മത്സ്യത്തൊഴിലാളികളെ കടലിൽനിന്ന് ആട്ടിപ്പായിക്കുമ്പോൾ

ട്രോളിങ് നിരോധനത്തിന്റെ 52 ദിവസങ്ങൾക്കുശേഷം വറുതിക്ക് അറുതി തേടി മത്സ്യബന്ധന ബോട്ടുകൾ കടലിലിറങ്ങാൻ ഒരുങ്ങിയ മത്സ്യത്തൊഴിലാളികളെ കാത്തിരുന്നത് കടലിലേക്കു പോകരുത് എന്ന കാലാവസ്ഥ മുന്നറിയിപ്പാണ്. കാറ്റും കോളും നിറഞ്ഞ സമയത്ത് കടലിലിറങ്ങുന്നത് അപകടകരമാണ്. ഈ ദിനങ്ങളിൽ നിർദേശം പാലിച്ച് കടലിൽനിന്ന് വിട്ടുനിൽക്കാൻ നിർബന്ധിതരായ തൊഴിലാളികൾക്ക് സമാശ്വാസം നൽകുക എന്നത് സർക്കാറിന്റെ ഉത്തരവാദിത്തമാണ്. അത് നിറവേറ്റപ്പെടുന്നില്ല.

കടൽക്ഷോഭംമൂലം നിരവധി മത്സ്യത്തൊഴിലാളി വീടുകളാണ് കഴിഞ്ഞ നാളുകളിലായി നഷ്ടമായത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയ മത്സ്യത്തൊഴിലാളി ഭവനനിർമാണ സഹായം ഒഴിവാക്കി പഴയതുപോലെ ഫിഷറീസ് ഡിപ്പാർട്മെൻറ് വഴി ഭവന നിർമാണത്തിനുള്ള പദ്ധതി രൂപവത്കരിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല.

അടിക്കടിയുണ്ടായ ഇന്ധനവില വർധന മത്സ്യത്തൊഴിലാളികൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. മണ്ണെണ്ണ ക്വോട്ട വെട്ടിക്കുറക്കുകകൂടി ചെയ്യുന്നതോടെ ദുരിതം ഇരട്ടിക്കുന്നു. മണ്ണെണ്ണക്കും ഡീസലിനും സബ്സിഡി നൽകിയാണ് തമിഴ്നാട് സർക്കാർ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നത്.

കേരളത്തിൽ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് പ്രതിമാസം 2100 ലിറ്റർ മണ്ണെണ്ണയാണ് ആവശ്യം-ഒരു വർഷം 25,920 ലിറ്റർ. മൂന്നു മാസത്തിലൊരിക്കൽ അനുവദിച്ചിരുന്ന മണ്ണെണ്ണ നാലു മാസത്തിൽ ഒരിക്കലാക്കിയിരിക്കുന്നു. തൊഴിലാളികൾ മണ്ണെണ്ണക്ഷാമം ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ഇടപെട്ടതോടെ 22,000 ലിറ്റർ നൽകാമെന്ന് കേന്ദ്ര സർക്കാർ സമ്മതിച്ചിട്ടുണ്ട്.

ഇത്രയും പറഞ്ഞത് മത്സ്യത്തൊഴിലാളികൾ നിരന്തരം നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളാണെങ്കിൽ ഇനി വരാനിരിക്കുന്നത് അതിലേറെ ഭീഷണി നിറഞ്ഞ അവസ്ഥയാണ് എന്ന് ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല. 2022 ജൂണിൽ നടന്ന ലോക വാണിജ്യ സംഘടന (ഡബ്ല്യു.ടി.ഒ) സമ്മേളനം രണ്ടു വർഷത്തിനകം മത്സ്യത്തൊഴിലാളികളുടെ സകല ആനുകൂല്യങ്ങളും നിർത്തലാക്കാൻ തീരുമാനിച്ചിരിക്കുന്നു. 165 രാജ്യങ്ങൾ പങ്കെടുത്ത യോഗത്തിൽ 86 രാജ്യങ്ങൾ അതിനെ എതിർത്തു. നിർഭാഗ്യവശാൽ, അനുകൂലിച്ചവരുടെ പട്ടികയിലാണ് ഇന്ത്യ.

വൻകിട വിദേശ കപ്പലുകൾക്ക് ആഴക്കടലിൽനിന്ന് മീൻപിടിക്കുന്നതിന് നിർബാധം ലൈസൻസ് നൽകുന്നുണ്ട് സർക്കാർ. ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് വലിയ ദോഷമാണ് ഈ നടപടിമൂലമുണ്ടാവുന്നത്. വൻകിട കപ്പലുകൾ കടൽ അരിച്ച് മീനുമായി പോകുന്നതോടെ ചെറുകിട ബോട്ടുകാർ വെറുംകൈയോടെ മടങ്ങേണ്ടിവരും. നിയമങ്ങൾ ലംഘിച്ച് കടലിൽനിന്ന് അരിച്ചുവാരി നടത്തുന്ന മത്സ്യബന്ധനം മത്സ്യസമ്പത്തിന്റെ സർവനാശത്തിനാണ് വഴിതുറക്കുക. ഈ കടൽക്കൊള്ള തടയാൻ നാവികസേനയും കോസ്റ്റ്ഗാർഡും തയാറാകണം.

എന്നാൽ മാത്രമേ മത്സ്യസമ്പത്ത് നിലനിൽക്കൂ, ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് സുസ്ഥിരമായി മീൻ ലഭിക്കൂ, സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ മത്സ്യം കഴിക്കാനുമാവൂ. കേരളത്തിലെ മൊത്തം മത്സ്യബന്ധന തൊഴിലാളികളിൽ 95 ശതമാനം പേരും പരമ്പരാഗത മേഖലയിൽ ജോലി ചെയ്യുന്നവരാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോയി മത്സ്യബന്ധനം നടത്തുന്നതുപോലും അസാധ്യമാക്കുന്ന തരം നയങ്ങൾക്കാണ് കേന്ദ്ര സർക്കാർ രൂപംനൽകി വരുന്നത്. സബ്സിഡികൾ ഇല്ലാതാക്കുന്നതും അതിന്റെ ഭാഗംതന്നെ.

പ്രളയവേളയിൽ സ്വജീവൻ പണയംവെച്ച് സഹജീവികളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നവരാണ് കേരളത്തിന്റെ സ്വന്തം സൈന്യമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികൾ. മത്സ്യത്തൊഴിലാളികളുടെ നിലനിൽപ് അപകടത്തിലാവുന്ന സാഹചര്യത്തിൽ അവർക്ക് സംരക്ഷണവും കരുത്തും പകരാൻ സർക്കാറുകൾക്കും പൊതുസമൂഹത്തിനും ബാധ്യതയുണ്ട്.

(മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ദേശീയ ട്രഷററാണ് ലേഖകൻ)

Tags:    
News Summary - When fishermen are thrown out of the sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT