‍ഡാറ്റ കൊളോണിയലിസം അഥവാ പുത്തൻ അധിനിവേശം

പുതിയ ലോകത്ത് പുത്തൻ അധിനിവേശം നടന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ ജീവിതത്തി​​​െൻറ തുടിപ്പുകൾ ഡാറ്റയായി വൻകിട കോർപറേറ്റുകള്‍ തട്ടിയെടുക്കുന്നു​. അമേരിക്ക ഒരു ഭാഗത്തും ചൈന മറുഭാഗത്തുമായാണ്​ ലോകത്തി​​​െൻറ വിവിധ ഭാഗങ്ങളില്‍ ഈ കൊളോണിയലിസം അരങ്ങേറുന്നത്. അമേരിക്കയില്‍ അതി​​​െൻറ പ്രയോക്താക്കളായ മൈക്രോസോഫ്റ്റും ഗൂഗിളും ഫേസ്ബുക്കും ആമസോണുമൊക്കെ നമ്മുടെ മനസ്സിലേക്ക് പെട്ടെന്ന് ഓടിയെത്തും. എന്നാല്‍, ചൈനീസ് കോർപറേഷനുകള്‍ അങ്ങനെയല്ല. അവ പുറം അധിനിവേശം തുടങ്ങിയിട്ടേയുള്ളൂ. ഉദാഹരണത്തിന് വാവേയ് (Huawei) ടെക്നോളജീസ് എന്ന ചൈനീസ് കോർപറേഷന്​ ആഫ്രിക്കൻ നാടുകൾ വലിയ അക്ഷയഖനിയാണ്. ദക്ഷിണാഫ്രിക്ക, നൈജീരിയ, കെനിയ തുടങ്ങിയ നാടുകളിലെ ടെലികോം വിപണിയിലെ പ്രധാനനിക്ഷേപകർ ഇന്ന് ‘വാവേയ്’ ആണ്.

കെനിയൻ വിപണിയില്‍ ഏറ്റവും വിലകുറഞ്ഞ മൊബൈല്‍ ഫോണുകള്‍ ലഭ്യമാക്കിയും സർക്കാറുമായി ചേർന്ന് വ്യക്തിനിരീക്ഷണത്തിനുള്ള ചാര നെറ്റ്​വർക്ക് സ്ഥാപിച്ചും വലിയ സാമ്രാജ്യമാണ് ‘വാവേയ്​’ കെട്ടിപ്പടുത്തിട്ടുള്ളത്. കെനിയൻഗവണ്‍മ​​െൻറി​​െൻറ ഡാറ്റ സ​​െൻററുകളും ഇ-സേവന കേന്ദ്രങ്ങളുമൊക്കെ നിയന്ത്രിക്കുന്നത് ഈ കമ്പനിയാണ്. ഇതിലൂടെ വലിയ ഡാറ്റ മോഷണം നടക്കുന്നുണ്ടെന്ന് ലോകത്തെ ആദ്യം അറിയിച്ചത് ഫ്രഞ്ച് പത്രമായ ‘ലേ മോന്ത്​’ ആണ്. 2018 ജനുവരി അവസാനം പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടില്‍ ആഫ്രിക്കൻയൂനിയനു വേണ്ടി സൗജന്യമായി നിർമിച്ചുകൊടുത്ത ഹെഡ്ക്വാർട്ടേഴ്സ് ബിൽഡിങ്ങിലെ കമ്പ്യൂട്ട൪ നെറ്റ്​വർക്കില്‍ പ്രത്യേകബഗ്​ നിക്ഷേപിച്ചു കഴിഞ്ഞ അഞ്ചുവർഷമായി ചൈന ചാരപ്രവർത്തനം നടത്തുകയാണെന്ന് സ്ഥിരീകരിച്ചിരുന്നു. കൂടാതെ, ചൈനയുടെ ‘വൺബെൽറ്റ്, വൺ റോഡ്’ പദ്ധതി കടന്നുപോകുന്ന രാജ്യങ്ങളില്‍ വിവരചോരണത്തിന് ചൈനീസ് ടെലികോം കമ്പനികള്‍ പദ്ധതിയിടുന്നുണ്ടെന്നതും ഈയിടെ വാർത്ത സൃഷ്​ടിച്ചു.

ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന പൗരാണിക വ്യാപാരപാതയായ സിൽക്ക് റോഡ്​ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി ഡിജിറ്റല്‍ സില്‍ക്ക് റോഡും ചൈന വിഭാവനം ചെയ്തിട്ടുണ്ട്. ചൈന മൊബൈല്‍, ചൈന ടെലികോം, വാവേയ്​ കമ്പനികള്‍ ഫൈബ൪ ഒപ്റ്റിക്കല്‍ കേബിളുകള്‍ സ്ഥാപിക്കുന്ന മ്യാൻമ൪, കിർഗിസ്​താൻ, നേപ്പാള്‍, പാകിസ്​താൻ, കെനിയ, ജിബൂട്ടി തുടങ്ങിയ രാജ്യങ്ങളില്‍ കേബിളുകള്‍ക്കൊപ്പം പിൻവാതിലിലൂടെ എൻക്രിപ്റ്റഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് അവയിൽ നിന്ന് വിവരങ്ങള്‍ ചോർത്തുന്ന പ്രക്രിയക്ക്​ ഈ കമ്പനികള്‍ ശ്രമിക്കുന്നുണ്ടെന്ന് സി.എൻ.ബി.സി റിപ്പോർട്ട് ചെയ്യുന്നു. ഇതിലെ ആദ്യ രണ്ട് കമ്പനികളും ഗവണ്‍മ​​െൻറ്​ ഉടമസ്ഥതയിലുള്ളതാണെങ്കില്‍ മൂന്നാമത്തേത് ഗവണ്‍മ​​െൻറുമായി വിവരങ്ങള്‍ പങ്കുവെക്കുന്ന സ്വകാര്യ കമ്പനിയാണ്.

ഇതിനെല്ലാം പുറമെ, പല ആഫ്രിക്കൻ രാജ്യങ്ങളിലും പൗരന്മാർക്കെതിരെ ചാരക്കണ്ണുകള്‍ ഏർപ്പെടുത്താൻ അവിടത്തെ ഗവണ്‍മ​​െൻറുകളെ ചൈന സഹായിക്കുന്നതായി സ്വതന്ത്ര ഗവേഷണ-നിരീക്ഷണ സ്ഥാപനമായ ‘ഫ്രീഡം ഹൗസ്’ പുറത്തുവിട്ട റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. സ്വന്തമായി നിർമിച്ച് വ്യക്തികളുടെ മുഖം തിരിച്ചറിയുന്നതിനുള്ള സോഫ്റ്റ്​വെയർ ചൈന ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് വ്യാപകമായി കയറ്റുമതി ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്. സിംബാബ്​വെയെ പോലുള്ള രാജ്യങ്ങള്‍ ഈ സോഫ്റ്റ് വെയറിനായി ചൈനീസ് കമ്പനിയായ ക്ലൗഡ് വാക്കുമായി കരാറിലേർപ്പെട്ടിരിക്കുകയാണ്. അങ്ങനെ ലഭിക്കുന്ന ഡാറ്റ ചൈനീസ് ഗവണ്‍മ​​െൻറുമായി ഷെയർ ചെയ്യാൻ ക്ലൗഡ് വാക്കിന് കഴിയും. കൃത്രിമ ബുദ്ധി അഥവാ ആർട്ടിഫിഷ്യല്‍ ഇൻറലി‍ജൻസ് ഉപയോഗിക്കുന്നതില്‍ ലോകത്തെ ഒന്നാം നമ്പർ ശക്തിയാകാൻ തക്കം പാർത്തിരിക്കുന്ന ചൈന ഇപ്പോഴേ കുറ്റവാളികളെ പിടിക്കുന്നതു മുതൽ കെ.എഫ്.സിയില്‍ നിന്ന് ചിക്കൻ വാങ്ങുന്നതിനു വരെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയാണ്​ ഉപയോഗിക്കുന്നത്. ആഫ്രിക്കൻരാജ്യങ്ങളിലെ കോടിക്കണക്കിന് ഉപയോക്താക്കളുടെ മുഖസവിശേഷതകളടക്കമുള്ള സകല വിവരങ്ങളും ചൈനീസ്കമ്പനികളുടെയും സർക്കാറി​​​െൻറയും കൈവശം എത്തിക്കഴിഞ്ഞു.

ആഫ്രിക്കയിലെ ചീനവല
ഇതുകൂടാതെ ഐഫോണും സാംസങ്ങും വലിയ വിലകൊടുത്ത് വാങ്ങാൻ കഴിയാത്ത ആഫ്രിക്കൻജനതക്ക് വില കുറഞ്ഞ മൊബൈല്‍ നൽകിയും അവയിലുപയോഗിക്കുന്ന വിവിധ ആപ്പുകള്‍ വഴിയും വിവരചോരണം നടത്താൻ ചൈനീസ് കമ്പനികള്‍ക്ക് സാധിക്കുന്നുണ്ട്. ഉദാഹരണത്തിന് കെനിയൻ തലസ്ഥാനമായ നൈറോബി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ട്രാൻസിയെൻസ് ഹോൾകഡിങ്​സ്​ എന്ന കമ്പനിയാണ് 46 രാജ്യങ്ങളുള്‍ക്കൊള്ളുന്ന സബ്സഹാറൻ ആഫ്രിക്കയിലെ 40 ശതമാനം മൊബൈല്‍ ഫോണ്‍ വിപണിയും നിയന്ത്രിക്കുന്നത്. ഇത്തരം ഫോണുകളിൽ അധികവും ടെക്നോ, ഐടെല്‍, ഇൻഫിനിക്സ് എന്നീ ബ്രാൻഡുകളിലാണ്. ഇവക്കുപുറമെ, ഡാറ്റയാല്‍ നിയന്ത്രിക്കപ്പെടുന്ന മ്യൂസിക്​ ആപ്പായ ബൂംപ്ലേ, ഡിജിറ്റല്‍ പേമ​​െൻറ്​ പ്ലാറ്റ്​ഫോമായ പാംപേ പോലുള്ളവയും ആഫ്രിക്കൻ ഉപയോക്താക്കളുടെ സകലവിവരങ്ങളും ട്രാൻസിയ​​െൻറി​​െൻറ ശേഖരത്തിലെത്തിക്കുന്നുണ്ട്. ഇതാണ് ഡാറ്റ
കൊളോണിയലിസത്തി​​​െൻറ ശക്തി. ഒരു സമൂഹത്തി​​​െൻറ സാങ്കേതികവിദ്യ അതി​​​െൻറ സകല മേല്‍ക്കോയ്മകളോടും കൂടി മറ്റൊരു സമൂഹത്തി​​​െൻറ മേല്‍ അധീശത്വം ചെലുത്തുകയും അവരുടെ പണം മാത്രമല്ല, സകലവിവരങ്ങളും ഊറ്റിയെടുക്കുകയും ചെയ്യുന്ന ഈ ഭീകരതയെക്കുറിച്ച് വലിയ ജാഗ്രത വേണമെന്ന്​ കെനിയൻ എഴുത്തുകാരിയും രാഷ്​ട്രീയ നിരീക്ഷകയുമായ നൻജാല നിബോള പറയുന്നു. കെനിയയില്‍ ‘വാവേയ്’ സൃഷ്​ടിച്ച സ്വാധീനത്തെക്കുറിച്ച് വിശദമായ പഠനം നടത്തിയ നിബോളയുടെ അഭിപ്രായത്തില്‍ ചൈന നടത്തുന്നത് വ്യക്തമായ സാമ്പത്തിക-സാങ്കേതിക അധിനിവേശം തന്നെയാണ്. അവരതിന് പക്ഷേ, മൈക്രോസോഫ്റ്റിനെയോ ഫേസ്ബുക്കിനെയോ പോലെ ഒരു മറയും സ്വീകരിക്കുന്നില്ല. കൃത്രിമബുദ്ധിയുടെ ജനാധിപത്യവത്​കരണമെന്ന പേരിലാണ് മൈക്രോസോഫ്റ്റ് ജനങ്ങളെ അധീശപ്പെടുത്തുന്നതെങ്കില്‍ ഫേസ്ബുക്ക് അത് ചെയ്യുന്നത്​ പാവപ്പെട്ടവന്​ കണക്റ്റിവിറ്റി കൊടുക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണ്. ഇത്തരം മറകളൊന്നും സ്വീകരിക്കാതെ നേരിട്ട്, വ്യക്തമായി ദരിദ്ര ജനവിഭാഗങ്ങളുടെ പണവും വിവരങ്ങളും ഊറ്റിയെടുക്കുകയാണ് ചൈനീസ് കമ്പനികളുടെ നയവുംനിലപാടും.

ഫേസ് ബുക്ക് സ്ഥാപിച്ചിട്ടുള്ള Internet.org എന്ന പോർട്ടല്‍ ഉദാഹരണം. ഡാറ്റ ചാർജില്ലാതെ ഉപയോഗിക്കാവുന്ന ഫ്രീ ബേസിക്സ് (Free Basics) എന്ന ഓമനപ്പേരിട്ട് തുടങ്ങിയ ഈ പോർട്ടല്‍ പക്ഷേ, ചില പ്രത്യേക സൈറ്റുകളിലേക്ക് മാത്രമേ പ്രവേശനം നല്‍കുന്നുള്ളൂ. എന്നുപറഞ്ഞാല്‍ ഫേസ് ബുക്ക് തുറന്ന് തരുന്ന സൈറ്റുകള്‍ മാത്രം ഉപയോഗിക്കാനുള്ള ഒരു പദ്ധതി. അതില്‍ പ്രധാനം ഫേസ്ബുക്കി​​​െൻറ സൈറ്റാണെന്നതും അതുവഴി വിവരശേഖരണം തന്നെയാണ് പ്രധാന ലക്ഷ്യമെന്നതും വളരെ കൃത്യം.

ഡാറ്റകൊളോണിയലിസം ഉപയോഗിക്കുന്നത്​ ചരിത്രത്തില്‍ പ്രത്യക്ഷ കൊളോണിയലിസം ഉപയോഗിച്ച അതേ ന്യായം തന്നെ. എല്ലാവരെയും ഇങ്ങനെ കണക്റ്റ് ചെയ്ത് നിർത്തുക മുഖേന അവർക്ക് പുതിയ ആശയങ്ങള്‍ പകർന്നു കൊടുക്കുക, പുതിയ ബിസിനസ്-ജോലി സാധ്യതകള്‍ വാഗ്ദാനം ചെയ്യുക.. അങ്ങനെയങ്ങനെ. ഇതൊക്കെ സംഭവിക്കണമെങ്കില്‍ നാം ഇങ്ങനെ ഫേസ്ബുക്കില്‍ സകല വിവരങ്ങളും സദാ നല്‍കിക്കൊണ്ടിരിക്കണം. അങ്ങനെ നല്‍കുന്ന വിവരങ്ങള്‍ അവരിങ്ങനെ ചോർത്തിക്കൊണ്ടുമിരിക്കും.

കെനിയയിലെ വൈ-ഫൈ കെണി
ഡാറ്റ ചോർത്താൻ ഫേസ്ബുക്ക് കെനിയയില്‍ തുടങ്ങിയ മറ്റൊരു സംരംഭമാണ് “എക്സ്-പ്രസ്​ വൈ-ഫൈ”. പ്രാദേശിക ടെലികോം കമ്പനികളുമായി ചേർന്ന്​ രാജ്യത്തി​​​െൻറ പല നഗരങ്ങളിലും സൗജന്യ വൈ^ഫൈ ഹോട്ട്​സ്​പോട്ടുകള്‍ സ്ഥാപിച്ചു. ഈ സ്പോട്ടുകള്‍ മുഖേന വളരെ ചെറിയ തുകക്ക്​ ഡാറ്റ കൊടുത്ത്​ ധാരാളം ഉപഭോക്താക്കളെ ആകർഷിച്ചു. പിന്നീടാണ് കള്ളി വെളിച്ചത്തുവരുന്നത്. ഈ ഹോട്ട്സ്പോട്ടുകളിലെ പ്രത്യേക സോഫ്റ്റ് വെയറിലൂടെ വൈ-ഫൈ ഉപയോക്താക്കളുടെ സകല വിവരങ്ങളും കമ്പനി ശേഖരിച്ചു! അനുമതിയില്ലാതെ ശേഖരിച്ച ഈ വിവരങ്ങള്‍ എവിടെ, എങ്ങനെ ഉപയോഗിക്കുമെന്നതിന് ഒരു കണക്കും ആ൪ക്കുമില്ല.

ഏഷ്യനാഫ്രിക്കൻ രാജ്യങ്ങളില്‍ ഡാറ്റകൊളോണിയലിസം ഇങ്ങനെ പുരോഗമിക്കുമ്പോള്‍ യൂറോപ്പും മറ്റും ഈ വിഷയത്തിലെന്തു-ചെയ്യുന്നു? യൂറോപ്യൻ യൂനിയന് കീഴില്‍ ജനറല്‍ ഡാറ്റ പ്രൊട്ടക്​ഷൻ റെഗുലേഷൻ (GDPR)എന്ന പേരില്‍ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാൻ നിയമങ്ങള്‍ വന്നുകഴിഞ്ഞു. നിയമസ്ഥാപനമായ ഡി.എല്‍.എ പൈപ്പർ ഈയിടെ പുറത്തുവിട്ട ഒരു പഠനമനുസരിച്ച് നോർത്ത് അമേരിക്ക, ആസ്ത്രേലിയ,യൂറോപ്പി​​​െൻറ അധികഭാഗവും ചൈനയിലും കൃത്യമായ നിയമങ്ങളുണ്ട്. എന്നാല്‍ ആഫ്രിക്കൻ രാജ്യങ്ങളില്‍ ഏതാണ്ട് മുഴുവനായും പല ഏഷ്യൻ രാജ്യങ്ങളിലും ഇത്തരം നിയമങ്ങള്‍ തീരെയില്ലെന്നുതന്നെ പറയാം. ഈ കളിയില്‍ ആരു ജയിച്ചാലും അന്തിമമായി തോല്‍ക്കുക സാധാരണജനങ്ങള്‍ തന്നെ– പ്രത്യേകിച്ച് മൂന്നാം ലോകത്തെ ദരിദ്രനാരായണന്മാർ.

Tags:    
News Summary - data colonisation or new invasion -opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.