റെയിന്‍ബോയുടെ കേരളയാത്ര

‘ഏഴ് രാഷ്ട്രീയയാത്രകള്‍ നടക്കുന്നുണ്ട് ഈ മാസത്തിലെന്ന് ഇവയിലൊക്കെ  വാര്‍ത്ത വന്നിരുന്നത് നിങ്ങള്‍ കണ്ടിരിക്കുമല്ളോ’. മേശപ്പുറത്ത് അടുക്കിവെച്ചിരിക്കുന്ന പത്രങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രസിഡന്‍റ് പറഞ്ഞു -‘ബി.എസ്. പി, ബി.ജെ.പി, എന്‍.സി.പി, സി.പി. എം, സി.പി.ഐ, കോണ്‍ഗ്രസ്, മുസ്ലിം ലീഗ്. പക്ഷേ എട്ടാമത്തെ യാത്രയെപ്പറ്റി അതില്‍ പരാമര്‍ശിക്കുന്നില്ല. അത് റെയിന്‍ബോ പാര്‍ട്ടി എന്ന ഞങ്ങളുടേതാണ്’.
അത് പുതിയ ഒരറിവായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പാണ് റെയിന്‍ബോ പാര്‍ട്ടി ഭാരവാഹികള്‍ ഒരു പിരിവിനുവന്നത്. അന്നാവട്ടെ രസീതി ബുക് കൊണ്ടുവന്നിട്ടില്ളെന്ന കാരണംപറഞ്ഞ് സംഭാവന നിഷേധിക്കുകയാണുണ്ടായത്. മാനിഫെസ്റ്റോയും അച്ചടിയിലായിരുന്നു. രണ്ടും തയാറായതിനുശേഷം വീണ്ടും വരാമെന്നുപറഞ്ഞാണ് പിരിഞ്ഞതെങ്കിലും അവര്‍ പിന്നെ വന്നതേയില്ല.
‘ഞങ്ങള്‍ക്കുള്ള പരിഭവം അതുമാത്രമല്ല’, എന്‍െറ മനസ്സുവായിച്ചിട്ടെന്ന പോലെ പ്രസിഡന്‍റ് പറഞ്ഞു. ‘കുറേ കൊല്ലംമുമ്പ് ഞങ്ങളുടെ പാര്‍ട്ടി തന്നെ ഇല്ലാതായി എന്ന് തീര്‍ച്ചപ്പെടുത്തി നിങ്ങള്‍ എഴുതിയിരുന്നല്ളോ. അതിന് ഒരു തിരുത്തുകൂടി വേണമെന്നുപറയാനാണ് നിങ്ങളെ വിളിച്ചുവരുത്തിയത്. അല്ളെങ്കില്‍തന്നെ നിങ്ങള്‍ പ്രത്യേകിച്ച് ഒരു കാര്യവുമില്ലാതെ കോളം എഴുതിക്കൊണ്ടിരിക്കുകയാണല്ളോ’.
സഞ്ചിയില്‍നിന്ന് ചെറിയ ഡയറിയും പേനയുമെടുത്ത് ഞാന്‍ തയാറായി. ‘ഈ കുപ്പികളൊക്കെ എന്തിനാണ്’, മേശപ്പുറത്ത് നിരത്തിവെച്ചിരിക്കുന്ന കുപ്പികള്‍ ചൂണ്ടി ഞാന്‍ ചോദിച്ചു.
‘പല നിറത്തിലുള്ള ചായങ്ങളാണ് ഇതിലുള്ളത്’, ഒരു കുപ്പിയെടുത്തുതുറന്ന് മൂക്കിനോടടുപ്പിച്ച് നോക്കുകയായിരുന്ന  പ്രസിഡന്‍റ് പറഞ്ഞു. ‘മഴവില്ലിലെ ഏഴുനിറങ്ങള്‍ ഏതൊക്കെയാണെന്ന് ലേഖകന് അറിയാമല്ളോ. പ്ളക്കാഡ് ഏതുനിറത്തില്‍ എഴുതണമെന്ന് ആലോചിക്കുകയാണ്. ചുവപ്പ്, പച്ച, ഓറഞ്ച്, മഞ്ഞ  -ഇതൊന്നും ഉപയോഗിക്കാന്‍ വയ്യ. അതൊക്കെ ചില പ്രത്യേക രാഷ്ട്രീയകക്ഷികളുടെ പ്രതീകങ്ങളാണ്. നോക്കൂ, റെയിന്‍ബോ എന്ന് പേരുണ്ടായിട്ടുകൂടി ഞങ്ങള്‍ക്ക് നിറങ്ങളില്‍ ഒരു അവകാശവുമില്ലാതായി’.
‘നിങ്ങള്‍ക്ക് നീല തെരഞ്ഞെടുക്കാമല്ളോ’, ഞാന്‍ നിര്‍ദേശിച്ചു. ‘അത് ആരും ഇതുവരെ സ്വന്തമാക്കിയിട്ടില്ല’.
‘നിങ്ങള്‍ ഞങ്ങളെ കളിയാക്കുകയാണോ’, പരിഭവത്തിന്‍െറ ഒരു കഠിനനോട്ടം എന്‍െറ നേരെ അയച്ച് പ്രസിഡന്‍റ് തുടര്‍ന്നു. ‘ഇതൊന്നും ഞങ്ങള്‍ക്ക് മനസ്സിലാവുന്നില്ല എന്നു കരുതരുത്. ഞങ്ങള്‍ വയലറ്റ് തെരഞ്ഞെടുത്താലോ എന്ന് ആലോചിക്കുകയാണ്’.
‘അത് ഉചിതമായ തീരുമാനമാണ്’, ഞാന്‍ കുറിച്ചു. ‘വയലറ്റ് തീര്‍ച്ചയായും നല്ല നിറമാണ്. പ്രതീക്ഷയുടെ നിറം’.
ചുമരില്‍ ചാരിവെച്ചിരുന്ന ഒരു പ്ളക്കാഡെടുത്ത് അതില്‍ വയലറ്റ് മഷി പുരട്ടി പ്രസിഡന്‍റ് ചാഞ്ഞും ചെരിഞ്ഞും നോക്കി. ഒരുവിധം തൃപ്തിയായതുപോലെ ഒരു ശബ്ദം പുറപ്പെടുവിച്ചു.
‘ഒരു ബാനര്‍ വേണ്ടിവരില്ളേ’? ഞാന്‍ സംശയിച്ചു. ‘അത് റോഡിന് വിലങ്ങനെ പിടിച്ച് രണ്ട് സ്ത്രീകള്‍ നടക്കുക. അതിനുപിന്നില്‍ നടുവിലായി പ്രസിഡന്‍റ്. അതല്ളേ അതിന്‍െറ ഒരു സമ്പ്രദായം’?
‘നിലവിലുള്ള സമ്പ്രദായങ്ങളെയൊന്നും ഞങ്ങള്‍ അംഗീകരിക്കുന്നില്ല’, പ്രസിഡന്‍റ് അറിയിച്ചു. ‘രണ്ടുപേര്‍ ഓരോ അറ്റത്തും പിടിച്ചുനടക്കുന്നത് പരമ്പരാഗതമായ രീതിയാണ്. പ്രസിഡന്‍റ് ഒരു പ്ളക്കാഡ് ഉയര്‍ത്തിപ്പിടിച്ച് റോഡിന് നടുവിലൂടെ നടക്കുക എന്ന രീതിയാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്’. ‘സാധാരണജനങ്ങളുടെ യാത്രക്ക് വിഘാതമാവാതെ ജാഥ നടത്തുക എന്ന നിങ്ങളുടെ തീരുമാനത്തില്‍ എനിക്ക് സന്തോഷമുണ്ട്’, കുറിപ്പെടുത്തുകൊണ്ട് ഞാന്‍ പറഞ്ഞു.
‘അതാണ് മറ്റുള്ള രാഷ്ട്രീയകക്ഷികളും ഞങ്ങളും തമ്മിലുള്ള വ്യത്യാസം’, പ്ളക്കാഡിന്‍െറ നാലതിരുകള്‍ മഷി കൊണ്ട് അടയാളപ്പെടുത്തി പ്രസിഡന്‍റ് തുടര്‍ന്നു. ‘മാത്രമല്ല, നോട്ടുമാലയണിയിക്കുക, പ്രസിഡന്‍റിനെ വാഴ്ത്തിക്കൊണ്ടുള്ള മുദ്രാവാക്യം വിളിക്കുക എന്നിവയില്‍നിന്ന് അണികളെ കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഇത് കേവലം ഒരു വ്യക്തിയുടെ യാത്രയല്ല, ഒരു സമൂഹത്തിന്‍െറയാണ്. ലേഖകന്‍ അത് പ്രത്യേകം നോട്ട് ചെയ്യണം’.
‘പക്ഷേ യാത്രക്ക് ചില മുദ്രാവാക്യങ്ങള്‍ ഉണ്ടായിരിക്കുമല്ളോ. അതായത്  ഒരൊറ്റ യാത്രകൊണ്ട് നേടിയെടുക്കാന്‍ പോവുന്ന ലക്ഷ്യങ്ങളെക്കുറിച്ചുള്ള സൂചനകള്‍. ഉദാഹരണത്തിന് ‘വര്‍ഗീയഫാഷിസത്തിനെതിരെ’, ‘അക്രമരാഷ്ട്രീയത്തിനെതിരെ’, ‘സാമൂഹികതിന്മകള്‍ക്കെതിരെ’, ‘അസഹിഷ്ണുതക്കെതിരെ’ തുടങ്ങി വളരെ അര്‍ഥവത്തായ ചില വാക്യങ്ങള്‍. അല്ളെങ്കില്‍ ഭാവികേരളത്തെക്കുറിച്ചുള്ള ചില സങ്കല്‍പങ്ങള്‍. ഉദാഹരണമായി ‘മതേതരകേരളം’, ‘മദ്യമുക്തകേരളം’, ‘അക്രമരഹിതകേരളം’, ‘അഴിമതിരഹിതകേരളം’ തുടങ്ങിയവ. കേട്ടാല്‍തന്നെ കോരിത്തരിക്കുന്ന അത്തരം മുദ്രാവാക്യങ്ങള്‍ ഉണ്ടായാലല്ളേ യാത്രകള്‍ വിജയിക്കുകയുള്ളൂ. റെയിന്‍ബോ പാര്‍ട്ടിയുടെ മുദ്രാവാക്യം എന്തായിരിക്കും’?
‘നല്ല ചോദ്യമാണ്’, പ്രസിഡന്‍റ് സമ്മതിച്ചു. ‘പ്ളക്കാഡിലെഴുതാനുള്ള മഷി തീരുമാനിക്കലേ ഇതുവരെയായിട്ടുള്ളൂ. ഇനിയാണ് അത്തരം പ്രധാനപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പോരാത്തതിന് ഞങ്ങളുടെ മാനിഫെസ്റ്റോയുടെ അവസാനരൂപം ഇനിയും ആയിട്ടില്ല. എന്നാലും ഒരു കാര്യം പറയാം. ഭാവിഭാരതത്തെക്കുറിച്ച് വളരെ വിശാലമായ സങ്കല്‍പമാണ് ഞങ്ങള്‍ക്കുള്ളത്. അതിന് സമഗ്രമായ ഒരു മാറ്റമാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. 19ാം നൂറ്റാണ്ടിലെ സംസ്കാരവും സമ്പ്രദായങ്ങളും തിരിച്ചുപിടിക്കണം. ഉദാഹരണത്തിന് വിദ്യാഭ്യാസം. ഇപ്പോഴത്തെ സ്കൂളുകള്‍ മുഴുവന്‍ ഞങ്ങള്‍ അടച്ചുപൂട്ടും. പകരം ഗുരുകുലസമ്പ്രദായം നടപ്പില്‍വരുത്തും. വഴിവിട്ട ഇന്നത്തെ ജീവിതരീതി മുഴുവന്‍ പരിഷ്കരിക്കേണ്ടതുണ്ട്. വൈദ്യുതി മുതല്‍ ഇന്‍റര്‍നെറ്റ് വരെയുള്ള എല്ലാ ആധുനികസജ്ജീകരണങ്ങളും ഇല്ലാതാക്കും. ഇത് ഞങ്ങളുടെ കര്‍മപരിപാടിയിലെ ചിലതു മാത്രം. മുഴുവനും ഇപ്പോള്‍ വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല.  ഇനി ഈ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആകര്‍ഷകമായ മുദ്രാവാക്യങ്ങള്‍ ഉണ്ടാക്കുകയാണ് വേണ്ടത്. അതിലൊന്ന് ഇങ്ങനെയാവും: കമ്പി റാന്തല്‍ തൊട്ട് കമ്പിയില്ലാക്കമ്പി വരെ’. ഒന്നുനിര്‍ത്തി പ്രസിഡന്‍റ് എന്‍െറ നേരെ നോക്കി. ‘എങ്ങനെയുണ്ട്’?
‘അതിഗംഭീരമായിരിക്കുന്നു. എന്നാല്‍ ഇതൊക്കെ എഴുതാന്‍ കൂടുതല്‍ പ്ളക്കാഡുകള്‍ വേണ്ടിവരിലേ’? ആകെ ഒരു പ്ളക്കാഡേ കാണാനുള്ളുവല്ളോ എന്ന വേവലാതി ഉള്ളിലൊതുക്കി ഞാന്‍ ചോദിച്ചു.
‘വീണ്ടും ലേഖകനുള്ള പരിമിതി’, പ്രസിഡന്‍റ് ചിരിച്ചു. ‘ഇതൊക്കെ എഴുതിക്കൊണ്ടുനടക്കണം എന്ന് നിങ്ങള്‍ക്ക് എന്താണിത്ര നിര്‍ബന്ധം? മാത്രമല്ല, സാക്ഷരകേരളം എന്നൊക്കെ പറയുന്നുണ്ടെങ്കിലും നമ്മളില്‍ എത്രപേര്‍ക്ക് തെറ്റുകൂടാതെ എഴുതാനും വായിക്കാനും അറിയും? നമുക്ക് നാവുണ്ടല്ളോ! ആകര്‍ഷകമായ ശബ്ദത്തില്‍ പ്രസിഡന്‍റ് തന്നെ ഇതെല്ലാം വിളിച്ചുപറയുന്നതാവില്ളേ കൂടുതല്‍ ഇഫക്റ്റീവ്’?
‘തീര്‍ച്ചയായും. പക്ഷേ ശരിക്കും ഇഫക്റ്റീവ് ആവാന്‍ വേറെ ചിലതുകൂടി ചെയ്യേണ്ടതുണ്ട്. ജാഥ നയിക്കുന്ന ആളുടെ ചിരിച്ചുകൊണ്ടുനില്‍ക്കുന്ന കളര്‍ ഫ്ളക്സ് ഓരോ കിലോമീറ്റര്‍ തോറും വെക്കുക എന്നത് പരമപ്രധാനമാണ്.  യാത്ര തുടങ്ങുന്നതിന് ഒരാഴ്ചയെങ്കിലും മുമ്പ് ചാനലുകളിലൊക്കെ അതിന്‍െറ ഒരുക്കങ്ങളുടെ ചലിക്കുന്ന ചിത്രങ്ങള്‍ വരുത്തണം. അതിനൊക്കെ മുമ്പ് ചെയ്യേണ്ട ഒരു കാര്യമുണ്ട്. കേരളത്തിലെ സാംസ്കാരികനായകരുടെ പിന്തുണ ഉറപ്പാക്കുക എന്നതാണത്. വിവിധ അക്കാദമികളുമായി ബന്ധപ്പെട്ട് നായകന്മാരുടെ വിലാസങ്ങള്‍ ശേഖരിക്കുക. അവര്‍ക്ക് വ്യക്തിപരമായി എഴുതുന്നപോലെ ഒരു കത്ത് തയാറാക്കുക. ആ കത്തിനൊപ്പം യാത്രയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിവരിച്ചുകൊണ്ടുള്ള വിശദമായ ഒരു ലഘുലേഖ വെക്കുന്നത് നന്നായിരിക്കും. ഓരോ സെന്‍ററിലും അതാത് സ്ഥലത്തെ സാംസ്കാരികനായകരുടെ സാന്നിധ്യം ഉറപ്പാക്കുക. ഇതിനൊക്കെപ്പുറമേ ഓരോ പോയന്‍റിലും എത്തുമ്പോള്‍ വിവാദമുണ്ടാക്കുന്ന ഓരോ പ്രസ്താവനയെങ്കിലും ഇറക്കുക. യാത്ര ലക്ഷ്യസ്ഥാനത്തത്തെുമ്പോള്‍ എന്തെങ്കിലുമൊക്കെ സംഭവിച്ചേക്കും എന്ന ഒരു പ്രതീതി ഉണ്ടാക്കണം. അതാണ് ഏറ്റവുംപ്രധാനം’.
‘അതൊക്കെ സാമ്പ്രദായിക യാത്രയുടെ രീതികളാണ്’, പ്രസിഡന്‍റ് പറഞ്ഞു. ‘റെയിന്‍ബോ അതിലൊന്നും വിശ്വസിക്കുന്നില്ല. അപ്പോള്‍ നമുക്ക് അവസാനിപ്പിക്കാം. എല്ലാം വിശദമായി കോളത്തില്‍ എഴുതുമല്ളോ’.
‘എഴുതാം. പക്ഷേ യാത്രയുടെ കൂടുതല്‍ വിവരങ്ങള്‍ കിട്ടേണ്ടതുണ്ട്’, ഞാന്‍ പറഞ്ഞു. ‘യാത്രയുടെ തുടക്കം എവിടെനിന്നാണ്? ഉപ്പളയില്‍നിന്നോ കുമ്പളയില്‍നിന്നോ? മഞ്ചേശ്വരത്തുനിന്നോ?  
‘ലേഖകനുള്ള പരിമിതി അവിടെയാണ്. പരമ്പരാഗതമായ രീതിയിലേ നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നുള്ളൂ. മഞ്ചേശ്വരത്തുനിന്ന് തുടങ്ങുക, പാറശ്ശാലയില്‍ അവസാനിപ്പിക്കുക. ലേഖകന്‍ ശ്രദ്ധിച്ചിട്ടുണ്ടോ? വടക്കുനിന്ന് തെക്കോട്ടാണ് ഈ യാത്രകള്‍ മുഴുവനും. പഴയ ഒരു ചൊല്ലനുസരിച്ച് തെക്കോട്ടെടുക്കുക എന്നുപറയും’, സ്വന്തം ഫലിതം ആസ്വദിച്ച് പ്രസിഡന്‍റ് ചിരിച്ചു. ‘ഞങ്ങളുടേത് അങ്ങനെയല്ല. നേരെ എതിര്‍ദിശയിലാണ്. ശംഖുംമുഖത്തുനിന്ന് ആരംഭിച്ച് മഞ്ചേശ്വരത്ത് സമാപിക്കുന്നു’.
‘ഒരുകാര്യം കൂടി. യാത്രയുടെ പേര് എന്താണ്? ഉദാഹരണത്തിന് ബി.എസ്. പി.യുടേതിന് ഭീം യാത്രയെന്നും കോണ്‍ഗ്രസിന്‍േറതിന് ജനരക്ഷായാത്രയെന്നും സി.പി.എമ്മിന്‍േറതിന് നവകേരള മാര്‍ച്ചെന്നും എന്‍.സി.പിയുടേതിന് ഉണര്‍ത്തുയാത്രയെന്നുമാണ് പേരുകള്‍ ഇട്ടിട്ടുള്ളത്. അത്തരം മനോഹരമായ ഒരു പേരുവേണ്ടേ യാത്രക്ക്’?
‘നിങ്ങളിത് ചോദിക്കുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു’, പ്രസിഡന്‍റ് ഉറക്കെച്ചിരിച്ചു. ‘ഇതുവരെ നിങ്ങള്‍ പറഞ്ഞ പേരുകള്‍ക്കൊന്നും ഒരു പുതുമയുമില്ല. പണ്ട് കേട്ടുമറന്ന പോലെയുണ്ട് എല്ലാം. ഞങ്ങളുടേത് തികച്ചും പുതുമയുള്ള പേരാണ്. ലേഖകന് ഊഹിക്കാന്‍ കഴിയുമോ’?
പത്തൊമ്പതാം നൂറ്റാണ്ടിലേക്കുള്ള തിരിച്ചുപോക്കാണ് ഉദ്ദേശിക്കുന്നതെന്നതുകൊണ്ട് അതുമായി ബന്ധപ്പെട്ട വല്ലതുമാവാന്‍ വഴിയുണ്ട്. റെയിന്‍ബോയുടെ മലയാളം മഴവില്ല് എന്നായതിനാല്‍ ഇനി ആ വാക്കായിരിക്കുമോ ഉപയോഗിക്കുന്നത്? ഏഴു വര്‍ണങ്ങള്‍ വാരിവിതറി ഒരു യാത്ര? പ്രതീക്ഷയുടെ മഴവില്ല്! എങ്കില്‍ അത് മനോഹരമായിരിക്കുമല്ളോ.
’കഴിയില്ല എന്ന് ഞങ്ങള്‍ക്കറിയാം’, പ്രസിഡന്‍റ് പ്ളക്കാഡെടുത്ത് വയലറ്റ് മഷിയില്‍ വലുതാക്കി എഴുതി എനിക്കു നേരെ പിടിച്ചു: ‘തെക്കുവടക്ക് യാത്ര’.
വിശ്വാസംവരാതെ പ്ളക്കാഡിലേക്കുതന്നെ നോക്കിയിരുന്നപ്പോള്‍ പ്രസിഡന്‍റ് ചിരിനിര്‍ത്തി.
‘ഞങ്ങള്‍ക്കറിയാം. ഇത് നിങ്ങളെ ഞെട്ടിക്കുമെന്ന്. ചിലപ്പോള്‍ കളിയാക്കിയെന്നുംവരും. സാഹിത്യ അക്കാദമിയില്‍  ‘കേരളരാഷ്ട്രീയം ഇന്നലെ, ഇന്ന്,        നാളെ’ എന്ന വിഷയത്തില്‍ ഒരു സെമിനാര്‍ നടക്കുമ്പോള്‍ പുറത്ത് പ്രദര്‍ശിപ്പിച്ച ഒരു ബോര്‍ഡിനെക്കുറിച്ചാണല്ളോ ഒരിക്കല്‍ ലേഖകന്‍ കളിയാക്കിയത്. ഞങ്ങളിതൊന്നും അറിഞ്ഞില്ലാന്നുകരുതരുത്. കേരളപ്പിറവിക്കുശേഷം ഇവിടെ ജനിച്ചുമരിച്ച പാര്‍ട്ടികളുടെ പട്ടികയില്‍ റെയിന്‍ബോ പാര്‍ട്ടിയുടെ പേരുണ്ടോ എന്ന് അന്വേഷിച്ചതല്ളേ നിങ്ങള്‍? ഇതൊന്നും ഞങ്ങള്‍ക്ക് പുത്തരിയല്ല. അല്ളെങ്കില്‍ ഞങ്ങളിത്രയും വളരില്ലല്ളോ. കളിയാക്കുന്നവര്‍ക്കൊന്നും അറിയാത്ത ഒരു രഹസ്യമുണ്ട് ആ പേരില്‍’.
‘എന്താണത്’? ആകാംക്ഷ അടക്കാനാവാതെ ഞാന്‍ എഴുന്നേറ്റു.
‘അത് മറ്റുള്ളവര്‍ക്ക് മനസ്സിലാവില്ല. തെക്കുവടക്കിന് ഒരര്‍ഥമുണ്ട്’, എന്നെ യാത്രയാക്കാന്‍ എഴുന്നേറ്റുകൊണ്ട് പ്രസിഡന്‍റ് പറഞ്ഞു: ‘മറ്റുള്ളവരുടേതു പോലെ ഞങ്ങളുടെ ലക്ഷ്യം കേവലം അനന്തപുരിയല്ല. ഇന്ദ്രപ്രസ്ഥമാണ്’.
                                               

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.