ബദല്‍ വികസനമല്ല; വേണ്ടത് വികസനത്തിനു ബദല്‍

പുതിയ സര്‍ക്കാറില്‍നിന്ന് കേരളം എന്തു കാത്തിരിക്കുന്നു, ജനക്ഷേമ ഭരണം വാഗ്ദാനം ചെയ്യുന്ന ഇടതു സര്‍ക്കാറിന് മുന്നിലുള്ള അടിയന്തര ബാധ്യതകളെന്തൊക്കെ? വിവിധ മേഖലകളിലെ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ ‘മാധ്യമം’ സമര്‍പ്പിക്കുന്നു. ഭരണവും പാര്‍ട്ടിയും രണ്ടാണെന്നു തെളിയിച്ച സി.പി.എമ്മിന്, യു.ഡി.എഫില്‍നിന്ന് വ്യത്യസ്തമായൊരു സാമ്പത്തികനയം പ്രയോഗതലത്തിലുണ്ടോ എന്ന് അന്വേഷിക്കുകയാണ് മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ പ്രഫസറായ ഡോ. എം. കുഞ്ഞാമന്‍

കേരളത്തില്‍   പു തിയൊരു രാഷ്ട്രീയപാര്‍ട്ടിയോ മുന്നണിയോ അല്ല അധികാരത്തില്‍ വന്നിരിക്കുന്നത്. പണ്ടും എല്‍.ഡി.എഫ് കേരളം ഭരിച്ചിട്ടുണ്ട്. ഇരുമുന്നണികളും മാറിമാറി ഭരിക്കുന്നതും കേരളത്തിന്‍െറ പ്രതിഭാസംതന്നെ. ഈ തെരഞ്ഞെടുപ്പിലും അത് ആവര്‍ത്തിച്ചു. പുതിയത് എന്നു പറയാവുന്നത് മുഖ്യമന്ത്രി മാത്രമാണ്. പുതിയൊരു സാമ്പത്തികനയം നടപ്പാക്കുമെന്നു പറഞ്ഞല്ല, അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ജനങ്ങള്‍ പ്രതീക്ഷിക്കാത്തൊരു സാമ്പത്തികപരിപാടി എല്‍.ഡി.എഫിന്‍െറ കൈയിലില്ല. തെരഞ്ഞെടുപ്പിലെ പ്രധാനവിഷയം അഴിമതിയായിരുന്നു. അഴിമതിവിരുദ്ധ മുന്നേറ്റമായിട്ടാണ് തെരഞ്ഞെടുപ്പുവിജയത്തെ ജനം വിലയിരുത്തുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഴിമതിയുടെ കൂത്തരങ്ങിലായിരുന്നു. അഴിമതികൊണ്ട് പൊറുതിമുട്ടിയപ്പോള്‍ ജനം മാറിച്ചിന്തിച്ചു. കേരളജനത വെറുത്ത സര്‍ക്കാറാണ് ഇവിടെ ഉണ്ടായിരുന്നത്. അഴിമതിയാരോപണങ്ങള്‍ ഉണ്ടായിരുന്നില്ളെങ്കിലും മുന്നണിമാറ്റം ഉണ്ടാവുമായിരുന്നു. അത് കേരളീയരുടെ സ്വഭാവമാണ്.

ജനങ്ങള്‍ വോട്ടിങ് മൃഗങ്ങള്‍

മുന്നണിയുടെ മാനിഫെസ്റ്റോയിലെ സാമ്പത്തികനയത്തിന്‍െറ അടിസ്ഥാനത്തിലല്ല ജനങ്ങള്‍ വോട്ടുചെയ്യുന്നത്. രണ്ടു മുന്നണികളെയും ജനങ്ങള്‍ വിലയിരുത്തുന്നതും സാമ്പത്തികനയത്തിന്‍െറ പേരിലല്ല. മുന്നണികളുടെ സാമ്പത്തിക പരിപാടിയെന്തെന്ന് ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. മുന്നണികള്‍ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ കുറെ കാര്യങ്ങള്‍ വാഗ്ദാനം ചെയ്യും. അതെല്ലാം പുരോഗമനപരമായ പരിപാടിയായിരിക്കും. മുന്നണിഭേദമില്ലാതെ ഇത് പറയാറുണ്ട്. നടപ്പാക്കാനുള്ള കാര്യങ്ങളല്ല ഇതൊന്നും. ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നുവെന്നാണ് ഉമ്മന്‍ ചാണ്ടി അവസാനംവരെ പറഞ്ഞത്. എന്നാല്‍, ആ പ്രസ്താവനയിലെ ‘ജനം’ ആരാണ്?  അങ്ങനെയൊരു സങ്കല്‍പം രാഷ്ട്രീയക്കാര്‍ക്കുണ്ടോ? അവരുടെ സങ്കല്‍പത്തില്‍ വോട്ടിങ് മൃഗം മാത്രമാണ് ജനങ്ങള്‍. വോട്ടു ചെയ്യാനത്തെുന്ന ജനങ്ങള്‍ക്ക് പ്രത്യേക മുഖമൊന്നുമില്ല. വര്‍ഗം, ജാതി, മതം എന്നിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്നു അവര്‍. ജനവും ജനായത്തവുമെല്ലാം വെറും മിഥ്യയാണ്. വോട്ടിന്‍െറ ക്രയവിക്രയം പ്രാദേശികമായിട്ടാണ്. അവിടെ പ്രത്യയശാസ്ത്രത്തിന്‍െറ അടിസ്ഥാനത്തിലല്ല ഇത് നടക്കുന്നത്.  

സമ്പന്നരുടെ പണവും സാധാരണക്കാരുടെ വോട്ടുമാണ് തെരഞ്ഞെടുപ്പിന് രാഷ്ട്രീയക്കാര്‍ക്ക് വേണ്ടത്. വോട്ടിനുവേണ്ടി പലരൂപത്തില്‍ അവര്‍ പണവും ഇറക്കുന്നു. സമൂഹത്തിന്‍െറ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നത് സാമ്പത്തികവിഭാഗമാണ്. നവലിബറല്‍ കാലഘട്ടത്തില്‍ നേട്ടം കൊയ്യുന്നതും സമ്പന്നവര്‍ഗം. ഭരണകൂട മെഷിനറി ഉപയോഗിച്ച് ഇവര്‍ക്കുവേണ്ടി എതിര്‍ശബ്ദങ്ങള്‍ ഇല്ലായ്മചെയ്യാം. എല്‍.ഡി.എഫ്-യു.ഡി.എഫ് ഭരണകാലത്ത് നിരന്തരം ഇത് നടക്കുന്നുണ്ട്. ദുര്‍ബല ജനവിഭാഗങ്ങളെ അടിച്ചമര്‍ത്താന്‍ ഇവര്‍ പൊലീസിനെ ഉപയോഗിക്കുന്നു. ശക്തന്‍ അശക്തനെതിരെ അധികാരപ്രയോഗം നടത്തുന്ന ഘടനയാണ് ഇവിടത്തെ പ്രശ്നം. പിണറായിക്ക് പകരം ആദിവാസി അധികാരത്തിലിരുന്നാലും ഇതിന് മാറ്റമുണ്ടാവില്ല. ഏതു വ്യവസ്ഥിതിയില്‍ അധികാരത്തില്‍ വരുന്നുവെന്നതാണ് കാര്യം. അശക്തന്‍ ശക്തനെ മര്‍ദിക്കുമ്പോഴാണ് വിപ്ളവകരമായ മാറ്റമുണ്ടാവുന്നത്.

പിണറായി കമ്യൂണിസ്റ്റുകാര്‍ക്ക് നല്ളൊരു മാതൃകയാണ്. എന്നാല്‍, മുഖ്യമന്ത്രി നടപ്പാക്കാന്‍ പോവുന്നത് സ്വന്തം ചിന്തയല്ല. മുന്നണിയുടെയും പാര്‍ട്ടിയുടെയും പരിപാടിയാണ്. അദ്ദേഹത്തിന്‍െറ മുന്നണിയും പാര്‍ട്ടിയും ആദ്യമായല്ല അധികാരത്തില്‍ വരുന്നത്. ഇന്നും കേരളത്തിന്‍െറ ചിന്താലോകത്തെ സ്വാധീനിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. അധികാരത്തിലിരിക്കുന്ന വ്യക്തികള്‍ സത്യസന്ധരായിരിക്കണമെന്ന് സി.പി.എമ്മിന് നിര്‍ബന്ധമുണ്ട്. പണം, സ്ത്രീവിഷയങ്ങളിലൊന്നും അവര്‍ക്കെതിരെ ആരോപണമില്ല. സാധാരണജനങ്ങള്‍ക്ക് തിളക്കമുള്ള വ്യക്തിത്വമാണിവര്‍. ഉദ്യോഗസ്ഥരെ നിലക്കുനിര്‍ത്താന്‍ പിണറായിക്ക് കഴിഞ്ഞേക്കാം. എന്നാല്‍, എല്‍.ഡി.എഫിന്‍െറ സാമ്പത്തികനയം എന്തായിരിക്കും? സാമ്പത്തികനയം രൂപവത്കരിക്കുന്ന നേതൃത്വത്തിന്‍െറ പശ്ചാത്തലം പ്രധാനമാണ്. സി.പി.എമ്മിന് യു.ഡി.എഫില്‍നിന്ന് വ്യത്യസ്തമായൊരു സാമ്പത്തികനയമുണ്ടോ? നേരത്തെ അധികാരത്തില്‍ വന്നപ്പോള്‍ അത്തരമൊരു നയം നടപ്പാക്കിയിട്ടുണ്ടോ?

ഹൈകമാന്‍ഡിന്‍െറ ഉത്തരവ് നോക്കിയിരിക്കുന്ന പാര്‍ട്ടിയല്ല സി.പി.എം. പാര്‍ട്ടി സമീപനത്തിന് ഇക്കാര്യത്തില്‍ നീണ്ടൊരു ചരിത്രമുണ്ട്. 1950കളിലെ പാര്‍ട്ടി മുദ്രാവാക്യം ‘കൃഷിഭൂമി മണ്ണില്‍ അധ്വാനിക്കുന്നവര്‍ക്ക്’ എന്നായിരുന്നു. എന്നാല്‍, പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം ഉപേക്ഷിച്ചത് ആ മുദ്രാവാക്യമാണ്. പാര്‍ട്ടിയും അധികാരവും രണ്ടാണെന്ന് അന്നേ പാര്‍ട്ടി തെളിയിച്ചു. ഭൂപരിഷ്കരണത്തിലൂടെ മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ഭൂമി ലഭിച്ചില്ല. എന്നാല്‍, ആ ചരിത്രം തമസ്കരിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യം കുടികിടപ്പിന് വേണ്ടിയായിരുന്നില്ല. വര്‍ഗപരമായി അര്‍പ്പണബോധവും പ്രത്യയശാസ്ത്ര പ്രതിബദ്ധതയും ഇവരില്‍നിന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്.  
ദുര്‍ബലരെ രക്ഷിക്കാന്‍ പദ്ധതിയില്ല

തോമസ് ഐസക് പറയുന്നത് കഴിഞ്ഞ സര്‍ക്കാര്‍ സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധി കാര്യങ്ങള്‍ പരിഹരിക്കാന്‍ സമയമെടുക്കുമെന്നാണ്. ഇവിടെ യു.ഡി.എഫില്‍നിന്ന് വ്യത്യസ്തമായൊരു സാമ്പത്തിക നയം എല്‍.ഡി.എഫിനുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരം പറയണം. അല്ലാതെ യു.ഡി.എഫ് കാലത്തെ ശരിയാക്കിയെടുക്കാന്‍ നാലഞ്ചു വര്‍ഷമെടുക്കുമെന്ന വാദം അംഗീകരിക്കാനാവില്ല. സമൂലമായ പരിവര്‍ത്തനത്തിന് എന്തെങ്കിലും പരിപാടി എല്‍.ഡി.എഫ് അവതരിപ്പിച്ചിട്ടില്ല, ദുര്‍ബലരെ സംരക്ഷിക്കാന്‍ പദ്ധതിയുമില്ല. ക്ഷേമപ്രവര്‍ത്തനം മാത്രം അജണ്ടയിലുള്ള പാര്‍ട്ടിയാണ് സി.പി.എം. തഹസില്‍ദാര്‍ കൊടുത്ത ജാതി സര്‍ട്ടിഫിക്കറ്റുമായി പട്ടികവിഭാഗക്കാര്‍ യാചിക്കുന്ന അവസ്ഥക്ക് മാറ്റമുണ്ടാവില്ല. അത് അനുഭവിച്ചവര്‍ക്കുമാത്രമേ യാഥാര്‍ഥ്യം അറിയുകയുള്ളൂ. ജാതിപരമായ അനീതിയുണ്ടോയെന്ന് നഗരത്തിലിരുന്ന് ചര്‍ച്ച ചെയ്യുന്ന സവര്‍ണനേതാക്കളുണ്ട്. കാരണം സവര്‍ണര്‍ ഇത്തരം അനീതിയുടെ ഇരകളല്ല. അവരെയാണ് ചര്‍ച്ചക്ക് വിളിക്കുന്നത്. ദാരിദ്ര്യവും ജാതിവിവേചനവും അനുഭവിക്കുന്നവരോട് ചോദിക്കേണ്ട ചോദ്യമാണിത്. അതിന് സവര്‍ണനല്ല ഉത്തരം പറയേണ്ടത്.

വികസന ബദല്‍

പാര്‍ശ്വവത്കരിക്കപ്പെട്ട ജനതക്ക് യു.ഡി.എഫ് ഒന്നും ചെയ്തില്ല. എല്‍.ഡി.എഫ് ചരിത്രപരമായ കടമ ഏറ്റെടുക്കുമോ? വികസനം എന്നാല്‍ കുറെ പണം ചെലവഴിക്കലല്ല. പാവങ്ങള്‍ക്ക് നയരൂപവത്കരണത്തില്‍ റോളില്ല. അവര്‍ക്കുവേണ്ടി എല്ലാം ചെയ്യുന്നുവെന്നാണ് ഭരണകൂടം പറയുന്നത്. എല്‍.ഡി.എഫ് പറയുന്നത് ആരുടെ വികസനമാണ്? ആര്‍ക്കുവേണ്ടിയാണ് വികസനം? അത് എങ്ങനെ? വിജ്ഞാനവും സമ്പത്തുമുള്ളവരുടെ കുത്തകയാണ് ഇന്നത്തെ വികസനചിന്ത. അവരാണ് വികസനം എന്താണെന്ന് തീരുമാനിക്കുന്നത്. ഇവരുടെ വികസനത്തെ ജനങ്ങള്‍ എതിര്‍ക്കുന്നത് സാമൂഹികവും പാരിസ്ഥിതികവുമായ കാരണങ്ങളാലാണ്. ആദിവാസികളുടെ അഞ്ചാം ഷെഡ്യൂള്‍ മേഖലയില്‍ ഭരണകൂടം വികസനം നടപ്പാക്കാന്‍ സി.ആര്‍.പിയെ ഇറക്കി ജനങ്ങളെ നിശ്ശബ്ദരാക്കുന്നു. അതേസമയം, അന്താരാഷ്ട്രചിന്തകര്‍ ഇന്ന് ചര്‍ച്ച ചെയ്യുന്നത് ബദല്‍ വികസനമല്ല, വികസനത്തിനുള്ള ബദല്‍ ആണെന്ന് ഇവര്‍ ഓര്‍ക്കണം. ഭരണകൂടം നിശ്ചയിക്കേണ്ട കാര്യമല്ല വികസനം.  

എല്‍.ഡി.എഫ് ഭരിച്ചാലും കേരളത്തില്‍ ആദിവാസികള്‍ക്ക് രക്ഷയില്ല. കേരളത്തിലെ ആദിവാസികളുടെ മനുഷ്യാവസ്ഥകണ്ട് സഹതാപം തോന്നുന്നുവെങ്കില്‍ ‘കേരളത്തിലെ ആദിവാസികള്‍ കൂട്ടത്തോടെ ഇവിടംവിട്ട് പോകണ’മെന്ന് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കണം. അല്ളെങ്കില്‍ ആദിവാസികള്‍ കൂട്ട ആത്മഹത്യ ചെയ്യണമെന്ന് പ്രമേയം അവതരിപ്പിക്കണം. ആദിവാസി ഊരുകള്‍ക്ക് സമീപം വിമാനത്താവളവും പഞ്ചനക്ഷത്ര ഹോട്ടലും സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയും വേണമെന്ന് ആദിവാസികള്‍ ആവശ്യപ്പെടുന്നില്ല. ഭൂമി, വീട്, തൊഴില്‍, വെള്ളം, ചരിത്രപരമായും ഭരണഘടനാപരമായും അവകാശപ്പെട്ട കാട് എന്നിവയാണ് അവര്‍ക്ക് വേണ്ടത്. അവരെ വിരട്ടി ചൊല്‍പ്പടിക്ക് നിര്‍ത്തുകയും നിശ്ശബ്ദരാക്കുകയും വേണ്ടിവന്നാല്‍ കൊല്ലുകയും ചെയ്യുന്നതാണ് ഇവിടത്തെ ജനാധിപത്യം. വംശീയമായി അവരെ തുടച്ചുനീക്കുന്ന വികസനമാണ് കേരളമിന്ന് പിന്തുടരുന്നത്.  ഇതിനെ മറികടക്കുന്നൊരു ദിശാബോധം എല്‍.ഡി.എഫിന്് ഉണ്ടാവുമോ? വയനാട്ടിലും അട്ടപ്പാടിയിലും ആദിവാസികളുടെ പട്ടിണിമരണത്തിന് പരിഹാരം കാണാനും അവരുടെ വികസനം ഉറപ്പുവരുത്താനും കഴിയുമോയെന്നാണ് എന്നെപ്പോലുള്ളവര്‍ ഉറ്റുനോക്കുന്നത്.

തയാറാക്കിയത്: ആര്‍. സുനില്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.