‘മോദിയുടെ രാഷ്ട്രീയം വിനാശകരം, ജനങ്ങളുടെ ക്ഷേമമാണ് ഞങ്ങൾക്ക് മുഖ്യം’; തേജസ്വി യാദവ് സംസാരിക്കുന്നു....

ൻഡ്യ സഖ്യത്തിന്റെ പ്രധാന ശില്പികളിലൊരാളായ മുഖ്യമന്ത്രി നിതീഷ് കുമാർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പി പാളയത്തിലേക്ക് പൊടുന്നനെ കൂടുമാറിയതോടെ, പ്രതിപക്ഷ സഖ്യത്തിന് ഏറ്റവും വലിയ ആശങ്കയുള്ള ഇടങ്ങളിലൊന്നായിരുന്നു ബിഹാർ. തുടർച്ചയായ മൂന്നാം തവണയും അധികാരം നിലനിർത്താനുള്ള നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ ചെറുക്കാൻ ഉയർന്നുവന്ന പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയെ പൂർണമായും തകർക്കാനുള്ള ശേഷി നിതീഷ് കുമാർ ഏൽപിച്ച ആ അപ്രതീക്ഷിത പ്രഹരത്തിനുണ്ടായിരുന്നു.

എന്നാൽ, തകർന്നുകിടക്കുന്ന കോട്ട കെട്ടിപ്പടുക്കാൻ ഒരു യുവാവ് സുധീരം മുന്നോട്ടുവന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റുകൾ തൂത്തുവാരുമെന്ന കണക്കുകൂട്ടലുമായി നിലയുറപ്പിച്ച ബി.ജെ.പി-ജനതാദൾ (യുനൈറ്റഡ്) സഖ്യത്തിന്റെ വഴിയടച്ച് തേജസ്വി യാദവ് എന്ന ആ ചെറുപ്പക്കാരൻ പാറപോലെ ഉറച്ചുനിന്നു. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കർണാടക, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾക്കൊപ്പം ബിഹാറിനെയും കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും സഹായത്തോടെ തേജസ്വി ഈ തെരഞ്ഞെടുപ്പിലെ പ്രധാന യുദ്ധക്കളങ്ങളിലൊന്നാക്കി മാറ്റി. തന്റെ പ്രചാരണത്തെക്കുറിച്ചും തെരഞ്ഞെടുപ്പിലെ പ്രതീക്ഷകളെക്കുറിച്ചും അദ്ദേഹം ‘ദി വയറി’നോട് സംസാരിച്ചതിന്റെ പ്രസക്തഭാഗങ്ങൾ....

നിങ്ങളുടെ പ്രചാരണം കേന്ദ്രീകരിക്കുന്നത് തൊഴിലിലാണ്. വാചകക്കസർത്തിനുമപ്പുറം, നിങ്ങളുടെ രാഷ്ട്രീയം അടിസ്ഥാനപരമായ വിഷയങ്ങളിൽ ഊന്നുന്നതായി തോന്നുന്നു. ബോധപൂർവമായ തീരുമാനമാണോ അതോ നിലവിലുള്ള അസാധാരണമായ തൊഴിൽ പ്രതിസന്ധിയാണോ ഈ വഴി തെരഞ്ഞെടുക്കാൻ നിങ്ങളെ പ്രേരിപ്പിച്ചത്?

ജനങ്ങളുടെ നാഡിമിടിപ്പിലേക്ക് വിരൽ ചൂണ്ടുന്ന പാർട്ടിയാണ് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി). കഴിഞ്ഞ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ ഞങ്ങളുടെ പ്രകടനപത്രിക നിങ്ങൾ നോക്കൂ...അന്ന് ജനങ്ങൾക്ക് ഞങ്ങൾ നൽകിയ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു തൊഴിൽ. തൊഴിലില്ലായ്മ അത്തരമൊരു വിപത്തായി മാറിയെന്ന് ആരും തിരിച്ചറിയാൻ തയാറാകാത്ത സമയത്താണ് തൊഴിൽ പ്രതിസന്ധിയെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തത്. ഈ വിഷയത്തിൽ ബി.ജെ.പി ഉയർത്തിയ കുപ്രചരണങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന സമയമായിരുന്നു അത്. ബിഹാറിലെ ജനങ്ങൾ ജീവനോപാധിയുടെയും അന്തസ്സിന്റെയും വിഷയത്തിൽ ഞങ്ങൾക്ക് അനുകൂലമായി നിൽക്കുകയും ഞങ്ങളെ നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയാക്കുകയും ചെയ്തു.

ജനങ്ങളുടെ ക്ഷേമത്തിനായി രാഷ്ട്രീയ പ്രവർത്തനം നടത്തുക എന്നത് ബോധപൂർവമായ തീരുമാനമാണ്. അല്ലാതെ അധികാരത്തിനുവേണ്ടിയല്ല. നരേന്ദ്ര മോദിയെപ്പോലെ അധികാരക്കസേരയല്ല ഞങ്ങളുടെ ഉന്നം. ‘പധായ്-ദവായ്-സിചായ്-കമായ്’ (വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ജലസേചനം, ഉപജീവനം) എന്നിവയെക്കുറിച്ച് മോദി എ​ന്തെങ്കിലും പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? അദ്ദേഹം ഒരിക്കലും യഥാർഥ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാറില്ല. എതിരാളികളെ അധിക്ഷേപിക്കുകയും കള്ളം പറയുകയും മാത്രമാണ് മോദി ചെയ്യുന്നത്.

നിങ്ങളുടെ രാഷ്ട്രീയം എന്തുതന്നെയായാലും, എതിരാളികൾ നിങ്ങൾക്കു​ നേരെ ഉയർത്തുന്ന വിമർശനം പിതാവ് ലാലു പ്രസാദ് യാദവിന്റെ ഭരണകാലവുമായി ബന്ധപ്പെട്ടുള്ളതായിരിക്കും. സ്വന്തം രാഷ്ട്രീയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങളെ വിലയിരുത്തുന്നില്ലെന്ന തോന്നലുണ്ടോ?

എന്റെ പിതാവ് തന്റെ അടിയുറച്ച നിലപാടുകളുടെയും പരിവർത്തന രാഷ്ട്രീയത്തിന്റെയും പേരിൽ മുഖ്യധാരാ രാഷ്ട്രീയ നിരൂപകരിൽനിന്ന് ദീർഘകാലമായി കടുത്ത വിമർശനം നേരിട്ടയാളാണ്. ബീഹാറിലെ സമൂഹം ക്രൂരമായ അസമത്വത്തിലാണ് കഴിഞ്ഞിരുന്നത്. സാമൂഹികനീതിക്കായുള്ള അദ്ദേഹത്തിന്റെ ആഹ്വാനം ഏറെ മാറ്റങ്ങൾ കൊണ്ടുവന്നു. അതിന്റെ പേരിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നത് സ്വാഭാവികമായിരുന്നു. ഈ നിരൂപകർ അദ്ദേഹത്തോട് വലിയ അനീതി കാണിച്ചതായാണ് എനിക്ക് തോന്നുന്നത്. ഞങ്ങൾ സമത്വത്തെ വെറുക്കുന്നവരാണെന്നും സാമൂഹികനീതിക്ക് എതിരാണെന്നും അവർക്ക് പറയാൻ കഴിയില്ല. അതിനാൽ, അദ്ദേഹത്തിനെതിരെ കെട്ടിച്ചമച്ച ആരോപണങ്ങളുന്നയിച്ച് നുണകൾ ആവർത്തിച്ചു. തന്റെ തത്ത്വങ്ങളിൽ ഉറച്ചുനിന്നതിന് ലാലുജി വലിയ വില നൽകിയിട്ടുണ്ടെന്നത് വ്യക്തമാണല്ലോ. എന്റെ രാഷ്ട്രീയം അദ്ദേഹത്തിൽനിന്ന് ഒട്ടും വ്യത്യസ്തമല്ല. ആ പാരമ്പര്യത്തിൽ ഞാൻ അഭിമാനിക്കുകയും ചെയ്യു​ന്നു.


ബി.ജെ.പിയുമായി കൂട്ടുകൂടാൻ വിസമ്മതിച്ചതിനാൽ ലാലു പ്രസാദ് യാദവിനെ അപകീർത്തിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്‌തുവെന്നാണ് നിങ്ങളുടെ പിൻ ചെയ്‌ത ട്വീറ്റ് സൂചിപ്പിക്കുന്നത്. ഇരട്ടത്താപ്പും രാഷ്ട്രീയ ബ്ലാക്ക്‌മെയിലിങ്ങും ചേർന്നതാണ് അഴിമതിക്കെതിരായ ബി.ജെ.പിയുടെ നിലപാടെന്നാണോ നിങ്ങൾ പറയുന്നത്?

അതേക്കുറിച്ച് കൂടുതൽ എന്താണ് പറയാനുള്ളത്? ഇന്ത്യയിലെ രാഷ്ട്രീയ ഭീഷണികളെ ബി.ജെ.പി ലജ്ജയില്ലാതെ സാധാരണവൽക്കരിച്ചു. ഇ.ഡിയെയും സി.ബി.ഐയെയും ആദായനികുതി വകുപ്പിനെയും മോദി എങ്ങനെയാണ് ഉപയോഗിച്ചതെന്ന് ഓരോ പൗരനും അറിയാം. എതിരാളികളെയും വിമർശകരെയും പീഡിപ്പിക്കാനുള്ള രാഷ്ട്രീയ ഉപകരണമായാണ് ഈ ഏജൻസികളെ ഉപയോഗിച്ചിരുന്നത്. അന്ധമായ അവരുടെ അനുഭാവികൾക്ക് പോലും ഉൾക്കൊള്ളാൻ പറ്റാത്ത വിധത്തിൽ ഇപ്പോഴത് എത്തിനിൽക്കുന്നു.

വർഗീയ സംഘർഷം സൃഷ്ടിക്കാനാണ് മോദി ശ്രമിക്കുന്നത്. അദ്ദേഹം ‘ഹിന്ദു-മുസ്‍ലിം’ എന്ന് എപ്പോഴും പറഞ്ഞുകൊണ്ടേയിരിക്കുന്നു. അയോധ്യയിലെ രാമക്ഷേത്രം പ്രതിപക്ഷം ബുൾഡോസർ കയറ്റി തകർക്കും എന്നുവരെ പറയുന്നു. പ്രതിപക്ഷ സഖ്യം അത്രമാത്രം വിവേകശൂന്യരും വിനാശകാരികളുമാണോ?

മോദി-ബി.ജെ.പി ബ്രാൻഡ് രാഷ്ട്രീയവും അതിനെ ചെറുക്കുന്ന രാഷ്ട്രീയവും തമ്മിൽ ഒരു പ്രധാന വ്യത്യാസമുണ്ട്. മോദി ജനങ്ങളെ വെറുപ്പിൽ നിർത്തുകയാണ്. ശരിയല്ലാത്ത മുൻകാല തെറ്റുകൾക്കുള്ള അദ്ദേഹത്തിന്റെ പരിഹാരങ്ങൾ അക്രമാസക്തവും വിനാശകരവും ക്രൂരവുമാണ്. മറുവശത്ത് പ്രതിപക്ഷമാകട്ടെ ജനങ്ങളുടെ ഉപജീവനം, അന്തസ്സ്, സാഹോദര്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എല്ലാ ഇന്ത്യക്കാരും തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന ലളിത സത്യമാണിത്. രാജ്യത്ത് ബി.ജെ.പിയാണ് വിനാശകരം. മോദി എന്തും പറയുന്ന രീതിയിലാണിപ്പോൾ. ആളുകൾ ഇപ്പോൾ അദ്ദേഹത്തെ കാര്യമായി എടുക്കുന്നില്ല. ആളുകൾ അദ്ദേഹത്തെ നോക്കി ചിരിക്കുന്നു. വിലക്കയറ്റം, തൊഴിൽ ലഭ്യത, ദാരിദ്ര്യം എന്നിവയെക്കുറിച്ച് മോദി ഒന്നും മിണ്ടുന്നില്ല. ഞങ്ങൾ ക്രിയാത്മകമാമായി പ്രവർത്തിക്കുകയും ജനങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. മോദിയുടെ രാഷ്ട്രീയമാക​ട്ടെ, അങ്ങേയറ്റം വിനാശകരമാണ്.

ജൂൺ നാലിന് ഈ സർക്കാരിനെ നീക്കം ചെയ്യുമെന്ന് നിങ്ങൾക്ക് എത്രത്തോളം ആത്മവിശ്വാസമുണ്ട്? ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും ബി.ജെ.പിക്ക് സഖ്യമുണ്ടാക്കാൻ കഴിഞ്ഞാലോ? ഇൻഡ്യ സഖ്യത്തിന് ഭൂരിപക്ഷത്തിൽ കുറവുണ്ടായെങ്കിലോ? ബി.ജെ.പിയുമായി യോജിച്ച് നിൽക്കുന്നതോ നിഷ്പക്ഷരോ ആയ മറ്റ് പാർട്ടികളുമായി നിങ്ങൾ സംസാരിക്കുമോ?

ഇപ്പോൾ ജനങ്ങൾ മോദിയെ പുറത്താക്കാൻ ആഗ്രഹിക്കുന്നു എന്നത് വസ്തുതയാണ്. ബീഹാറിൽ ഞങ്ങൾ സ്ക്രൂകൾ മുറുക്കിക്കഴിഞ്ഞു. അവർക്ക് ഇവിടെ കനത്ത നഷ്ടം സംഭവിക്കും. രാജ്യത്തുടനീളം മോദിക്കെതിരെ രോഷമുയരുകയാണ്. അവർ ജനങ്ങളെ വിഡ്ഢികളാക്കി. കൃത്രിമത്വവും തെരഞ്ഞെടുപ്പിന് ശേഷമുള്ള കുതന്ത്രങ്ങളുമൊക്കെയായി ബി.ജെ.പിയുടെ വളഞ്ഞ വഴികൾ ഞങ്ങളേക്കാൾ നന്നായി മറ്റാർക്കും മനസ്സിലാകില്ല. അവരുടെ രാഷ്ട്രീയം അധികാര കേന്ദ്രീകൃതമാണ്. രാജ്യത്തിന്റെ ഭരണഘടനാപരമായ ധാർമികതയും ജനങ്ങളുടെ ക്ഷേമവും സംരക്ഷിക്കാൻ ലക്ഷ്യമിടുന്ന ഒരു രാഷ്ട്രീയത്താലാണ് ഇൻഡ്യ സഖ്യത്തിലെ കക്ഷികൾ ബന്ധിക്കപ്പെട്ടിരിക്കുന്നത്.

സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനും സംവിധാനങ്ങളെയും സമൂഹത്തെയും സുരക്ഷിതമാക്കാനും നമ്മുടെ ജനാധിപത്യ വേരുകൾക്ക് കരുത്തുപകരാനും നിങ്ങളെപ്പോലുള്ള ഒരു യുവ രാഷ്ട്രീയക്കാരൻ പുതിയ സർക്കാരിനോട് എന്ത് നടപടികളാണ് നിർദേശിക്കുക?

നമ്മുടെ സ്ഥാപനങ്ങൾ ഭീഷണിപ്പെടുത്തി പിടിച്ചടക്കിയെന്നാണ് എന്റെ വിശ്വാസം. സ്ഥാപനങ്ങളുടെ ശരിയായ പ്രവർത്തനം പുനഃസ്ഥാപിക്കാൻ കഴിയുന്ന വിധത്തിൽ നീതിയുടെയും നിയമവാഴ്ചയുടെയും അന്തരീക്ഷം ഉറപ്പാക്കേണ്ടതുണ്ട്. എല്ലാം മനസ്സിലാക്കുമ്പോഴും നിസ്സഹായതയോടെ ഈ തകർച്ച കാണാൻ നിർബന്ധിതരാവുന്ന കുറേ ഉദ്യോഗസ്ഥരുണ്ട്. ഇത് രാഷ്ട്രീയ ഇച്ഛാശക്തിയുടെയും സദുദ്ദേശ്യത്തിന്റെയും ചോദ്യമാണ്. സ്ഥാപനങ്ങളെ കൂടുതൽ ശക്തമാക്കാനും അവയുടെ സ്വയംഭരണം ഉറപ്പാക്കാനും ഞങ്ങൾ കഠിനമായി പരിശ്രമിക്കും.

നിങ്ങളും നിങ്ങളുടെ കുടുംബവും ബി.ജെ.പിയിൽ നിന്ന് നേരിടുന്ന പ്രധാന ആക്രമണം കുടുംബ രാഷ്ട്രീയമാണ്. പ്രധാനമന്ത്രി പോലും നിങ്ങളെയും അഖിലേഷ് യാദവിനെയും രാഹുൽ ഗാന്ധിയെയും ലക്ഷ്യം വയ്ക്കുന്നത് അതാത് പാർട്ടികളുടെ കുടുംബ നിയന്ത്രണം ചൂണ്ടിക്കാട്ടിയാണ്. ഇന്നത്തെ ഇന്ത്യയിലെ രാഷ്ട്രീയത്തിൽ അതാണോ പ്രധാന ആശങ്ക?

പാർട്ടികളിലെ ആഭ്യന്തര ജനാധിപത്യം തകർക്കാൻ പല വഴികളുണ്ടെന്ന് കാണിച്ചുതന്നയാളാണ് മോദിജി. പാർട്ടിയുടെ ഉന്നത നേതാക്കളെ പോലും മൂലക്കൊതുക്കി ബി.ജെ.പിയിൽ മോദി പിടിമുറുക്കിയത് ഒട്ടും ജനാധിപത്യപരമായല്ലല്ലോ. ഇന്ത്യയിലെ വോട്ടർമാർ പാർലമെന്റിലേക്കും നിയമസഭകളിലേക്കും പ്രതിനിധികളെ അയച്ചത് അവരുടെ മുൻകാല പ്രകടനത്തെയും ഭാവിയിലെ സാധ്യതകളെയും വിലയിരുത്തിയാണ്. വിശേഷാധികാരം ചോദ്യം ചെയ്യപ്പെടുന്നത് ന്യായമാണ്. പക്ഷേ, ആളുകൾ നമ്മുടെ ജോലിക്കും കഴിവിനുമനുസരിച്ചാകും നമ്മളെ വിലയിരുത്തുക.

Tags:    
News Summary - Our Politics Is For People's Welfare, Not for Power Like Modi: Tejashwi Yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.