ഇറാൻ; മൗലികവാദികളുടെ വിജയമോ?

ഫെബ്രുവരി 21ന് വെള്ളിയാഴ്ച ഇറാനിൽ 11ാം പാർലമ​െൻറിലേക്കുള്ള (മജ്​ലിസ്) തെരഞ്ഞെടുപ്പ് നടന്നു. കഴിഞ്ഞ നാലു ദശാബ്​ദ ങ്ങളിൽ ഏറ്റവും കുറഞ്ഞ വോട്ട് രേഖപ്പെടുത്തപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു ഇത്തവണ; 42.6 ശതമാനം! 290 അംഗങ്ങളുള്ള മജ്​ലിസിലേക്ക് തെരഞ്ഞെടുപ്പ് നടന്ന സീറ്റുകളിൽ 76 ശതമാനവും നേടിയിരിക്കുന്നത് ആയത്തുല്ല അലി ഖാംനഈയെ പിന്തുണക്കുന്ന ‘യാഥാസ്ഥിതികർ’ (Conservatives) എന്നറിയപ്പെടുന്ന, മൗലികവാദികളാണ്​.
വോട്ട് ചെയ്യാൻ, നിശ്ചിതസമയം അവസാനിച്ചിട്ടും അർധരാത്രിവരെ അവസരം നീട്ടി നൽകി.

വോട്ട് രേഖപ്പെടുത്തുന്നത് മതപരമായ ബാധ്യതകൂടിയാണെന്ന് ഖാംനഈ ജനങ്ങളെ നേരത്തേ ഉദ്​ബോധിപ്പിച്ചിരുന്നു. എങ്കിലും, ഭൂരിപക്ഷം വോട്ടർമാരും നിസ്സംഗത ഭാവിച്ച് മാറിനിന്നു. ഇത്, ജനങ്ങൾ പൊതുവെ, രാഷ്​ട്രീയനേതൃത്വത്തി​​െൻറ ഭരണ നിർവഹണകാര്യങ്ങളിൽ അസംതൃപ്തരാണെന്നു വിളിച്ചറിയിക്കുന്നു. ഇപ്പോൾ പ്രസിഡൻറായിരിക്കുന്ന ഡോ. ഹസൻ റൂഹാനി പാശ്ചാത്യരാഷ്​​്ട്രങ്ങളുമായി ഇറാനെ കൂടുതൽ അടുപ്പിക്കാൻ ശ്രമം നടത്തിയ പരിഷ്കരണവാദി (Reformist) ആണെന്ന് ഓർക്കണം. എന്നിട്ടും, ജനം വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് തീവ്ര വലതുപക്ഷമെന്ന്​ പുറംമാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന ആയത്തുല്ല അലി ഖാംനഈയെ അനുകൂലിക്കുന്ന സ്ഥാനാർഥികൾക്കാണെന്നത് ഇറാ​​െൻറ ഭാവിഭാഗധേയം എന്തായിരിക്കുമെന്നതിലേക്കുള്ള സൂചനയാണെന്ന്​ നിരീക്ഷിക്കപ്പെടുന്നു.

ഇറാനിലെ തെരഞ്ഞെടുപ്പ് പശ്ചാത്തലം പലതുകൊണ്ടും സവിശേഷമായിരുന്നു. നാട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 2015ലെ ആണവകരാറിൽനിന്ന്​ ട്രംപ് ഭരണകൂടം 2018ൽ പിന്മാറുകയും ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധം കൂടുതൽ ശക്തമാക്കുകയും ചെയ്തത്​ ഇതിനൊരു കാരണമാണ്. അതിനെത്തുടർന്ന്​, ഭക്ഷ്യവസ്തുക്കൾക്കും മറ്റു നിത്യോപയോഗ സാധനങ്ങൾക്കും പതിവിലേറെ വില കൂടിയത് ജനങ്ങളെ അസംതൃപ്തരാക്കി. എണ്ണ കയറ്റുമതിക്കും അമേരിക്ക വിലക്കുകളേർപ്പെടുത്തി. ഇന്ത്യക്ക് ഏറ്റവും ആദായവിലയ്​ക്ക് എണ്ണ കിട്ടിയിരുന്നത് ഇറാനിൽനിന്നായിരുന്നല്ലോ, എന്നാൽ, അമേരിക്കയുടെ തീട്ടൂരം ഇന്ത്യക്കെതിരെയുമുണ്ടായി. ഈ സാഹചര്യത്തിലാണ് ഇറാനിൽ- ആഭ്യന്തര കമ്പോളത്തിലും -എണ്ണക്കു വിലകൂടിയത്.

ഇത് ഒരുനിലക്കും പൊരുത്തപ്പെടാത്ത അസന്തുലിതമായ ഒരു സ്ഥിതിവിശേഷമായിരുന്നു. സഹികെട്ട ജനം തെരുവിലിറങ്ങി. കഴിഞ്ഞ നവംബർ മാസം ഇറാൻ പ്രക്ഷുബ്​ധമായിരുന്നു. അത് അമർച്ചചെയ്യാൻ പട്ടാളത്തിനും പാടുപെടേണ്ടിവന്നു. റൂഹാനിയുടെ ഭരണകൂടം അവർക്ക് പട്ടിണിയും പരാധീനതകളുമാണ് കാഴ്ചവെക്കുന്നതെന്ന്​ അവർ തിരിച്ചറിഞ്ഞു.

അലി ഖാംനഈയുമായി ഏറെ അടുപ്പമുള്ള വ്യക്തിയായിരുന്നു മേജർ ജനറൽ ഖാസിം സുലൈമാനി. ജനുവരി മൂന്നിന് ഡ്രോൺ ആക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടപ്പോൾ, അമേരിക്കക്ക് ധീരമായി മറുപടി നൽകിയതും പ്രതികരണങ്ങൾക്ക് ആഹ്വാനം നൽകിയതും ആയത്തുല്ല അലി ഖാംനഈ ആയിരുന്നു. ഇത് സമ്മതിദായകരിൽ നല്ല മതിപ്പുളവാക്കിയെന്നു കരുതുന്നവരുണ്ട്. ഇറാഖിലെ അമേരിക്കൻ വ്യോമസേന താവളങ്ങളിൽ ഇറാൻ ആക്രമണം നടത്തിയതും, നൂറിലേറെ അമേരിക്കൻ സൈനികർ മാനസികാഘാതത്തിൽ ആശുപത്രികളിൽ കഴിയുകയാണെന്നതും, തീവ്ര ദേശീയവാദികളായ ഇറാനികളെ ആവേശംകൊള്ളിച്ചിട്ടുണ്ടാവാം.

സുലൈമാനി വധിക്കപ്പെട്ട ശേഷം, അടുത്ത ദിവസംതന്നെയാണ് യുക്രെയ്​നി​​െൻറ വിമാനം തെഹ്​റാനിൽ തകർന്നുവീണത്. അതിലുണ്ടായിരുന്ന 176 യാത്രക്കാരും മരിച്ചു. ഹസൻ റൂഹാനിയുടെ ആദ്യ പ്രസ്താവനകൾ വിമാനം വെടിവെച്ചു വീഴ്ത്തിയെന്നത് നിഷേധിച്ചുകൊണ്ടായിരുന്നു. എന്നാൽ, അമേരിക്കയും കാനഡയും വിമാനത്തി​​െൻറ സാങ്കേതിക തകരാറുകളെക്കുറിച്ചുള്ള വാദങ്ങൾ അംഗീകരിക്കാൻ തയാറായില്ല. കൂടുതൽ അന്വേഷണങ്ങൾക്കു ശേഷമാണ് ഇറാൻ കുറ്റം ഏറ്റുപറയുകയും സാമ്പത്തികമായി നഷ്​ടപരിഹാരം നൽകാൻ സമ്മതിക്കുകയും ചെയ്തത്. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്​ നടന്ന ഒരു സംഭവം എന്ന നിലയിൽ ഇതും തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടാവണം. ഇതിനെല്ലാം മേമ്പൊടിയെന്നു പറയാം, കോവിഡ്​ -19 വൈറസി​​െൻറ വ്യാപനത്തെക്കുറിച്ച സംശയങ്ങളും സമ്മതിദായകരെ പോളിങ് ​ബൂത്തുകളിൽനിന്നു തടഞ്ഞതായി പത്രങ്ങൾ പറയുന്നു.
ഭരണവിരുദ്ധ വികാരം ഇറാനിലെ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന്​ നേരത്തേതന്നെ ലബനാനിലെ ‘അന്നഹാർ’, കുവൈത്തിലെ ‘അൽഖബസ്’ തുടങ്ങിയ പത്രങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്​ട്രീയ നിരീക്ഷകനായ മുഹമ്മദ് അൽ ഇസ്​ലാമി കുറിച്ചു:

‘‘തെരഞ്ഞെടുപ്പ് ഇറാനികളുടെ പാശ്ചാത്യ, അമേരിക്കൻ ബന്ധങ്ങൾക്കുള്ള തിരിച്ചടിയാകും. പാശ്ചാത്യ രാഷ്​ട്രങ്ങൾക്കു പകരം റഷ്യയുമായും ചൈനയുമായും കൂടുതൽ അടുക്കാനും ദേശീയമായ ആഭ്യന്തര സാധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്താൻ മുന്നിട്ടിറങ്ങാനുമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.’’ ഹസൻ റൂഹാനി 2013ൽ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുന്നതുവരെ പാശ്ചാത്യ രാഷ്​ട്രങ്ങളുമായി ഇറാ​​െൻറ ആണവപരീക്ഷണം സംബന്ധിച്ച് സന്ധിസംഭാഷണങ്ങളിൽ നേതൃത്വം വഹിച്ച വ്യക്തിയായിരുന്നു. അതുകൊണ്ടുതന്നെ പരിഷ്കരണവാദിയായ അദ്ദേഹത്തെ പാശ്ചാത്യ മനഃസ്ഥിതിയുടെ ഉടമയായി ജനങ്ങൾ സങ്കൽപിച്ചിരിക്കണം.

290 പാർലമ​െൻറ്​ സീറ്റുകളിലേക്ക് ഏഴായിരത്തിൽപരം സ്ഥാനാർഥികൾ മത്സരിച്ചു. ഇതിൽ 666 പേർ സ്ത്രീകളായിരുന്നുഎന്നത് പ്രത്യേകം പരാമർശമർഹിക്കുന്നു. 16,000 മത്സരാർഥികളിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ടവരാണ് 7150 സ്ഥാനാർഥികൾ. കുറ്റവാളികൾക്കോ, അഴിമതിയാരോപണങ്ങൾക്ക് വിധേയരായവർക്കോ, ഭരണഘടനയിൽ വിശ്വാസമില്ലാത്ത അധികാരമോഹികൾക്കോ ഇറാനിൽ സ്ഥാനാർഥിത്വം ലഭിക്കുക എളുപ്പമല്ല. ഗവൺമ​െൻറ്​ പ്രതിനിധികളും പണ്ഡിതന്മാരും ഉൾപ്പെടുന്ന ഗാർഡിയൻ കൗൺസിൽ അവരെക്കുറിച്ചു പഠിച്ച്​ വിലയിരുത്തിയ ശേഷമാണ് സ്ഥാനാർഥിത്വം നിർണയിക്കുന്നത്. സംശുദ്ധരെന്നു ബോധ്യമാകുന്ന വ്യക്തികൾക്കു മാത്രമേ മത്സരിക്കാനുള്ള അവസരം ലഭിക്കുകയുള്ളൂ എന്നാണ്​ അവർ അവകാശപ്പെടുന്നത്. എന്നാൽ, ഇവരെല്ലാംതന്നെ ഖാംനഈ യുടെ ആളുകളാണെന്നാണ് മനസ്സിലാകുന്നത്. 2021ൽ അടുത്ത പ്രസിഡൻറ്​ തെരഞ്ഞെടുപ്പ് വരുകയാണ്​. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഹസൻ റൂഹാനി സ്ഥാനഭ്രഷ്​​ടനായാൽ മറ്റൊരു മിതവാദിയോ, റിഫോമിസ്​റ്റോ പ്രസിഡൻറായി രംഗത്തുവരാനുള്ള സാധ്യത ഇല്ലെന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം വിരൽ ചൂണ്ടുന്നത്.

‘ത്യാഗസന്നദ്ധതയും അർപ്പണ മനസ്സുമുള്ള യുവരക്ത’മാണ് നേതൃത്വ പദവിയിൽ വരേണ്ടതെന്ന്​ അലി ഖാംനഈ പ്രസ്താവിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുമ്പോൾ, അലി ഖാംനഈയുടെ ആഗ്രഹസഫലീകരണമാണ് നടന്നതെന്ന് കരുതാൻ ന്യായമുണ്ട്. തെരഞ്ഞെടുക്കപ്പെട്ടവരിൽ പഴയ വിപ്ലവഗാർഡുകളുടെ പ്രതിനിധികളുമുണ്ട്. ഇറാൻ സ്വപ്നം കാണുന്നത് കൂടുതൽ കരുത്തുള്ള ഒരു ഭരണകൂടമാണെന്നു മനസ്സിലാകുന്നു. അത് ഇതര രാഷ്​ട്രങ്ങളെ ആശ്രയിക്കാത്തതും സ്വന്തം കാലുകളിൽ നിൽക്കാൻ കെൽപുള്ളതും ആയിരിക്കണം എന്നാണവർ ശഠിക്കുന്നത്. ചൈനയിൽനിന്നും റഷ്യയിൽനിന്നും മുതൽമുടക്കുകൾ ആകർഷിക്കാനും അതിലുപരി അവരുടെ സാങ്കേതിക വിദ്യകൾ ഇറാനിൽ ഉപയോഗപ്പെടുത്താനും കഴിഞ്ഞാൽ സ്വാശ്രയനയങ്ങൾ വഴി സ്വന്തം ശേഷി വർധിപ്പിക്കാൻ സാധിക്കുമെന്നും അവർ കണക്ക​ുകൂട്ടുന്നു. ഇതിനവർ ‘പ്രതിരോധ സാമ്പത്തികനയം’ (Resistance Economy) എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിനെ ലോകരാഷ​​്ട്രങ്ങൾ എങ്ങനെ ഉൾക്കൊള്ളുമെന്നത്​ കാലം തെളിയിക്കും!

Tags:    
News Summary - Iran Election Opinion-Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.