണ് ആ സംസ്ഥാനത്തെ ജനങ്ങള്‍. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ സാഹിത്യ-സാംസ്കാരിക നായകരെ ഒന്നൊന്നായി കഥകഴിക്കുന്ന സംഭവങ്ങളും തുടര്‍ക്കഥയാവുന്നു. ഇതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കുന്ന വിവിധ ഭാഷകളിലെ എഴുത്തുകാരുടെയും കലാകാരന്മാരുടെയും എണ്ണം 40 കവിഞ്ഞു. അവരില്‍ ചിലര്‍ കാവിപ്പടയുടെ ഭീഷണികള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നു. അസഹിഷ്ണുത ഇമ്മട്ടില്‍ വര്‍ധിക്കുന്നതിനെക്കുറിച്ച് രാഷ്ട്രപതി ആശങ്കപ്രകടിപ്പിക്കുന്നതില്‍ അദ്ഭുതമുണ്ടോ? ദേശീയ സ്വാതന്ത്ര്യ സമരനായകന്‍ മഹാത്മാഗാന്ധിയുടെ വിരിമാറില്‍ നിറയൊഴിച്ച നാഥുറാം ഗോദ്സെയെ തൂക്കിലേറ്റിയ നവംബര്‍ 15 ബലിദാന ദിനമായി ആചരിക്കാനുള്ള ഹിന്ദു മഹാസഭയുടെ തീരുമാനംകൂടി വന്നതോടെ ഫാഷിസത്തിന്‍െറ പകര്‍ന്നാട്ടം പൂര്‍ണതയിലേക്ക് നീങ്ങുകയാണ്.
രാജ്യത്തിന്‍െറ ഭരണം നേര്‍ക്കുനേരെ ആര്‍.എസ്.എസിന്‍െറ പിടിയിലമര്‍ന്നപ്പോള്‍തന്നെ മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയുടെ ഭാവി ചോദ്യചിഹ്നമായിരുന്നു. നരേന്ദ്ര മോദിയെ മുന്നില്‍നിര്‍ത്തി സവര്‍ക്കര്‍-ഗോള്‍വാള്‍ക്കര്‍ പ്രഭൃതികളുടെ നിര്‍മിതിയായ തീവ്ര ഹിന്ദുത്വ പ്രസ്ഥാനം യഥാര്‍ഥ കളി തുടങ്ങുന്നതാണ് പിന്നെ കണ്ടത്. ഇതേവരെ മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ ദുഷ്പ്രചാരണങ്ങള്‍ നടത്തിയും സംഘര്‍ഷങ്ങളും കലാപങ്ങളും സൃഷ്ടിച്ചും തങ്ങള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസം കാവിവത്കരിച്ചും ഭീകരവേട്ടയുടെ മറവില്‍ നിരപരാധികളെ ജയിലിലടച്ചും കഴിഞ്ഞ സംഘ്പരിവാര്‍ അധികാരത്തിന്‍െറ അനുകൂലസാഹചര്യത്തില്‍ ദേശീയതലത്തില്‍തന്നെ തനിനിറം പുറത്തെടുത്തിരിക്കുകയാണ്. രാഷ്ട്രത്തിന്‍െറ ജനാധിപത്യ അടിത്തറ തകര്‍ക്കുന്ന ഫാഷിസ്റ്റ് മുന്നേറ്റത്തിനുനേരെ മുഖംതിരിക്കുകയോ മൃദുഹിന്ദുത്വത്തിലൂടെ നേരിടാന്‍ ശ്രമിക്കുകയോ ചെയ്ത മതേതര പാര്‍ട്ടികളും കൂട്ടായ്മകളും നിസ്സഹായതയും പരിഭ്രാന്തിയുമാണിപ്പോള്‍ പ്രകടിപ്പിക്കുന്നത്. സാര്‍വദേശീയ തലത്തില്‍ രാജ്യത്തിന്‍െറ അന്തസ്സും അഭിമാനവും തകര്‍ക്കുന്ന പ്രാകൃത നടപടികള്‍ തടയാനെങ്കിലും മതേതര സമൂഹത്തിന് കഴിഞ്ഞില്ളെങ്കില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മുന്നറിയിപ്പ് നല്‍കിയപോലെ 5000 വര്‍ഷത്തെ ഭാരതീയ സംസ്കാരമാണ് ആസുരതയുടെ തീജ്വാലയില്‍ കത്തിയമരാന്‍ പോവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.