സമത്വത്തിലേക്കുള്ള യാത്ര

എസ്​.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശെൻറ നേതൃത്വത്തിൽ കാസർകോടുനിന്ന് ആരംഭിച്ച സമത്വ മുന്നേറ്റ യാത്ര ഇതിനകം വലിയ വിവാദങ്ങൾ ക്ഷണിച്ചുവരുത്തുകയുണ്ടായി. സി.പി.എം, കോൺഗ്രസ്​ നേതൃത്വങ്ങൾ കടുത്ത ഭാഷയിൽ തന്നെ യാത്രയെയും യാത്രോദ്ദേശ്യത്തെയും വിമർശിച്ചുകഴിഞ്ഞു. ബി.ജെ.പിയാകട്ടെ വലിയ ആവേശത്തിലുമാണ്. അടിസ്​ഥാനതലത്തിൽ യാത്രയുടെ സംഘാടനത്തിൽ ആർ.എസ്​.എസാണ് മുഖ്യപങ്ക് വഹിക്കുന്നതെന്നും വാർത്തകൾ വന്നുകഴിഞ്ഞു.

1903 മേയ് 15ന് ശ്രീനാരായണ ഗുരു പ്രസിഡൻറും കുമാരനാശാൻ ജനറൽ സെക്രട്ടറിയുമായി ആരംഭിച്ച എസ്​.എൻ.ഡി.പി കേരളീയ സമൂഹ രൂപവത്കരണത്തിൽ നൽകിയ സംഭാവനകൾ ആർക്കും നിഷേധിക്കാൻ കഴിയാത്തതാണ്. ഹിന്ദു സമുദായത്തിലെ പിന്നാക്ക വിഭാഗമായ ഈഴവ വിഭാഗത്തിെൻറ ഉന്നമനം ലക്ഷ്യം വെച്ചായിരുന്നു എസ്​.എൻ.ഡി.പിയുടെ രൂപവത്കരണമെങ്കിലും തീർത്തും മതേതരമായ പ്രതിച്ഛായ നേടിയെടുക്കാൻ ആ പ്രസ്​ഥാനത്തിന് സാധിച്ചിരുന്നു. ഹിന്ദു സമൂഹത്തിന് പുറത്തുള്ള പിന്നാക്ക സമൂഹങ്ങളുമായിപോലും സഹകരിച്ച് സംയുക്ത പ്രക്ഷോഭങ്ങളും വേദികളും സംഘടിപ്പിക്കാൻ ആ പ്രസ്​ഥാനത്തിന് ആയിട്ടുണ്ട്.  അങ്ങനെയൊക്കെ പൊതുവായ അംഗീകാരം നേടിയെടുത്ത ഒരു പ്രസ്​ഥാനത്തിെൻറ നേതൃത്വത്തിൽ കേരള യാത്ര സംഘടിപ്പിക്കപ്പെടുമ്പോൾ സമൂഹത്തിൽ വ്യാപകമായ വിമർശവും അസ്വസ്​ഥതയുമുണ്ടാകാൻ കാരണമെന്താകും? പുതിയ യാത്രയുടെ ഉദ്ദേശ്യവും മുദ്രാവാക്യങ്ങളും തന്നെയാണ് ഈ യാത്രയെ വിമർശങ്ങളുടെ കുന്തമുനയിൽ നിർത്തിയിരിക്കുന്നത്.

സമത്വ മുന്നേറ്റ യാത്രയുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെടുന്ന ആശയങ്ങൾ മലയാളിസമൂഹത്തിന് അപരിചിതമായ വർഗീയതയുടെ ഭാഷയാണ് സംസാരിക്കുന്നത്. സമൂഹത്തിൽ എല്ലാ വിഭാഗങ്ങൾക്കും നീതിയും പ്രാതിനിധ്യവും ലഭിക്കണമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ, ഇപ്പോൾ സമത്വ മുന്നേറ്റ യാത്രയുടെ മുദ്രാവാക്യമായി ഉയർത്തപ്പെടുന്നത് അത്തരത്തിലുള്ള ആശയങ്ങളല്ല. കേരളത്തിലെ ന്യൂനപക്ഷ സമൂഹങ്ങളെ പൊതുവെയും മുസ്​ലിംകളെ വിശേഷിച്ചും ശത്രുസ്​ഥാനത്ത് നിർത്തി സംഘപരിവാർ പയറ്റിക്കൊണ്ടിരിക്കുന്ന വിഭാഗീയ രാഷ്ട്രീയമാണ് വെള്ളാപ്പള്ളിയുടെ യാത്ര മുന്നോട്ടുവെക്കുന്നത്.

കേരളത്തിലെ എല്ലാ സാമൂഹിക വിഭാഗങ്ങളും ആനുപാതിക പ്രാതിനിധ്യം നേടിയിട്ടുണ്ടെന്നോ അർഹതപ്പെട്ട നീതി അവർക്ക് ലഭിച്ചിട്ടുണ്ടെന്നോ ആർക്കും വാദമില്ല. അനീതിക്കിരയായ സമൂഹങ്ങൾക്ക് നീതി ലഭിക്കണമെന്ന കാര്യത്തിലുമില്ല രണ്ടഭിപ്രായം. പക്ഷേ, ഹിന്ദുക്കൾ ഒന്നടങ്കം അനീതിക്കിരയാവുന്നു, മുസ്​ലിംകളും ക്രിസ്​ത്യാനികളും എല്ലാം വാരിയെടുക്കുന്നു എന്ന പ്രചാരണത്തിൽ ഒരു അടിസ്​ഥാനവുമില്ല. വികസനമെല്ലാം മലപ്പുറത്തേക്കും കോട്ടയത്തേക്കും പോയി എന്നതാണ് വെള്ളാപ്പള്ളി നിരന്തരം നടത്തുന്ന ഒരു പ്രസ്​താവന. സർക്കാർ എല്ലാ വർഷവും പ്രസിദ്ധീകരിക്കുന്ന ഇക്കണോമിക് റിവ്യൂ പരിശോധിച്ചാൽ  മനസ്സിലാവുന്ന ഒരു കാര്യമുണ്ട്. കാലങ്ങളായി, പ്രതിശീർഷ വരുമാനത്തിൽ സംസ്​ഥാനത്ത് ഏറ്റവും പിറകിൽ നിൽക്കുന്ന ജില്ലയാണ് മലപ്പുറം എന്നതാണത്. വർഷങ്ങളായി ഇതാണ് യാഥാർഥ്യമെങ്കിലും വികസനം മുഴുവൻ മലപ്പുറത്തേക്ക് പോവുന്നുവെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ കുറച്ചാളുകളെങ്കിലും അത് വിശ്വസിക്കുമെന്ന് വെള്ളാപ്പള്ളിയും അദ്ദേഹത്തിെൻറ സഹയാത്രികരും വിചാരിക്കുന്നുണ്ടാവും.

ന്യൂനപക്ഷത്തിൽതന്നെ പെടുന്ന സിറിയൻ ക്രിസ്​ത്യൻ വിഭാഗം സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസരംഗത്ത് ഏറെ മുന്നാക്കമാണ് എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, ഇന്ത്യ സ്വതന്ത്രമാവുന്നതിനും കേരളം രൂപവത്കരിക്കപ്പെടുന്നതിനും മുമ്പുതന്നെ അവർ ആ അവസ്​ഥയിലായിരുന്നു. അതായത്, അവരുടെ മുന്നാക്കാവസ്​ഥ കേരളത്തിലെ ഏതെങ്കിലും സർക്കാറിെൻറ പ്രത്യേകമായ പരിഗണനകൊണ്ടുണ്ടായതല്ല. ചരിത്രപരമായിതന്നെ അവർ അങ്ങനെയാണ്. നേരത്തെയുള്ള മുന്നാക്കാവസ്​ഥ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിലും നേട്ടങ്ങളാക്കി മാറ്റാൻ അവർ ശ്രമിച്ചിട്ടുണ്ട് എന്ന കാര്യത്തിലും സംശയമില്ല. എന്നാൽ, മുസ്​ലിം ന്യൂനപക്ഷത്തിെൻറ അവസ്​ഥ അതല്ല. സാമൂഹിക, സാമ്പത്തിക, പ്രാതിനിധ്യ രംഗങ്ങളിലെല്ലാം അവർ ഇപ്പോഴും പിന്നാക്കാവസ്​ഥയിൽതന്നെയാണ്. നരേന്ദ്രൻ കമീഷൻ, സച്ചാർ കമീഷൻ തുടങ്ങിയ ഔദ്യോഗിക സ്​ഥിതിവിവരക്കണക്കുകളാകട്ടെ, ശാസ്​ത്ര സാഹിത്യ പരിഷത്തിെൻറ കേരളപഠനം പോലുള്ള റിപ്പോർട്ടുകളാവട്ടെ എല്ലാം ഈ യാഥാർഥ്യത്തെ അടിവരയിടുന്നതാണ്. അതിനെ ഖണ്ഡിക്കുന്ന എന്തെങ്കിലും കണക്കുകൾ ഏതെങ്കിലും ഔദ്യോഗിക, അനൗദ്യോഗിക ഏജൻസികൾ ഇതുവരെ പുറത്തുവിട്ടിട്ടുമില്ല.

അതിനാൽ, മുസ്​ലിം ന്യൂനപക്ഷം എല്ലാം വാരിക്കൊണ്ടുപോവുന്നു എന്ന വെള്ളാപ്പള്ളിയുടെ പ്രചാരണത്തിന് ഒരർഥവുമില്ല. ഹിന്ദുമതത്തിൽതന്നെ പെട്ട ദലിത്, ആദിവാസി വിഭാഗങ്ങൾ അതീവ പിന്നാക്കാവസ്​ഥയിലാണ് എന്ന കാര്യത്തിൽ സംശയത്തിന് വകയില്ല. അവരെ മുന്നോട്ടു കൊണ്ടുവരണമെന്ന കാര്യത്തിൽ തർക്കവുമില്ല. ഭരണഘടനയും നിയമങ്ങളും അക്കാര്യം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അത് നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയാണ് രാഷ്ട്രീയ പാർട്ടികളും ഭരണകൂടങ്ങളും കാണിക്കേണ്ടത്. വെള്ളാപ്പള്ളിയുടെ യാത്രയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങൾ കുത്തിപ്പൊക്കുന്നതിനു പകരം, വിവിധ സാമൂഹിക വിഭാഗങ്ങളുടെ യഥാർഥ സ്​ഥിതി വ്യക്തമാക്കുന്ന കണക്കുകൾ പുറത്തുവിടുകയാണ് വേണ്ടത്. കണക്കുകളെല്ലാം വരട്ടെ. എന്നിട്ട് എല്ലാവരും ഇരുന്ന് കൂടിയാലോചിക്കട്ടെ. ആർക്കാണ് അനർഹമായത് ലഭിച്ചത്, ആർക്കാണ് അർഹമായത് ലഭിക്കാതെ പോയത് എന്നെല്ലാമുള്ള കാര്യങ്ങൾ പുറത്തുവരട്ടെ. വെള്ളാപ്പള്ളിയും വെള്ളാപ്പള്ളിയെ എതിർക്കുന്ന ഇടതു, വലതു പക്ഷങ്ങളുമെല്ലാം ഇതിന് സന്നദ്ധമാവണം. നമുക്ക് കണക്കുകൾവെച്ച് സംസാരിക്കാം. വെറുതെ വർഗീയ ചുവയുള്ള പ്രസ്​താവനകൾ നടത്തുന്നത് നമ്മുടെ സാമൂഹിക ആരോഗ്യത്തെ ദുർബലപ്പെടുത്തുകയേ ഉള്ളൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.