പിന്നെയും പെൺവാണിഭം

‘ഓപറേഷൻ ബിഗ് ഡാഡി’ എന്ന പേരിൽ ക്രൈംബ്രാഞ്ച് ഐ.ജി എസ്​. ശ്രീജിത്തിെൻറ നേതൃത്വത്തിൽ നടന്ന ദീർഘമായ അന്വേഷണത്തിനൊടുവിൽ കേരളത്തിൽ വ്യവസ്​ഥാപിതമായി പ്രവർത്തിക്കുന്ന വലിയൊരു ഓൺലൈൻ സെക്സ്​ റാക്കറ്റിെൻറ കണ്ണികളെ പിടികൂടിയിരിക്കുകയാണ്, കഴിഞ്ഞ ദിവസം. കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ സ്​ഥലങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണങ്ങൾക്കൊടുവിൽ  നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തു വെച്ചാണ് കണ്ണിയിലെ പ്രധാനികളെ പൊലീസ്​ വലയിലാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ലെക്കാൻഡോ എന്ന പേരിലുള്ള ക്ലാസിഫൈഡ് പരസ്യങ്ങൾക്കായുള്ള ഒരു പോർട്ടൽ ഉപയോഗപ്പെടുത്തി മാംസക്കച്ചവടം നടത്തുന്ന സംഘത്തെയാണ് പൊലീസ്​ സമർഥവും സുദീർഘവുമായ നീക്കത്തിലൂടെ വലയിലാക്കിയിരിക്കുന്നത്. പലതരത്തിലുള്ള സെക്സ്​ റാക്കറ്റുകൾ നമ്മുടെ നാട്ടിൽ പ്രവർത്തിക്കുകയും പിടികൂടപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും ഓൺലൈൻ കേന്ദ്രീകരിച്ചുള്ള ഇത്ര ബൃഹത്തായൊരു ശൃംഖലയെ വലയിൽ വീഴ്ത്തുന്നത് ആദ്യമാണ്.

അതേസമയം, പ്രതികളെ മുഴുവൻ പിടികൂടാൻ കഴിഞ്ഞിട്ടില്ല. എന്നു മാത്രമല്ല, ഐ.ജി ശ്രീജിത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞതുപോലെ, ഇത്തരത്തിലുള്ള സംഘങ്ങൾ വേറെയും പ്രവർത്തിക്കുന്നുണ്ടോ എന്ന കാര്യത്തിലും ഇനിയും ഉറപ്പുപറയാനുമായിട്ടില്ല. എന്തു തന്നെയായാലും മലയാളിസമൂഹത്തെ ഏറെ വേദനിപ്പിക്കുന്നതാണ് പുറത്തുവന്ന വാർത്തകൾ. ആധുനിക വിവര സാങ്കേതികവിദ്യയുടെ മറപറ്റിയുള്ള ഈ വൃത്തികെട്ട കച്ചവടത്തിൽ പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെയും ഉപഭോഗച്ചരക്കായി ഉപയോഗപ്പെടുത്തി എന്നുള്ളതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം. സംസ്​ഥാനത്തിന് പുറത്തുനിന്നുപോലും ലൈംഗികപൂർത്തീകരണത്തിനായി ഉപഭോക്താക്കൾക്ക് പെൺകുട്ടികളെ എത്തിച്ചു കൊടുക്കുന്നുവെന്നത് നമുക്ക് ഉൾക്കിടിലത്തോടെ മാത്രമേ കേൾക്കാനാവൂ. ഈ കച്ചവടം നടത്തുന്നവരും അതിെൻറ ഉപഭോക്താക്കളും ഒരേ പോലെ ക്രിമിനലുകളും സാമൂഹിക ദ്രോഹികളുമാണ്. ദയാരഹിതമായ ശിക്ഷ അവർക്ക് വാങ്ങിക്കൊടുക്കാൻ നിയമപാലക, നീതിന്യായ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണം.

‘കൊച്ചു സുന്ദരികൾ’ എന്ന പേരിൽ ഫേസ്​ബുക് പേജ് തുടങ്ങി അതിലൂടെ പെൺകുട്ടികളെ കുരുക്കിൽപെടുത്തിയാണത്രെ ഈ സംഘം മാംസക്കച്ചവടം പൊടിപൊടിച്ചത്. അവരിൽ പ്രധാനികളായ രണ്ടു പേർ, രാഹുൽ പശുപാലനും രശ്മി ആർ. നായരും അടുത്തിടെയായി കേരളത്തിലെ ലിബറൽ മതേതര ബ്രിഗേഡിെൻറ ബ്രാൻഡ് അംബാസഡർമാരായിരുന്നു എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. സ്​ത്രീ പീഡനത്തിനും ലിംഗവിവേചനത്തിനുമെതിരായ മഹത്തായ പ്രസ്​ഥാനത്തിെൻറ നായകരെന്ന നിലക്ക് കേരളത്തിലെ പല മാധ്യമങ്ങളും ലിബറൽ ബുദ്ധിജീവികളും ഉയർത്തിക്കാട്ടിയവരാണ് ഇവർ രണ്ടുപേർ. ഒരു പ്രമുഖ വാർത്താചാനലിെൻറ കഴിഞ്ഞ വർഷത്തെ മുൻനിര വാർത്താതാരങ്ങളുടെ പട്ടികയിലും പശുപാലനുണ്ടായിരുന്നു. പെൺകുട്ടികളെ കെണിയിൽപെടുത്തുന്ന ഫേസ്​ബുക് പേജിെൻറ അഡ്മിനിസ്​ട്രേറ്ററായി പ്രവർത്തിച്ചത് ഇയാളാണെന്നാണ് പൊലീസ്​ വെളിപ്പെടുത്തുന്നത്.

കേരളീയ പൊതുമണ്ഡലത്തിൽ ലിംഗരാഷ്ട്രീയത്തിെൻറ കൊടി ഉയർത്തിപ്പിടിച്ച ഒരാൾ വഷളൻ മാംസക്കച്ചവടത്തിെൻറ നേതാവായിരുന്നു എന്ന തിരിച്ചറിവ് സംഭ്രമത്തോടെയേ നമുക്ക് ഉൾക്കൊള്ളാൻ കഴിയൂ. സ്വതന്ത്ര ലൈംഗികത, സദാചാര നിരാസം തുടങ്ങിയ ആശയങ്ങൾ കേരളത്തിൽ ഉയർത്തിപ്പിടിച്ച കിസ്​ ഓഫ് ലവ് പ്രസ്​ഥാനത്തിെൻറ മുൻനിര പ്രവർത്തകരായിരുന്നു പശുപാലനും രശ്മിയും. സ്വതന്ത്ര ലൈംഗികതയുമായി ബന്ധപ്പെട്ട് പരസ്​പരവിരുദ്ധമായ അഭിപ്രായങ്ങളും സമീപനങ്ങളും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുമ്പോഴും, അത് ഒരു രാഷ്ട്രീയ സമീപനമാണ് എന്ന കാര്യത്തിൽ തർക്കമുണ്ടായിരുന്നില്ല. പക്ഷേ, കേരളത്തിൽ ഇടതുപക്ഷ യുവത്വത്തിെൻറ പിന്തുണയിൽ വളർന്നുവന്ന നവലൈംഗിക രാഷ്ട്രീയം വെറും മാംസക്കച്ചവടത്തിെൻറ വ്യാജനാമമായിരുന്നോ എന്ന് ഇപ്പോൾ നാം ബലമായി സംശയിക്കേണ്ടിവരുന്നു. കുഞ്ഞുങ്ങളുടെ മാംസം വിറ്റ് ലാഭമുണ്ടാക്കാനുള്ള ഏർപ്പാടിനുള്ള മറ മാത്രമായിരുന്നോ ഇവർക്ക് നവലൈംഗിക രാഷ്ട്രീയം എന്ന സന്ദേഹമാണുയരുന്നത്.

എന്തുതന്നെയായാലും, ഈ വാണിഭത്തെയും വാണിഭസംഘത്തെയും നിയമപരമായിതന്നെ കൈകാര്യം ചെയ്യാൻ ബന്ധപ്പെട്ടവർ നിഷ്കർഷ പുലർത്തേണ്ടതുണ്ട്. കിസ്​ ഓഫ് ലവ് പ്രസ്​ഥാനത്തെ ശക്തമായി എതിർക്കുന്നവർ നാട്ടിലുണ്ട് എന്ന കാരണത്താൽ അവരുടെ സമ്മർദങ്ങളും മുൻവിധികളും നീതിപൂർവകമായ നിയമനടപടികളെ സ്വാധീനിക്കാൻ പാടില്ല. ഒപ്പം, പ്രതികൾ സമൂഹത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നവരും വലിയ സുഹൃദ്–സ്വാധീന ശൃംഖലകളുള്ളവരുമാണ് എന്ന കാരണത്താൽ നിയമനടപടികളിൽനിന്ന് അവർ രക്ഷപ്പെടാനുള്ള പഴുതുകളും ഉണ്ടായിക്കൂടാ. നമ്മുടെ സമൂഹത്തെക്കുറിച്ചുള്ള അശുഭ ചിന്തകൾ പങ്കുവെക്കുന്നതായി പോയി ഈ വാണിഭസംഘത്തെക്കുറിച്ചുള്ള വാർത്തകൾ. സമൂഹത്തിൽ ദിശാസ്​ഥാനങ്ങളിൽ നിൽക്കുന്നവർ എന്ന് നാം വിചാരിക്കുന്നവർ–അവകാശപ്പെടുന്നവർപോലും എന്തുമാത്രം വൃത്തിഹീനമായ ചിന്തകളുടെയും ഇടപാടുകളുടെയും വാഹകരാണ് എന്ന അറിവ് നമ്മെ ശരിക്കും അസ്വസ്​ഥപ്പെടുത്തുന്നതാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.