റാമല്ലയിലെ വിദ്യാര്‍ഥികള്‍ പറഞ്ഞത്

1960 മേയ് മാസത്തില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പശ്ചിമേഷ്യന്‍ പര്യടനത്തിലായിരുന്നു. പര്യടനത്തിന്‍െറ ഭാഗമായി അദ്ദേഹം ഗസ്സയിലും ചെന്നു. അവിടെ, ഐക്യരാഷ്ട്ര സഭയുടെ അടിയന്തര സേനാ കേന്ദ്രം അദ്ദേഹം സന്ദര്‍ശിച്ചു. ഗസ്സയില്‍നിന്ന് പുറത്തേക്കുള്ള നെഹ്റുവിന്‍െറ യാത്ര പ്രത്യേക യു.എന്‍ വിമാനത്തിലായിരുന്നു. എന്നാല്‍, ഇസ്രായേലി സൈനിക ജെറ്റുകള്‍ ആ വിമാനത്തിന് ആകാശത്തുവെച്ച് മൂന്നു തവണ മാര്‍ഗതടസ്സം സൃഷ്ടിക്കുകയുണ്ടായി. അതേവര്‍ഷം ആഗസ്്റ്റ് ഒന്നിന് പാര്‍ലമെന്‍റില്‍ സംസാരിക്കവെയാണ് നെഹ്റു ഇതേക്കുറിച്ച് ആദ്യംതന്നെ  പരസ്യമായി പ്രതികരിച്ചത്. ‘ആകാശ ഗുണ്ടായിസം’ എന്ന് വിശേഷിപ്പിക്കപ്പെട്ട ആ സംഭവം ഇസ്രായേലിനോടുള്ള തന്‍െറ മുന്‍ നിലപാടിനെ അരക്കിട്ടുറപ്പിക്കാന്‍ നെഹ്റുവിനെ പ്രേരിപ്പിച്ചുവെന്നാണ് പറയപ്പെടുന്നത്.

ഒരു ജനാധിപത്യ രാജ്യത്തിന്‍െറ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക യാത്രയോട് ഇസ്രായേല്‍ സ്വീകരിച്ച ധാര്‍ഷ്ട്യം നിറഞ്ഞ ഈ നിലപാട് ആ രാജ്യത്തിന്‍െറ സംസ്കാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇപ്പോള്‍, ജോര്‍ഡന്‍, ഇസ്രായേല്‍, ഫലസ്തീന്‍ സന്ദര്‍ശനത്തിന് പുറപ്പെട്ട  രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് അവര്‍ സ്വീകരിച്ച സമീപനത്തിലും അവരുടെ അഹങ്കാരത്തിന്‍െറ ലക്ഷണങ്ങള്‍ കാണാവുന്നതാണ്. ജറൂസലമിലെ അല്‍അഖ്സ പള്ളി സന്ദര്‍ശിക്കാനുള്ള രാഷ്ട്രപതിയുടെ ആഗ്രഹം നിവര്‍ത്തിച്ചുകൊടുക്കാന്‍ ഇസ്രായേല്‍ സന്നദ്ധമായില്ല. സുരക്ഷാപ്രശ്നം മുന്‍നിര്‍ത്തിയാണ് ഇതെന്ന ഇസ്രായേല്‍ നിലപാടില്‍ ന്യായങ്ങളുണ്ടെന്ന് സമ്മതിക്കാം.

എന്നാല്‍, റാമല്ലയിലെ അല്‍ഖുദ്സ് സര്‍വകലാശാലയില്‍, രാഷ്ട്രപതിതന്നെ ഉദ്ഘാടനം ചെയ്യുന്ന ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെന്‍ററിനുള്ള ഇന്ത്യയുടെ ഉപഹാരത്തില്‍നിന്ന് ഒരു ഭാഗം തടഞ്ഞുവെച്ചത് ഇസ്രായേലിന്‍െറ അഹങ്കാരം നിറഞ്ഞ നിലപാടിന്‍െറ ഭാഗംതന്നെയാണ്. സെന്‍ററിനുവേണ്ടി 30 കമ്പ്യൂട്ടറുകളും മൂന്ന് ആശയ വിനിമയ ഉപകരണങ്ങളുമായിരുന്നു രാഷ്ട്രപതിയുടെ ഉപഹാരപ്പൊതിയിലുണ്ടായിരുന്നത്. ഇസ്രായേല്‍ വഴി മാത്രമേ ഫലസ്തീനിലേക്ക് ചരക്കുനീക്കം സാധ്യമാവുകയുള്ളൂ. അഷ്ദോദ് പോര്‍ട്ടിലത്തെിയ രാഷ്ട്രപതിയുടെ ഉപഹാരപ്പൊതിയില്‍നിന്ന് ആശയവിനിമയ ഉപകരണങ്ങള്‍ ഇസ്രായേല്‍ പിടിച്ചുവെക്കുകയായിരുന്നു. രാഷ്ട്രപതി മറ്റൊരു രാജ്യത്തിന് നല്‍കുന്ന ഉപഹാരങ്ങളില്‍നിന്ന് ഒരു ഭാഗം മൂന്നാമതൊരു രാജ്യം പിടിച്ചുവെച്ചിട്ടും അതേക്കുറിച്ച് നാമൊന്നും പറയാത്തത് നമ്മുടെ അപമാനം.

ഇസ്രായേലുമായി ബന്ധപ്പെട്ട നമ്മുടെ വിദേശനയം  തത്ത്വാധിഷ്ഠിതമായിരുന്നു. അതായത്, ഫലസ്തീന് മേലുള്ള ഇസ്രായേല്‍ അധിനിവേശം അന്യായമാണെന്നും അത് എത്രയുംവേഗം അവസാനിപ്പിച്ച് ഫലസ്തീനികള്‍ക്ക് സ്വാതന്ത്ര്യം ലഭ്യമാക്കണമെന്നുമായിരുന്നു 1947ല്‍ രാജ്യം സ്വതന്ത്രമായതു മുതല്‍ നമ്മുടെ നിലപാട്. എന്നാല്‍, നരസിംഹ റാവു പ്രധാനമന്ത്രിയായതിനു ശേഷമാണ് നമ്മുടെ ഈ നിലപാടില്‍ വെള്ളംചേര്‍ത്ത് തുടങ്ങിയത്. ഇന്നാകട്ടെ, ഇന്ത്യ-ഇസ്രായേല്‍ ബന്ധം മുമ്പെങ്ങുമില്ലാത്തവിധം സുദൃഢവും വിപുലവുമാണ്. ഇസ്രായേലിന്‍െറ വംശീയ വിവേചന നിലപാടുകളോട് ആശയ പൊരുത്തമുള്ളവരാണ് നമ്മുടെ നാട്ടിലെ സംഘ്പരിവാറുകാര്‍. അവര്‍ അധികാരത്തിലിരിക്കുമ്പോള്‍ ഇന്ത്യ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ശക്തമാവും എന്നതില്‍ അദ്ഭുതവുമില്ല. ദൈവത്താല്‍ തെരഞ്ഞടുക്കപ്പെട്ട സവിശേഷ ജനതയാണ് ജൂതര്‍ എന്ന് വിചാരിക്കുകയും അവരുടെ അപ്രമാദിത്വം എല്ലാവരും അംഗീകരിക്കണമെന്ന് ശഠിക്കുകയു ചെയ്യുന്ന സയണിസമാണ് ഇസ്രായേലിന്‍െറ ആശയാടിത്തറ. സവര്‍ണ ഹിന്ദുക്കളുടെ അപ്രമാദിത്വവും ദൈവികതയും ഉയര്‍ത്തിപ്പിടിക്കുന്നതാണ് ആര്‍.എസ്.എസിന്‍െറ പ്രത്യയശാസ്ത്രം. അതായത്, സവര്‍ണ ഹിന്ദുത്വവാദത്തിന്‍െറ സ്വാഭാവിക സഖ്യകക്ഷിയാണ് ജൂത സയണിസം. അതിനാല്‍, നിലവിലെ അവസ്ഥയില്‍ ഇന്ത്യയും ഇസ്രായേലും കൂടുതല്‍ അടുക്കുക എന്നത് അപ്രതീക്ഷിത കാര്യമല്ല. പ്രധാനമന്ത്രിയുടെ ഇസ്രായേല്‍ സന്ദര്‍ശനം വൈകാതെ നടക്കുമെന്ന വാര്‍ത്തകളും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.

നമ്മുടെ പരമ്പരാഗത നിലപാടുകളെ തള്ളിക്കളയുന്ന  ഇസ്രായേല്‍ അനുകൂല നയങ്ങള്‍ വിശാലാടിസ്ഥാനത്തില്‍ രാജ്യത്തിന് നഷ്ടങ്ങള്‍ മാത്രമേ വരുത്തുകയൂള്ളൂ. ഇന്ത്യയുടെ സാമ്പത്തിക ജീവിതത്തെ വലിയ അളവില്‍ സ്വാധീനിക്കുന്ന പരമ്പരാഗത അറബ് സുഹൃത്തുക്കളെ അകറ്റും എന്നതാണ് അതില്‍ പ്രധാനം. ലോകത്തെ ഏറ്റവും ക്രൂരമായ സൈനിക അധിനിവേശത്തിന് നേതൃത്വം നല്‍കുന്ന ഒരു രാജ്യവുമായി ലോകത്തെ വിശ്രുതമായ ഒരു ജനാധിപത്യ രാജ്യം സൗഹൃദത്തിലാകുന്നത് നമ്മുടെ സാര്‍വദേശീയ ഖ്യാതിയെ പ്രതികൂലമായി ബാധിക്കും. ഈ യാഥാര്‍ഥ്യങ്ങളെ വേണ്ടവിധം മനസ്സിലാക്കാന്‍  കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നവര്‍ സന്നദ്ധമാവുന്നില്ല. പരമ്പരാഗതമായി ഇന്ത്യ പുലര്‍ത്തിപ്പോന്ന ഫലസ്തീന്‍ നയത്തില്‍നിന്നുള്ള മാറ്റത്തോടുള്ള അമര്‍ഷം പ്രതിഫലിപ്പിക്കുന്നതായിരുന്നു ചൊവ്വാഴ്ച റാമല്ലയിലെ അല്‍ഖുദ്സ് യൂനിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് മുന്നില്‍ നടത്തിയ പ്രതിഷേധ പ്രകടനം. മികച്ച ഒരു സുഹൃത്തിനെ നഷ്ടപ്പെടുന്നതില്‍ ഫലസ്തീനികള്‍ക്കുണ്ടാവുന്ന പ്രയാസമാണ് അവരുടെ പ്രതിഷേധത്തിന് അടിസ്ഥാനം. ഒപ്പം, ഒരു ജനാധിപത്യ രാജ്യം രാക്ഷസരാജ്യത്തോട് അനുകൂല നിലപാട് സ്വീകരിക്കുന്നതിലെ അസ്വസ്ഥതയും. എന്നാല്‍, നമ്മളെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായും സാമ്പത്തികമായും ധാര്‍മികമായും നഷ്ടങ്ങള്‍ മാത്രം കൊണ്ടുവരുന്നതാണ് ഇസ്രായേല്‍ അനുകൂല നിലപാട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.