ജനകീയ മുഖമുള്ള വികസനം

പിണറായി വിജയന്‍െറ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്‍റ് ഇന്ന് അധികാരമേറുന്നു. വീറും വാശിയും നിറഞ്ഞ പ്രചാരണത്തിനു ശേഷം ജനം പുതിയ ഗവണ്‍മെന്‍റിന് സമ്മതിദാനം നല്‍കിയത് ഏറെ പ്രതീക്ഷകളോടെ. പുതിയ സര്‍ക്കാറില്‍നിന്ന് കേരളം എന്തു കാത്തിരിക്കുന്നു, ജനക്ഷേമ ഭരണം വാഗ്ദാനം ചെയ്യുന്ന ഗവണ്‍മെന്‍റിനു മുന്നിലുള്ള അടിയന്തരബാധ്യതകളെന്തൊക്കെ? വിവിധ മേഖലകളിലെ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ ‘മാധ്യമം’ അധികാരികളുടെയും ബഹുജനങ്ങളുടെയും മുന്നില്‍ സമര്‍പ്പിക്കുന്നു. ആമുഖമായി ടെക്നോപാര്‍ക്ക് സ്ഥാപക സി.ഇ.ഒയും സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗവുമായ ജി. വിജയരാഘവന്‍  നിര്‍ദേശിക്കുന്ന പത്തു കാര്യങ്ങള്‍

ഒന്ന്: മുഖ്യപരിഗണന വികസനത്തിന്. ഗവണ്‍മെന്‍റിനെ വിലയിരുത്തുന്നതിനുള്ള ഏറ്റവും പ്രധാന മാനദണ്ഡമായി ജനം പരിഗണിക്കുന്നത് വികസനമാണ്. രാഷ്ട്രീയക്കാര്‍ സംസ്ഥാനത്തിന്‍െറ പുരോഗതിക്കായി പ്രവര്‍ത്തിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.  മുന്‍ഗാമികള്‍ തുടങ്ങിവെച്ച വികസനത്തെ ആശയഭിന്നതയുടെ പേരില്‍ ഏതെങ്കിലും മുന്നണി തകിടംമറിക്കുന്നതിനെ അവര്‍ അനുകൂലിക്കുന്നില്ല. യു.ഡി.എഫ് ഗവണ്‍മെന്‍റ് തുടങ്ങിവെച്ച ജോലികള്‍ തുടരണമെന്ന് മാത്രമല്ല, അത് കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും ജനം ആഗ്രഹിക്കുന്നു. വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ തുടങ്ങിയ പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് ഗതിവേഗം കൂട്ടണം. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ ആരംഭിക്കണം. കേരളത്തിലെ കൂടുതല്‍ നഗരങ്ങള്‍ ‘സ്മാര്‍ട്ട് നഗരങ്ങള’ായി മാറണം. അതിന് പുതിയ റോഡുകള്‍ നിര്‍മിക്കുകയും നിലവിലുള്ളവയുടെ വീതി കൂട്ടുകയും വേണം. കോവളത്തെയും വടക്കന്‍ കേരളത്തെയും ബന്ധിപ്പിക്കുന്ന ജലഗതാഗത മാര്‍ഗം വികസിപ്പിക്കണം. പ്രകൃതിക്കോ പൊതുജനങ്ങള്‍ക്കോ ദോഷംചെയ്യാത്ത പദ്ധതികളെ കൂടുതലായി പ്രോത്സാഹിപ്പിക്കണം. ഇങ്ങനെ വികസനത്തിന് ജനകീയമുഖം നല്‍കുകയെന്നതാകണം പുതിയ ഗവണ്‍മെന്‍റിന്‍െറ മുഖ്യ പരിഗണന.

രണ്ട്: പുതിയ ഗവണ്‍മെന്‍റ് ഏറ്റെടുക്കേണ്ട മറ്റൊരുകാര്യം അഴിമതിക്കെതിരായ പോരാട്ടമാണ്. ഭരണരംഗത്തെ അഴിമതി ഇനിയും ജനം സഹിക്കില്ല. ഭരണത്തിന്‍െറ മുകള്‍ത്തട്ടുമുതല്‍ താഴേ തട്ടുവരെ അഴിമതി നടക്കുന്നില്ളെന്ന് ഉറപ്പുവരുത്തണം. അതേസമയം, എതിരാളിയെ കരിവാരിത്തേക്കാന്‍ മാത്രം അടിസ്ഥാനരഹിതമായി അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഇനിയുള്ള കാലത്ത് വിലപ്പോവില്ളെന്ന് രാഷ്ട്രീയക്കാരും മനസ്സിലാക്കണം. ആരോപണങ്ങള്‍ക്ക് തെളിവ് ഹാജരാക്കണം. തങ്ങള്‍ ജീവിക്കുന്നത് എല്ലാം റെക്കോഡ് ചെയ്യപ്പെടുകയും നിരീക്ഷിക്കപ്പെടുകയും ചെയ്യുന്ന ഡിജിറ്റല്‍ ലോകത്താണെന്ന് ഭരിക്കുന്നവര്‍ക്കും ബോധമുണ്ടാകണം.

മൂന്ന്: വിദ്യാഭ്യാസനിലവാരം ഉയര്‍ത്തണം. സംസ്ഥാനത്തെ വിദ്യാഭ്യാസനിലവാരം ദയനീയമാംവിധം താഴ്ന്നിരിക്കുകയാണ്. വിദ്യാഭ്യാസസംവിധാനത്തില്‍ സമഗ്രമായ പരിഷ്കാരം ആവശ്യമാണ്. സ്കൂള്‍ കരിക്കുലം പൂര്‍ണമായി ഉടച്ചുവാര്‍ക്കണം. ഉന്നത വിദ്യാഭ്യാസരംഗത്തും അഴിച്ചുപണി വേണം. നിലവിലുള്ള സര്‍വകലാശാലകള്‍ പരാജയമാണ്. പുതിയ സര്‍വകലാശാലകള്‍ ആവശ്യമാണ്. മാത്രമല്ല, പുറമേ നിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സ്വാഗതം ചെയ്യണം. നമ്മുടെ കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി പുറത്തുപോകേണ്ടിവരുന്ന അവസ്ഥ ഇല്ലാതാകണം.

നാല്: ആരോഗ്യരംഗമാണ് ശ്രദ്ധതേടുന്ന മറ്റൊന്ന്. പണമില്ലാത്തതിന്‍െറ പേരില്‍ സംസ്ഥാനത്ത് ഒരാള്‍ക്കും മെച്ചപ്പെട്ട ചികിത്സ ലഭിക്കാതെ പോകരുത്. ആരോഗ്യ രംഗത്ത് ജനങ്ങള്‍ക്ക് പിന്തുണയും ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കുന്നുണ്ടെന്ന് ഗവണ്‍മെന്‍റ് ഉറപ്പുവരുത്തണം. ഇതിനകം സംസ്ഥാനത്ത് തുടക്കംകുറിച്ച ഇ-ഹെല്‍ത്ത് പ്രോഗ്രാം പുതിയ ഗവണ്‍മെന്‍റ് മുന്നോട്ടുകൊണ്ടുപോവുകയും വേണം.

അഞ്ച്: സംസ്ഥാനത്ത് ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രത്യേകശ്രദ്ധ വേണം. പട്ടികജാതി, ആദിവാസിവിഭാഗങ്ങളുടെ ഉന്നമനകാര്യത്തില്‍ ഇതുവരെയുള്ള ഇടതുവലത് ഗവണ്‍മെന്‍റുകള്‍ പരാജയമായിരുന്നു. ഇവരുടെ ക്ഷേമത്തിനായി നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥര്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചിട്ടുമില്ല. ദുര്‍ബലവിഭാഗങ്ങളുടെ ഉന്നമനത്തിന് യാഥാര്‍ഥ്യബോധത്തോടെയുള്ള ചുവടുവെപ്പുകള്‍ നടത്താന്‍ വൈകിക്കൂടാ. മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിന് ചില നടപടികള്‍ ഇതിനകം തുടങ്ങിവെച്ചിട്ടുണ്ട്. പക്ഷേ, ഈ മേഖലയില്‍ ഇനിയും ഏറെ ചെയ്യാനുണ്ട്. ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനും കാര്യക്ഷമമായ നടപടികള്‍ വേണം.

ആറ്: സംസ്ഥാനം ഇന്ന് നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം മാലിന്യനിര്‍മാര്‍ജനമാണ്. ഈ പ്രശ്നത്തിന് അടിയന്തര പരിഹാരനടപടികള്‍ പുതിയ ഗവണ്‍മെന്‍റിന്‍െറ ശ്രദ്ധയിലുണ്ടാകണം. വീടുകളില്‍നിന്നും പൊതുസ്ഥലങ്ങളില്‍നിന്നും മാലിന്യം നീക്കം ചെയ്യുന്നതിനും അത് ഫലപ്രദമായി സംസ്കരിക്കുന്നതിനുമുള്ള പദ്ധതികളാണ് ആവിഷ്കരിക്കേണ്ടത്.

ഏഴ്: കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കാര്യക്ഷമമായ ഇടപെടല്‍ വേണം. സംസ്ഥാനത്ത് എല്ലാവര്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് പുതിയ ഗവണ്‍മെന്‍റ് പരമപ്രധാന ലക്ഷ്യമായി ഏറ്റെടുക്കണം.

എട്ട്: പ്രവാസി മലയാളികളില്‍നിന്നുള്ള വരുമാനത്തെ ആശ്രയിച്ച് കെട്ടിപ്പടുത്ത ഒരു സാമ്പത്തിക രംഗമാണ് നമ്മുടേത്. പക്ഷേ, ഗള്‍ഫിലടക്കം മാന്ദ്യവും സ്വദേശിവത്കരണവും വലിയൊരു ഭീഷണിയായി വളരുകയാണ്. ഈ സാഹചര്യത്തില്‍ മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസം അടിയന്തര പ്രാധാന്യമുള്ള ലക്ഷ്യമായി ഗവണ്‍മെന്‍റ് കാണണം. മാത്രമല്ല, സാമ്പത്തികമാന്ദ്യം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അതിജീവിച്ച് സ്വന്തംകാലില്‍ നില്‍ക്കാന്‍ കഴിയുന്ന ഒരു സാമ്പത്തികാവസ്ഥ കെട്ടിപ്പടുക്കുകയും വേണം.  

ഒമ്പത്: യുവജന വിഭാഗത്തിന് കാര്യക്ഷമമായ തൊഴില്‍ പരിശീലനം നല്‍കുന്ന കാര്യത്തില്‍ ശ്രദ്ധ വേണം. വൈദഗ്ധ്യ വികസനത്തിലൂടെയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെയും സംരംഭകത്വ പ്രോത്സാഹന പരിപാടികളിലൂടെയുമാണ് യുവജനക്ഷേമം ഉറപ്പുവരുത്താനാവുക.

പത്ത്: നിക്ഷേപം ആകര്‍ഷിക്കല്‍: അഭ്യസ്തവിദ്യരായ യുവാക്കള്‍ നിറഞ്ഞ സംസ്ഥാനമാണ് നമ്മുടേത്. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക പ്രധാനമാണ്. അതിനായി, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലയില്‍ പുതിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കണം.

തയാറാക്കിയത്: എം.കെ.എം. ജാഫര്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.