ചര്‍ച്ച് നിയമം കാലത്തി​െൻറ ആവശ്യം

മാന്ത്രികന്‍ തൊപ്പിയില്‍നിന്ന് മുയലിനെ എടുക്കുന്നതുപോലെയാണ് എല്‍.ഡി.എഫ്​ സര്‍ക്കാര്‍ പുതിയ പദ്ധതികളും കര ടു നിയമങ്ങളുമൊക്കെ പുറത്തെടുക്കുന്നത്. ആ തരത്തില്‍ പുറത്തെടുത്ത ഒന്നാണ് അജണ്ടയിലേ ഇല്ലെന്ന്​ മുഖ്യമന്ത്രി ഇ പ്പോള്‍ പറയുന്ന ചര്‍ച്ച് ബില്‍. വിവാദമായതോടെ തൽക്കാലം അതുമായി മുന്നോട്ടുപോകേണ്ടെന്നു തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനം സ്വാഗതാര്‍ഹമാണ്. വ്യാപകമായ ചര്‍ച്ചകളിലൂടെ അഭിപ്രായ സമന്വയം ഉറപ്പുവരുത്തിയശേഷം നിയമനിർമാണം നടത്ത ുന്നതാവും ഉചിതം. അതാകട്ടെ തെരഞ്ഞെടുപ്പുകാലത്ത് ചെയ്യേണ്ട കാര്യമല്ല.

ജസ്​റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക ്ഷനായ കേരള നിയമ പരിഷ്കരണ കമീഷനാണ് ക്രൈസ്തവ സഭകളുടെ സ്ഥാപനങ്ങളുടെയും വസ്തുക്കളുടെയും ഭരണം സംബന്ധിച്ച് നിയമം ഉ ണ്ടാക്കണമെന്ന് നിർദേശിച്ചത്. കമീഷന്‍ കരട് നിയമം തയാറാക്കി സര്‍ക്കാറിന് നല്‍കുകയും ചെയ്തിരുന്നു, അത് 2009ല്‍ അച് യുതാനന്ദന്‍ സര്‍ക്കാറി​​​െൻറ കാലത്തായിരുന്നു. ആ കൊല്ലംതന്നെയാണ് തിരുവിതാംകൂറിലെ മുന്‍ രാജകുടുംബത്തിന്​ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുമേല്‍ അധികാരമില്ലെന്നും ക്ഷേത്രഭരണത്തിന് സര്‍ക്കാര്‍ നിയമം വഴി സംവിധാനമുണ്ടാക്കണമെന്നും കേരള ഹൈകോടതി നിർദേശിച്ചതും. സി.പി.എം നേതൃത്വത്തിനു താൽപര്യമില്ലാതിരുന്നതുകൊണ്ട് രണ്ടു വിഷയങ്ങളിലും ഒരു നടപടിയും ഉണ്ടായില്ല.

ഹിന്ദു ദേവാലയങ്ങളുടെ ഭരണത്തിന് നിയമം ഉണ്ടെന്നത് ഹിന്ദുത്വവാദികളെ അലോസരപ്പെടുത്തുന്ന കാര്യമാണ്. മറ്റു മതങ്ങളുടെ കാര്യത്തില്‍ നിയമമുണ്ടാക്കാന്‍ ധൈര്യമുണ്ടോ എന്ന് ഇടക്കിടക്ക്​ അവര്‍ ചോദിക്കാറുണ്ട്. എല്ലാറ്റിനെയും വര്‍ഗീയ കാഴ്ചപ്പാടോടെ നോക്കുന്നതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ ഉയരുന്നത്. അവര്‍ കരുതുന്നതുപോലെ എല്ലാ ഹൈന്ദവ സ്ഥാപനങ്ങളെയും നിയന്ത്രിക്കാന്‍ നിയമങ്ങളില്ല. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ ഉണ്ടാക്കിയത് ആ നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ യൂനിയനിൽ ലയിക്കുമ്പോള്‍ രാജാക്കന്മാരുടെ നിയന്ത്രണത്തിലായിരുന്ന ക്ഷേത്രങ്ങളുടെ ഭരണം ഏറ്റെടുക്കാനാണ്. മലബാറിലെ ക്ഷേത്രഭരണ സംവിധാനം ആ പ്രദേശം മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്നപ്പോള്‍ ഉണ്ടാക്കിയതി​​​െൻറ തുടര്‍ച്ചയാണ്. ഇതര സമുദായങ്ങളുടെ ആരാധനാലയങ്ങള്‍ ഫ്യൂഡല്‍ കാലത്ത് രാജാക്കന്മാരുടെ കൈകളിലായിരുന്നില്ല. അതുകൊണ്ട് അവരുടെ കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് പോലെയുള്ള സംവിധാനങ്ങള്‍ ആവശ്യമായില്ല. എന്നാല്‍, സാഹചര്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ വഖഫ് ആക്ട്‌, ഹജ്ജ്​ ആക്ട്‌ എന്നിങ്ങനെയുള്ള നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

വലിയ വരുമാനമില്ലാത്തതുകൊണ്ട്‌ രാജാക്കന്മാര്‍ കൈയടക്കാതിരുന്ന നിരവധി അമ്പലങ്ങള്‍ ദേവസ്വം ബോര്‍ഡുകളുടെ നിയന്ത്രണത്തിനു പുറത്ത് ഇപ്പോഴുമുണ്ട്. സമീപകാലത്ത് ഉയര്‍ന്നുവന്ന മാതാ അമൃതാനന്ദമയി മഠം പോലുള്ളവ വേറെയുമുണ്ട്. അവയുടെ ഭരണം സംബന്ധിച്ചും നിയമങ്ങള്‍ ആവശ്യമാണ്. ഒരു മതസ്ഥാപനത്തി​​​െൻറയും സ്ഥാനം നിയമവ്യവസ്ഥക്ക് മുകളിലല്ല. ജനങ്ങളുടെ പണംകൊണ്ടാണ് അവ പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ പണം നൽകുന്നത് സ്വമേധയാ ആണെന്നതുകൊണ്ട് മതമേധാവികള്‍ക്ക് അത് യഥേഷ്​ടം ചെലവാക്കാന്‍ അവകാശമില്ല. പൊതുവില്‍ ജനങ്ങളുടെയും, പ്രത്യേകിച്ച് വിശ്വാസികളുടെയും, താൽപര്യങ്ങള്‍ കണക്കിലെടുത്താണ് അത് വിനിയോഗിക്കേണ്ടത്. നിശ്ചിത ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി രാജഭരണകൂടങ്ങളും തെരഞ്ഞടുക്കപ്പെട്ട സര്‍ക്കാറുകളും മതസ്ഥാപനങ്ങള്‍ക്ക് സ്ഥലവും സൗജന്യങ്ങളും അനുവദിച്ചിട്ടുണ്ട്. അതും ജനങ്ങളുടെ പണംതന്നെ.

ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന പ്രത്യേക അവകാശങ്ങള്‍ മതസ്വാതന്ത്ര്യം ഉറപ്പാക്കാനാണ്. അതി​​​െൻറ മറവില്‍ മതമേലധികാരികളെ ദുര്‍ഭരണം നടത്താന്‍ അനുവദിച്ചുകൂടാ. കഴിഞ്ഞ സെന്‍സസ് (2011) കാലത്ത് കേരളത്തില്‍ ക്രൈസ്തവരുടെ എണ്ണം 61.41 ലക്ഷം ആയിരുന്നു. ഇവരില്‍ 61 ശതമാനം കത്തോലിക്കര്‍ ആയിരുന്നു. ഈ വിഭാഗത്തില്‍നിന്ന് മാറ്റത്തിനു വേണ്ടി ശക്തമായ ശബ്​ദം ഉയര്‍ന്നുവന്നിട്ടുണ്ട്. കത്തോലിക്ക സഭകളുടെ നേതൃനിരയിൽനിന്നാണ്‌ ചർച്ച്​ ബില്‍ ഏറ്റവുമധികം എതിര്‍പ്പ് നേരിടുന്നതും. വത്തിക്കാനിലെ മൂന്നാം സ്ഥാനക്കാരനായ കർദിനാളിനെ പതിറ്റാണ്ടുകള്‍ക്കു മുമ്പ് നടന്ന ബാലപീഡനത്തിന്​ വിചാരണ നേരിടാന്‍ മാര്‍പാപ്പ ആസ്ട്രേലിയക്ക്​ പറഞ്ഞയച്ചപ്പോള്‍ സ്ത്രീപീഡനാരോപണം നേരിടുന്ന ബിഷപ്പിനെ സംരക്ഷിക്കാനും ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെയും അവര്‍ക്ക് പിന്തുണ നൽകുന്നവരെയും ദ്രോഹിക്കാനുമാണ് ഇവിടത്തെ സഭാ നേതൃത്വം ശ്രമിച്ചത്.
കൃഷ്ണയ്യര്‍ റിപ്പോര്‍ട്ട്‌ ശിപാര്‍ശ ചെയ്ത ജനാധിപത്യപരമായ ഭരണ സംവിധാനം കാലം ആവശ്യപ്പെടുന്ന ഒന്നാണ്. എന്നാല്‍, സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ള ബില്‍ ഓരോ സഭക്കും സ്വന്തമായി ചട്ടങ്ങള്‍ രൂപവത്​കരിക്കാന്‍ അധികാരം നല്‍കുന്നതായി പരിഷ്കരണവാദികള്‍ രൂപവത്​കരിച്ചിട്ടുള്ള കേരള ചർച്ച്​ ആക്ട്‌ ആക്​ഷന്‍ കൗണ്‍സിലി​​​െൻറ ചെയര്‍മാന്‍ ജോര്‍ജ് ജോസഫ് ചൂണ്ടിക്കാണിക്കുന്നു. ഇതിനെ അദ്ദേഹം കൃഷ്ണയ്യര്‍ കമീഷ​​​െൻറ നിർദേശങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമമായി കാണുന്നു. ഇത് ഗുരുതരമായ ആരോപണമാണ്.

ഇപ്പോള്‍ ജസ്​റ്റിസ് കെ.ടി. തോമസ്‌ ആണ് കമീഷ​​​െൻറ അധ്യക്ഷന്‍. ബില്ലി​​​െൻറ നിയമവശങ്ങള്‍ പരിശോധിക്കാന്‍ കമീഷന്‍ കോട്ടയത്ത് സിറ്റിങ്​ വെച്ചിരുന്നെന്നും ബില്ലിനെതിരെ സഭകള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്ന സാഹചര്യത്തില്‍ അത് റദ്ദ് ചെയ്തെന്നും വാര്‍ത്തകളില്‍ കണ്ടു. സര്‍ക്കാറിന് നല്‍കിക്കഴിഞ്ഞ റിപ്പോര്‍ട്ടി​​​െൻറ കാര്യത്തില്‍ കമീഷന്‍ ഇങ്ങനെയൊരു പ്രക്രിയക്ക്​ മുതിര്‍ന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.

ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് സര്‍ക്കാര്‍ എല്ലാ സഭകളുടെയും നേതാക്കളുമായും അവരുടെ നിയന്ത്രണത്തിലല്ലാത്ത വിശ്വാസികളുടെ സംഘടനകളുമായും കൃഷ്ണയ്യര്‍ തയാറാക്കിയ ബില്ലി​​​െൻറ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ നടത്തി സഭകളുടെ പ്രവര്‍ത്തനങ്ങള്‍ വിശ്വാസി സമൂഹത്തി​​​െൻറ ഉത്തമ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായ രീതിയില്‍ നടത്താനുതകുന്ന സംവിധാനത്തിനു രൂപം നല്‍കണം. ദേവസ്വം ബോര്‍ഡുകളുടെ സ്വയംഭരണാവകാശത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ രാഷ്​ട്രീയ നേതൃത്വങ്ങളുടെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് എല്ലാ വിഭാഗം ജനങ്ങളിലും സംശയം ജനിപ്പിച്ചിട്ടുണ്ട്. ആ സംവിധാനവും വിശ്വാസികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്ന രീതിയില്‍ പരിഷ്കരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്.

Tags:    
News Summary - Church act issue-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.