ആപത്കരമായ വിജയം

പാതാളത്തില്‍ നിപതിക്കും മുമ്പ് അമേരിക്ക തിരിച്ചുനടക്കുമെന്നുതന്നെയായിരുന്നു നാം കരുതിയത്. മാനസിക വിഭ്രാന്തി ബാധിച്ച കടുത്ത അസഹിഷ്ണുവും ലൈംഗികാപവാദങ്ങളേറെ കേട്ടവനും കൊടും നുണയനുമായ ഒരാള്‍ക്ക് ഭൂമിലോകത്തെ ഏറ്റവും ശക്തമായ അധികാരക്കസേര കൈമാറാന്‍ അമേരിക്കന്‍ ജനത സന്നദ്ധമാകില്ളെന്ന് നാം വിശ്വസിക്കുക മാത്രമല്ല, ഇടവിട്ട് വന്നുകൊണ്ടിരുന്ന അഭിപ്രായ സര്‍വേകള്‍ നമ്മെ അങ്ങനെ വിശ്വസിപ്പിക്കുകകൂടി ചെയ്തു.

ഒരു വര്‍ഷം നീണ്ട തെരഞ്ഞെടുപ്പ് കാമ്പയിന്‍െറ അവസാനിക്കാത്ത ഭീകരതകള്‍ ഇമവെട്ടാതെ കണ്ടുനിന്ന ലോകം ട്രംപ് എന്ന ദു$സ്വപ്നം എവിടെയുമില്ലാതെ അവസാനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. പിറവിയുടെ ഒന്നാം നാള്‍ മുതല്‍ ലോകത്തെ പ്രചോദിപ്പിച്ച വിളക്കായ രാജ്യവും, ഭൂമിയിലെ ഓരോരുത്തരുടെയും അവസാന പ്രതീക്ഷയായി വാഴ്ത്തപ്പെട്ട ജനതയും, ലോക ചരിത്രത്തിന്‍െറ കമാനത്തെ എന്നും നീതിയിലേക്ക് നമിച്ചുനിര്‍ത്തിയ രാജ്യവുമായ അമേരിക്ക- അങ്ങനെയൊക്കെയായിരുന്നു ബറാക് ഒബാമ എട്ടുവര്‍ഷം മുമ്പ് പ്രഖ്യാപിച്ചത്- ഇതാ ഈ നാളില്‍ പാതാളത്തിലേക്ക് പതിച്ചുകഴിഞ്ഞിരിക്കുന്നു.

അമേരിക്കയിന്ന് ലോകത്തിന് പ്രതീക്ഷ പകരുന്ന ഉറവയല്ല, ഭീതിയുടെ സ്രോതസ്സായി പരിണമിച്ചിരിക്കുന്നു. പ്രഥമ വനിത പ്രസിഡന്‍റിനെ ആവേശപൂര്‍വം വരവേല്‍ക്കുന്നതിനു പകരം, അജ്ഞതയിലും വംശവെറിയിലും സ്ത്രീവിരുദ്ധതയിലും അഭിരമിക്കുന്ന ഒരാള്‍ക്ക് പരമോന്നത അധികാര പീഠം അവര്‍ കനിഞ്ഞുനല്‍കിയിരിക്കുന്നു. അദ്ദേഹത്തെ നന്നായി അറിയാവുന്ന ആരും അപകടകാരിയായ ഒരു സാമൂഹിക വിരുദ്ധനായി മാത്രമേ വിലയിരുത്തൂ.

തുല്യതയില്ലാത്ത അധികാരങ്ങളാണ് അദ്ദേഹത്തിന് കൈവന്നിരിക്കുന്നത്. ആര് ജയിക്കുമെന്ന എല്ലാ പ്രവചനങ്ങളെയും കമ്പ്യൂട്ടര്‍ വിവര മോഡലുകളെയും റിപ്പബ്ളിക്കന്‍ പാര്‍ട്ടി അസ്ഥാനത്താക്കിയിരിക്കുന്നു. പ്രതിനിധിസഭ മാത്രമല്ല, സെനറ്റ് സീറ്റുകളിലേറെയും അവര്‍ കൈയടക്കി. ട്രംപിന്‍െറ ചാപല്യങ്ങളെ ചങ്ങലക്കിട്ടുനിര്‍ത്താന്‍ തടസ്സങ്ങളേതുമില്ലാതായി. അനിയന്ത്രിതമായ ആവേശം തലക്കുപിടിച്ച അദ്ദേഹം സര്‍വതന്ത്ര സ്വതന്ത്രനുമായി.

ഇതിന്‍െറ ആദ്യ പ്രത്യാഘാതം അനുഭവിക്കാന്‍ പോകുന്നത് അമേരിക്കതന്നെയാകും.  ട്രംപ് നല്‍കിയ വാഗ്ദാനങ്ങള്‍ എന്തൊക്കെയായിരുന്നു. അമേരിക്കന്‍ തൊഴില്‍ ശക്തിയുടെ ആറു ശതമാനം വരുന്ന, രേഖകളില്ലാതെ കഴിയുന്ന 1.1 കോടി മെക്സികോക്കാരെ വളഞ്ഞുപിടിച്ച് നാടുകടത്താന്‍ പ്രത്യേക സേന, മുസ്ലിംകള്‍ക്ക് രാജ്യത്ത് സമ്പൂര്‍ണ പ്രവേശന വിലക്ക്- വിമര്‍ശം കടുത്തപ്പോള്‍ സംശയിക്കപ്പെടുന്ന രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു മാത്രമെന്നാക്കിയെങ്കിലും, മെക്സികോയില്‍നിന്നുള്ള നുഴഞ്ഞുകയറ്റം തടയാന്‍ അതിര്‍ത്തിയില്‍ വന്മതില്‍, ഗര്‍ഭച്ഛിദ്രത്തിനു ശ്രമിക്കുന്ന സ്ത്രീകള്‍ക്ക് ശിക്ഷ, ഈ തെരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെടുത്തിയ വനിതക്ക് കല്‍തുറുങ്ക്...

ഇതൊക്കെ വാചകക്കസര്‍ത്തു മാത്രമെന്ന് പറയുന്നവരുണ്ട്. ട്രംപ് നിലപാട് മയപ്പെടുത്തുമെന്നും അമേരിക്കന്‍ പ്രസിഡന്‍റിനു ചേര്‍ന്ന മധ്യ നിലപാടിലേക്ക് തിരിച്ചുവരുമെന്നുമായിരുന്നു കാമ്പയിന്‍ കാലത്തുടനീളം ഇവര്‍ പറഞ്ഞുനടന്നത്. പക്ഷേ, ഒരിക്കലും അങ്ങനെ സംഭവിച്ചില്ല. എന്നല്ല, തന്‍െറ നിലപാടുകളായിരുന്നു ശരിയെന്നു വിശ്വസിക്കാന്‍ ഈ ജയം അദ്ദേഹം പ്രയോജനപ്പെടുത്തുകകൂടി ചെയ്യും. ട്രംപ് ഇനി എന്തിന് മിതവാദിക്കുപ്പായമണിയണം. തോമസ് ജെഫേഴ്സണ്‍, അബ്രഹാം ലിങ്കണ്‍, ഫ്രാങ്ക്ളിന്‍ റൂസ്വെല്‍റ്റ്, ജോണ്‍ എഫ്. കെന്നഡി തുടങ്ങിയ മഹാന്മാര്‍ ഇരുന്ന മഹത്തായ ഓഫിസ് കളിത്തൊട്ടിലാണിനി തനിക്ക്. വരുംനാളുകളില്‍ അവിടെയിരുന്ന് തന്നിഷ്ടവുമായി കഴിഞ്ഞുകൂടാം.

പ്രാഥമികമായി അമേരിക്കയുടെ അഗ്നിപരീക്ഷയാണിതെന്ന് വേണമെങ്കില്‍ ആശ്വസിക്കാം. പക്ഷേ, ബാധിക്കുന്നത് നമ്മളുള്‍പ്പെടെ എല്ലാവരെയുമാകും. രാഷ്ട്രീയമായോ സൈനികമായോ ഒരു മുന്‍പരിചയവുമില്ലാത്ത റിയാലിറ്റി ടെലിവിഷന്‍ താരത്തിന്‍െറ വിരല്‍ത്തുമ്പിലാണിനി  ആണവായുധങ്ങളുടെ ബട്ടണ്‍. സ്വന്തമായി ഉണ്ടായിട്ടും എന്തുകൊണ്ടാണ് അമേരിക്ക ആണവായുധം പ്രയോഗിക്കാത്തതെന്ന് പലവുരു ചോദിച്ചയാളാണ് അദ്ദേഹമെന്നു ചേര്‍ത്തുവായിക്കണം. ‘യുദ്ധത്തെ ഞാന്‍ പ്രണയിക്കുന്നു’ എന്നും പറഞ്ഞ വ്യക്തിയാണ്. ഐ.എസിനെ ബോംബിട്ട് തുടച്ചുനീക്കിയ ശേഷം അവരുടെ എണ്ണ മോഷ്ടിക്കണമെന്നും ഒരിക്കല്‍ പറഞ്ഞു.

റിഗയിലും വില്‍നിയസിലും ടാലിനിലും രാവിലെ അനുഭവപ്പെട്ട കടുത്ത ഉത്കണ്ഠ കാണാതെപോകരുത്. ഒരംഗത്തിനെതിരെ ആക്രമണമുണ്ടായാല്‍ എല്ലാവരും ഒറ്റക്കെട്ടായി തിരിച്ചടിക്കണമെന്ന നാറ്റോയുടെ അടിസ്ഥാന തത്ത്വത്തില്‍ തനിക്ക് വിശ്വാസമില്ളെന്ന് കഴിഞ്ഞ വേനലിലാണ് ന്യൂയോര്‍ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. നാറ്റോ ഒരു മാഫിയ സംരക്ഷണ റാക്കറ്റാണെന്നും ട്രംപ് വിശ്വസിക്കുന്നു. ട്രംപിന്‍െറ ഇഷ്ടപുരുഷനായ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ കേള്‍ക്കാന്‍ കൊതിക്കുന്നതും ഇതുതന്നെയാകണം. കൂടുതല്‍ ബാള്‍ട്ടിക് രാജ്യങ്ങള്‍ ആക്രമിച്ച് തന്‍െറ സാമ്രാജ്യം വിപുലപ്പെടുത്താന്‍ പുടിന് ഇത് അവസരമാകും. അകലെയിരുന്ന് പ്രശംസ ചൊരിയുകയാകും അപ്പോള്‍ പ്രസിഡന്‍റ് ട്രംപ്.

ഇതോടൊപ്പം ചൈനയുമായി ഒരു വ്യാപാര യുദ്ധത്തിനും അരങ്ങൊരുങ്ങുന്നുണ്ട്. പുതിയ തീരുവകള്‍ ചുമത്തുന്നതോടെ ആഗോള വ്യാപാര സംവിധാനംതന്നെ അപായത്തിലാകും. അമേരിക്ക പതിയെ സംരക്ഷണ വാദത്തിലേക്ക് ഉള്‍വലിയും. ഈ ആശങ്കയുടെ പുറത്താണ് ഇന്നലെ വിപണി കുത്തനെ ഇടിഞ്ഞത്.
നമ്മുടെ ഗ്രഹമെന്ന വിശാല ചിത്രത്തിലേക്ക് വന്നാലും സ്ഥിതി മാറ്റമൊന്നുമുണ്ടാകില്ല. കാലാവസ്ഥാ മാറ്റം ശുദ്ധ പ്രഹസനമെന്ന് കളിയാക്കിയ ആളാണ് ട്രംപ്. കാര്‍ബണ്‍ പുറംതള്ളല്‍ കുറച്ചുകൊണ്ടുവരാന്‍ ഒന്നും ചെയ്യില്ല അദ്ദേഹം. അങ്ങനെ വല്ലതും ഉണ്ടെന്നും ട്രംപ് വിശ്വസിക്കുന്നില്ല.

അതിലേറെ ഭീകരമായ പ്രത്യാഘാതമുണ്ടാക്കാവുന്ന മറ്റൊന്നുകൂടിയുണ്ട്. സ്വന്തം നാട്ടിലെ മാത്രമല്ല, പുറംരാജ്യങ്ങളിലേറെയും കടുത്ത ദേശീയ വാദികളെയും വംശവെറിയന്മാരെയും ഈ ജയം വല്ലാതെ സന്തോഷിപ്പിക്കുന്നുണ്ട്. വെള്ള വംശീയതയുടെ ഭീകരമുഖമായ കു ക്ളക്സ് ക്ളാന്‍ സംഘടനയുടെ പഴയ നേതാവ് ഡേവിഡ് ഡ്യൂക് ട്രംപിന്‍െറ ജയത്തെ അഭിനന്ദിച്ചത് ഇതിന്‍െറ പശ്ചാത്തലത്തിലാണ്. ‘ദൈവം ട്രംപിനെ അനുഗ്രഹിക്കട്ടെ’യെന്നായിരുന്നു പ്രതികരണം.

‘അമേരിക്കയെ പഴമയിലേക്ക് തിരികെ നടത്താന്‍ സമയമത്തെിയിരിക്കുന്നു’വെന്നാണ് ഡെച്ച് ദേശീയവാദി ഗീര്‍ട് വില്‍ഡേഴ്സ് പറഞ്ഞത്. എല്ലായിടത്തും ജനം തങ്ങളുടെ രാജ്യത്തെ തിരിച്ചുപിടിക്കുകയാണെന്നും ഞങ്ങളും അതു ചെയ്യുമെന്നുമായിരുന്നു ഫ്രഞ്ച് ദേശീയതയുടെ പുതിയ മുഖമായ മാരിന്‍ ലെ പെന്‍ പ്രതികരിച്ചത്.

വെറുപ്പിലും ഭീതിയിലും പടുത്തുയര്‍ത്തിയ സന്ദേശത്തിന്‍െറ ശക്തിയാണ് അവരിവിടെ ദര്‍ശിക്കുന്നത്്. അരികിലാക്കപ്പെട്ടവന്‍െറ സാമ്പത്തിക ആശങ്കകളും സഹായമായിട്ടുണ്ടെങ്കിലും അതാണ് നിര്‍ണായകമായതെന്ന് പറയാന്‍ വയ്യ. വെള്ളക്കാരായ വോട്ടര്‍മാരില്‍ 63 ശതമാനം പുരുഷ വോട്ടര്‍മാരും 52 ശതമാനം സ്ത്രീ വോട്ടര്‍മാരും ട്രംപിനാണ് വോട്ടു ചെയ്തത്. അവരൊരിക്കലും പ്രാന്തവത്കരിക്കപ്പെട്ടവരല്ല. വെള്ളക്കാരന്‍െറ അധീശത്വം തിരിച്ചുപിടിക്കുകയെന്ന സന്ദേശമാണ് അവരെ ഉദ്യുക്തരാക്കിയത്.

നാം ആരെ പഴിക്കും ഇനി? പട്ടിക ഏറെ നീണ്ടതാണ്. റിപ്പബ്ളിക്കന്‍ കക്ഷി, മാധ്യമങ്ങള്‍, തെരഞ്ഞെടുപ്പ് വിദഗ്ധര്‍, ക്ളിന്‍റനെ തെറ്റിദ്ധരിപ്പിച്ച കണക്കുകള്‍ മാത്രം നിരത്തിയ പണ്ഡിതമന്യര്‍, ഡെമോക്രാറ്റിക് കോട്ടകളെ എളുപ്പം വിശ്വസിച്ച് അലസരായിരുന്ന കാമ്പയിന്‍ ടീമംഗങ്ങള്‍ തുടങ്ങി സാക്ഷാല്‍ ഹിലരി ക്ളിന്‍റന്‍ വരെ എല്ലാവരും പ്രതികളാണ്. ഇനി അവരെ പഴിച്ചിരുന്നിട്ട് എന്തു കാര്യം. തുല്യതയില്ലാത്ത അധികാരമുള്ള ഒരേയൊരു സൂപ്പര്‍ പവര്‍ അത്യന്തം അപകടകാരിയായ വ്യക്തിയുടെ കരങ്ങളില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. അമേരിക്കക്കു മാത്രമല്ല, ലോകത്തിനു മുഴുക്കെയും ഇനി ഭയക്കാനേറെ.
പ്രമുഖ ബ്രിട്ടീഷ് കോളമിസ്റ്റാണ് ലേഖകന്‍
കടപ്പാട്: ഗാര്‍ഡിയന്‍

Tags:    
News Summary - donald trumps victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.