കേരളം ഇന്ന് നിർണായക വഴിത്തിരിവിലാണ്. പഠിച്ച യുവാക്കളുടെ വിദേശ കുടിയേറ്റം കൂടുന്നു. ചെറുകിട വ്യവസായങ്ങൾ പ്രതിസന്ധിയിലാണ്. വ്യാപാരികളിൽ ആത്മവിശ്വാസം കുറയുന്നു. ഈ ഘട്ടത്തിൽ പുതിയ സർക്കാരിന്റെ പൂർണ ബജറ്റ് 2026 വെറും കണക്കുപുസ്തകമല്ല. യുവാക്കളെ നാട്ടിൽ പിടിച്ചുനിർത്താനുള്ള രാമബാണ സൂത്രവും സത്യസന്ധതയുമുള്ള വികസന രേഖയാകണം.
ഇന്ന് കേരള ജനത ആഗ്രഹിക്കുന്നത് ഇൻഡസ്ട്രീസ് ഓഫീസിൽ പോകുമ്പോഴും, GST ഓഫീസിൽ ചെല്ലുമ്പോഴും, പൊലീസ് സ്റ്റേഷനിൽ കയറുമ്പോഴും ഒരുപോലെയുള്ള സ്വാഗതവും ബഹുമാനവും കിട്ടണം എന്നാണ്. ആരുടെയും മുന്നിൽ കൈകൂപ്പി നിന്ന് കാര്യം സാധിക്കാൻ ഇന്നത്തെ യുവാക്കൾ തയ്യാറല്ല. അവരുടെ വിജയം ഹൃദയത്തിൽ സ്വപ്നം കാണുന്ന, കേരള ജനതയെ സ്വന്തം കാലിൽ നിർത്തി രാഷ്ട്ര നിർമ്മാണത്തിന് ഉതകുന്ന ചരിത്രപരമായ മാറ്റങ്ങളാണ് പുതിയ മുഖ്യമന്ത്രിയിൽ നിന്നും ഈ രാജ്യം അതീവമായി ആഗ്രഹിക്കുന്നത്. ഇന്ത്യക്ക് മാതൃകയാകുന്ന വിപ്ലവ സംഭവമായി ഈ കേരള ബജറ്റ് മാറണം.
ഇന്നത്തെ യുവതലമുറയ്ക്ക് വേണ്ടത് വേഗത, സുതാര്യത, ബഹുമാനം എന്നിവയാണ്. Tax Terrorism അല്ല, സമാധാനപരമായ ബിസിനസ് അന്തരീക്ഷമാണ് അവർ ആഗ്രഹിക്കുന്നത്. സർക്കാർ ഒരു നിയന്ത്രണ അധികാരിയായി മാത്രം നിൽക്കാതെ, സംരംഭകരുടെ രക്ഷാധികാരിയും സഹയാത്രികനുമായി മാറണം. ഭയപ്പെടുത്തുന്ന ഭരണകൂടമല്ല, കൈപിടിച്ചുനടത്തുന്ന ഭരണമാണ് വേണ്ടത്. ഓരോ സർക്കാർ ഓഫീസും സംരംഭകന്റെ സന്തതസഹചാരിയാകണം.
കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവായിരുന്നു 1979-ലെ ബജറ്റ്. അന്നത്തെ ധനമന്ത്രി എസ്. വരദരാജൻ നായർ (S. Varadarajan Nair) പ്രഖ്യാപിച്ച ആ ചരിത്രപരമായ തീരുമാനം ഇതായിരുന്നു: “പുതിയ ചെറുകിട വ്യവസായങ്ങൾക്ക് 5 വർഷത്തേക്ക് സെയിൽസ് ടാക്സിൽ പൂർണ്ണ ഇളവ്.”
നിയമപരമായ അടിത്തറ: Pournami Oil Mills v. State of Kerala കേസിൽ സുപ്രീം കോടതി "Promissory Estoppel" തത്വം അസന്നിഗ്ദ്ധമായി ഉയർത്തിപ്പിടിച്ചു — അതായത്, സർക്കാരിന്റെ വാഗ്ദാനത്തിൽ വിശ്വസിച്ച് നിക്ഷേപം നടത്തിയവരെ പിന്നീട് വഞ്ചിക്കാൻ പാടില്ല.
2026-ലെ പ്രസക്തി: പഴയ സെയിൽസ് ടാക്സിന്റെ സ്ഥാനത്ത് ഇന്ന് ജി.എസ്.ടി (GST) ആണുള്ളത്. അതിനാൽ, പുതിയതായി കടന്നുവരുന്ന സംരംഭകർ അടയ്ക്കുന്ന ജി.എസ്.ടിക്ക് ആനുപാതികമായി ആദ്യത്തെ അഞ്ച് വർഷത്തേക്ക് അവർക്ക് പ്രത്യേക പ്രോത്സാഹനങ്ങൾ നൽകാൻ സർക്കാർ തയ്യാറാകണം. യുവജനങ്ങളിൽ സർക്കാർ വിശ്വാസമർപ്പിച്ചാൽ അവർ നാടിന്റെ സമ്പദ്‌വ്യവസ്ഥയെത്തന്നെ മാറ്റിമറിക്കുമെന്ന് 1979-ലെ അനുഭവങ്ങൾ തെളിയിക്കുന്നു. വർദ്ധിച്ചുവരുന്ന വിദേശ കുടിയേറ്റം തടഞ്ഞുനിർത്താനും സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതേ ഇച്ഛാശക്തിയും ധൈര്യവുമാണ് ഇപ്പോൾ അനിവാര്യം.
ഒരു പുതിയ സംരംഭം വരുമ്പോൾ യന്ത്രം, കെട്ടിടം, അസംസ്കൃത വസ്തുക്കൾ, തൊഴിൽ, ഗതാഗതം, സേവനങ്ങൾ എന്നിവയിലൂടെ ഓരോ ഘട്ടത്തിലും GST സൃഷ്ടിക്കപ്പെടും. സംരംഭകന് നൽകുന്ന ചെറിയ പ്രോത്സാഹനം വിപണിയിൽ പലമടങ്ങ് പണപ്രവാഹമായി തിരിച്ചെത്തും. ഒരു മേഖലയിലെ ചെലവ് മറ്റൊരു മേഖലയിലെ വരുമാനമാകും. ഇത് പണചലനം ശക്തമാക്കി സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ വളർച്ച നൽകും.
GST തുടക്കകാലത്തെ നടപടിപരമായ പിഴവുകൾ മനപ്പൂർവമായ വെട്ടിപ്പായി കാണരുത്. വ്യാപാരികൾ ആഗ്രഹിക്കുന്നത് ബഹുമാനത്തോടെയുള്ള പെരുമാറ്റമാണ്. ഭയത്തിലൂടെയുള്ള അനുസരണം താൽക്കാലികം; വിശ്വാസത്തിലൂടെയുള്ളത് സ്ഥിരം. പരിശോധന കേന്ദ്രീകൃത നടപടികൾക്ക് പകരം Return Analytics, Banking Data, E-Way Bill എന്നിവ അടിസ്ഥാനമാക്കിയ സുതാര്യ സംവിധാനത്തിലേക്ക് മാറണം. GST ഓഫീസിലും സന്തതസഹചാരിയുടെ സ്വാഗതമാണ് വേണ്ടത്.
Sales Tax, VAT, Central Tax, GST എന്നിവയുമായി ബന്ധപ്പെട്ട പഴയ കുടിശ്ശികകൾക്ക് ആകർഷകമായ "One Time Tax Amnesty Scheme" പ്രഖ്യാപിക്കണം. ബിസിനസ് അവസാനിപ്പിച്ചവർക്കും സാമ്പത്തിക പ്രതിസന്ധിയിലായവർക്കും നിയമപരമായ തീർപ്പാക്കൽ അവസരം നൽകണം. ഇത് വർഷങ്ങളായുള്ള കേസുകൾ കുറയ്ക്കും, സർക്കാരിന് വേഗം വരുമാനം നൽകും, വിശ്വാസപൂർണമായ അന്തരീക്ഷം സൃഷ്ടിക്കും.
Section 62, 73, 74 നോട്ടീസുകളിൽ, പരിശോധന സമയത്ത് ഹാജരാക്കാൻ കഴിയാതിരുന്ന രേഖകൾ പിന്നീട് ലഭിച്ചാൽ, അന്തിമ ഉത്തരവിന് മുമ്പ് ജില്ലാ ജോയിന്റ് കമ്മീഷണർമാർക്ക് കൂടുതൽ അവസരം നൽകാൻ അധികാരം നൽകണം. യഥാർത്ഥ രേഖകളുടെ അടിസ്ഥാനത്തിൽ നികുതി നിർണയിക്കണം. നിയമത്തിന്റെ ലക്ഷ്യം ശിക്ഷയല്ല, നീതിപൂർവമായ നികുതിയാണ്.
വ്യവസായവകുപ്പ് "ലൈസൻസ് ഓഫീസ്" എന്ന പഴയ ചിന്തയിൽ നിന്ന് മാറണം. നികുതി മാർഗനിർദേശം, ബാങ്കിംഗ് സഹായം, ലൈസൻസ്, തൊഴിൽനിയമങ്ങൾ, മാർക്കറ്റിംഗ്, നിയമസഹായം എന്നിവ ഒരൊറ്റ സംവിധാനത്തിൽ ലഭ്യമാക്കണം. അനുമതികൾക്കായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന ദുരവസ്ഥയ്ക്ക് പകരം, സർക്കാർ സേവനങ്ങളും അംഗീകാരങ്ങളും ഭാഗികമായോ പൂർണ്ണമായോ ഡിജിറ്റൽ വൽക്കരിക്കുന്നത് നടപടിക്രമങ്ങൾ വേഗത്തിലാക്കാനും ഭരണത്തിൽ സുതാര്യത വർദ്ധിപ്പിക്കാനും ഏറെ സഹായിക്കും. ഇൻഡസ്ട്രീസ് ഓഫീസായാലും പൊലീസ് സ്റ്റേഷനായാലും ഒരേ ബഹുമാനം കിട്ടണം.
ഇന്നത്തെ യുവാക്കളെ നാട്ടിൽ നിലനിർത്താൻ കേവലം സാമ്പത്തിക ഇളവുകൾ മാത്രം പോരാ, നൈപുണ്യ വികസനത്തിനായുള്ള (Skill Development) അടിസ്ഥാനസൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. കേരള സ്റ്റാർട്ടപ്പ് മിഷനുമായി (Kerala Startup Mission) ചേർന്ന് നടപ്പിലാക്കുന്ന നൈപുണ്യവികസന പദ്ധതികൾ സാധാരണക്കാർക്കും ഏറെ പ്രയോജനകരമാകും. പുതിയ സംരംഭകർക്കും അവർ നൽകുന്ന പരിശീലന പരിപാടികൾക്കും ആവശ്യമായ കൂടുതൽ അടിസ്ഥാന സൗകര്യങ്ങളും, പ്രത്യേക ഇളവുകളോടെയുള്ള താമസസൗകര്യങ്ങളും സർക്കാർ ലഭ്യമാക്കണം. കൂടാതെ, ഐ.ടി. പാർക്കുകളിലും അവയുടെ പരിസരപ്രദേശങ്ങളിലും ജോലി ചെയ്യുന്ന യുവ പ്രൊഫഷണലുകൾക്ക് താങ്ങാവുന്ന നിരക്കിലോ നിയന്ത്രിത വാടകയിലോ ഉള്ള താമസസൗകര്യങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്. സേവന മേഖലയിലും ഉൽപ്പാദന മേഖലയിലും ഒരുപോലെ ഈ പിന്തുണ യുവാക്കൾ ആഗ്രഹിക്കുന്നുണ്ട്. ഇതിനായി കേന്ദ്രഗവൺമെന്റുമായി ചേർന്ന് സമഗ്രമായ വൻകിട പദ്ധതികൾ ഈ ബജറ്റിൽ വിഭാവനം ചെയ്യണം.
ബിസിനസ് പരാജയം കുറ്റമല്ല; സംരംഭകത്വത്തിന്റെ ഭാഗമാണ്. കൗൺസലിംഗ്, പുനഃസംഘടനാ സഹായം, നിയമസഹായം, പുനരധിവാസ പിന്തുണ എന്നിവ സർക്കാർ സംവിധാനമാക്കണം. മനുഷ്യസൗഹൃദ ഭരണം കൂടുതൽ യുവാക്കളെ സംരംഭകത്വത്തിലേക്ക് ആകർഷിക്കും. ആരുടെയും മുന്നിൽ തലകുനിക്കാതെ നിൽക്കാൻ അവരെ പ്രാപ്തരാക്കണം.
കേരളത്തിന് മനുഷ്യവിഭവശേഷിയുണ്ട്, വിദ്യാഭ്യാസമുണ്ട്, സാങ്കേതിക കഴിവുണ്ട്. ആകെയുള്ള ഒരു കുറവ് വിശ്വാസത്തിന്റെ അന്തരീക്ഷമാണ്. പ്രോത്സാഹന അധിഷ്ഠിത നയം, GST സൗഹൃദ ഭരണം, നികുതി അമ്നസ്റ്റി, യുവജന സൗഹൃദ അന്തരീക്ഷം എന്നിവ ഉൾക്കൊള്ളുന്ന പുതിയ സർക്കാരിന്റെ പൂർണ ബജറ്റ് - 2026, യുവാക്കളെ വിദേശത്തേക്ക് പോകാതെ പിടിച്ചുനിർത്താനുള്ള രാമബാണ സൂത്രമാകണം.
യുവാക്കളെ അംഗീകരിക്കുന്ന ധനകാര്യ മന്ത്രിയുടെ പ്രഖ്യാപനങ്ങൾ ചേർത്തുപിടിച്ച്, പുതിയ മുഖ്യമന്ത്രിയിൽ നിന്ന് രാജ്യം പ്രതീക്ഷിക്കുന്ന ചരിത്രപരമായ മാറ്റങ്ങൾ ഉണ്ടാകണം. സംരംഭകരെ സംരക്ഷിക്കുകയും വിശ്വസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സർക്കാർ മാത്രമാണ് നിക്ഷേപവും തൊഴിലും സമാധാനവും സൃഷ്ടിക്കുക. കേരള ബജറ്റ് 2026 ഇന്ത്യക്ക് മാതൃകയാകുന്ന വിപ്ലവ സംഭവമായി മാറട്ടെ. അത് ഒരു സത്യസന്ധതയുടെയും വിശ്വാസത്തിന്റെയും ബജറ്റാകട്ടെ.
അഡ്വ. (ഡോ.) കെ. എസ്. ഹരിഹരൻ
ബി.കോം, എം.ബി.എ, എൽ.എൽ.എം, പിഎച്ച്.ഡി.
അഭിഭാഷകൻ & ജി.എസ്.ടി ഫാക്കൽറ്റി
കേരള ഹൈക്കോടതി
ഫോൺ നമ്പർ: 9895069926, 9846227555
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.