പുഴകൾക്ക് മരണമണി

കേരളത്തിലെ പുഴകൾ  ഈർധ്വശ്വാസം വലിക്കുന്നുവെന്ന വാർത്തയും പഠന റിപ്പോർട്ടും അത്ര പുതുമയുള്ളതൊന്നുമല്ല. പരിസ്​ഥിതി ഗവേഷകരും സ്​ഥാപനങ്ങളും നിരന്തരം നൽകുന്ന ഇത്തരം മുന്നറിയിപ്പും ജാഗ്രത നിർദേശവും നാം തീരെ മുഖവിലക്കെടുക്കാറില്ലെന്നതാണ് സത്യം. സർക്കാറുകളും തഥൈവ.  നദികളാൽ സമ്പന്നമായ കേരളത്തിലെ മഹാഭൂരിഭാഗവും കുടിക്കുകയും കുളിക്കുകയും ചെയ്യുന്നത് അശുദ്ധജലംകൊണ്ടാണെന്ന വസ്​തുതപോലും അറിയാതെ, നാമേതായാലും ശുദ്ധജലം കുടിച്ചു മരിക്കുമെന്ന മൂഢവിശ്വാസത്തിൽ ജീവിക്കുകയാണ്. തിമിർത്താടിയ മഴയിൽ പമ്പയിലെ ജലവിതാനമുയർന്ന് ശബരിമലയിൽ വിനാശമുണ്ടാക്കിയ അതേദിനം തന്നെയാണ്, സെൻറർ ഫോർ വാട്ടർ റിസോഴ്സ്​ ഡെവലപ്മെൻറ് ആൻഡ് മാനേജ്മെൻറ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശിൽപശാല നമ്മുടെ നദികളുടെ ആരോഗ്യം തകർന്ന് ഭീതിജനകമായ അവസ്​ഥയിലെത്തിച്ചേർന്നിരിക്കുന്നുവെന്ന  മുന്നറിയിപ്പും നൽകുന്നത്.

മഴയത്ത് പെട്ടെന്ന് ജലനിരപ്പുയരുന്നതും മഴമാറിയാൽ പുഴവറ്റുന്നതും പുഴയുടെ ജലസംഭരണ പ്രദേശത്ത്  ജലാഗിരണശേഷിയുള്ള നൈസർഗിക ആവാസവ്യവസ്​ഥകൾ ഇല്ലെന്നതിെൻറ സൂചനയാണ്. എല്ലാ നദികളും അവയിലേക്ക് ജലമെത്തിക്കുന്ന മൊത്തം ഭൂപ്രദേശത്തിെൻറ പരിസ്​ഥിതിയുടെ ആരോഗ്യത്തെക്കൂടി പ്രതിഫലിപ്പിക്കുന്നുണ്ട്. പമ്പയാർ പ്രകടിപ്പിച്ചത് ആ രോഗലക്ഷണമാണ്.  കേരളത്തിലെ ഓരോ പുഴകളും വർഷകാലത്ത് വെള്ളപ്പൊക്കത്തിലും ശേഷമുള്ള കാലം വരണ്ടുമായി മാറിക്കൊണ്ടിരിക്കുന്നത് ഇതേ അനാരോഗ്യപ്രവണതകളുടെ വ്യാപകത്വത്തെ ഉറപ്പിക്കുന്നു. അതിെൻറ കെടുതിയായി  ശുദ്ധജല ദൗർലഭ്യവും വരൾച്ചയും ഓരോ മലയാളിയും കാത്തിരിക്കുകയാണ്.

കേരളത്തെപ്പോലെ നദികളാൽ സമ്പന്നമായ ഭൂപ്രദേശം ലോകത്തുതന്നെ കുറവാണത്രെ. കേരളത്തിലൂടെ തെക്ക് വടക്ക് സഞ്ചരിച്ചാൽ ഓരോ പതിനഞ്ച് കിലോമീറ്ററിലും  മുറിച്ചുകടക്കാൻ നമുക്കൊരു പുഴയുണ്ടാകും. പശ്ചിമഘട്ട മലനിരകളാണ്  കേരളത്തെ പുഴകളും പച്ചപ്പുമുള്ള നാടാക്കി മാറ്റിയത്.  കേരളത്തിലെ സമുദ്രനിരപ്പിൽനിന്ന് ശരാശരി 1500 മീറ്റർ ഉയരമുള്ള ഈ മലനിരകൾ പടിഞ്ഞാറൻ കാറ്റിനൊപ്പം വരുന്ന മേഘങ്ങളെ  ഘനീഭവിപ്പിച്ച്  മഴയായി മണ്ണിലേക്ക്  വഴിനടത്തുന്നു. അങ്ങനെയാണ് പശ്ചിമഘട്ടം കേരളത്തിലെ മുഴുവൻ നദികളുടെയും ഉദ്ഭവസ്​ഥലിയായത്.  അടുത്തകാലം വരെ പശ്ചിമഘട്ടത്തിെൻറ  ഭൂരിഭാഗം സ്​ഥലങ്ങളും നിത്യഹരിത വനങ്ങളായിരുന്നു. അതിെൻറ തകർച്ചയാണ് കേരളത്തിലെ പുഴകളുടെ മരണമണി മുഴക്കിയത്. കേരളഭാഗത്തെ പശ്ചിമഘട്ടത്തിൽ നൈസർഗിക വനാവരണം വളരെ കുറച്ചുമാത്രമേ അവശേഷിക്കുന്നുള്ളൂ.
കാലാവസ്​ഥാ വ്യതിയാനം,  ഭൂഗർഭജല അളവിെൻറ കുറവ്,  നദികളുടെ ഒഴുക്ക് കുറയൽ, മലിനീകരണം, വനനശീകരണം, അനിയന്ത്രിത മണലെടുപ്പ് തുടങ്ങിയവ പുഴയെ ഇല്ലാതാക്കുന്നത് തന്നെയാണ്.

നഗരവത്കരണവും ജല നിരക്ഷരതയും പുഴകളെ മലീമസമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. നാം അലക്ഷ്യമായി വലിച്ചെറിയുന്ന ഓരോ മാലിന്യവും, നികത്തുകയും കോൺക്രീറ്റിട്ടടക്കുകയും ചെയ്യുന്ന ഓരോ തുണ്ട് ഭൂമിയും മലീമസമായ പുഴയേയും വരണ്ട ദേശത്തേയുമാണ് സൃഷ്ടിക്കുന്നത്. എന്നാൽ, തെറ്റായ ഭൂവിനിയോഗരീതികളാണ് കേരളത്തിലെ പുഴകളുടെ നാശത്തിെൻറ മുഖ്യകാരണം. നദികളുടെ പ്രഭവമേഖലകളിൽ നൈസർഗിക വനാവരണം അനിവാര്യമാണ്. ശക്തിയായി മഴപെയ്യുന്ന അത്തരം പ്രദേശങ്ങളിൽ മണ്ണിളക്കി കൃഷിയിറക്കാൻ പാടില്ല.  പ്രകൃതിദത്തമായ വനസംരക്ഷണവും പുഴയുടെ ആവാസവ്യവസ്​ഥയും നിലനിർത്തിക്കൊണ്ടല്ലാതെ നിയമനിർമാണങ്ങളിലൂടെയോ സാങ്കേതികവിദ്യകൊണ്ടോ ഒരു പുഴയേയും പുനരുദ്ധരിക്കുക സാധ്യമല്ല. ഈ നഗ്ന യാഥാർഥ്യം പറഞ്ഞതിനാണ് ഗാഡ്ഗിൽ റിപ്പോർട്ടിനെ നാം തെരുവിൽ  വൈകാരികതകൊണ്ടും അധികാര സമ്മർദങ്ങൾകൊണ്ടും തോൽപിച്ചുകളഞ്ഞത്.  പശ്ചിമഘട്ടത്തിെൻറ സംരക്ഷണം നദികളുടെ നിലനിൽപിന്് അത്യന്താപേക്ഷിതമാണെന്ന് ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഉമ്മൻ വി. ഉമ്മൻ ശിൽപശാലയിൽ ആണയിട്ട് വ്യക്തമാക്കിയിരിക്കുന്നു.

പശ്ചിമഘട്ടത്തെ നശിപ്പിക്കുന്നതിൽനിന്ന് രക്ഷപ്പെടുത്താൻ അശ്രാന്തപരിശ്രമം നടത്തിയ ഗാഡ്ഗിൽ കമ്മിറ്റിയുടെ റിപ്പോർട്ടിനെ കുഴിച്ചുമൂടാൻ തയാറാക്കിയ കസ്​തൂരിരംഗൻ റിപ്പോർട്ടിൽ വെള്ളം ചേർക്കാൻ നിയോഗിതനാകുകയും സർക്കാർ ഹിതാനുസാരം അത് നിർവഹിക്കുകയും ചെയ്ത  വ്യക്തിതന്നെയാണ് പശ്ചിമഘട്ടത്തിെൻറ പ്രാധാന്യവും സംരക്ഷണവും നമ്മെ പഠിപ്പിക്കുന്നത്. ഉമ്മൻ വി. ഉമ്മൻ കമീഷനെ നിയമിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് സംസ്​ഥാനത്തെ നദികളിലെ മലിനീകരണവും  ശോച്യാവസ്​ഥയും ഭയാനകമായ രീതിയിലേക്ക് പോകുകയാണെന്നും  മരിച്ചുകൊണ്ടിരിക്കുന്ന ജലസമ്പത്തിനെ  തിരിച്ചുകൊണ്ടുവരാൻ സർക്കാറിനൊപ്പം ജനങ്ങളും പരിശ്രമിക്കണമെന്നും പറയുന്നത്. പശ്ചിമഘട്ടം സംരക്ഷിക്കുക മാത്രമാണ് കേരളത്തിലെ സസ്യശാമളതയും പുഴകളും നിലനിർത്താനുള്ള ഏക മാർഗം. നിലപാടുകളുടെ വൈരുധ്യങ്ങളിൽനിന്ന്  സർക്കാറും ഉദ്യോഗസ്​ഥരും മുക്തരാകുകയും സത്യസന്ധത പുലർത്തുകയും ചെയ്താൽ മാത്രമേ പുഴകളേയും അതോടൊപ്പം കേരളത്തെയും രക്ഷപ്പെടുത്താൻ സാധിക്കൂ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.