??.??. ???????, ??????? ???????, ?????? ??????????

ഓണവും നിലവിളക്കും വീണ്ടും

ഈ ലേഖകന്‍ കുറച്ച് വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച രണ്ട് ലേഖനങ്ങളുടെ തലക്കെട്ടുകള്‍ ഇങ്ങനെയായിരുന്നു.  1. ഇഡ്ഡലിയും ഫാഷിസവും 2. ഒരു നിലവിളക്കിലെന്തിരിക്കുന്നു? കാലങ്ങളായി തികച്ചും നിരുപദ്രകരവും നിഷ്കളങ്കവും സര്‍വരാല്‍ അംഗീകൃതവുമായ പല ചിഹ്നങ്ങളും രൂപകങ്ങളും പ്രതീകങ്ങളും ഒക്കെ സവിശേഷ സാമൂഹിക രാഷ്ട്രീയസാഹചര്യങ്ങളില്‍ ദുരുദ്ദേശ്യഭരിതവും വിഷലിപ്തവുമായി മാറ്റപ്പെടാമെന്നതായിരുന്നു ആ ലേഖനങ്ങളിലെ പ്രതിപാദ്യം. രാഷ്ട്രീയരംഗത്ത് ഹിന്ദുത്വ ശക്തികളുടെ ആരോഹണത്തോടെ സിനിമ അടക്കമുള്ള സാംസ്കാരികരൂപങ്ങളില്‍ ഭാഷക്കും ബിംബങ്ങള്‍ക്കും മറ്റും പുതിയ അര്‍ഥകല്‍പനകളും ലക്ഷ്യങ്ങളും കൈവരുന്നതിനെക്കുറിച്ചായിരുന്നു ആ ലേഖനങ്ങള്‍. മതേതരവും ചരിത്രപരവുമായ ബിംബങ്ങളെ വര്‍ഗീയതാല്‍പര്യങ്ങള്‍ക്കായി ‘പിടിച്ചെടുക്കുന്നതിനും’ ദുരുപയോഗിക്കുന്നതിനും  ലോകചരിത്രത്തില്‍  ധാരാളം ഉദാഹരണങ്ങളുണ്ട്.

പൊതുചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തുന്നത് സംബന്ധിച്ച് മുസ്ലിംസമുദായത്തിനുള്ളില്‍ നടക്കുന്ന വികാരതീവ്രമായ വാദപ്രതിവാദങ്ങളുടെയും അതേപ്പറ്റി സി. ദാവൂദ് ഈ പത്രത്തിലെഴുതിയ ലേഖനത്തിന്‍െറയും പശ്ചാത്തലത്തിലാണ് ഇക്കാര്യം ഓര്‍ത്തത്. തീര്‍ച്ചയായും ഹിന്ദുത്വശക്തികള്‍ ആധിപത്യം സകലതലങ്ങളിലും സ്ഥാപിക്കുന്ന കാലമാണിത്. നിലവിളക്കിനെപ്പോലെ സമീപകാലം വരെ മതജാതി സ്വത്വങ്ങള്‍ക്കൊക്കെ അതീതമായി കരുതപ്പെട്ടിരുന്ന ബിംബങ്ങള്‍ക്കൊക്കെ പുതിയ അര്‍ഥം ലഭിച്ചിട്ടുമുണ്ട്. പക്ഷേ, അതിനെ ചെറുക്കുന്നതിന്‍െറ മാര്‍ഗമാണ് പ്രശ്നം. ഇങ്ങനെ പിടിച്ചെടുക്കപ്പെട്ടവയെ എല്ലാം പിടിച്ചെടുക്കുന്നവര്‍ക്കുതന്നെ അനുവദിച്ച് മറ്റു വിഭാഗങ്ങള്‍ അവയെ ശത്രുക്കളായി പ്രഖ്യാപിക്കുകയാണോ വേണ്ടത്? ബിംബത്തെ ദുരുപയോഗിക്കുന്നവരോടുള്ള ശത്രുത ബിംബങ്ങളോട് പുലര്‍ത്തുന്നത് ദുരുപയോഗക്കാര്‍ക്ക് അല്ളേ സഹായകമാകുക?

മാത്രമല്ല, രണ്ട് വിഭാഗങ്ങളിലെയും തീവ്രമൗലികവാദികള്‍ പരസ്പരം സംഘര്‍ഷവും ശത്രുതയും അന്യത്വവും വളര്‍ത്താനുള്ള ശ്രമങ്ങള്‍ കൊണ്ടുപിടിച്ചുനടത്തുന്ന കാലത്ത് അതിന് വളംവെക്കുന്നത് അപായകരമാണ്. കോഴിക്കോട് സലഫി പ്രഭാഷകനെന്ന് പറയപ്പെടുന്ന ശംസുദ്ദീന്‍ ഫരീദ് എന്നൊരാള്‍ ഓണവും ക്രിസ്മസും ഒക്കെ മുസ്ലിംകള്‍ ആഘോഷിക്കുന്നത് അനിസ്ലാമികവും ശിര്‍ക്കുമാണെന്ന് പ്രസ്താവിച്ചിരിക്കുന്നു. തീര്‍ച്ചയായും ഇത് ഒറ്റപ്പെട്ട ശബ്ദമാകാം. പക്ഷേ, ഒരു ചെറിയ വിഭാഗത്തിലെങ്കിലും ഈ മനോഭാവം വളര്‍ത്താന്‍ സമീപകാലത്ത് സജീവമായ തീവ്ര സലഫിവിഭാഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.  നദ്വത്തുല്‍ മുജാഹിദീന്‍ എന്ന സംഘടനയില്‍നിന്ന് പിരിഞ്ഞുപോയ തീവ്രവാദികളില്‍പെട്ടയാളാണത്രെ ഫരീദ്.  ധാരാളം മുസ്ലിം സംഘടനകള്‍തന്നെ ഇതിനെതിരെ രംഗത്തുവന്നത് സമാധാനകരമാണ്.  

മറുപക്ഷത്ത് ഹിന്ദു തീവ്രവിഭാഗത്തിലാകട്ടെ, ഓണത്തിന്‍െറ അടിസ്ഥാന  സങ്കല്‍പങ്ങളൊക്കെ അട്ടിമറിക്കാനുള്ള നീക്കത്തിലാണ്. കുറേക്കാലമായി ഓണത്തിന്‍െറ സവര്‍ണവത്കരണം മുന്നോട്ടുപോയിട്ടുണ്ട്. ഓണസദ്യയില്‍ സവര്‍ണ സസ്യാഹാരം മാത്രം. മലയാളിക്ക് പരമ്പരാഗതമായി ഒരു ബന്ധവുമുണ്ടായിരുന്നിട്ടില്ലാത്ത കസവ് സെറ്റും വേഷ്ടിയും ഒക്കെ പരമ്പരാഗത കേരളീയ ഓണവേഷം!  ഇപ്പോഴിതാ, പുതിയ ഓണം മിത്ത് സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍.  ഓണത്തിന് മഹാബലിയെ അല്ല പകരം അദ്ദേഹത്തെ ചതിയിലൂടെ പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തുന്ന വാമനന്‍ എന്ന വിഷ്ണുവിന്‍െറ അവതാരത്തെയാണ് ഭക്തിപുരസ്സരം സ്വാഗതം  ചെയ്യേണ്ടതെന്ന് ആര്‍.എസ്.എസിന്‍െറ ‘കേസരി’ എന്ന മുഖപത്രത്തില്‍ സംസ്കൃത പ്രഫസര്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എഴുതിയിരിക്കുന്നു.  മഹാബലി എന്ന സാമ്രാജ്യവാദിയെ നിഗ്രഹിക്കുന്ന വാമനാവതാരത്തെയാണ് ഓണത്തിന് നമിക്കേണ്ടതെന്ന ഫലിതം വിളമ്പുന്നത് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല.  ഹിന്ദുത്വ അജണ്ടക്ക് ചേരുംപടിയുള്ള ഈ പുതിയ മിത്ത് ഓണത്തിന്‍െറ വിമോചനപരമായ മൂല്യങ്ങളെയൊക്കെ തമസ്കരിച്ചിരിക്കുന്നു.  അസുരരാജാവിനെയും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച സമത്വമെന്ന മൂല്യത്തെയും തമസ്കരിക്കുക. ഹൈന്ദവതയെയും ബ്രാഹ്മണ്യത്തെയും ഉയര്‍ത്തിപ്പിടിക്കുക. ഇതേതുടര്‍ന്ന് ഇക്കാര്യം ദേശീയതലത്തില്‍ ബി.ജെ.പി ഏറ്റെടുക്കുകയാണെന്ന് വെളിപ്പെടുത്തി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ തിരുവോണത്തിന്  വാമനജയന്തി ആശംസ അര്‍പ്പിച്ചിരിക്കുന്നു. വാസ്തവത്തില്‍ ഒരേ ടീമില്‍ കളിക്കുന്നവരാണ് ഫരീദും ഷായും ശശികലയും.  ഫരീദിന്‍െറ പാസ് കൃത്യമായി സ്വീകരിച്ച് ഗോളടിക്കാന്‍ ശ്രമിക്കുകയാണ് അമിത് ഷായും ശശികലയും.    

ഈദും ഓണവും ഒന്നിച്ച് വരുന്ന ഈ മനോഹരമായ കാലത്താണ് ഈ കളി നടക്കുന്നതെന്നോര്‍ക്കുക. ഇവിടെ ഇപ്പോള്‍ വേണ്ടത് പരസ്പര ഐക്യവും സൗഹൃദവും സംരക്ഷിക്കുകയല്ല. പരസ്പരശത്രുത വളര്‍ത്താനുള്ള ലക്ഷ്യവുമായി പിടിച്ചെടുക്കപ്പെടുന്ന പ്രതീകങ്ങളെ തിരിച്ചു പിടിക്കുകയാണാവശ്യം. പിന്നാക്കക്കാര്‍ക്ക് വിഗ്രഹപ്രതിഷ്ഠക്ക് വിലക്കുള്ള  കാലത്ത് ഈഴവശിവനെ പ്രതിഷ്ഠിച്ചതിലൂടെ ശ്രീ നാരായണന്‍ സൃഷ്ടിച്ചത് നവോത്ഥാന വിപ്ളവമായിരുന്നെന്ന് ഓര്‍ക്കുക. ഇതേക്കുറിച്ച്  ബി. രാജീവന്‍ എഴുതുന്നത് ഇങ്ങനെ: ‘മുഖ്യധാര അടിച്ചമര്‍ത്താനുപയോഗിക്കുന്ന രാഷ്ട്രീയമോ സാംസ്കാരികമോ ആയ ശക്തിരൂപങ്ങളെതന്നെ അടിച്ചമര്‍ത്തപ്പെടുന്നവര്‍ പിടിച്ചെടുത്ത്  പ്രയോഗിക്കുന്ന ഒരു രീതിയാണിത്. ഭൂരിപക്ഷാത്മക രൂപങ്ങളില്‍ കടന്നുകയറി അവയെ സ്ഥാനാന്തരണം (Deterritorialisation) ചെയ്യുന്നതിലൂടെ സര്‍ഗാത്മകമായി ചലിപ്പിക്കുന്ന പ്രക്രിയയാണിത്. അധിനിവേശഭാഷകള്‍ക്കും സംസ്കാരരൂപങ്ങള്‍ക്കും എതിരെ ന്യൂനപക്ഷം ഈ പ്രക്രിയ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു’. (പക്ഷേ, ഇതിന്‍െറ അര്‍ഥം ആര്‍.എസ്.എസുമായി മത്സരിച്ച് ശ്രീകൃഷ്ണജയന്തിയും ഗണേശചതുര്‍ഥിയും സംഘടിപ്പിക്കുകയല്ളെന്നും പറയാതെ വയ്യ.)    

ശിവസേന പോലൊരു കക്ഷിയുടെ ഗണേശോത്സവം ഉദ്ഘാടനം ചെയ്ത് എം.കെ. മുനീര്‍ നിലവിളക്ക് കത്തിക്കുമ്പോള്‍ അത് ഹിന്ദു മൗലികവാദികള്‍ക്ക് കുടപിടിക്കുന്നതാണെന്ന ദാവൂദിന്‍െറ നിലപാടിനോട് പൂര്‍ണമായും യോജിക്കുന്നു. പക്ഷേ, ശിവസേനക്കാര്യത്തെ പരിചയാക്കി ലക്ഷ്യമാക്കുന്നത് കേവലമായ വിലക്ക് കൊളുത്തലാണെങ്കില്‍ അത് മൗലികവാദം തന്നെയെന്ന് പറയാതെ വയ്യ.  സ്വന്തം വിശ്വാസം അനുവദിക്കുന്നില്ളെങ്കില്‍ നിലവിളക്ക് കൊളുത്താതിരിക്കാന്‍ ജനാധിപത്യത്തില്‍ ആര്‍ക്കും മൗലികമായ അവകാശമുണ്ട്.  അത് തീവ്രവാദമാണെന്ന് പറയുന്നതില്‍ ദുരര്‍ഥവുമുണ്ട്.

പക്ഷേ, വിളക്ക് കൊളുത്താതിരിക്കാനെന്നപോലെ കൊളുത്താനും ആര്‍ക്കും ജനാധിപത്യപരമായ അവകാശമുണ്ടെന്ന് മറക്കരുത്. ഇസ്ലാമില്‍ ഒരാള്‍ക്ക് ആ ആഗ്രഹമുണ്ടെങ്കില്‍ അത് പാടില്ളെന്ന നിലപാടാണ് അപകടം. എന്നാല്‍, സോഷ്യല്‍മീഡിയയില്‍ മുസ്ലിം സംഘടനകള്‍ വക മുനീറിനെതിരായ ആക്രമണം ഏറെയും കറകളഞ്ഞ വര്‍ഗീയമൗലികവാദം മാത്രം. അങ്ങനെ പറയുമ്പോഴാണ് ഇരു പക്ഷത്തെയും മൗലികവാദികള്‍ ഒരേ തൂവല്‍ പക്ഷികളാവുക. ശബരിമലയിലും ഹാജിഅലിയിലും സ്ത്രീപ്രവേശത്തിനെതിരെ ഹിന്ദുത്വ നേതാവ്  രാഹുല്‍ ഈശ്വര്‍ കാന്തപുരം മൗലവിയുമായി കൈകോര്‍ക്കുമെന്ന് പറയുന്നത് നോക്കൂ. ഒരു വശത്ത് ഹൈന്ദവ തീവ്രവാദവും മറുഭാഗത്ത് ഓണവും ക്രിസ്മസുമൊക്കെ അന്യമതങ്ങളുടേതായത് കൊണ്ട് അവ വര്‍ജിക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്യുന്ന ഇസ്ലാമികതീവ്രവാദവും വളരുന്ന ഈ കാലത്ത് കൂടുതല്‍ വിദ്വേഷവും പരസ്പരശത്രുതയും വളര്‍ത്തുകയാണോ ഫാഷിസത്തെ ചെറുക്കാന്‍ സഹായിക്കുന്ന സാംസ്കാരിക അജണ്ട? രണ്ടുദിവസം കഴിഞ്ഞ് ‘മാധ്യമ’ത്തില്‍ തന്നെ വന്ന അശ്റഫ് കടയ്ക്കലിന്‍െറ ലേഖനത്തില്‍ പറയുന്നതുപോലെ ഒരുമയുടെ ആഘോഷപ്പെരുന്നാളുകളായ ഈദും ഓണവും ഒന്നിച്ചുവന്ന അസുലഭ ഭാഗ്യമാണ് ഇക്കുറി മലയാളി നേടിയത്. സൗഹൃദം പരസ്പരം പങ്കിടാനുള്ള ഈ വേളയില്‍ കല്ലുകടി ഉണ്ടാക്കുന്ന സമീപനം ആശാസ്യമല്ളെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു (എല്ലാ അഭിപ്രായങ്ങള്‍ക്കും വേദിയൊരുക്കിയ ‘മാധ്യമ’ത്തിന് അഭിനന്ദനം).

നിലവിളക്ക് കൊളുത്താതിരിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്ന് സംശയമില്ല.  എങ്കിലും  മതബന്ധമുള്ളതുകൊണ്ട്  മാത്രം നിലവിളക്കിനെ ശത്രുവായി പ്രഖ്യാപിക്കുന്നത് ശരിയോ എന്നും ആലോചിക്കണ്ടേ? അങ്ങനെയാണെങ്കില്‍ കര്‍ണാടക സംഗീതം, ഭരതനാട്യം, കഥകളി തുടങ്ങിയ  ക്ളാസിക് കലാരൂപങ്ങള്‍, പുരാണേതിഹാസങ്ങള്‍, കലാശില്‍പങ്ങള്‍ ഇവയെയൊക്കെ അകറ്റിനിര്‍ത്തേണ്ടിവരില്ളേ?  ഓരോ കലാരൂപവും അതത് മതക്കാര്‍ മാത്രം ആസ്വദിക്കുകയും അവതരിപ്പിക്കുകയും ചെയ്താല്‍ മതിയെന്നാണെങ്കില്‍ ജീവിതം എത്ര ശുഷ്കമാകും? അധികാരം കിട്ടിയാല്‍ അന്യഭാഷാസാംസ്കാരികരൂപങ്ങളെ തകര്‍ക്കുന്നത് ഈ മൗലികവാദ മനോഭാവത്തിന്‍െറ അടുത്ത ഘട്ടം മാത്രം. പ്രാചീന കാലം മുതല്‍ ഈ തരം ‘വിഗ്രഹഭഞ്ജനം’ നടന്നിട്ടുണ്ട്. സമീപകാലത്ത് താലിബാന്‍ അധികാരമേറിയ അഫ്ഗാനിസ്താനില്‍  ആറാം നൂറ്റാണ്ടിലെ ബാമിയാന്‍ ബുദ്ധപ്രതിമകള്‍ (ലോകത്തേറ്റവും വലിയ ബുദ്ധപ്രതിമകള്‍) തകര്‍ത്ത് തരിപ്പണമാക്കിയത്  ഓര്‍ക്കാം. ഇതിന്‍െറ അടുത്തഘട്ടം ഒരേ സമുദായത്തിനുള്ളിലെ മറ്റ് വിഭാഗങ്ങളുമായി ബന്ധപ്പെട്ട പൈതൃകങ്ങളുടെ നേരെയാകും.  ഐ.എസ് ഭീകരര്‍ ലിബിയ, സിറിയ, ഇറാഖ് എന്നീയിടങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി നടത്തിവരുന്ന പൈതൃകനശീകരണം ഉദാഹരണം. അന്യരുടെ വിശ്വാസങ്ങള്‍, ആചാരങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയിലൊക്കെ പങ്കെടുക്കുന്നതാണ് നാനാത്വത്തിലെ ഏകത്വം എന്ന മഹാലക്ഷ്യത്തിലേക്കുള്ള മാര്‍ഗം എന്ന്  പരക്കെ അംഗീകരിക്കപ്പെട്ടിരുന്ന ഒരു കാലത്തുനിന്ന് അതൊക്കെ വിലക്കപ്പെടുകയോ പരിഹസിക്കപ്പെടുകയോ ചെയ്യുന്ന കാലത്തേക്ക് എത്ര വേഗമാണ് നാം എത്തിച്ചേര്‍ന്നത്!

മതതീവ്രവാദത്തെ എതിര്‍ക്കുന്ന ലീഗിനെ ആക്രമിക്കുന്ന ദാവൂദ് ആ കക്ഷിയുടെ തെറ്റുകളെ കാണുന്നേയില്ളെന്നത് ശ്രദ്ധേയമാണ്. ഭരണകാലത്തെ കെടുകാര്യസ്ഥത, അഴിമതി തുടങ്ങിയവയൊന്നും അദ്ദേഹത്തിന് പ്രശ്നമല്ല. പ്രശ്നം നിലവിളക്ക് പ്രശ്നത്തില്‍ മുനീറിനെ ശരിപ്പെടുത്താത്തത് മാത്രം. മാത്രമല്ല, ഹിന്ദുത്വശക്തികളുടെ ഭീകരമായ സാംസ്കാരികാധിനിവേശത്തെ ചെറുക്കുന്നതിനൊപ്പം ഓണത്തെയും ക്രിസ്മസിനെയും ശിര്‍ക്കായി തള്ളുന്നതും മുത്തലാഖും ബഹുഭാര്യത്വവും പിന്തുണയ്ക്കുന്ന വ്യക്തിനിയമബോര്‍ഡ് തീരുമാനവും ഹാജിഅലിയിലെ സ്ത്രീപ്രവേശത്തെ എതിര്‍ക്കുന്ന പള്ളി ട്രസ്റ്റിന്‍െറ നിലപാടും വിചാരണ ചെയ്യേണ്ടതല്ളേ?

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.