പാരിസിൽ 129 പേരെ കൊലപ്പെടുത്തുകയും 350ൽപരം ആളുകളെ പരിക്കേൽപിക്കുകയുംചെയ്ത ഭീകരാക്രമണത്തിന് പ്രതികാരമായി ഫ്രാൻസ് അമേരിക്കൻ സേനയുടെ സഹകരണത്തോടെ റഖയിലെ ഐ.എസ് ആസ്ഥാനത്തിനുനേരെ 30 തവണ നടത്തിയ ബോംബാക്രമണത്തിൽ ഐ.എസ് താവളം, റിക്രൂട്ട്മെൻറ് കേന്ദ്രം, പരിശീലന ക്യാമ്പ്, ആയുധ സംഭരണി തുടങ്ങിയവ തകർത്തതായി ഫ്രഞ്ച് പ്രതിരോധാലയം അവകാശപ്പെടുന്നു. സമാധാനത്തിലും മാനവികതയിലും വിശ്വസിക്കുന്ന ഒരാൾക്കും ന്യായീകരിക്കാനോ നീതീകരിക്കാനോ കഴിയാത്തതാണ് ദാഇശിെൻറ കൂട്ടക്കശാപ്പ് എന്നതുകൊണ്ട് ഫ്രാൻസിെൻറ തിരിച്ചടി ആരും ചോദ്യംചെയ്യാനിടയില്ല. തുർക്കിയിലെ അൻറാലിയയിൽ ചേർന്ന ജി20 ഉച്ചകോടി ഭീകരാക്രമണത്തിനിരയായ ഫ്രാൻസിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഐ.എസ് ഭീകരതക്കെതിരെ സ്വീകരിക്കുന്ന നടപടികളുടെ ഏകോപനം ശക്തിപ്പെടുത്താൻ പ്രതിജ്ഞയെടുക്കുകയും ചെയ്തിട്ടുണ്ട്.
ഈ വിപത്തിനെതിരെ ആഗോളതന്ത്രം രൂപപ്പെടുത്തണമെന്നാണ് ജി20 രാഷ്ട്രങ്ങളുടെ പൊതുവായ വികാരവും തീരുമാനവും. എന്നാൽ, ഏതെങ്കിലും മതത്തോടോ രാജ്യത്തോടോ സംസ്കാരത്തോടോ വംശീയ വിഭാഗത്തോടോ ഭീകരതയെ ചേർത്തുപറയാനാവില്ലെന്ന് ജി20 ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലോകം ഇന്നേവരെ അംഗീകരിച്ചുപോന്ന സകല ധാർമിക, നൈതിക മൂല്യങ്ങൾക്കും വിരുദ്ധമാണ് നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരവൃത്തി എന്നിരിക്കെ ഏതെങ്കിലും മതമോ സമുദായമോ വിഭാഗമോ ആണ് അതിനുത്തരവാദികൾ എന്നാരോപിക്കുന്നത് അയഥാർഥവും ഭീകരവാദികളെ സഹായിക്കുന്ന നടപടിയുമാണെന്നതാണ് വാസ്തവം. ഭീകരതയെ മതവുമായി ബന്ധിപ്പിക്കരുതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനവും ഇതിനടിവരയിടുന്നതാണ്. സങ്കുചിത, വർഗീയ, രാഷ്ട്രീയ, കക്ഷി താൽപര്യങ്ങളുടെ പേരിൽ ഒരടിസ്ഥാനവും തെളിവുമില്ലാതെ പ്രതിയോഗികളുടെമേൽ ഭീകരാരോപണം ഉന്നയിക്കുന്ന എല്ലാവരും കരുതിയിരിക്കേണ്ടതാണ് രാഷ്ട്രത്തലവന്മാരുടെ സുചിന്തിതമായ പ്രസ്താവന.
അതേയവസരത്തിൽ, ഭീകരർക്കെതിരായ പോരാട്ടം സാങ്കേതികമായി എത്രതന്നെ പരിഷ്കൃതവും ഏകോപിതവും പഴുതടച്ചതും കുറ്റമറ്റതുമാക്കിയാലും ഭീകരതയുടെ അടിവേരറുക്കാൻ കേവലം യാന്ത്രികമോ സായുധമോ ആയ ഉന്മൂലന നടപടികൾ പര്യാപ്തമല്ല എന്നതാണ് അനുഭവ യാഥാർഥ്യം. അഫ്ഗാനിസ്താനിൽ തനി പ്രാകൃതമെന്ന് പറയാവുന്ന ആക്രമണ സംവിധാനങ്ങൾ മാത്രം കൈമുതലായുള്ള താലിബാെൻറ നേരെ പതിറ്റാണ്ടിലധികംകാലം നാറ്റോ സേന നടത്തിയ ഓപറേഷൻ പരാജയപ്പെടാൻ കാരണം അത്യന്താധുനിക ആയുധങ്ങളുടെയോ സജ്ജീകരണങ്ങളുടെയോ കമ്മി കൊണ്ടാണെന്ന് ആരും സമ്മതിക്കില്ല. ഏറ്റവുമൊടുവിൽ ഇറാഖ്–സിറിയ മേഖലയിൽ ദാഇശ് അഥവാ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘത്തിനെതിരെ വർഷത്തിലധികമായി അമേരിക്കയും സഖ്യരാജ്യങ്ങളും നടത്തിവരുന്ന സംഘടിതാക്രമണങ്ങൾ വിജയിക്കുന്നില്ലെന്നുമാത്രമല്ല യൂറോപ്പിനും ലോകത്തിനും മൊത്തം ഭീഷണിയായി അവർ വളരുകയുമാണെന്ന് തെളിയിക്കുന്നതാണ് ഒടുവിലത്തെ പാരിസ് ആക്രമണം.
അതിനാൽ, വേണ്ടത് ഭീകരതയെ സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുകയും ഭീകരർക്കെതിരെ എല്ലാ വിഭാഗം ജനങ്ങളുടെയും കൂട്ടായ പ്രതിരോധം ഉറപ്പുവരുത്തുകയുമാണ്. കഴിഞ്ഞ നാലു വർഷത്തോളമായി തുടരുന്ന സിറിയൻ ആഭ്യന്തര യുദ്ധത്തിെൻറയും അതിനുമുമ്പേ നടന്ന ഇറാഖിലെ സാമ്രാജ്യത്വാധിനിവേശത്തിെൻറയും സന്തതിയാണ് ദാഇശ് എന്ന കാര്യത്തിൽ നിഷ്പക്ഷ നിരീക്ഷകർക്ക് ഭിന്നാഭിപ്രായമുണ്ടാവില്ല. വിശിഷ്യ, അറബ് വസന്തത്തെ തുടർന്ന് സിറിയയിൽ ഏകാധിപതി ബശ്ശാർ അൽ അസദിനെതിരെ ആ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭത്തെ ജനാധിപത്യപരമായി നേരിടാൻ യഥാസമയം ശ്രമം നടന്നിരുന്നെങ്കിൽ ഐ.എസ് ഭീഷണി ഒരിക്കലും ശക്തിപ്പെടുമായിരുന്നില്ല. സംഭവിച്ചത് ഒരുവശത്ത് അമേരിക്കയും കൂടെനിൽക്കുന്ന രാജ്യങ്ങളും അർഥവും ആയുധങ്ങളും നൽകി സിറിയയിലെ വിമതരെ സഹായിച്ചപ്പോൾ മറുവശത്ത് ഒരു കാരണവശാലും സ്ഥാനത്യാഗം ചെയ്യാൻ സന്നദ്ധനാവാതിരുന്ന ബശ്ശാർ അൽ അസദിെൻറ കൂടെ റഷ്യയും ഇറാനും അണിനിരന്നപ്പോഴാണ് സിറിയ സമ്പൂർണ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിയിടപ്പെട്ടത്.
പിഞ്ചുകുഞ്ഞുങ്ങളടക്കം ലക്ഷക്കണക്കിന് നിരപരാധികൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് പൗരന്മാർ അഭയാർഥികളാക്കപ്പെടുകയും ചെയ്ത സിറിയൻ യുദ്ധത്തിന് രാഷ്ട്രീയ പരിഹാരം കാണുകയാണ് വേണ്ടതെന്ന് ഇരു ഭാഗവും അംഗീകരിക്കാതിരുന്നതിെൻറ ഫലം കൂടിയാണ് ഐ.എസിെൻറ അപ്രതിരോധ്യമായ വളർച്ച. ഏറെ സമയം നഷ്ടപ്പെടുത്തിയതിന് ശേഷമാണെങ്കിലും കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമയും റഷ്യൻ പ്രസിഡൻറ് വ്ലാദ്മിർ പുടിനും ജി20 ഉച്ചകോടിയുടെ അവസരമുപയോഗപ്പെടുത്തി നടത്തിയ ചർച്ചകൾക്കൊടുവിൽ ആറു മാസത്തിനകം സിറിയയിൽ ഭരണമാറ്റത്തിനനുകൂലമായി നടപടികൾ സ്വീകരിക്കാമെന്ന ധാരണയിലെത്തിയതായാണ് ‘ദ ഗാർഡിയൻ’ റിപ്പോർട്ട്. വാർത്ത ശരിയാണെങ്കിൽ നേരായ ദിശയിലെ ശരിയായ കാൽവെപ്പാണിതെന്ന് പറയാൻ രണ്ടുവട്ടം ആലോചിക്കേണ്ടതില്ല. യുദ്ധമല്ല, രാഷ്ട്രീയപരിഹാരമാണ് യഥാർഥ പോംവഴിയെന്ന് നേരത്തേ തിരിച്ചറിഞ്ഞിരുന്നെങ്കിൽ അത്രവേഗത്തിൽ ഭീകരതയുടെ വേരുകളറ്റേനെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.