ബോംബെ ഹൈകോടതി ഈയിടെ സ്വീകരിച്ച തീര്‍പ്പുകള്‍ ജനാധിപത്യ മനസ്സാക്ഷിക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ്. ഡല്‍ഹി യൂനിവേഴ്സിറ്റി പ്രഫസറായ ജി.എന്‍. സായിബാബക്ക് അനുവദിച്ചിരുന്ന ജാമ്യം നീട്ടിക്കൊടുക്കാതെ ജാമ്യാപേക്ഷ നിരസിക്കുകയാണ് ബോംബെ ഹൈകോടതിയുടെ നാഗ്പുര്‍ ബെഞ്ച് ചെയ്തത്. തന്നെയുമല്ല, മുമ്പ് സായിബാബക്ക് ജാമ്യം നിഷേധിച്ചതിനെ വിമര്‍ശിച്ച് അരുന്ധതി റോയ് കഴിഞ്ഞ മേയില്‍ എഴുതിയ ലേഖനം എടുത്തുകാട്ടി അവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസുമയച്ചിരിക്കുന്നു. ചക്രക്കസേരയെ ആശ്രയിക്കുന്ന പ്രഫ. സായിബാബ 90 ശതമാനത്തിലധികം ശാരീരിക അവശതയുള്ളയാളാണ്. മനുഷ്യാവകാശ പ്രവര്‍ത്തകനായ അദ്ദേഹത്തെ മാവോവാദി ബന്ധമാരോപിച്ചാണ് 2014 മേയില്‍ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഒരുകൊല്ലത്തിലധികം ജയിലില്‍ കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്‍െറ ആരോഗ്യസ്ഥിതി മോശമായി. ഇത് കണക്കിലെടുത്താണ് ബോംബെ ഹൈകോടതിയുടെ രണ്ടംഗ ബെഞ്ച് കഴിഞ്ഞ ജൂലൈയില്‍ അദ്ദേഹത്തിന് ജാമ്യമനുവദിച്ചത്.
ജാമ്യത്തിലായിരിക്കെ അദ്ദേഹം ചികിത്സയിലായിരുന്നു. ആഗസ്റ്റില്‍ അദ്ദേഹത്തിന് ആന്‍ജിയോപ്ളാസ്റ്റിയും ചെയ്തു. ഇത്തരമൊരാള്‍ക്കു നല്‍കിയ ജാമ്യമാണ് ഇപ്പോള്‍ ഏകാംഗ ബെഞ്ച് റദ്ദാക്കിയിരിക്കുന്നത്. അതിനു പറയുന്ന കാരണമാകട്ടെ, യു.എ.പി.എ ചുമത്തപ്പെട്ട കേസിലെ പ്രതിയെന്ന നിലക്ക് സായിബാബക്കെതിരായ ആരോപണം ശരിയാണെന്ന് കരുതാന്‍ ന്യായമുണ്ടെന്നും അദ്ദേഹം ‘റെവലൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ടി’ല്‍ (ആര്‍.ഡി.എഫ്) അംഗമാണെന്നും ആ സംഘടന സി.പി.ഐ (മാവോയിസ്റ്റ്) എന്ന സംഘടനയുടെ ഭാഗമാണെന്നും കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ടത്രെ. സായിബാബ ജാമ്യത്തിലിരിക്കെ നാടു വിട്ടേക്കുമെന്നോ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടേക്കുമെന്നോ തെളിവു നശിപ്പിച്ചേക്കുമെന്നോ കരുതുന്നതായി കോടതി പറയുന്നില്ല. പക്ഷേ, ആര്‍.ഡി.എഫ് അംഗത്വമുണ്ട് എന്നതാണ് ജാമ്യം നിഷേധിക്കാന്‍ പറയുന്ന ന്യായം.
ഈ ആര്‍.ഡി.എഫ് നിരോധിത സംഘടനയല്ല. യു.എ.പി.എ പ്രകാരമോ മറ്റോ നിരോധിച്ചതായാല്‍പോലും ഒരു സംഘടനയിലെ അംഗത്വം ഒരാളെ കുറ്റവാളിയാക്കില്ളെന്ന് സുപ്രീംകോടതി 2011ല്‍ വിധിച്ചതാണ്. ഇവിടെയാകട്ടെ, അംഗത്വമുള്ള സംഘടന നിരോധിക്കപ്പെട്ടതുപോലുമല്ല. എന്നിട്ടും അതു പറഞ്ഞ് ജാമ്യം നിഷേധിക്കുകയാണ് ചെയ്തിരിക്കുന്നത്. അങ്ങനെ മിക്കവാറും പൂര്‍ണ അംഗവൈകല്യമുള്ള, വീല്‍ചെയറില്‍ മാത്രം ചരിക്കാന്‍ കഴിയുന്ന ഒരു സര്‍വകലാശാലാ അധ്യാപകനെ രാജ്യസുരക്ഷക്ക് ഭീഷണിയെന്ന നിലക്ക് വീണ്ടും ജയിലില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. പരിഷ്കൃത നീതിന്യായ സംവിധാനത്തിന് അഭിമാനകരമാണിതെന്ന് പറയാനാവില്ല.
എഴുത്തുകാരി അരുന്ധതി റോയിക്കെതിരായ കര്‍ക്കശ നിലപാടും പക്വതയുള്ളതായില്ല. മാത്രമല്ല, അത് ആശങ്കയുണ്ടാക്കാന്‍ പോന്നതുമാണ്. കേന്ദ്ര ഗവണ്‍മെന്‍റിനെയും സംസ്ഥാന ഗവണ്‍മെന്‍റിനെയും പൊലീസ് സംവിധാനത്തെയും അരുന്ധതി റോയി തന്‍െറ ലേഖനത്തില്‍ രൂക്ഷമായി വിമര്‍ശിച്ചതായി കോടതി എടുത്തുപറയുന്നുണ്ട്. ബാബു ബജ്റംഗി, മായ കൊട്നാനി, അമിത് ഷാ തുടങ്ങിയവര്‍ക്ക് ജാമ്യം നല്‍കിയതുമായി സായിബാബക്കു ജാമ്യം നിഷേധിച്ചതിനെ തുലനംചെയ്തതായും കോടതി ചൂണ്ടിക്കാട്ടുന്നു. ജാമ്യം നല്‍കുന്നതും നിഷേധിക്കുന്നതും വസ്തുതകളെ മാത്രം ആധാരമാക്കിയാണെന്നും താരതമ്യത്തിന് പ്രസക്തിയില്ളെന്നും കോടതി നിരീക്ഷിക്കുന്നു. കോടതിയലക്ഷ്യ നിയമം വളരെ കരുതലോടെയും ജനാധിപത്യബോധത്തോടെയും മാത്രം പ്രയോഗിക്കേണ്ട ഒന്നാണെന്ന് നിയമജ്ഞര്‍ പലകുറി വ്യക്തമാക്കിയിട്ടുള്ളതാണ്. ജനങ്ങളാണ് യജമാനന്മാര്‍ -അവര്‍ക്ക് നിയമനിര്‍മാണസഭയെയും ഭരണ നിര്‍വഹണവിഭാഗത്തെയും നീതിന്യായ വ്യവസ്ഥയെയും വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നതും അംഗീകൃത കാര്യമാണ്.
ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നതോ അതിന്‍െറ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതോ ആയതൊന്നും പാടില്ളെന്ന ഉപാധി ഇരിക്കത്തെന്നെ, നീതിനടത്തിപ്പിലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കാനും തിരുത്തലാവശ്യപ്പെടാനും ജനങ്ങള്‍ക്ക് അധികാരമുണ്ട്. ഇവിടെ ഒരു കാര്യം കോടതിയലക്ഷ്യമോ അല്ളേ എന്ന് നിശ്ചയിക്കുന്നതും ജുഡീഷ്യറിതന്നെയായതിനാല്‍ അവര്‍ വളരെ ആത്മനിയന്ത്രണത്തോടെയും സൂക്ഷിച്ചും മാത്രമേ ആ വഴി തേടാവൂ എന്ന് കൃഷ്ണയ്യരെപ്പോലുള്ള ഉന്നത ജഡ്ജിമാര്‍ പലവുരു പറഞ്ഞിട്ടുണ്ട്. ബ്രിട്ടീഷ് പ്രഭുസഭയിലെ ഒരു കേസില്‍ വിധി പറഞ്ഞ ഭൂരിപക്ഷം ജഡ്ജിമാരെ ‘വിഡ്ഢികളേ’ എന്ന കൂറ്റന്‍ തലക്കെട്ടില്‍ ഒരു ബ്രിട്ടീഷ് പത്രം അഭിസംബോധന ചെയ്തപ്പോള്‍ ആ ഭൂരിപക്ഷം ജഡ്ജിമാരില്‍പെട്ട ലോഡ് ടെമ്പ്ള്‍മാനോട് അന്ന് അവിടെയുണ്ടായിരുന്ന ഫാലി എസ്. നരിമാന്‍ ചോദിച്ചു, കോടതിയലക്ഷ്യക്കേസ് എടുക്കുന്നില്ളേയെന്ന്. താന്‍ വിഡ്ഢിയല്ളെന്ന് തനിക്കറിയാമെന്നും മറ്റുള്ളവര്‍ അങ്ങനെ വിചാരിക്കുന്നെങ്കില്‍ ആവട്ടെയെന്നും ഇത്തരം വിമര്‍ശങ്ങളെ ഇംഗ്ളണ്ടിലെ ജഡ്ജിമാര്‍ അവഗണിക്കാറാണെന്നുമായിരുന്നു ടെമ്പ്ള്‍മാന്‍െറ മറുപടി. അത്രത്തോളം ഉദാത്ത സമീപനം എല്ലാവര്‍ക്കും സാധിച്ചുകൊള്ളണമെന്നില്ല. പക്ഷേ, ജനാധിപത്യപരമായ അവകാശങ്ങളെ തടസ്സപ്പെടുത്താനല്ല, സംരക്ഷിക്കാന്‍ ജുഡീഷ്യറി പ്രവര്‍ത്തിക്കുമെന്നാശിക്കാന്‍ നമുക്ക് കഴിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.