കൊടുങ്ങല്ലൂരിനടുത്ത പുല്ലൂറ്റ് ഗ്രാമത്തിൽ വയലിെൻറ വക്കത്തായിരുന്നു കവിയുടെ വീട് . ഇടത്തരം കർഷക കുടുംബം. വിഷമിച്ചാണ് കഴിഞ്ഞുകൂടിയത്. മനോരോഗികളായിരുന്നു അമ്മൂമ്മയും വലിയമ്മയും ചെറിയമ്മയും. കെ. വേണുവിെൻറ ചേട്ടൻ വിശ്വനാഥനായിരുന്നു കുടുംബത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ്, പുല്ലൂറ്റ് ഗ്രാമത്തിലെതന്നെ ആദ്യ കമ്യൂണിസ്റ്റുകാരിൽ ഒരാൾ. ഇവർക്കൊപ്പം വീടിനുമുമ്പില്‍ ചുവന്ന പട്ടുടുത്ത ദേവിയുടെ അമ്പലം. തെക്ക് ക്രിസ്ത്യന്‍ പള്ളിയും വടക്ക് മുസ്ലിം പള്ളിയും. വീട്ടുവളപ്പില്‍ ബ്രഹ്മരക്ഷസ്. അതിര്‍ത്തിയില്‍ സര്‍പ്പക്കാവ്. വീട്ടിന്നകത്ത് ചായിപ്പിലെ പൂജാമുറിയില്‍ അയ്യനും ദുർഗയും ഗണപതിയും സുബ്രഹ്മണ്യനും. അല്പം അകലെ കൊടുങ്ങല്ലൂരിൽ വസൂരിമാല. ദേവതകൾക്കൊപ്പം പ്രേതങ്ങളും സുലഭം. വീടിനുപുറത്ത് പരസ്പരം പത്രം വായിച്ചു കേള്‍പ്പിക്കുന്ന ബീഡിത്തൊഴിലാളികള്‍, ട്രേഡ് യൂനിയനുകൾ, പാര്‍ട്ടി ഓഫിസ്...എല്ലാതരം ബാധകളെയും ആണിയടിച്ചു വാക്കുകളിലാക്കി, കവിതയില്‍ ആവാഹിച്ചിരുത്തി കോയമ്പറമ്പത്ത് സച്ചിദാനന്ദൻ. അങ്ങനെ മലയാളത്തിലെ ഏറ്റവും സന്ദേഹിയായ കവികളിൽ ഒരാൾ പിറന്നു; പി. കുഞ്ഞിരാമൻനായരിൽനിന്ന് കുമാരനാശാനിലേക്കും ഒക്ടാവിയോ പാസിൽനിന്ന് പാബ്ലോ നെരൂദയിലേക്കുമുള്ള ദൂരം നിസ്സന്ദേഹം ഭസ്മമാക്കിക്കൊണ്ട്. (സന്ദേഹം ധിഷണയുടെ കൊടിയടയാളമാണ്. എനിക്ക് ഭയം ഒരു സന്ദേഹവും ഇല്ലാത്തവരെയാണ് എന്ന് പറയും കവി).
എഴുത്തച്ഛെൻറ അധ്യാത്മരാമായണത്തിെൻറ വായനയിലൂടെ കാവ്യാനുഭവത്തിലേക്ക്. സ്കൂൾ വിദ്യാർഥിയായിരിക്കുേമ്പാൾ ഉമർ ഖയാമിെൻറ റൂബാഇയ്യകള് സ്രഗ്ധരയിലും ഇന്ദ്രവജ്രയിലും പരിഭാഷ ചെയ്തു. പിന്നെ ‘ആദ്യത്തെ പ്രേമഗാനം’ എന്ന കൗമാരപ്രണയകവിത. നായികക്ക് അത് അയച്ചു കൊടുക്കുകയും ചെയ്തു. ഇരിങ്ങാലക്കുട ക്രൈസ്റ്റിൽ ബിരുദത്തിന് പഠിക്കുേമ്പാൾ ദസ്തയേവ്സ്കി, വിക്ടർ യൂഗോ, ഷെല്ലി, കീറ്റ്സ്, ബൈറൻ, വേഡ്സ്വർത്ത്, പിന്നെ ബൈബിള്‍. 1965-67 കാലത്ത് എറണാകുളം മഹാരാജാസിൽ എം.എ ഇംഗ്ലീഷ്. വായന യേറ്റ്സ്, എലിയറ്റ്, സാമുവല്‍ ബെക്കറ്റ്, സാര്‍ത്ര്, കാഫ്ക, കാമു, റില്‍കേ, മാര്‍ക്സിസം, അസ്തിത്വവാദം, റാഡിക്കല്‍ ഹ്യൂമനിസം എന്നിവയിലേക്ക് പടർന്നു. മഹാരാജാസില്‍ വിദ്യാര്‍ഥി ഫെഡറേഷന് പിന്തുണയുള്ള സ്വതന്ത്രസ്ഥാനാര്‍ഥി ആയി മത്സരിച്ച് തോറ്റു.
1968 ൽ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന് കോളജില്‍ അധ്യാപനം തുടങ്ങി. 1970ല്‍ ക്രൈസ്റ്റ് കോളജിലേക്ക് മാറി. അയ്യപ്പപ്പണിക്കരുടെ ‘കേരള കവിത’യായിരുന്നു എഴുത്തിെൻറ ആദ്യ തട്ടകം. 1971ൽ ആദ്യ കവിതസമാഹാരം ‘അഞ്ചുസൂര്യൻ’. ആത്മനിഷ്ഠവും അന്തർമുഖവും നിരാശാഭരിതവുമായിരുന്നു ആദ്യകാല കവിത. പിന്നെ, എഴുപതുകളുടെ രോഷം ഏറ്റുവാങ്ങി ‘സത്യവാങ്ങ്മൂല’വും, ‘പനി’യും. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിെൻറ തീർച്ചകളോട് വിട പറഞ്ഞ് പുതിയ രൂപവും ഭാഷയുമുള്ള എഴുത്തിലേക്കുള്ള പരിവർത്തനം. കവിതയിലെ ഏകഭാഷണം നിലച്ചു, അത് വായനക്കാരുമായുള്ള സംവാദമായി. ‘കാവല്‍’, ‘നാവുമരം’, ‘മാര്‍ച്ച് 30; 1976’, ‘നിഷ്പക്ഷത’, ‘വടക്കന്‍പാട്ട്’ തുടങ്ങിയ അടിയന്തരാവസ്ഥക്കാലത്തെ കവിതകളിലൂടെ പീഡനകാലത്തിെൻറ കവിയായി. 1980 ആഗസ്റ്റ് അവസാനം അന്തിക്കാട്ട് നടന്ന ജനകീയ സാംസ്കാരികവേദിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ പെങ്കടുത്തു. തൊട്ടടുത്ത വര്‍ഷം ഇരിങ്ങാലക്കുടക്കടുത്ത് നടവരമ്പിലെ ദലിത് കോളനിയില്‍ നടന്ന പൊലീസ് മര്‍ദനത്തിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിൽ കമ്യൂണിസ്റ്റ് സാര്‍വദേശീയഗാനം പാടിയതിന് ഇടതുപക്ഷ സര്‍ക്കാര്‍ കവിക്കെതിരെ കുറ്റം ചുമത്തി. എന്നാൽ, ഇടതുപക്ഷത്തെ തീവ്രമായ ആശയസംഘട്ടനം ‘ഒടുവില്‍ ഞാനൊറ്റയാകുന്നു’ എന്ന് കവിയെ അനാഥനാക്കി.
ഇൗയൊരു സന്ദിഗ്ധത തീർത്ത അർധവിരാമത്തിൽനിന്നാണ് ഇന്നുള്ള സച്ചിദാനന്ദനിലേക്കുള്ള കുതിപ്പ്. തൊണ്ണൂറുകളിലായിരുന്നു പ്രാദേശികതകളുടെയും ദേശീയതയുടെയും ആത്മീയതയുടെയും വലിയ ആകാശങ്ങളിലേക്കുള്ള സഞ്ചാരത്തിെൻറ തുടക്കം. ലോഹ്യയും ഗാന്ധിയും അംബേദ്കറുമായി ശ്രദ്ധാവിഷയം.
നവ ഹൈന്ദവവാദത്തിനെതിരെ കവിത കൊണ്ട് കലാപം സാധ്യമാണെന്ന് കവി തെളിയിച്ചു. കബീറും മീരയും സൂർദാസും ആണ്ടാളും ബസവയും മഹാദേവിയക്കയും അങ്ങനെ വർഗീയതക്കും വിഭാഗീയതക്കും സങ്കുചിത മതബോധത്തിനും അപ്പുറമുള്ള ബദൽ ബിംബങ്ങളായി ഇൗ കവിതകളിൽ. എഴുപതുകളിലെ കാർക്കശ്യം ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്ന് കവി തിരിച്ചറിയുകയാണ്.
1992ലാണ് കേന്ദ്ര സാഹിത്യ അക്കാദമി മുഖപത്രമായ ‘ഇന്ത്യൻ ലിറ്ററേച്ചറി’െൻറ പത്രാധിപരായി ഡൽഹി കാലം തുടങ്ങിയത്. ഇന്ത്യയിലെ പ്രാദേശിക ഭാഷകളുടെയും സ്വത്വങ്ങളുടെയും മുഖപത്രം കൂടിയായി ‘ഇന്ത്യൻ ലിറ്ററേച്ചർ’ വൈവിധ്യവത്കരിക്കപ്പെട്ടു. ഇൗ കാലത്താണ് ബാബരി മസ്ജിദ് തകർക്കപ്പെട്ടത്. അയോധ്യയിൽ എഴുത്തുകാരും കലാകാരന്മാരും നടത്തിയ ഉറക്കമൊഴിപ്പിൽ കവിയുമുണ്ടായിരുന്നു. 1996ൽ കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായി. ഗുജറാത്ത് വംശഹത്യക്കാലത്ത് മഹാശ്വേതാദേവിക്കൊപ്പം അഭയാർഥി ക്യാമ്പുകളിലെത്തി. സംഘ്പരിവാർ കവിക്കുനേരെ ആക്രമണമഴിച്ചുവിട്ടപ്പോൾ, വലി ദഖ്നിയെന്ന കവിയെക്കുറിച്ച് ഡൽഹിയിൽ സിേമ്പാസിയം സംഘടിപ്പിച്ചും ബറോഡയിൽ ന്യൂനപക്ഷ സാഹിത്യ സെമിനാർ നടത്തിയും കവി ഉചിത പ്രതികരണം നൽകി. (ഗുജറാത്ത് വംശഹത്യക്കാലത്ത് ആർ.എസ്.എസുകാർ വലി ദഖ്നിയുടെ ശവകുടീരം തകർത്തിരുന്നു). കാർഗിൽ യുദ്ധ വിജയം ആഘോഷിക്കാൻ മൂന്ന് അക്കാദമികളോടും കേന്ദ്രസർക്കാർ ആജ്ഞാപിച്ചപ്പോൾ ‘എഴുത്തുകാർ യുദ്ധം ആഘോഷിക്കുകയില്ല’ എന്ന് പ്രഖ്യാപിച്ച്് ആലോചനായോഗത്തിൽനിന്ന് ഇറങ്ങിപ്പോന്നു.
യാഥാസ്ഥിതിക ഭാവുകത്വം അടക്കിഭരിക്കുന്ന അക്കാദമിയെ ബദൽ അന്വേഷണങ്ങളുടെ കേന്ദ്രമായി മാറ്റാൻ കവിക്കുകഴിഞ്ഞു. പ്രാദേശിക ഭാഷകളിലെ നിരവധി പുതിയ എഴുത്തുകാരെ അവതരിപ്പിച്ചു. ദലിത്- ആദിവാസി എഴുത്തുകാരുടെയും സ്ത്രീ എഴുത്തുകാരുടെയും അഖിലേന്ത്യസമ്മേളനങ്ങള് നടത്തി. സ്വത്വാന്വേഷണ സാഹിത്യത്തിെൻറ വേദിയായി അക്കാദമിയെ മാറ്റി.
എന്നിട്ടും, എല്ലാക്കാലവും എസ്റ്റാബ്ലിഷ്മെൻറിെൻറ ഭാഗമായി നിന്ന അവസരവാദി എന്ന് ചിലപ്പോഴൊക്കെ കവി ആക്ഷേപിക്കപ്പെട്ടു. എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചപ്പോൾ സോഷ്യൽ മീഡിയയിലും ഇൗ പഴയ ആരോപണം പ്രത്യക്ഷമായി. അക്കാദമികൾ എസ്റ്റാബ്ലിഷ്മെൻറിെൻറ ഭാഗമാണ് എന്നുപറഞ്ഞ് 1988ൽ കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ സ്ഥാനം ഉപേക്ഷിച്ച കവി കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഗമായത് ഒാർമിപ്പിച്ചായിരുന്നു വിമർശനം.
തീവ്ര ഇടതുപക്ഷനിലപാടുണ്ടായിരുന്ന കാലത്താണ് അക്കാദമിക്കെതിരെ അത്തരമൊരു നിലപാട് എടുത്തതെന്നും ജനാധിപത്യം മാത്രമാണ് വഴി എന്ന് തിരിച്ചറിയുന്നുവെന്നും കവി മറുപടി നൽകുന്നു. ലോങ് മാർച്ചും വിപ്ലവവും സാധ്യമല്ല. സാധ്യമാണെങ്കിൽതന്നെ അഭിലഷണീയമല്ല. ജനാധിപത്യം ശക്തമാക്കാൻ അതിനുള്ളിൽ നിന്നുള്ള വിപ്ലവമാണ് വേണ്ടത്. ഭരിക്കുന്ന സർക്കാറിെൻറ ആനുകൂല്യം കിട്ടാനുള്ള നിലപാടുമാറ്റത്തെയാണ് കവി അവസരവാദമായി കരുതുന്നത്. ഭരിക്കുന്ന സർക്കാറുകൾക്ക് എതിരായിരുന്നു എന്നും തെൻറ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
എഴുത്തച്ഛൻ നൽകിയ ഭാഷയുടെയും സംസ്കാരത്തിെൻറയും ഉൗർജം ഏറ്റവും സർഗാത്മകമായി സ്വാംശീകരിച്ച കവിയാണ് സച്ചിദാനന്ദൻ. കവിത ആധ്യാത്മികതയെ പ്രമേയമാക്കുന്നത് ഏറ്റവും ഉയർന്ന തലത്തിലുള്ള മാനവികതയെ അനുഭവിപ്പിക്കാനാണ്. അതുകൊണ്ടാണ് ആധ്യാത്മിക കവിത ആസ്വദിക്കാന്‍ വിശ്വാസി ആകണം എന്നില്ലെന്ന് ടി.എസ്. എലിയറ്റ് പറയുന്നത്. എല്ലാ വൈരുധ്യങ്ങളുമടങ്ങുന്ന വിശാലമായൊരു മാനവികതയുടെ പ്രതീകമായാണ് സച്ചിദാനന്ദൻ എഴുത്തച്ഛൻ പുരസ്കാരം ഏറ്റുവാങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.