മാധ്യമ പ്രവർത്തകരുടെ ഭാഗ്യവും തർക്കം അലർജിയായ കോൺഗ്രസും

മാധ്യമ പ്രവർത്തനത്തിൻ്റെ പിതാവാരാണ്? ആഗോള മാധ്യമ പ്രവർത്തനത്തിൻ്റെ പിതാവാരാണ് എന്ന കാര്യത്തിൽ ഇനിയും തീർച്ചയൊന്നും വന്നിട്ടില്ല. എന്നാൽ, ഇന്ത്യയിൽ മാധ്യമ പ്രവർത്തനത്തിൻ്റെ പിതാവ് ഹനുമാനാണ് എന്നൊരു ശ്രുതിയുണ്ട്. സീതയെത്തേടി ലങ്കയിൽ പോയി തിരിച്ചവന്ന് 'കണ്ടു ഞാൻ സീതയെ' എന്ന് ശ്രീരാമന് റിപ്പോർട്ട് ചെയ്ത ഹനുമാനാണ് ആദ്യ റിപ്പോർട്ടർ എന്നാണ് ശ്രുതി.

അതെന്തുമാകട്ടെ, കേരളത്തിലെ മാധ്യമ പ്രവർത്തനം പക്ഷേ, 'പിതൃശൂന്യമാണ് ' എന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. ഇടത് യുവ നേതൃനിരയിലെ 'സ്വരാജ്യ' സ്നേഹമുള്ള നേതാക്കൾതന്നെ വർഷങ്ങൾക്ക് മുമ്പേ ഗവേഷണം നടത്തി കണ്ടുപിടിച്ചതാണത്. പിതൃശൂന്യമെന്ന സംസ്കരിച്ച പദത്തിനർത്ഥം പിതാവില്ലാത്തത് എന്നുതന്നെ. പിതാവില്ലാത്ത കുട്ടികൾ വഴിതെറ്റാതെ നോക്കേണ്ടത് മുതിർന്നവരുടെ കടമയാണ്. പ്രത്യേകിച്ച്, ജാഗ്രതയും കരുതലുമുള്ള ഭരണകൂടത്തിൻ്റെ. അതാണിപ്പോൾ നടക്കുന്നത്. മാധ്യമപ്രവർത്തകർ വഴി തെറ്റുന്നുണ്ടോ എന്ന് നോക്കാൻ എന്തൊക്കെ സംവിധാനങ്ങളാണെന്നോ കേരളത്തിൽ ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവർത്തകർ വഴിതെറ്റാതെ കാക്കാൻ സർക്കാർ ചെല്ലും ചെലവും കൊടുത്ത് പ്രത്യേക ഉദ്യോഗസ്ഥരെത്തന്നെ നിയോഗിച്ചിട്ടുണ്ട്. വെറും ഉദ്യോഗസ്ഥരല്ല, പാതിരാക്കുപോലും വഴിതെറ്റാതെ വണ്ടിയോടിച്ച റെക്കോർഡുളള ഉദ്യോഗസ്ഥനെത്തന്നെ.

അതിനെ മാധ്യമ നിരീക്ഷണമെന്നൊക്കെ പറയുന്നത് തലസ്ഥാനത്തെ ചില സിൻഡിക്കേറ്റുകളാണ്. യഥാർത്ഥത്തിൽ,  അത് സർക്കാറിൻ്റെ കരുതലായി വേണം മനസിലാക്കാൻ. ഉദ്യോഗസ്ഥരുടെ കരുതലിൽ വീഴ്ചവന്നാലോ? അതിനുമുണ്ട് സംവിധാനങ്ങൾ. മാധ്യമ പ്രവർത്തകർ വഴിതെറ്റാതെ നോക്കാൻ പാർട്ടി സെക്രട്ടറി തന്നെ പാരലൽ സംവിധാനവുമൊരുക്കിയിട്ടുണ്ട്. ക്യാപ്സൂളും കഴിച്ച് പാർട്ടി പ്രവർത്തകർ ഉറങ്ങാതെ, കണ്ണിമ ചിമ്മാതെ ഇനി മാധ്യമ പ്രവർത്തകരുടെ പിന്നാലെ തന്നെയുണ്ടാകും; വഴിതെറ്റുന്ന കുഞ്ഞാടുകളെ നേർവഴിക്ക് നയിക്കാൻ.


ഇനി ഒരു കൺസൾട്ടൻസിയുടെ കുറവ് മാത്രമേയുള്ളൂ. സാരമില്ല, ഏഴുമാസം സമയം ബാക്കിയുണ്ട്. മാധ്യമ നിരീക്ഷണ കൺസൾട്ടൻസിയെ നിയമിക്കാൻ അതുതന്നെ ധാരാളം. ഇത്രയും ഭാഗ്യം ചെയ്ത മാധ്യമ പ്രവർത്തകർ കേരളത്തിലല്ലാതെ, രാജ്യത്തെ ഏത് സംസ്ഥാനത്തുണ്ട്. മാധ്യമ പ്രവർത്തകരെ നിരീക്ഷിക്കുന്ന തിരക്കിൽ സ്വന്തംവകുപ്പായ പൊലീസിനെ നിരീക്ഷിക്കാൻ മറന്നുപോയതിന് കുറ്റമൊന്നും പറയരുത്. ഹെൽമെറ്റില്ലെങ്കിൽ കരണത്തടി ശിക്ഷയൊക്കെ വഴിതെറ്റലായി കാണുകയുമരുത്.

***************

തോമസ് ഐസക്കിന് ധനതത്വ ശാസ്ത്രം ഒഴിച്ചുള്ള മിക്ക ശാസ്ത്രങ്ങളിലും അവഗാഹമുണ്ടെന്നത് പരക്കേ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. അതുകൊണ്ടാണ് സൈബർ സംഘികൾ പരസ്യമായും സൈബർ സഖാക്കൾ രഹസ്യമായും അദ്ദേഹത്തെ 'ശാസ്ത്രജ്ഞൻ' എന്ന് വിളിക്കുന്നതും. ഒരു നൊബേൽ പ്രൈസ് ജേതാവിൻ്റെ ബോഡി ലാംഗ്വേജ് ഒക്കെയുണ്ടുതാനും. പക്ഷേ, ഐസക് മന്ത്രിക്ക് കുറ്റാന്വേഷണ ശാസ്ത്രത്തിൽ ഇത്ര അവഗാഹമുണ്ടെന്ന് കരുതിയില്ല.

തൃശൂരിൽ സി.പി.എം അനുഭാവി കൊല്ലപ്പെട്ടന്ന് അറിഞ്ഞയുടൻ തന്നെ പറഞ്ഞുകളഞ്ഞില്ലേ, കൊന്നത് ആര്, സഹായിച്ചത് ആര്, മാനസിക പിന്തുണ നൽകിയത് ആര് എന്നൊക്കെ. പ്രവചനത്തിൽ ഒന്നിനെയും വെറുതെവിട്ടതുമില്ല. ബി.ജെ.പിയും കോൺഗ്രസും എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയുമൊക്കെ മന്ത്രിയുടെ പ്രവചനത്തിൻ്റെ റേഞ്ചിൽ വരികയും ചെയ്തു.

വ്യവസായ സൗഹൃദത്തിൻ്റെ കാര്യത്തിൽ കേരളത്തിന് 28ാം റാങ്കാണെന്നാണ് കേന്ദ്ര വ്യവസായ വകുപ്പ് പറയുന്നത്. വെറും അസൂയ. അതെന്തായാലും കോവിഡിൻ്റെയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും കാര്യത്തിൽ കേരളം ഒന്നാം റാങ്കിലാണ് എത്തി നിൽക്കുന്നത്. ആർക്കുമില്ല അക്കാര്യത്തിൽ തർക്കം. രണ്ടാഴ്ചക്കിടെ ആറ് രാഷ്ട്രീയ കൊലപാതകങ്ങൾ. ക്രമസമാധാനത്തിൻ്റെ മിടുക്കുകൊണ്ട് ഭരണമുന്നണിയിലെ യുവജന നേതാക്കൾപോലും പേടിച്ചിട്ട് പുറത്തിറങ്ങാൻ മടിക്കുകയാണ്. കാര്യങ്ങൾ ഇങ്ങനെയാണ് പുരോഗമിക്കുന്നതെങ്കിൽ, മന്ത്രി തുടരെ തുടരെ പ്രവചനം നടത്തി വിയർക്കും.

***************

പണ്ടേ കോൺഗ്രസുകാർ അങ്ങനെയാണ്; തർക്കമെന്ന് കേട്ടാൽ അലർജിയാണ്. ഒരു തർക്കവുമില്ലാതെ നേതാക്കളെ തെരഞ്ഞെടുക്കുന്ന ഏക പാർട്ടിയാണത്. പഞ്ചായത്ത് മുതൽ പാർലമെൻറിലെ വരെ നേതാക്കളെ മുകളിൽനിന്ന് തീരുമാനിക്കും. അണികൾ തർക്കമേതുമില്ലാതെ, അത് അംഗീകരിക്കും. അതാണ് ലൈൻ. അഹിംസയാണ് മുഖമുദ്ര. അങ്ങനെയുള്ള പാർട്ടിയുടെ എം.എൽ.എക്ക് റിയൽ എസ്റ്റേറ്റ് തർക്കമെന്ന് കേട്ടാൽ അടങ്ങിയിരിക്കാൻ കഴിയുമോ. അതും അടിയുറച്ച

സി.പി.എം കുടുംബത്തിൽ. കയറി ഇടപെട്ടു. തർക്കം തീർക്കുന്ന തിരക്കിൽ മേശപ്പുറത്തിരിക്കുന്ന ബാഗ് ശ്രദ്ധിക്കാൻ ആർക്കുണ്ട് നേരം. അതിൽ 80 ലക്ഷമോ മറ്റോ ഉണ്ടെന്ന് കേട്ടതല്ലാതെ എം.എൽ.എ ഇടപെട്ടാന്നുമില്ല. ഇൻകം ടാക്സുകാർ വന്നതൊന്നും അറിഞ്ഞുമില്ല.

അവതാരോദ്ദേശമായിരുന്ന തർക്കം തീർത്ത് അൽപം വേഗത്തിൽ നടന്ന് കാറിൽ കയറി. വേഗത്തിൽ നടന്നത് ഒാട്ടമായി നാട്ടുകാർ തെറ്റിദ്ധരിച്ചതാണ്. അയ്യേ, അല്ലാതെ ഒാടിയതൊന്നുമല്ല. എല്ലാം വെറുമൊരു തർക്കം തീർക്കൽ മാത്രം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.